ad
Deshabhimani

പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2015, 12:52 AM | 0 min read

ന്യൂഡല്‍ഹി > അരുണാചല്‍പ്രദേശില്‍ ഗവര്‍ണര്‍ നടത്തുന്ന ഭരണഘടനാവിരുദ്ധ നടപടികള്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട്  സിപിഐ എം ഉപനേതാവ് കെ എന്‍ ബാലഗോപാല്‍ ചെയറിന് നോട്ടീസ്് നല്‍കിയിരുന്നു. ചട്ടം 167 പ്രകാരം വോട്ടെടുപ്പോടുകൂടിയ ചര്‍ച്ചയാണ് ബാലഗോപാല്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന്, കോണ്‍ഗ്രസ് സഭാനേതാവ് ഗുലാംനബി ആസാദും സമാനപ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പ്രമേയം പാസാകാനാണ് സാധ്യത.

സംസ്ഥാന ഗവര്‍ണര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഭരണഘടനയുടെ 168 മുതല്‍ 172 വരെയും 174ഉം വകുപ്പുകളില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ബാലഗോപാല്‍ പറഞ്ഞു. ഇതിനു വിരുദ്ധമായാണ് ഗവര്‍ണറുടെ നടപടികള്‍. സംസ്ഥാന സര്‍ക്കാരിനോടോ മുഖ്യമന്ത്രിയോടോ ആലോചിക്കാതെ നിയമസഭാസമ്മേളനം വിളിച്ചു. ഇത്തരം ഭരണഘടനാവിരുദ്ധ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന് ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. പ്രമേയ നോട്ടീസുകള്‍ ചെയറിന്റെ പരിഗണനയിലാണെന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ അറിയിച്ചു.
ഗവര്‍ണര്‍ നിയമസഭയെ സ്വകാര്യബിസിനസ് പോലെ കൈകാര്യംചെയ്യുകയാണെന്ന് സിപിഐ എം സഭാനേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. തികച്ചും ജനാധിപത്യവിരുദ്ധ നടപടികളാണ് നടക്കുന്നത്. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല– സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന നിയമസഭയുടെ പ്രതിനിധികള്‍ എന്ന നിലയില്‍ രാജ്യസഭയില്‍ ഈ വിഷയം ചര്‍ച്ചചെയ്യാമെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. സര്‍ക്കാരിനെ ഒരു വ്യക്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ജെഡിയു നേതാവ് ശരത് യാദവ് പറഞ്ഞു.

ലോക്സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അവതരണാനുമതി നല്‍കിയില്ല. മൈക്രോഫിനാന്‍സ് പദ്ധതിയുടെപേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് എ സമ്പത്തും (സിപിഐ എം) അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കര്‍ അനുമതി നിഷേധിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

ചണ്ഡീഗഡ് വിമാനത്താവളത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെ ഭഗത്സിങ് പ്രതിമയ്ക്കുമുന്നില്‍ ധര്‍ണ നടത്തി. വിമാനത്താവളത്തിന് ഭഗത്സിങ്ങിന്റെ പേര് നല്‍കണമെന്ന് ധര്‍ണയില്‍ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home