19 September Wednesday

ചർച്ചയ്‌ക്ക്‌ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018

താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റും (എഎം‌എംഎ) വിമൻ ഇൻ സിനിമാ കലക്ടീവും (ഡബ്ല്യുസിസി) തമ്മിലുള്ള പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാനുള്ള സന്നദ്ധത അറിയിച്ച് നടിമാര്‍ രം​ഗത്തുവന്നു. മലയാള സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ താരസംഘടനയുമായി ചര്‍ച്ച നടത്തുമെന്ന് വനിതചലച്ചിത്രകൂട്ടായ്മയിലെ അം​ഗങ്ങളായ പത്മപ്രിയയും രമ്യനമ്പീശനും കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഇരുസംഘടനകളും തമ്മിലുളള പ്രശ്നങ്ങള്‍ വേഗം പരിഹരിക്കുന്നതാണ‌് മലയാള സിനിമയ്ക്ക‌് ഗുണകരമെന്ന‌് പത്മപ്രിയ ചൂണ്ടിക്കാട്ടി.എഎംഎംഎയ‌്ക്ക‌് എതിരാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണ‌് നിലനിൽക്കുന്നത്. ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചർച്ച ഉണ്ടാകണമെന്നും പത്മപ്രിയ പറഞ്ഞു.

മലയാള സിനിമയെ തകർക്കാൻ ഡബ്ല്യുസിസിയും താനും ശ്രമിച്ചിട്ടില്ലെന്ന‌് രമ്യാ നമ്പീശൻ  പറഞ്ഞു.  മലയാള സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് തങ്ങൾ ശബ്ദമുയർത്തിയത്. തുല്യതയ്ക്കുവേണ്ടിയായിരുന്നു ആ സംസാരം. മലയാള സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ച ഉടൻ ഉണ്ടാകും. മോഹൻലാൽ പറഞ്ഞ കാര്യങ്ങൾക്ക് ഡബ്ല്യുസിസി കൃത്യമായ മറുപടി നൽകിട്ടുണ്ടെന്നും രമ്യാ നമ്പീശൻ ചൂണ്ടിക്കാട്ടി.

ദിലീപിനെ താരസംഘടന തിരിച്ചെടുക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് രമ്യ അടക്കമുളള നാലു പ്രമുഖ നടിമാര്‍ സംഘടനയില്‍നിന്നും രാജിവച്ചത് വലിയ ചര്‍ച്ചക്ക് വഴിവച്ചിരുന്നു. രാജിവച്ചവരുമായി ചര്‍ച്ചക്ക് തയാറാണെന്നും ദിലീപിനെ ഉടന്‍ തിരിച്ചെടുക്കില്ലെന്നും  കഴിഞ്ഞദിവസം താരസംഘടന പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.താരസംഘടനക്ക് എതിരെ നടിമാരുടെ പ്രതിഷേധം ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നടിമാരുടെ സംഘടനയ്ക്ക് കഴിഞ്ഞദിവസം കമല്‍ഹാസനും പിന്തുണ പ്രഖ്യാപിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top