26 September Wednesday

ഓപ്പണ്‍ ഫോറവും പറഞ്ഞു - 'അവള്‍ക്കൊപ്പം' ; ലിംഗഭേദമില്ലാതെ സിനിമ വളരണമെന്ന് വനിതാക്കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017


തിരുവനന്തപുരം> ആണ്‍ - പെണ്‍ - ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പറഞ്ഞു. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ അഭിപ്രായം. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍പ്പോലും മുന്‍നിര നടന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമം.  അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സ്ത്രീ പ്രേക്ഷകരും മടി കാണിക്കുന്നുണ്ടെന്ന് റിമ പറഞ്ഞു.

ഭരതനും പത്മരാജനുമൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ  സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം മറക്കാനാവില്ലെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഓര്‍മിപ്പിച്ചു. സദസ്സുകൂടി ഇടപെട്ടതോടെ ഓപ്പണ്‍ ഫോറത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നു.  സംവിധായിക സുമ ജോസന്‍, വിധു വിന്‍സന്റ്, ഛായാഗ്രകരായ ഫൌസിയ ഫാത്തിമ, മാഹീന്‍ മിര്‍സ, ദീദി ദാമോദരന്‍, സജിതാ മഠത്തില്‍, ജെ. ദേവിക എന്നിവര്‍ പങ്കെടുത്തു.

യഥാര്‍ത്ഥ കലാകാരന്‍ പുരുഷ-സ്ത്രീ സ്വത്വങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് സംവിധായിക അപര്‍ണ സെന്‍ പറഞ്ഞു. മേളയില്‍  അരവിന്ദന്‍ സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിനിമയില്‍ സ്ത്രീപക്ഷം ചര്‍ച്ചചെയ്യപ്പെടുകയും ഡബ്ളു.സി.സി പോലുള്ള സംഘടനകള്‍ രൂപപ്പെടുകയും വേണം. ഇന്ത്യയില്‍ സ്ത്രീ സ്വാതന്ത്യ്രം ഇടുങ്ങിയ പാതയിലൂടെയാണ് കടന്ന് പോകുന്നത്. സ്ത്രീയെ സദാചാര ബോധങ്ങളില്‍ നിന്ന്  സ്വാതന്ത്രയാക്കണമെങ്കില്‍ പുരുഷനൊപ്പം സ്ത്രീയും അവളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തണം. ചെറുപ്പകാലം തൊട്ടു തന്നെ ലോകസിനിമകള്‍ കാണാന്‍ കഴിഞ്ഞതാണ് തന്റെ ചിന്താധാരയെ മാറ്റിമറിച്ചതെന്നും അവര്‍ പറഞ്ഞു.  ഒരു സിനിമ നിര്‍മ്മിക്കാന്‍ പലവട്ടം ആലോചിക്കേണ്ട സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യസിനിമയായ 36 ചൌരംഗി ലെയ്നിന് ശേഷം തന്നെ ഫെമിനിസ്റ്റ് സിനിമകളുടെ വക്താവായി മുദ്രകുത്തിയെന്നും അപര്‍ണ സെന്‍ പറഞ്ഞു.







 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top