25 June Monday

ചെകുത്താന്റെ തട്ടിപ്പ്

Monday Aug 14, 2017
ശതമന്യു

ദുര്‍വൃത്തിമാത്രം ചെയ്യുന്ന വ്യക്തിയെ ചെകുത്താന്‍ എന്ന് വിളിക്കുന്നു. നന്മയെ ഇഷ്ടപ്പെടാത്തവനും തിന്മയില്‍ മുഴുകിയവനുമായ ചെകുത്താന്‍ നടത്തിയ വലിയ തട്ടിപ്പ്, താന്‍ ഉണ്ട് എന്നത്  കെട്ടുകഥ മാത്രമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ചതായിരുന്നു.   ഇത് കാലാകാലമായി നിലവിലുള്ള ചൊല്ലാണ്. ആര്‍എസ്എസും  അതുപോലെയാണ്. തങ്ങളുടേത് രാഷ്ട്രീയപാര്‍ടിയല്ല, സാംസ്കാരിക സംഘടനയാണ് എന്ന് കോടിക്കണക്കിന് ജനങ്ങളെ വിശ്വസിപ്പിച്ചതാണ് ആര്‍എസ്എസ് ചെയ്ത ഏറ്റവും വലിയ തട്ടിപ്പ്. ആ ആര്‍എസ്എസാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. പ്രധാനമന്ത്രിമുതല്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമെല്ലാം ആര്‍എസ്എസുകാരാണ്. അതുകൊണ്ട് ആര്‍ത്തി തീരാതെ 2025ല്‍ ആര്‍എസ്എസിന് നൂറാംവയസ്സാകുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാനം നാഗ്പുരിലാക്കണമെന്നാണ് അതിമോഹം. അതിന്റെ വെപ്രാളമാണ് പരക്കംപാഞ്ഞും മുക്കിയും മൂളിയും നൂറുകിലോമീറ്റര്‍ യാത്ര നടത്തിയും തീര്‍ക്കുന്നത്.  

ഒറ്റച്ചാട്ടത്തിന് സ്വര്‍ഗത്തിലെത്താന്‍ പറ്റില്ല. ആ സത്യം പക്ഷേ ആര്‍എസ്എസിന് അറിയില്ല. ജനങ്ങള്‍ക്കുമുന്നില്‍ നയം വിശദീകരിച്ച് പിന്തുണ നേടി മത്സരിച്ച് ജയിച്ച് അധികാരസ്ഥാനത്ത് എത്തുന്നതിനെ ജനാധിപത്യമെന്നാണ് വിളിക്കുക. ആര്‍എസ്എസിന് ആ പണി തീരെ വശമില്ല. അതുകൊണ്ട് പാര്‍ടികളെ മൊത്തമായി കച്ചവടം നടത്തി ആര്‍ഷഭാരതം സ്ഥാപിക്കാനാണ് പുറപ്പാട്. തമിഴ്നാട്ടില്‍ അഴിമതി നടത്തി കോടികള്‍ സമ്പാദിച്ച് ജയിലില്‍ കഴിയുന്ന ശശികലയെയും മന്നാര്‍ഗുഡി മാഫിയയെയും  ഉള്‍പ്പെടുത്തിയുള്ള കച്ചവടമാണ് അമിത് ഷാ ഉറപ്പിക്കുന്നത്. ജയിലില്‍ ശശികലയ്ക്ക് സിംഹാസനം- പുറത്ത് ബിജെപിക്ക് അണ്ണാ ഡിഎംകെയുടെ സഹായം എന്നതാണത്രേ ഫോര്‍മുലയുടെ ഒരു ഭാഗം. ഭിന്നിച്ചുനിന്ന അണ്ണാ ഡിഎംകെയിലെ രണ്ട് വിഭാഗങ്ങളെ ഒന്നിപ്പിക്കാന്‍ ഏജന്‍സിപ്പണിയെടുത്തത് ബിജെപിയാണ്. ശശികലയുടെ ബന്ധു ടി ടി വി ദിനകരന്‍ ഇപ്പോള്‍ പുറത്തെങ്കിലും ചാക്കില്‍ കയറാന്‍ നിമിഷങ്ങള്‍ മതി- കാരണം എന്‍ഫോഴ്സ്മെന്റും ആദായനികുതിവകുപ്പും സിബിഐയുമാണ് ബിജെപിയുടെ മുന്നണിപ്പോരാളികള്‍.

ബിഹാറിലെ മഹാമുന്നണി തകര്‍ത്തശേഷം ജെഡിയുവിന്റെ അസ്തിവാരവുമിളക്കി. വെടക്കായ ജെഡിയുവിനെ തനിക്കാക്കാനുള്ള അമിത് ഷായുടെ പാക്കേജില്‍ നിതീഷ്കുമാറിനുള്ള എന്‍ഡിഎ കണ്‍വീനര്‍ പദവിയും രണ്ട് കേന്ദ്രമന്ത്രി സ്ഥാനങ്ങളുമുണ്ട്. മോഡിക്ക് എന്നെങ്കിലും വെല്ലുവിളിയാകുമെന്ന് ശങ്കിച്ച നിതീഷ്കുമാര്‍ ഇനി നമോ നമോ പാടും. ജെഡിയുവിന്റെ എട്ടു രാജ്യസഭാംഗങ്ങളുടെയും രണ്ട് ലോക്സഭാംഗങ്ങളുടെയും പിന്തുണ ഒറ്റക്കച്ചവടത്തില്‍ ഉറപ്പാക്കാമെന്ന് അമിത് ഷായുടെ ബുദ്ധി. പാര്‍ടിയുടെ സ്ഥാപകനേതാവ് ശരത് യാദവിനെ പുറന്തള്ളാനുള്ള 'തന്ത്ര'വും ഷാജിയുടെ വകതന്നെ.

ദൂരെനിന്ന് മാടിവിളിച്ചാല്‍ കോണ്‍ഗ്രസില്‍നിന്നും തൃണമൂലില്‍നിന്നും ഇനിയും വമ്പന്മാര്‍ വരുമെന്നാണ് ആര്‍എസ്എസിന്റെ വിശ്വാസം. ജനപ്രതിനിധികളെയും പാര്‍ടികളെയും മൊത്തത്തില്‍ വിലയ്ക്കെടുത്താല്‍ ജനാധിപത്യം സ്വന്തമാക്കാം. അങ്ങനെ ഇന്ത്യ മറ്റു പാര്‍ടികളും കൊടികളും വിമര്‍ശങ്ങളുമില്ലാത്ത സുന്ദര ഹിന്ദുരാഷ്ട്രമാകുമെന്ന് അമിത് ഷാജിയും നാഗ്പുരിലെ ജി മാരും സ്വപ്നം കാണുമ്പോള്‍, അങ്ങനെതന്നെ എന്ന് ഏറ്റുപാടാന്‍ ഗോസായി മാധ്യമങ്ങളെയും ഗോസ്വാമിമാരെയും നിരത്തിനിര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ ചുവന്നകൊടി കാണുമ്പോള്‍ ആര്‍എസ്എസുകാരനുണ്ടാകുന്ന ചൊറിച്ചില്‍ വെറുതെയല്ല എന്നു ചുരുക്കം. നെഞ്ചുവിരിച്ച് എതിര്‍ക്കുന്നവരെയും നട്ടെല്ലുള്ളവരെയും കാണുമ്പോള്‍മാത്രമുണ്ടാകുന്ന അസുഖമാണത്.
-----------------------------------
കഥയെഴുത്തുകാര്‍ ആ പണിക്ക് പോയിരുന്നില്ലെങ്കില്‍ ഒന്നാന്തരം നുണയന്മാരായേനെ എന്നു പറഞ്ഞത് ഏണസ്റ്റ് ഹെമിങ്വേയാണ്. മനോരമ വാര്‍ത്തയെഴുതിയില്ലെങ്കില്‍ കേരളീയന് നുണ വായിക്കാനുള്ള അവസരം ലഭിക്കാതെ പോയേനെ എന്നൊരനുബന്ധംകൂടി അതിന് വേണ്ടതുണ്ട്. മട്ടന്നൂരില്‍ മലമറിക്കുമെന്ന സംഘപരിവാറിന്റെ അഹങ്കാരത്തിനും ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന യുഡിഎഫിന്റെ വ്യാമോഹത്തിനും തിരിച്ചടിയാണ് കഴിഞ്ഞദിവസം വന്ന നഗരസഭാ തെരഞ്ഞെടുപ്പുഫലം. യുഡിഎഫ് ശോഷിച്ച് പകുതിയായി. ബിജെപി സംപൂജ്യരായി. എല്‍ഡിഎഫിന് തിളങ്ങുന്ന വിജയം. ആ വാര്‍ത്ത മുക്കിക്കളയാന്‍ മനോരമ കണ്ടെത്തിയ മാര്‍ഗം മട്ടന്നൂരിലെ മുനിസിപ്പല്‍ ചെയര്‍മാന്‍ പാര്‍ടിപ്രവര്‍ത്തകയെ മര്‍ദിച്ചു എന്ന വ്യാജകഥ സൃഷ്ടിക്കലാണ്. മട്ടന്നൂരില്‍നിന്ന് അങ്ങനെയൊരു വാര്‍ത്ത വന്നാല്‍ ജനങ്ങളിളകുമെന്ന് ബോധ്യപ്പെട്ട് കഥനത്തിന്റെ ഉല്‍ഭവം ഡല്‍ഹിയിലേക്ക് മാറ്റി. തെരഞ്ഞെടുപ്പുഫലം വന്ന വാര്‍ത്തയ്ക്ക് അകത്തെ പേജില്‍ ആരും കാണാത്തിടത്ത് സ്ഥാനം. വ്യാജ മര്‍ദനകഥയ്ക്ക് ഒന്നാംപേജില്‍ മൈതാന വലുപ്പം. വാര്‍ത്ത എഴുതുമ്പോള്‍ എന്ത്, എവിടെ, എങ്ങനെ, എപ്പോള്‍, ആര്, ആരാല്‍ എന്നിങ്ങനെയുള്ള ചില വിവരങ്ങളൊക്കെ വേണമെന്ന് പഴഞ്ചന്‍ പത്രപ്രവര്‍ത്തകര്‍ പറയാറുണ്ട്. മനോരമയുടെ പ്രൊഫഷണല്‍ രീതിയില്‍ അതൊന്നും വേണ്ട. പരാതിയുണ്ട്, അന്വേഷണം നടത്തിയേക്കും, വിവാദമായി, ഇടപെടും, വിശ്വസിക്കപ്പെടുന്നു, എന്നിങ്ങനെയുള്ള പദാവലിയിലാണ് മനോരമയുടെ അസ്തിത്വം.
--------------------------------
പി സി ജോര്‍ജ് എന്നൊരവതാരം പൂഞ്ഞാറ്റില്‍ ജന്മമെടുക്കുമെന്ന് സ്വാമി വിവേകാനന്ദന്‍ മനസ്സില്‍ കണ്ടിരുന്നു. അന്തസ്സുള്ള ഏതു ജീവിതത്തിന്റെ പിന്നിലും അഭംഗുരമായ അച്ചടക്കത്തിന്റെ ശക്തി കാണാമെന്ന് വിവേകാനന്ദന്‍ പറഞ്ഞത് അപാരമായ ആ പ്രവചനശേഷികൊണ്ടാകാം. അച്ചടക്കമില്ലാത്ത നാക്കില്‍നിന്ന് അഴുകിയ വാക്കാണുല്‍ഭവിക്കുക. അഴുക്കും ദുര്‍ഗന്ധവുമുള്ളിടത്തെല്ലാം പി സി ജോര്‍ജിന്റെ സാന്നിധ്യമുണ്ട്. പണ്ട് ചില മഞ്ഞപ്പത്രക്കാരും ഇന്ന് അതേമനസ്സുള്ള ചില ഓണ്‍ലൈന്‍ മാധ്യമ നാമധാരികളും ചെയ്യുന്ന പണി ഒറ്റയ്ക്ക് ചെയ്യാനുള്ള ശേഷി ജോര്‍ജിനുണ്ട്. പറയുന്ന പണം കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിക്കും എന്ന ഭീഷണിയാണ് മഞ്ഞപ്പത്രപ്രവര്‍ത്തനത്തിന്റെ ആപ്തവാക്യം. തന്നെ വിമര്‍ശിക്കുകയോ ഗൌനിക്കാതിരിക്കുകയോ ചെയ്യുന്ന ആരെക്കുറിച്ചും എഴുതി നാറ്റിക്കാന്‍ മസിലുപെരുപ്പിച്ചിരിക്കുന്ന ഓണ്‍ലൈന്‍ കടലാസുപുലികളെ കണ്ടാല്‍ നേരും നെറിയുമുള്ളവര്‍ വഴിമാറി നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. പൂഞ്ഞാറുകാര്‍ക്ക്് പറ്റിയ കൈയബദ്ധത്തിന് മറുമരുന്നില്ല. തെറിയേ പറയൂ. പാതിരാത്രിക്ക് വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്നും പട്ടാപ്പകല്‍ ചാനല്‍മുറിയിലിരുന്നും മൈക്ക് കാണുന്നിടത്ത് ചാടിക്കയറിയും ഭരണിപ്പാട്ട് പാടുന്ന സ്വഭാവത്തിന് നട്ടപ്പിരാന്ത് എന്നാണ് നാടന്‍വിശേഷണം. ഇത്തരം അസുഖമുള്ളവരെ സാധാരണ നിലയില്‍ ചങ്ങലയ്ക്കിടുകയാണ് പതിവ്. നിയമസഭാംഗമാണ് എന്നത് കണ്ണില്‍കാണുന്നവരെയെല്ലാം അസഭ്യം പറയാനുള്ള ലൈസന്‍സാണോ എന്ന പരിശോധനകൊണ്ടൊന്നും തീരുന്ന പ്രശ്നമല്ലിത്. കേന്ദ്രമന്ത്രി മേനകാഗാന്ധിക്ക് കോപം ജനിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ആ വഴിക്കുള്ള പരിഹാരക്രിയയും അസാധ്യമാണ്. ദൃശ്യമാധ്യമങ്ങള്‍ ജനങ്ങളോട് അല്‍പ്പം ഉത്തരവാദിത്തം കാണിച്ചാല്‍ വലിയൊരളവ് അസുഖശമനമുണ്ടാകും. അസഭ്യം വിസര്‍ജിക്കുന്ന മുഖത്തിനുമുന്നില്‍ ക്യാമറ വയ്ക്കില്ലെന്ന് തീരുമാനിക്കണം. വെകിളിപിടിച്ച വാക്കുകള്‍ വാര്‍ത്തയിലും ചര്‍ച്ചയിലും വേണ്ടെന്ന് വയ്ക്കണം. അതല്ലെങ്കില്‍ ഭരണിപ്പാട്ടിന് റിയാലിറ്റി ഷോ സംഘടിപ്പിച്ച് പി സി ജോര്‍ജിനെ ജഡ്ജിയാക്കി റേറ്റിങ് കൂട്ടണം. ഏറ്റവുമൊടുവില്‍ വനിതാ കമീഷനെ പരസ്യമായി അവഹേളിക്കുകയും അതിന്റെ നടപടിയെ പുച്ഛിക്കുകയും ചെയ്ത ജോര്‍ജിനെ ഇനിയും കൊണ്ടാടാന്‍ ശ്രമിക്കുന്ന ചാനലുകളുണ്ടെങ്കില്‍, അവയ്ക്ക് ജോര്‍ജിനോട് എന്തിന് വിധേയത്വം എന്ന അന്വേഷണമാണ് വേണ്ടത്. മര്‍ത്ത്യന് കൈപ്പിഴ ജന്മസിദ്ധമാകാം. ആ കൈപ്പിഴ സ്ഥിരമായി വരുത്തുന്നത് ജന്മസിദ്ധമായ രോഗമാണ്. ചികിത്സ കിട്ടിയില്ലെങ്കില്‍ പരിസരം ദുര്‍ഗന്ധപൂരിതമാകും

Top