23 September Sunday

ചേർന്നു അവൾക്കൊപ്പം; ഇനിയെന്ത‌്?

വെബ് ഡെസ്‌ക്‌Updated: Tuesday May 29, 2018


മലയാളി സമൂഹത്തെ ‘അവൾക്കൊപ്പം’ പിടിച്ചുനിർത്തിയ വിമൻ ഇൻ സിനിമ കലക്ടീവ‌ിന‌് ഒരു വയസ്സ‌് പൂർത്തിയാകുമ്പോൾ സംഘടന സ്വയം ചോദിക്കുന്ന ചോദ്യമിവയാണ‌്. ഇനി എന്ത‌്? മലയാള സിനിമയിൽ സ‌്ത്രീകളുടെ ഇടമെന്ത‌്? നിലനിൽപ്പിനുവേണ്ടി സർവംസഹയായിനിന്ന മുൻ തലമുറ അഭിനേത്രികളിൽനിന്ന‌് വ്യത്യസ്തരായി ഒത്തുതീർപ്പിന‌് തയ്യാറാകാത്ത ചെറുപ്പത്തിന്റെ ചുറുചുറുക്ക‌് ഭാവിപ്രവർത്തനത്തിന‌് ഊർജംപകരുമെന്ന‌ പ്രതീക്ഷയാണ‌് സംഘടനാ വാർഷികത്തിന്റെ ഭാഗമായി, തലസ്ഥാനത്ത‌് സംഘടിപ്പിച്ച  ‘പുനർവായന’ സംവാദത്തിൽ ഉയർന്നത‌്. ലിംഗസമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ തൊഴിൽമേഖലയിൽ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ വശങ്ങളിലുമെത്തിക്കാൻ കൂട്ടായ‌്മയ‌്ക്ക‌് കഴിഞ്ഞു. യുവനടി ആക്രമിക്കപ്പെട്ടതിനെത്തുടർന്നുള്ള പ്രവർത്തനങ്ങളിൽ സംഘടനയ‌്ക്കൊപ്പംനിന്ന സമൂഹം സിനിമയിൽ നിലനിൽക്കുന്ന ആൺകൊയ്മയ്ക്കെതിരെ പ്രതികരിച്ച പാർവതിയെ കടന്നാക്രമിച്ചു. സ‌്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചകളിൽ സ‌്ത്രീപ്രാതിനിധ്യം ഉറപ്പാക്കാൻ കൂട്ടായ്മയ്‌ക്ക‌് കഴിഞ്ഞു. സിനിമയിൽ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലയിലും മാറ്റമുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും നിർദേശമുയർന്നു.

സിനിമയടക്കമുള്ള തൊഴിൽമേഖലകളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള നിയമനിർമാണത്തിനുള്ള ഇടപെടലുകൾ സംഘടനയുടെ ഭാഗത്തുനിന്ന‌് ഉയരണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. ഒട്ടും സ‌്ത്രീസൗഹൃദമല്ലാത്ത അന്തരീക്ഷത്തിലാണ‌് കൂട്ടായ്മയുടെ തുടക്കം. ഒരുവർഷം പിന്നിടുമ്പോഴും സ്ഥിതിക്ക‌് മാറ്റമില്ല.

ജൂണിൽ നടക്കുന്ന അമ്മ ജനറൽ ബോഡി  യിൽ വനിതാ ഘടകം എന്ന ആവശ്യം അംഗീകരിക്കപ്പെടും എന്നാണ‌് പ്രതീക്ഷയെന്നും ഡബ്ല്യൂസിസി അംഗങ്ങൾ പറഞ്ഞു.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചർച്ച തുടങ്ങിവച്ചു. കമൽ, പോൾ സക്കറിയ, ടി എൻ സീമ, ബീന പോൾ, വിധു വിൻസെന്റ‌്, ജലജ, പ്രൊഫ. ദേവിക തുടങ്ങി നിരവധിയാളുകൾ പുനർവായനയിൽ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top