13 November Tuesday

തൊഴില്‍ കുത്തനെ കുറഞ്ഞു - എന്നിട്ടും കണക്കൊത്തില്ല; എട്ടുനിലയില്‍ പൊട്ടി

എന്‍ മധു Sunday May 28, 2017

ഒരു പരീക്ഷ പാസാകാന്‍ എട്ടു വിഷയങ്ങളില്‍ 400 മാര്‍ക്ക് നിര്‍ബന്ധം. 400 മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ വിഷയങ്ങളുടെ എണ്ണം കൂട്ടിയാല്‍ മതിയോ. അതു ശരിയാവില്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. ഇനി അങ്ങനെ വിഷയം കൂട്ടിയിട്ടും പരീക്ഷ പാസായില്ലെന്നു വന്നാലോ. അയ്യേ, നാണമില്ലേ എന്നല്ലാതെ എന്തു പറയാന്‍. മൂന്നാം പിറന്നാളിനോടനുബന്ധിച്ച് മോഡിഭരണം ഇതിനു സമാനമായ ഒരു കളി കളിച്ചു. പൊട്ടിപ്പാളീസായി, കള്ളി വെളിച്ചത്തുമായി.

മോഡിയുടെതന്നെ തൊഴില്‍മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം രാജ്യത്തെ സംഘടിതമേഖലയിലെ തൊഴില്‍ കുത്തനെ കുറഞ്ഞു. 2015, 2016 വര്‍ഷങ്ങളില്‍ സംഘടിതമേഖലയില്‍ പുതുതായി സൃഷ്ടിച്ച തൊഴില്‍ രണ്ടുലക്ഷത്തില്‍ താഴെ മാത്രം. 2009 മുതല്‍ 2011 വരെ സൃഷ്ടിച്ചത് പ്രതിവര്‍ഷം 9.5 ലക്ഷം തൊഴിലായിരുന്നു. അപ്പോള്‍, മോഡി അധികാരത്തില്‍വന്നശേഷം  സംഘടിതമേഖലയില്‍ തൊഴില്‍ കുത്തനെ കുറഞ്ഞുവെന്ന് വ്യക്തം. ഈ കുറവ് ശ്രദ്ധയില്‍ വരാതിരിക്കാന്‍ സര്‍ക്കാര്‍ കാണിച്ച ചെപ്പടി വിദ്യ ആദ്യം പറഞ്ഞ പരീക്ഷപോലെ ഒന്നാണ്. സംഘടിതമേഖലയിലേക്ക് സേവനവ്യവസായങ്ങളെക്കൂടി ഉള്‍പ്പെടുത്തുകയെന്ന വിദ്യയാണ്  പ്രയോഗിച്ചത്. അപ്പോള്‍, തൊഴിലിന്റെ എണ്ണം കൂട്ടിക്കാണിക്കാന്‍ പറ്റുമെന്നായിരുന്നു കരുതിയത്. എന്നാല്‍, സേവനമേഖലയെക്കൂടി സംഘടിതമേഖലയിലേക്ക് ഉള്‍പ്പെടുത്തിയിട്ടും 2016ലെ പുതിയ തൊഴില്‍ 2.31 ലക്ഷം മാത്രം. 2015ല്‍ 1.55 ലക്ഷവും.  2011 വരെ ഉണ്ടായിരുന്ന പ്രതിവര്‍ഷ വര്‍ധനയുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് വന്‍ തകര്‍ച്ചയാണ്. (രാജ്യത്ത് 8.5 ശതമാനം സാമ്പത്തികവളര്‍ച്ച അവകാശപ്പെട്ട കാലമാണ് 2009-11 കാലം. അപ്പോള്‍പ്പോലും സംഘടിതമേഖയലില്‍ സൃഷിക്കപ്പെട്ട തൊഴില്‍ വളരെ കുറവാണ്. അതായത് തൊഴില്‍രഹിത വളര്‍ച്ച- ജോബ്ലെസ് ഗ്രോത്ത്). ഇപ്പോള്‍ അതിനെക്കാള്‍ ഇടിഞ്ഞുവെന്ന് ചുരുക്കം. 2016ല്‍ തൊഴില്‍ കുറഞ്ഞില്ലെന്നുവരുത്താന്‍ സര്‍ക്കാര്‍ കള്ളക്കളി കളിച്ചതിന് മറ്റൊരു കാരണംകൂടിയുണ്ട്. നോട്ട് നിരോധം സമ്പദ്വ്യവസ്ഥയെ ബാധിച്ചില്ലെന്നു വരുത്താനുള്ള ശ്രമംകൂടിയായിരുന്നു അത്. എന്നിട്ടും തൊഴില്‍ കൂടിയില്ലെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍തന്നെ സമ്മതിക്കുന്നു. തുണി, ലോഹം, തുകല്‍, രത്നം-ആഭരണം, ഐടി , ഗതാഗതം, ഓട്ടോമൊബൈല്‍, കൈത്തറി, ബിപിഒ (പുറംകരാര്‍ തൊഴില്‍) എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് സമ്പദ്വ്യവസ്ഥയിലെ സംഘടിതമേഖല. ഇതിലേക്ക് ആരോഗ്യം, വിദ്യാഭ്യാസം, റസ്റ്റോറന്റുകള്‍ എന്നിവകൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.

2014ലെ തെരഞ്ഞെടുപ്പുവേളയില്‍ മോഡിയും ബിജെപിയും രാജ്യത്തിനു നല്‍കിയ, യുവജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനം അമ്പേ പരാജയപ്പെട്ടുവെന്നാണ് തൊഴിലിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അന്ന് തെരഞ്ഞെടുപ്പു യോഗങ്ങളില്‍ മോഡി പറഞ്ഞത് തൊഴില്‍കമ്പോളങ്ങളില്‍ പുതുതായി എത്തുന്ന ഓരോരുത്തര്‍ക്കും തൊഴില്‍ നല്‍കുമെന്നായിരുന്നു. പുതിയ വോട്ടര്‍മാരോട്, യുവജനങ്ങളോട് മോഡി പറഞ്ഞത് നിങ്ങളുടെ ജീവിതം  മാറ്റിമറിക്കാന്‍ ബിജെപിക്ക് ഒരവസരം നല്‍കൂ എന്നായിരുന്നു. ഈ ഒറ്റ വാഗ്ദാനത്തിന് എന്തു സംഭവിച്ചുവെന്ന്  അന്വേഷിച്ചാല്‍ മാത്രം ബിജെപിയുടെ ഭരണപരാജയം വ്യക്തമാകും. എട്ടു മേഖലകളടങ്ങുന്ന സംഘടിത വ്യവസായത്തില്‍ തൊഴില്‍ 2011നു മുമ്പുണ്ടായിരുന്നതിനെക്കാള്‍ 25 ശതമാനം കുറഞ്ഞു.

രാജ്യത്തിന്റെ ഉല്‍പ്പന്ന നിര്‍മാണ വ്യവസായങ്ങളിലൊക്കെ വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. 1.5 ശതമാനത്തോളം മാത്രമാണ് ഈ മേഖലയിലെ വാര്‍ഷിക വളര്‍ച്ചാനിരക്ക്. സേവനമേഖലയില്‍ മാത്രമാണ് അല്‍പ്പം മെച്ചപ്പെട്ട നിരക്ക് (7.5 ശതമാനം). അതുകൊണ്ടാണ് സേവനമേഖലയെ സംഘടിത വ്യവ്യവസായത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത.് നോട്ട് നിരോധത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ സേവനമേഖലയിലും സ്ഥിതി മോശമായി.

സംഘടിതമേഖലയിലെ തൊഴിലിന്റെ എണ്ണം ഇത്ര മോശമെങ്കില്‍ ഇതിനെക്കാള്‍ മോശമാണ് അസംഘടിതമേഖലയിലെ സാഹചര്യം. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് ചെറുകിട വ്യവസായ മേഖലയിലെല്ലാം ഉല്‍പ്പാദനവും തൊഴിലും കുറഞ്ഞു. നാലും അഞ്ചുംപേര്‍വീതം പണിയെടുക്കുന്ന രണ്ടരലക്ഷത്തിലേറെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ പൂട്ടിയതായാണ് ഒരു കണക്ക്. അപ്പോള്‍, ഈ മേഖലയിലെ തൊഴില്‍നഷ്ടം എത്രത്തോളമെന്ന് ഊഹിക്കാവുന്നതേയുള്ളു. സംഘടിതമേഖലയില്‍ 70 ശതമാനം തൊഴില്‍തകര്‍ച്ചയുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ രാജ്യത്തെ തൊഴില്‍ശക്തിയുടെ 85 ശതമാനവും വിനിയോഗിക്കപ്പെടുന്ന അസംഘടിതമേഖലയിലെ തകര്‍ച്ച എത്രയോ വലുതാകും. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, ക്യാഷ്ലെസ് ഇക്കോണമി എന്നൊക്കെപ്പറഞ്ഞ് വാതോരാതെ പ്രസംഗിക്കുന്നവര്‍ മൂന്നാം പിറന്നാള്‍ ഉണ്ണുമ്പോള്‍ തെരഞ്ഞെടുപ്പുവേളയില്‍ പ്രഖ്യാപിച്ച ഒരു വാഗ്ദാനത്തിന്റെ മാത്രം യഥാര്‍ഥ സ്ഥിതിയാണ് രാജ്യത്തിന്റെ തൊഴില്‍മേഖല വെളിപ്പെടുത്തുന്നത്. ഇനിയിപ്പോള്‍ സ്ഥിരംതൊഴില്‍, തൊഴില്‍സംരക്ഷണം എന്നീ സംവിധാനങ്ങളൊക്കെ എടുത്തുകളഞ്ഞ് തൊഴില്‍മേഖലയാകെ പൊളിച്ചുപണിയാന്‍ 'നീതി ആയോഗ്' ഒരുങ്ങുകയാണ്. ഉള്ള തൊഴില്‍തന്നെ നഷ്ടപ്പെടുന്ന സാഹചര്യം. ആപത്തിന്റെ കൂട്ടമണി 'നീതി ആയോഗി'ന്റെ ശുപാര്‍ശകളില്‍ മുഴങ്ങിക്കേള്‍ക്കാം.

Top