19 October Friday

സ്വയം കുഴിക്കുന്ന കുഴികള്‍

Monday Oct 16, 2017
ശതമന്യു

പാപി ചെന്നിടം പാതാളമാകുന്നതും  കുമ്മനംചെന്ന വേങ്ങരയില്‍ ബിജെപി എട്ടുനിലയില്‍ പൊട്ടി നാലാംസ്ഥാനത്തായതും ജൈവശാസ്ത്രപരമായ ബന്ധമുള്ള സത്യങ്ങളാണ്. കുമ്മനംതൊടുന്നതെല്ലാം അനര്‍ഥമാകുകയാണ്. എസ്ഡിപിഐക്കും പിന്നിലുള്ള നാലാംസ്ഥാനത്തിനുവേണ്ടി അമിത് ഷായെയും യോഗി ആദിത്യനാഥിനെയും ഗഡ്കരിയെയും പരീക്കറിനെയും വേഷംകെട്ടിച്ചെഴുന്നള്ളിച്ചതിന്റെ പാപഭാരം കുമ്മനംതന്നെ തീര്‍ക്കേണ്ടിവരും. അതുപക്ഷേ താരതമ്യേന ലഘുവായ കൃത്യമാണ്. പിടിച്ചതും കക്ഷത്തിലുള്ളതും ഒരുമിച്ച് നഷ്ടപ്പെടുന്നതിന്റെ നൊമ്പരമെന്തെന്ന്  അഖിലേന്ത്യാ വ്യാപകമായി സംഘപരിവാര്‍ അനുഭവിച്ചറിയുമ്പോള്‍ കുമ്മനത്തിന്റെ സങ്കടം ഒരു സങ്കടമേയല്ല. ജനരക്ഷായാത്ര ബിജെപിക്ക് ശിക്ഷയായതെങ്ങനെയെന്നത് ഇന്നത്തെനിലയില്‍ അമിത് ഷായെ അലട്ടുന്ന പ്രശ്നവുമല്ല. വേങ്ങരയിലെ സങ്കടവുമായി ഡല്‍ഹിയില്‍ ചെന്നാല്‍ ഗുരുദാസ്പുരിന്റെ ദുരന്തത്തില്‍ പൊട്ടിക്കരയുന്ന അമിത് ഷായാണ് കുമ്മനത്തെ സ്വീകരിക്കേണ്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റില്‍ വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മോഡിജിയുടെ പാര്‍ടിക്ക് രണ്ടുലക്ഷം വോട്ടിന്റെ തോല്‍വിയാണുണ്ടായത്. 

മോഡിയുടെ തട്ടകവും അമിത് ഷായുടെ കളിക്കളവുമായ ഗുജറാത്തില്‍ സ്വന്തം രക്ഷായാത്ര നയിക്കുകയാണ്  ആ മഹാനേതാക്കള്‍.  യോഗിവര്യരും  കര്‍സേവകരും പരക്കംപാഞ്ഞിട്ടും ആത്മവിശ്വാസക്കുറവിനാണ് മുന്‍തൂക്കം. പേടികൂടിയപ്പോള്‍ തെരഞ്ഞെടുപ്പുതീയതിപോലും  പ്രഖ്യാപിക്കാതെ ഗുജറാത്തില്‍ ആനുകൂല്യപ്പെരുമഴ പെയ്യിക്കുന്നു. പട്ടേലുമാരുടെ സമരത്തിലെ 136 പൊതുമുതല്‍ നശീകരണ കേസുകളെ ഒറ്റയടിക്കാണ് വിരാമതിലകമണിയിച്ചത്. ജീവനക്കാരുടെ ഡിഎ കൂട്ടിയും  റോഡ് ടോള്‍ നീക്കിയും ഗൌരവ് യാത്ര നടത്തിയും തീവ്രപ്രീണനയജ്ഞം മുന്നേറുന്നു. ഗുജറാത്ത് കണ്ടോ എന്ന ചോദ്യമില്ല; വികസനമാതൃകയുടെ വീമ്പുപറച്ചിലില്ല.

 പാളിപ്പോയ നോട്ടുനിരോധനവും പാഴായ പ്രഖ്യാപനങ്ങളും ഇടിഞ്ഞുകുത്തിയ വളര്‍ച്ചാനിരക്കുംകൊണ്ട് ഗുജറാത്തിലെന്നല്ല, ഒരിടത്തും കടന്നുചെല്ലാന്‍ കഴിയാതായിട്ടുണ്ട്. കേരളത്തില്‍ മെഡിക്കല്‍ കോളേജ് അഴിമതിയില്‍ ബിജെപിയുടെ നാണം കപ്പല്‍കയറ്റിയതിന് ശകാരിക്കാന്‍ അമിത് ഷായുണ്ടായിരുന്നു. അതേ അമിത് ഷാ സ്വന്തം പുത്രന്റെ “ ടെമ്പിള്‍ എന്റര്‍പ്രൈസസ് കമ്പനി’ മോഡിക്കാലത്ത്  വിറ്റുവരവില്‍  16,000 മടങ്ങ് വര്‍ധനയുണ്ടാക്കിയ മാന്ത്രികവിദ്യ എങ്ങനെ വിശദീകരിക്കേണ്ടൂ എന്നറിയാതെ കുഴങ്ങിനില്‍ക്കുന്നു. ടെമ്പിള്‍ അഥവാ അമ്പലമാണ് പ്രശ്നം.  ക്ഷേത്രംവച്ചാണ് ബിജെപിയുടെ കളിയാകെ. പ്രതിഷ്ഠയെക്കാള്‍ വലിയ പൂജാരിയായി അമിത് ഷാ മാറുന്നു എന്നതാണ്  പുതിയ കാഴ്ച. മോഡിയും ഷായും തീരുമാനിച്ചാല്‍ രാജ്യത്തെതന്നെ തീറെഴുതുമെന്നതാണ് ഇന്ദ്രപ്രസ്ഥത്തിലെ സംസാരം. സര്‍സംഘചാലകിനേക്കാള്‍ വലിയ സ്ഥാനമാണ് ഷായ്ക്കെന്ന് സ്വയംസേവകര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. നോട്ട് നിരോധനത്തിന്റെ പഴി മോഡി നേരിട്ട് കേട്ടുതുടങ്ങിയിട്ടുമുണ്ട്. കാര്യങ്ങള്‍ ഒട്ടും പന്തിയല്ല. അതുകൊണ്ട് ക്ഷിപ്രവേഗത്തില്‍ സ്ഥാനനഷ്ടം കുമ്മനം ഭയപ്പെടേണ്ടതില്ല. ഇവിടെ പടയാണെങ്കില്‍ അവിടെ പന്തംകൊളുത്തിപ്പടയാണ്. ചെണ്ട ഉരലിനോടെന്നപോലെ കുമ്മനം അമിത് ഷായോട് പരിഭവം പറയേണ്ടിവരുമെന്ന് ചുരുക്കം.
-----------------------
ബിജെപിയും കുമ്മനവും— നനഞ്ഞുപോയ ദീപാവലിപ്പടക്കത്തിന്റെ പരുവത്തിലാണ്. അതിനി പൊട്ടാനും കത്താനും സാധ്യത കുറവാണ്.  സര്‍വശക്തിയുമായി ഊര്‍ജം ആവാഹിച്ച് താപം വമിപ്പിക്കുന്ന മറ്റൊരു നേതാവാണ് ഈ കാലത്തിന്റെ യഥാര്‍ഥ താരം. സൌരോര്‍ജത്തിന്റെ അമിതപ്രവാഹത്തില്‍ ആ ശരീരംവിറകൊള്ളുകയാണ്. താന്‍കുഴിച്ച കുഴിയിലാണ് താന്‍ വീണതെന്ന വസ്തുത  മനഃസാക്ഷിയുടെ കോടതിയില്‍ സമ്മതിക്കാനാകാതെ പബ്ളിക് റിലേഷന്‍സ് വ്യവസായത്തിന്റെ പുത്തന്‍സാധ്യത തേടിയുള്ള പ്രയാണത്തിലാണ് മഹാത്മാവ്. “ഉമ്മന്‍ചാണ്ടിസാറിനെ’ പ്രകീര്‍ത്തിച്ചും മഹത്വപ്പെടുത്തിയും സോഷ്യല്‍ മീഡിയയില്‍ വീഡിയോതരംഗമാണ് വരുന്നത്. ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും ഇങ്ങനെയെല്ലാം പറയാമോ എന്നും  വിലാപങ്ങളുയരുന്നു.

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് അപ്പാടെ കിട്ടണമെന്ന് ഉമ്മന്‍ചാണ്ടി,   പുറത്തുപറഞ്ഞ കാര്യങ്ങള്‍ അവകാശലംഘനമെന്ന് കെ സി ജോസഫ്, അധാര്‍മികമെന്ന് ചെന്നിത്തല, നാലാംകിട രാഷ്ട്രീയമെന്ന് എ കെ ആന്റണി. വിലാപങ്ങളുടെ ആകത്തുകയെടുത്താല്‍, സോളാര്‍ അന്വേഷണ കമീഷനും കമീഷന്റെ ശുപാര്‍ശകളില്‍ നടപടിയെടുത്ത സര്‍ക്കാരും ചെയ്തതാണ് കുറ്റം എന്നു തോന്നും. ഒറ്റ ദിവസംകൊണ്ട് പന്ത്രണ്ട് കഥകള്‍ ഉമ്മന്‍ചാണ്ടിക്കായി സൃഷ്ടിച്ച് മലയാള മനോരമയാണ് ഈ രംഗത്ത് അത്ഭുതം സൃഷ്ടിച്ചത്.  പാവം ഉമ്മന്‍ചാണ്ടിയെ വെറുതെ ദ്രോഹിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന മനോരമയുടെ പരാതി   മരുഭൂമിയിലെ തണ്ണീര്‍ക്കുടംപോലെ ആശ്വാസദായകം. ആശ്വാസത്തിന്റെ ആ സവിശേഷമുഹൂര്‍ത്തത്തില്‍ മനോരമയോടുള്ള  ഒരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ കേട്ടു. പി ജയരാജനെ അറിയുമോ”— എന്നായിരുന്നു ആ ചോദ്യം.

കണ്ണൂരിലെ ഷുക്കൂര്‍ വധക്കേസില്‍, “” ലീഗുകാരെ കൈകാര്യം ചെയ്യണം”എന്ന് യു വി വേണു എന്ന പാര്‍ടി പ്രവര്‍ത്തകന്‍ ആരോടോ ഫോണില്‍ പറഞ്ഞത് കേട്ടിട്ടും അതു തടയുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്തില്ല’’ എന്ന കുറ്റം ചുമത്തിയാണ് ജയരാജനെ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അറസ്റ്റ്ചെയ്തത്. അങ്ങനെ യു വി വേണു പറഞ്ഞതിന് “സാക്ഷികള്‍’  ലീഗ് പ്രവര്‍ത്തകരായ അബുവും മുഹമ്മദ്സാബിറും. നല്‍കിയ മൊഴി വ്യാജമായിരുന്നെന്ന് ഈ രണ്ടുപേരും പിന്നീട് കോടതിയില്‍ ത്തന്നെ സമ്മതിക്കുകയുംചെയ്തു. രാഷ്ട്രീയമായി എതിര്‍പക്ഷത്തുനില്‍ക്കുന്നവരുടെ മൊഴി തട്ടിക്കൂട്ടി സിപിഐ എം ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യിക്കാന്‍ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമൊന്നും ഒരു ജാള്യവുമുണ്ടായില്ല അന്ന്. യു വി വേണു ഫോണില്‍ പറയുന്നത് ജയരാജന്‍ കേട്ടു എന്നൊന്നും ഒരു കോടതിയിലും  തെളിയിക്കാനാകില്ല. അഥവാ കേട്ടെങ്കില്‍ത്തന്നെ അത് ഷുക്കൂറിനെയോ മറ്റേതെങ്കിലും ലീഗുകാരനെയോ കൊല്ലാനുള്ള ആഹ്വാനമായിരുന്നു എന്നതിനും തെളിവില്ല. വേണു അങ്ങനെ അര്‍ഥമാക്കിയെന്നോ ജയരാജന്‍ അങ്ങനെ മനസ്സിലാക്കിയെന്നോ കോടതിയില്‍ സംശയാതീതമായി തെളിയിക്കാനാകുമോ എന്ന വേവലാതിയൊന്നും പൊലീസിനെ അലട്ടിയതേയില്ല. അറസ്റ്റ് നടന്നു. പി ജയരാജനും ടി വി രാജേഷും ജയിലിലും കിടന്നു.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കും “എ’ ക്ളാസ് അനുയായികള്‍ക്കുമെതിരെ  ബലാത്സംഗക്കുറ്റമാണ്. ബലാത്സംഗവും പീഡനവും ജനലിലൂടെ ഒളിഞ്ഞുനോക്കിയ ആരുടെയെങ്കിലും  മൊഴിയിലല്ല കുറ്റം ചുമത്തുന്നത്.  പരമാധികാരവും പത്രാസുമുപയോഗിച്ച് സമ്മതം തരപ്പെടുത്തി തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് ഒരു സ്ത്രീയാണ് മൊഴിനല്‍കിയത്. അന്നത്തെ മുഖ്യമന്ത്രി മാത്രമല്ല, മറ്റു മന്ത്രിമാരും തന്നെ മാറി മാറി ഉപയോഗിച്ചെന്നും ഗ്രൂപ്പുപിടിക്കാന്‍പോലും ആയുധമാക്കിയെന്നുമൊക്കെ ആ സ്ത്രീയുടെ വെളിപ്പെടുത്തലുകളുണ്ട്.  പി ജയരാജനും ടി വി രാജേഷും അറസ്റ്റ്ചെയ്യപ്പെട്ടപ്പോള്‍ മനോരമ എഴുതിയ മുഖപ്രസംഗത്തില്‍നിന്നൊരു വരി ഇവിടെ ഓര്‍മിക്കണം. “” ഒരു കേസില്‍ പ്രതിയായി അറസ്റ്റ്ചെയ്യപ്പെട്ടാല്‍, നിരപരാധിയെന്നു ബോധ്യപ്പെടുത്താനും മറ്റും ഇവിടെ വ്യവസ്ഥാപിതമായ നിയമവഴികളുണ്ട് എന്നായിരുന്നു അത്.  വ്യവസ്ഥാപിതമായ ആ വഴികളിലൂടെ കടന്നുപോകുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടുപ്രതികളും ചെയ്യേണ്ടത്.  അല്ലാതെ കരഞ്ഞുവിളിച്ചിട്ടും കരയിപ്പിച്ചിട്ടും  കാര്യമുണ്ടെന്നുതോന്നുന്നില്ല.

ബലാത്സംഗക്കേസില്‍ പ്രതിയാകുന്നത് കണ്ടത്തില്‍ കുടുംബത്തിന്റെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞാകുമ്പോള്‍ മലയാള മനോരമയില്‍നിന്ന് അത്തരം ധാര്‍മികാശങ്കകള്‍ പ്രതീക്ഷിക്കാനാകില്ല. സ്വാഭാവികം.  മനോരമയില്‍  ഉമ്മന്‍ചാണ്ടിക്കുവേണ്ടി രചിച്ച ഒരു സാഹിത്യത്തിന്റെ  ആദ്യത്തെ വാചകം, “”സോളര്‍ കൂട്ട നടപടികളോടനുബന്ധിച്ച് ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന മാനഭംഗക്കേസില്‍ തിരക്കിട്ട് അറസ്റ്റിനുള്ള സാധ്യത കുറവ്” എന്നാണ്. “”പ്രഖ്യാപിച്ചിരിക്കുന്ന മാനഭംഗക്കേസ്” പോലും. എന്തൊരു പ്രയോഗം! വിജയിയായും ജേതാവായും സമ്മാനാര്‍ഹനായുമൊക്കെ പ്രഖ്യാപിക്കുന്നുവെന്നാണ് കേട്ടിട്ടുള്ളത്.  ബലാത്സംഗക്കേസില്‍ “”പ്രതിയായി പ്രഖ്യാപിച്ചു’” എന്ന പ്രയോഗം പതിവുപോലെ മലയാളഭാഷയ്ക്ക് മനോരമയുടെ സംഭാവനയാണ്. സമൂഹത്തില്‍ വിജയശ്രീലാളിതനായി നില്‍ക്കുകയല്ലേ നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞ്. കുഞ്ഞൂഞ്ഞിനെ അറസ്റ്റ്ചെയ്യുന്നത് മനോരമയ്ക്ക് ചിന്തിക്കാന്‍പോലുമാകില്ല. അതുകൊണ്ടാണ് “”തിരക്കിട്ട് അറസ്റ്റ്ചെയ്താല്‍ തിരിച്ചടിയാകുമെന്ന ഭയം പാര്‍ടി തലപ്പത്തുണ്ട്’” എന്നൊക്കെ തട്ടിവിടുന്നത്. “”ഇക്കാര്യത്തില്‍ വിവാദപരമായ പല നിലപാടുകളുമെടുത്തയാളാണ്ഇരയെന്നതും കണക്കിലെടുക്കേണ്ടിവരുമത്രെ.
വാളെടുത്തവന്‍ വാളാല്‍ എന്ന ചൊല്ലിന്റെ പ്രയോഗസാധ്യതയെക്കുറിച്ച് ഗവേഷണംനടത്തുന്ന ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമൊന്നും പത്രപാരായണത്തിന് നേരംകിട്ടാനിടയില്ലാത്തതുകൊണ്ട്, രചനാവൈഭവം സത്തചോരാതെ അവരെ ബോധ്യപ്പെടുത്താനുള്ള പ്രൊഫഷണല്‍ മികവുകൂടി അതിവേഗം മനോരമ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം *

Top