സുവാരസ് ഹാട്രിക്കില്‍ ബാഴ്സ

യോകോഹാമ> ബാഴ്സലോണ മൂന്നാം ക്ളബ് ലോകകപ്പ് കിരീടത്തിനരികെ. സെമിയില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചൈനയുടെ ഗ്വാങ്ഷൂ എവര്‍ഗ്രാന്‍ഡെയെ ലൂയിസ് സുവാരസിന്റെ ഹാട്രിക്കില്‍ ബാഴ്സ തകര്‍ത്തു. കലാശക്കളിയില്‍ അര്‍ജന്റീനയില്‍നിന്നുള്ള ക്ളബ് റിവര്‍പ്ളേറ്റിനെ യൂറോപ്യന്‍ ചാമ്പ്യന്മാര് നേരിടും. 20നാണ് ഫൈനല്‍. 2009ലും 2011ലും ചാമ്പ്യന്മാരായ ബാഴ്സയുടെ നാലാം ഫൈനല്‍ പ്രവേശമാണിത്. 2006ല്‍ ആദ്യ ഫൈനലില്‍ ബ്രസീലില്‍നിന്നുള്ള സ്പോര്‍ട്ട് ക്ളബ് ഇന്റര്നാസിയണലിനോട് ഒരു ഗോളിന് തോറ്റു.
ജപ്പാനിലേക്ക് പറക്കുംമുമ്പുതന്നെ പരിക്കേറ്റ നെയ്മറും വയറിന് സുഖമില്ലാതിരുന്ന സൂപ്പര്‍താരം ലയണല്‍ മെസിയും ഇല്ലാതെയാണ് ബാഴ്സ എവര്ഗ്രാന്ഡെയ്ക്കെതിരെ ഇറങ്ങിയത്. യോകോഹാമ സ്റ്റേഡിയത്തില്‍ സുവാരസിന്റെ കാലുകളിലായിരുന്നു ബാഴ്സയുടെ വിജയം. നിറഞ്ഞ കാണികളുടെ മുന്നില്‍ ബാഴ്സ മാത്രമായിരുന്നു കളത്തില്‍. നിറഞ്ഞുകളിച്ച മുന്‍ ചാമ്പ്യന്മാര് ആദ്യപകുതിയില്‍ സുവാരസിന്റെ ഗോളിലൂടെ മുന്നിലെത്തി. കളിയിലുടനീളം സ്വന്തം പകുതിയില്‍ ഒതുങ്ങിപ്പോയ ഫിലിപ് സ്കൊളാരിയുടെ സംഘത്തിന് ബാഴ്സയ്ക്ക് വെല്ലുവിളിയാകാന്‍ കഴിഞ്ഞില്ല. യൂറോപ്യന്‍ കളിയുടെ അടുത്തെങ്ങും എത്താനാകാതെ ഏഷ്യന്‍ ചാമ്പ്യന്മാര് വലഞ്ഞു. സുവാരസ് ഹാട്രിക് തികച്ചതോടെ എവര്‍ഗ്രാന്‍ഡെ തളരുകയും ചെയ്തു.
ആദ്യ വിസില്മുതല് ബാഴ്സ കളംവാണു. എതിരാളികളുടെ പകുതിയില്‍ പന്തടക്കവുമായി അവര്‍ ഗോളിലേക്ക് വഴിതുറക്കാന്‍ തമ്പടിച്ചു. മുന്നോട്ടാഞ്ഞ അവരെ ഏഷ്യന്‍ ചാമ്പ്യന്മാര് ഓരോ തവണയും തടുത്തിട്ടു. ഗോളിനടുത്തുവരെയെത്തി മടങ്ങിയ ബാഴ്സയുടെ സുവാരസും മുനീര്‍ എല്ഹദാദിയും വീണ്ടും പന്തുമായി എവര്‍ഗ്രാന്‍ഡെയുടെ ഏരിയയിലേക്ക് തിരിച്ചെത്തി. എവര്‍ഗ്രാന്‍ഡെയുടെ ചൈനീസ് കീപ്പര്‍ ലി ഷ്വായിയുടെ തകര്‍പ്പന്‍ സേവുകളും അവരെ ഗോള്നേടുന്നതില്നിന്ന് അകറ്റിനിര്‍ത്തി. ആദ്യപകുതിയില്‍ ആന്ദ്രെ ഇനിയേസ്റ്റയുടെ അപകടം മണക്കുന്ന രണ്ട് ക്രോസുകള്‍ ഷ്വായി പിടിച്ചെടുത്തു. ഒന്ന് മുനീറിനെയും മറ്റൊന്ന് ഡാനി ആല്വേസിനെയും ലക്ഷ്യമാക്കിയുള്ളതായിരുന്നു. പ്രതിരോധക്കാരെ മറികടന്ന് ഓടിയെത്തിയ ഇരുവര്‍ക്കും ഷ്വായി തടസ്സമായിനിന്നു.
മുപ്പതാം മിനിറ്റില്‍ ബാഴ്സ ഗോളിനടുത്തെതി. പ്രതിരോധക്കാരെ മറികടത്തി ഇനിയേസ്റ്റ ബോക്സില്‍ ഉയര്‍ത്തിനല്‍കിയ പന്ത് മുനീര്‍ പുറത്തേക്കാണ് ഹെഡ്ഡ് ചെയ്തത്. അടുത്ത മിനിറ്റില്‍ ഡാനി ആല്വേസുമായി കൂട്ടിയിടിച്ച് എവര്‍ഗ്രാന്‍ഡെ പ്രതിരോധക്കാരന് ഴെങ് സൂ പരിക്കേറ്റ് പുറത്തുപോയത് ചൈനീസ് സംഘത്തിന് തിരിച്ചടിയായി. കുറിയ പാസുകളിലൂടെ ഗോളിലെത്തില്ലെന്ന് തിരിച്ചറിഞ്ഞ ബാഴ്സ പിന്നീട് അടവുമാറ്റി. 39–ാം മിനിറ്റില്‍ ഇവാന് റാകിടിച്ച് ബോക്സിനുപുറത്തുനിന്ന് തൊടുത്ത കനത്ത ഷോട്ട് ഗോളില്‍ കലാശിക്കുകയും ചെയ്തു. റാകിടിച്ചിന്റെ ഷോട്ട് ഷ്വായി തടഞ്ഞിട്ടെങ്കിലും പ്രതിരോധക്കാരെ വകഞ്ഞ് ഓടിയെത്തിയ സുവാരസ് പന്ത് വലയിലേക്ക് തട്ടിയിട്ടു.
ഗോള്‍വഴങ്ങിയെങ്കിലും ചൈനക്കാര്‍ അടങ്ങിയിരിക്കാന്‍ ഒരുക്കമായിരുന്നില്ല. പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അവര്‍ ഒപ്പമെത്തേണ്ടതായിരുന്നു. ബാഴ്സയുടെ ഏരിയക്ക് പുറത്തുനിന്ന് ലോങ് ഷെങ്ങെടുത്ത ഫ്രീകിക് എലെക്സണ് തലകൊണ്ടു കുത്തിയിട്ടത് കീപ്പര്‍ ക്ളോഡിയോ ബ്രാവോ സുന്ദരമായൊരു ചാട്ടത്തിലൂടെ രക്ഷപ്പെടുത്തി.
രണ്ടാംപകുതിയില്‍ എവര്‍ഗ്രാന്‍ഡെ അമിത പ്രതിരോധം മതിയാക്കി. പന്തുമായി അവര്‍ എതിര് പാതിയിലേക്ക് കടക്കാന്‍ ശ്രമിച്ചുതുടങ്ങി. മറുപടിയായി സുവാരസ് ഒരിക്കല്‍ക്കൂടി വലചലിപ്പിക്കുകയാണ് ചെയ്തത്. ഇനിയേസ്റ്റ പ്രതിരോധഭടന്മാര്ക്കു മുകളിലൂടെ ഉയര്‍ത്തിനല്‍കിയ പന്ത് നെഞ്ചില്‍ സ്വീകരിച്ച് പോസ്റ്റിലേക്കു തൊടുത്തത് ഷ്വായിയുടെ കൈയിലും ക്രോസ്ബാറിലും ഇടിച്ച് വലയിലേക്കു കയറി. 67–ാം മിനിറ്റില്‍ സുവാരസ് ഹാട്രിക് തികച്ചു. പ്രതിരോധക്കാരന് ഹുവാങ് ബോവെന്‍ മുനീറിനെ ബോക്സില്‍ വലിച്ചിട്ടതിനു ലഭിച്ച പെനല്‍റ്റി ഉറുഗ്വേന്‍ മുന്നേറ്റക്കാരന് വലയിലെത്തിക്കുകയായിരുന്നു. രണ്ടുതവണകൂടി സുവാരസ് ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യംകാണാനായില്ല.










0 comments