22 May Tuesday

വിവരശൂന്യതയുടെ ഗോദയില്‍

Monday Feb 6, 2017
ശതമന്യു

ഹമ്പടഞാനേ എന്ന ഭാവത്തില്‍നിന്നാണ് അമ്പത്താറിഞ്ചിന്റെ വാഴ്ത്തുവരുന്നത്്. ഞാനാണ് എല്ലാറ്റിലും കേമന്‍, ഞാനില്ലെങ്കില്‍ രാജ്യമുണ്ടോ എന്ന ചോദ്യം ഒരാള്‍ ചോദിച്ചാല്‍ അത് മോഡിത്വമാണ്. ഒരുകൂട്ടം ഒന്നിച്ചുചോദിച്ചാല്‍ അത് സംഘിത്വമാണ്. ഉത്തര്‍പ്രദേശില്‍ ചെന്ന് മോഡി പറഞ്ഞത്, 70 വര്‍ഷമായി പൂഴ്ത്തിവച്ച പണം വെളിപ്പെടുത്താന്‍ ചിലര്‍ ഒറ്റരാത്രികൊണ്ട് നിര്‍ബന്ധിതരായെന്നാണ്. ആര്, എപ്പോള്‍, ഏതു കള്ളപ്പണം എന്നൊന്നും വോട്ടര്‍മാര്‍ക്ക് ചോദിക്കാന്‍ അവസരമില്ല. നോട്ട് അസാധുവാക്കലിനുശേഷം പിടിച്ചെടുത്ത പണം രാജ്യത്തെ യുവാക്കള്‍ക്കായി വിനിയോഗിക്കുമെന്ന പ്രഖ്യാപനവും  ധീരധീരം മോഡി നടത്തി. വിദേശബാങ്കില്‍നിന്ന് പിടിച്ചെടുത്ത കള്ളപ്പണത്തില്‍നിന്ന് ആളൊന്നിന് 15 ലക്ഷം രൂപവീതം കിട്ടി ബോധിച്ച് സമ്പൂര്‍ണ സംതൃപ്തിയിലായ യുപിയിലെ വോട്ടര്‍മാര്‍ പുതിയ പ്രഖ്യാപനവും ആവേശത്തോടെയാകും കേട്ടിട്ടുണ്ടാവുക. 

നരേന്ദ്ര ദാമോദര്‍ മോഡിയുടെ കുട്ടിപ്പതിപ്പുകളാകാനാണ് കേരളത്തിലെ സംഘികളുടെ കൂട്ടയോട്ടം. ബിജെപിയെ കേരളത്തിലെ മുഖ്യ പ്രതിപക്ഷമാക്കാന്‍ ഒരു ചാനലുടമ ക്വട്ടേഷനെടുത്തിട്ടുണ്ട്. അത് നടത്തിയാല്‍ കേന്ദ്രമന്ത്രിപദം പ്രതിഫലം. നടപ്പാക്കാന്‍ മാധ്യമപരിവാര്‍. കണ്ണൂരിലെ അതിര്‍ത്തിഗ്രാമത്തില്‍, രാത്രിസഞ്ചാരത്തിനിടെ കാല്‍തെന്നി പൊട്ടക്കിണറ്റില്‍ ആര്‍എസ്എസുകാരന്‍ വീണാലുടനെ ട്വീറ്റും ബ്രേക്കിങ് ന്യൂസുമായി 'കണ്ണൂരിലെ ക്രൂരത, മാര്‍ക്സിസ്റ്റക്രമം, സ്വയംസേവകന് പൊട്ടക്കിണറ്റില്‍ ദുരിതപര്‍വ'മെന്ന് ആംഗലേയത്തിലും ദേവനാഗരിയിലും വിളമ്പാന്‍ ശട്ടംകെട്ടിയ മാധ്യമപരിവാറുകര്‍ ജാഗരൂകരാണ്. കേരളം അമിത്ഷായുടെ അടുത്ത അജന്‍ഡയാണെന്നും പറയുന്നു. കുമ്മനവും മുരളീധരനും ആ അജന്‍ഡ എത്തിപ്പിടിക്കാന്‍ പൊരിഞ്ഞ പോര് നടത്തുന്നു. കുമ്മനത്തെ തോല്‍പ്പിക്കാന്‍ സ്വയംപ്രഖ്യാപിത നിരാഹാരിയായി പേരൂര്‍ക്കടയില്‍ കിടപ്പുതുടങ്ങിയ മുരളീധരന്‍  രാവിന്റെ മറവില്‍ മുങ്ങിയ ദൃശ്യം പുറത്തായതില്‍പ്പിന്നെ ശൌര്യമൊന്ന് കുറഞ്ഞിട്ടുണ്ടെന്നേയുള്ളൂ. കെ സുരേന്ദ്രനാണെങ്കില്‍,  വാതുറന്നാല്‍ വിവരക്കേടും വൃത്തികേടുംമാത്രം പുറത്തുവരുന്ന നേതാവ് എന്ന നിലയില്‍ നല്ല പേരെടുത്തിട്ടുണ്ട്. എക്കാലത്തും കേരളത്തിലെ സംഘപരിവാറിന്റെ പരാധീനത നല്ല നേതാക്കളില്ല എന്നതായിരുന്നു. ആ കുറവു തീര്‍ക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ വിവരശൂന്യതയുടെ ഗോദയിലാണ് ഗുസ്തിപിടിക്കുന്നത്. എന്നാലും മോഡിഭാവത്തിന് ഒട്ടും കുറവില്ല.

കേരളത്തില്‍ പിന്തുണയില്ലെങ്കിലെന്താ, കേന്ദ്രത്തില്‍ ഭരണമില്ലേ എന്ന ചോദ്യം ഒരുമാതിരി വാഷിങ്സോപ്പിന്റെ പരസ്യംപോലെ മടുപ്പുണ്ടാക്കിത്തുടങ്ങി. സമരത്തിന് വിഷയം അന്വേഷിച്ച് നടക്കുകയും ഓടിക്കയറി സമരവും തല്ലുമുണ്ടാക്കി സ്വയം അപഹാസ്യരാവുകയുംചെയ്യുന്ന രാഷ്ട്രീയപ്രവര്‍ത്തനം പാര്‍ടി കെട്ടിപ്പടുക്കാന്‍വേണ്ടിയാണത്രേ. ഇങ്ങനെ പല വിചിത്രസംഗതികളുണ്ടെങ്കിലും ബിജെപിക്ക് കേരളത്തില്‍ ഒരു ഘടകമുണ്ടെന്നും ആ ഘടകത്തെ സഹായിക്കണമെന്നും ഡല്‍ഹിയിലുള്ളവര്‍ക്ക് തോന്നുന്നില്ല എന്ന നഗ്നസത്യം കെ സുരേന്ദ്രന്റെ വികടവാക്കുകള്‍പോലെ വികൃതമായി നില്‍ക്കുന്നു.

കേരളമെന്ന് കേള്‍ക്കുമ്പോള്‍ ഡല്‍ഹിയിലെ സംഘി ഗോസായിമാരുടെ പുച്ഛമാണ് തിളയ്ക്കുന്നത്. കേരളത്തിന് പുതിയ പദ്ധതികളില്ല, സ്ഥാപനങ്ങളില്ല, അരിയില്ല, സഹായവുമില്ല. ഇങ്ങനെയൊരു സംസ്ഥാനമുണ്ടെന്ന് ജെയ്റ്റ്ലിയുടെ ബജറ്റ് കണ്ടാല്‍ തോന്നുകയേ ഇല്ല. ടിക്കറ്റെടുത്ത് യാത്രചെയ്യുന്നതാണ് മലയാളിയുടെ ശീലം. ആ ശീലമുള്ള മലയാളി ബിജെപിക്കാരന് പാര്‍ലമെന്റിലേക്കുള്ള ടിക്കറ്റ് നല്‍കില്ലെന്ന് അമിത് ഷായ്ക്കും അരുണ്‍ ജെയ്റ്റ്ലിക്കും അറിയാം. അവര്‍ പറഞ്ഞ് മോഡിയെ മനസ്സിലാക്കിയിട്ടുമുണ്ടാകും. അങ്ങനെ വരുമ്പോള്‍, കേരളത്തിന് പ്രത്യേകമായി എന്തെങ്കിലും കൊടുക്കണമെന്ന് മോഡിക്ക് തോന്നില്ല. ഒന്നും കൊടുക്കാതെയും ഉള്ളത് പിടിച്ചെടുത്തും കേരളത്തെ ഒന്ന് നോവിക്കണമെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യും. 

നോട്ട് റദ്ദാക്കിയപ്പോള്‍ കൂടുതല്‍ നട്ടംതിരഞ്ഞ നാടുകളിലൊന്നാണ് കേരളം. ആ സമയത്ത്, പിടിച്ചുനില്‍ക്കാന്‍ സഹായിക്കേണ്ട സഹകരണപ്രസ്ഥാനത്തിന്റെ പള്ളയ്ക്കിട്ട് കുത്താനാണ് സംഘപരിവാര്‍ തുനിഞ്ഞിറങ്ങിയത്. സഹകരണമേഖലയ്ക്കുള്ള നിയന്ത്രണം നീക്കാനും സഹകരണബാങ്കുകളെ വാണിജ്യബാങ്കുകളെപ്പോലെ കാണാനും കേരളം ആവശ്യപ്പെട്ടു. നാട്ടുകാരുടെ സ്വന്തം ബാങ്കിന് അയിത്തവും സായിപ്പിന്റെ പുത്തന്‍തലമുറ ബാങ്കിന് സമ്പൂര്‍ണ സ്വാതന്ത്യ്രവുമാണ് മോഡി കനിഞ്ഞുനല്‍കിയത്. സഹകരണത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ മുന്നിലുള്ളതിനാല്‍ കേരള സംഘികള്‍ അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. കേന്ദ്രബജറ്റ് വന്നപ്പോള്‍ സഹകരണമേഖലയ്ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള പരിഗണനപോലുമില്ല. കേരളത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന കേന്ദ്രം ഭരിക്കുന്ന കക്ഷി ബഡായി പറഞ്ഞ് പിന്തുണ നേടട്ടെ എന്ന് ജെയ്റ്റ്ലി കരുതിക്കാണും. 

വായ്പാപരിധി ഒരുശതമാനം കൂട്ടണമെന്ന് പറഞ്ഞു- കേട്ട ഭാവം നടിച്ചില്ല. വിലസ്ഥിരത ഉറപ്പാക്കി റബര്‍കര്‍ഷകരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു- മുഖംതിരിച്ചു നടന്നു. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാനുള്ള വിഹിതവര്‍ധനയില്ല. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന എയിംസ് ഗുജറാത്തിലേക്കും ജാര്‍ഖണ്ഡിലേക്കുമാണ് കൊണ്ടുപോയത്. വന്‍കിട പദ്ധതികളുടെ പട്ടികയില്‍ കേരളമില്ല. എന്നിട്ടും കുമ്മനം പറയുന്നത്, കേരളത്തില്‍ പിടിച്ചുകയറുമെന്നാണ്. ഇതെല്ലാം കണ്ടും അനുഭവിച്ചും ജനങ്ങള്‍ അതുചെയ്യുമെന്ന് വിശ്വസിക്കാനുള്ള മനക്കട്ടിയെയാണ് ജഡില ശ്രീ എന്ന് വിളിച്ച് ആദരിക്കേണ്ടത്.

നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് വെള്ളാപ്പള്ളിയെ കാണിച്ചാണ് വീരവാദം മുഴക്കിയത്. ആ ശബ്ദം കേള്‍ക്കാനില്ല. അന്നത്തെ വീരവാദങ്ങള്‍ രേഖപ്പെടുത്തിയ ചരിത്രപുസ്തകം ചിതലെടുത്തു. ഇനി ഏഷ്യാനെറ്റിലൂടെ കേരളത്തെ കാവിപുതപ്പിക്കാമെന്ന സ്വപ്നത്തിന്റെ കാലമാണ്. അമിത് ഷായും രാജീവ് ചന്ദ്രശേഖരനും അതിന് കരാറിലൊപ്പിട്ടിട്ടുണ്ട്. തലസ്ഥാനത്തെ നടത്തിപ്പുകാരെ ബിജെപി ഓഫീസിലേക്ക് സൌഹൃദസന്ദര്‍ശനത്തിന് വിടുന്നുമുണ്ട്. സമരപ്പന്തലിലും തുടര്‍സന്ദര്‍ശനമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ പോകുന്നത് തെറ്റൊന്നുല്ല. ഒരു ചാനല്‍ചര്‍ച്ചാനായകന്‍ വി മുരളീധരന്റെ കൈപിടിക്കാനും വി വി രാജേഷിനെ സാന്ത്വനപ്പെടുത്താനും പോയതിന്റെ ചിത്രങ്ങളും മുരളീധരനാണ് മഹാനെന്ന് ട്വീറ്റ് ചെയ്തതും കണ്ടു. അതിലൊന്നും തകരാറില്ല.

എന്‍ഡിഎ വൈസ് ചെയര്‍മാന്റെ ചാനലില്‍ ജോലിചെയ്യുമ്പോള്‍ ഉടമ പറയുന്നതുപോലെ ചെയ്യുകയും വേണം. അതു പക്ഷേ തുറന്നുപറയണം എന്നതാണ് പ്രശ്നം. ഓര്‍ത്തഡോക്സ് യോഗത്തില്‍ എത്തുമ്പോള്‍ മുന്തിയ ഓര്‍ത്തഡോക്സും കെഎസ്യുക്കാരുടെ അടുത്ത് പന്തംകൊളുത്തിയ കെഎസ്യുവും ന്യൂസ് ഫ്ളോറില്‍ കയറുമ്പോള്‍ രാജീവ് ചന്ദ്രശേഖരന്റെ രാഷ്ട്രീയ ഉപകരണവും സമരപ്പന്തലിലും ട്വിറ്ററിലും കാവിക്കൊടി പിടിക്കുന്ന പ്രചാരകനും ആകുന്ന സ്വഭാവമായാലും കേസ് കൊടുക്കാന്‍ പറ്റില്ല. അങ്ങനെയും ചിലര്‍ ഇന്നാട്ടിലുണ്ടെന്ന് കരുതിക്കൊള്ളണം.

സംഘപരിവാറിന്റെ പെട്ടിയില്‍ കയറിയവര്‍ക്ക് ഒരുപദേശമുണ്ട്. പറഞ്ഞതെല്ലാം ചെയ്യുമ്പോള്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണം ശ്രദ്ധിക്കുന്നത് നല്ലതാണ്. മൂന്നു ലക്ഷത്തിനുമേല്‍ എത്ര തുക പണമായി ഉപയോഗിക്കുന്നുവോ അത്രയും തുക പിഴയായും നല്‍കേണ്ടിവരും. പണം സ്വീകരിക്കുന്ന ആളാണ് പിഴ ഒടുക്കേണ്ടിവരിക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

Top