22 May Tuesday

ചെമ്പടയുടെ ഹൃദയതാളം

Friday Dec 16, 2016
എ എന്‍ രവീന്ദ്രദാസ്

ആരാധകവൃന്ദത്തിന്റെയും ജനപ്രീതിയുടെയും തുലനത്തില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ഫുട്ബോള്‍ ലീഗിലെ എക്കാലത്തെയും മുന്‍നിര  ക്ളബ്ബുകളിലൊന്നാണ് ലിവര്‍പൂള്‍. അങ്ങനെയുള്ള ഒരു ക്ളബ്ബില്‍ ഒരു കളിയായുസ്സില്‍ പറ്റുന്നതെല്ലാം ചെയ്തിട്ടും നേട്ടങ്ങളുടെ കിന്നരികളില്ലാത്ത സ്റ്റീവന്‍ ജെറാര്‍ഡ് ഒടുവില്‍ കളിജീവിതത്തിനു വിരാമമിടുമ്പോള്‍ അത് ഇംഗ്ളീഷ് ഫുട്ബോളില്‍തന്നെ ഏറ്റവും കുലീനമായ ഒരു സാന്നിധ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും അടിയാളപ്പെടുത്തലാവുകയാണ്.

    കാലം കടന്നുപോകുമ്പോള്‍ ഏതു കളിക്കാരന്റെ കാര്യത്തിലായാലും നേട്ടങ്ങളും ട്രോഫികളുമാകും സ്മരണീയമാവുക. അങ്ങനെയാണ് കായികലോകത്തിന്റെ മനസ്സും അതിന്റെ ആശയപരിസരവും രൂപപ്പെട്ടിരിക്കുന്നത്. ഒരു കളിക്കാരന്റെ, അയാളുടെ ടീമിന്റെ ജയഭേരികളും ട്രോഫികളുമാണ് കാലാതിവര്‍ത്തിയായി നിലകൊള്ളുക. അതായത്, കളിക്കളത്തില്‍ വിയര്‍പ്പൊഴുക്കിയതിന്റെയും സമര്‍പ്പണത്തോടെ അടരാടിയതിന്റെയും ദീപ്തസ്മരണകള്‍ക്ക് പിന്‍ബലമേകാന്‍ ട്രോഫികള്‍ കൂടിയേതീരു എന്നു സാരം.

എട്ടാം വയസ്സില്‍ ലിവര്‍പൂളിന്റെ അക്കാദമിയിലൂടെ ഫുട്ബോളിന്റെ ലോകത്തേക്കെത്തിയ സ്റ്റീവന്‍ ജെറാള്‍ഡ് ഇക്കഴിഞ്ഞ നംബര്‍ 24നാണ് കളിയില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ പ്രായം 36 വയസ്സ്. 17 വര്‍ഷം ലിവര്‍പൂളിന്റെ കുപ്പായമണിഞ്ഞ, ഇംഗ്ളീഷ് ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച മധ്യനിരക്കാരില്‍ ഒരാളായ ജെറാര്‍ഡ് ഒരു വ്യാഴവട്ടക്കാലം ക്ളബ്ബിന്റെ നായകനുമായിരുന്നു. രണ്ട് സീസണ്‍ മുമ്പ് ലിവര്‍പൂള്‍ വിട്ട ജെറാള്‍ഡ് അമേരിക്കന്‍ മേജര്‍ലീഗില്‍ ലോസ് ഏയ്ഞ്ചല്‍സ് ഗ്യാലക്സിയില്‍ കളിച്ചശേഷമാണ് ഇപ്പോള്‍ എന്നെന്നേക്കുമായി ബൂട്ട് അഴിക്കുന്നത്. സഹപരിശീലകനായി അദ്ദേഹം ലിവര്‍പൂളില്‍ തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്.

2013-2014 സീസണില്‍ ലീഗില്‍ ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ചശേഷം 2015ന്റെ തുടക്കത്തില്‍തന്നെ നായകനായ സ്റ്റീവന്‍ ജെറാര്‍ഡ് വിടവാങ്ങിയപ്പോള്‍ ചുവന്ന നിറമുള്ള ചങ്കുറപ്പായിരുന്നു ലിവര്‍പൂളിനും ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനും നഷ്ടമായത്. ആ സീസണില്‍ ടോപ്സ്കോററായ ലൂയി സുവാരസിനും മുന്നേറ്റത്തിലെ പങ്കാളി ഡാനിയേല്‍ സ്റ്റൂറിഡ്ജിനും തന്റെ സ്വപ്നസിദ്ധമായ ലോങ്പാസുകളിലൂടെ ഗോളവസരങ്ങള്‍ സൃഷ്ടിച്ച് യഥാര്‍ഥ മധ്യനിര ജനറലായും ടീമിന് എപ്പോഴും പ്രചോദനമായ നായകനായും ജെറാര്‍ഡ് നിറഞ്ഞുനിന്നു. ഉദാസീനനായി കളിച്ച മരിയോ ബെലോടെല്ലിക്കാകട്ടെ ജെറാര്‍ഡിന്റെ പ്രതിഭാശാലിത്വം മുതലെടുക്കാനായില്ല. അതോടെ ലീഗ് പാതിവഴി പിന്നിട്ടപ്പോഴേക്കും ലിവര്‍പൂള്‍ കിരീടപോരാട്ടത്തില്‍നിന്ന് അപ്രത്യക്ഷമായി.

പതിനേഴ് സീസണുകളില്‍ ലോകത്തെ ഏറ്റവും പ്രബലമായ ഫുട്ബോള്‍ ലീഗില്‍ കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടത്തില്‍ മുത്തമിടാന്‍കഴിയാത്ത നിര്‍ഭാഗ്യവാനാണ് സ്റ്റീവന്‍ ജെറാര്‍ഡ്. അതേസമയം ഒരുതവണ യൂറോപ്യന്‍ ക്ളബ് ഫുട്ബോളിന്റെ പരമപീഠമായ ചാമ്പ്യന്‍സ്ലീഗിലും രണ്ടുവട്ടം എഫ്എ കപ്പിലും മൂന്നുതവണ ലീഗ് കപ്പിലും ജേതാക്കളാകാന്‍ ലിവര്‍പൂളിനെ തുണച്ചത് ഈ മധ്യനിരക്കാരന്റെ മികവായിരുന്നു. ചുവപ്പന്മാരുടെ ലിവര്‍പൂളിനുവേണ്ടി 710 മത്സരം കളിച്ച ജെറാര്‍ഡ് 186 ഗോള്‍ നേടിയിട്ടുണ്ട്. ഇംഗ്ളണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച നാലാമത്തെ താരമായ ജെറാര്‍ഡ് ദേശീയടീമില്‍ 114 മത്സരങ്ങളില്‍നിന്ന് 21 ഗോള്‍ നേടി. പീറ്റര്‍ ഷില്‍റ്റണ്‍, വെയ്ന്റൂണി, ഡേവിഡ് ബെക്കാം എന്നിവര്‍ മാത്രമാണ് ജെറാര്‍ഡിനെക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഇംഗ്ളണ്ടിനുവേണ്ടി കളിച്ചത്. 2000 മേയ് 31ന് ഉക്രയ്നെതിരെ രാജ്യാന്തര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച താരം 2010, 2014 ലോകകപ്പുകളിലും 2012 യൂറോകപ്പിലും ഇംഗ്ളണ്ടിന്റെ കപ്പിത്താനായിരുന്നു. 2014 ലോകകപ്പിലെ പുറത്താകലിനെത്തുടര്‍ന്ന് രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിടപറഞ്ഞു.

എഴുപതുകളിലും എണ്‍പതുകളിലും സുസജ്ജമായ ടീമായി വിജയക്കുതിപ്പ് നടത്തിയതുപോലെ അത്ര സമൃദ്ധമല്ലാത്ത ഒരു കാലത്താണ് ജെറാര്‍ഡിന് ലിവര്‍പൂളിന്റെ നായകപട്ടം അണിയേണ്ടി വന്നതെന്നത് അദ്ദേഹത്തിന്റെ മാത്രം കുറവാകുന്നില്ലല്ലോ. എന്നാല്‍ 2005ല്‍ ഇസ്താംബൂളില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറ്റലിയുടെ പാവ്ലോ മാല്‍ദീനി നയിച്ച എസി മിലാനോട് ഇടവേളയ്ക്ക് 3-0നു പിന്നില്‍നിന്നശേഷം രണ്ടാംപകുതിയില്‍ മാരകരൂപംപൂണ്ട ചെമ്പട മൂന്നുഗോള്‍ തിരിച്ചടിച്ചതും ഷൂട്ടൌട്ടിന്റെ വിധിയെഴുത്തില്‍ കിരീടമണിഞ്ഞതും ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ എക്കാലത്തെയും ത്രസിപ്പിക്കുന്ന ഏടുകളിലൊന്നാണ്. ആ ഫൈനലില്‍ മിലാനെതിരെ നേടിയ ഗോളാണ് ജെറാര്‍ഡിന്റെ ഏറ്റവും മികച്ച ഗോളായി വിശേഷിപ്പിക്കുന്നത്. എല്ലാ അര്‍ഥത്തിലും ടീമിന്റെ ഹൃദയമിടിപ്പാണ് സ്റ്റീവന്‍ ജെറാര്‍ഡ് എന്നാണ് അന്നത്തെ പരിശീലകന്‍ റാഫാബെനിറ്റിസ് പറഞ്ഞത്.

ജെറാര്‍ഡിനെപ്പോലെ ശേഷിയും നൈപുണിയും സമര്‍പ്പണവുമുള്ള ഒരു കളിക്കാരനെയും വ്യക്തിയെയും ഏറെക്കാലത്തേക്കു കിട്ടിയത് ലിവര്‍പൂളിന്റെ ഭാഗ്യമാണ്. ആ കാലുകളില്‍ വിരിച്ച കിടയറ്റ, വിനാശകരമായ സുന്ദരന്‍ പാസുകള്‍ ആരെയാണ് മോഹിപ്പിക്കാത്തത്. അദ്ദേഹം നേടിയ ഗോളുകളും അന്യൂനമാണ്. പ്രതിസന്ധിയുടേതായ ഘട്ടത്തില്‍ എങ്ങുനിന്നോ കടന്നുവന്നെന്നപോലെ ജെറാര്‍ഡ് നേടിയ വിസ്മയഗോളുകളുടെ മൂല്യം ഒരിക്കലും അളക്കപ്പെടാവുന്നതല്ല. സംശയം വേണ്ട; ലിവര്‍പൂളിന്റെ മാത്രമല്ല, ഇംഗ്ളീഷ് ഫുട്ബോളിന്റെയും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് സ്റ്റീവന്‍ ജെറാര്‍ഡ്.

Top