ഐഎഫ്എഫ്‌കെയില്‍ മത്സരവിഭാഗത്തില്‍ ആദ്യ മലയാളി സംവിധായികയായി വിധു വിന്‍സന്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2016, 07:52 PM | 0 min read

കൊച്ചി > കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം രണ്ടു പതിറ്റാണ്ടിലേക്കെത്തുമ്പോള്‍ മത്സരവിഭാഗത്തില്‍ ആദ്യമായി കേരളത്തില്‍നിന്നൊരു വനിതാസാന്നിധ്യം. മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സന്റാണ് സംവിധായികയുടെ റോളില്‍. പൊതുസമൂഹം  അരികുകളിലേക്ക് മാറ്റിനിര്‍ത്തിയ തോട്ടിവേലക്കാരെ ജീവിതത്തില്‍നിന്നുതന്നെ പുറത്താക്കുന്ന ഭരണവര്‍ഗത്തിന്റെ കപടമുഖമാണ് വിധുവിന്റെ 'മാന്‍ഹോള്‍' എന്നുപേരിട്ടിട്ടുള്ള 85 മിനിറ്റ് നീളുന്ന സിനിമ അനാവരണംചെയ്യുന്നത്. ഡിസംബര്‍ ഒമ്പതുമുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന 20–ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തില്‍നിന്നുള്ള രണ്ടു മത്സരചിത്രങ്ങളില്‍ ഒന്നായി 'മാന്‍ഹോള്‍' പ്രദര്‍ശിപ്പിക്കും. ഡോ. ബിജുവിന്റെ 'കാട് പൂക്കുന്ന നേരം' ആണ് മറ്റൊരു മലയാളചിത്രം.

തോട്ടിപ്പണി നിയമംമൂലം നിരോധിച്ചിരിക്കുന്ന നാട്ടില്‍ ഇപ്പോഴും ആ പണി ചെയ്തുപോരുന്നവരുടെ കഥയാണിത്. 'ദ കാസ്റ്റ് ഓഫ് ക്ളെന്‍ലിനസ്' എന്ന പേരില്‍ 2014ല്‍ ഇതേ വിഷയത്തില്‍ താന്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയുടെ തുടര്‍ച്ചയാണ് ആദ്യ സിനിമയായി അന്താരാഷ്ട്രചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഇടംപിടിച്ചതെന്ന് വിധു പറഞ്ഞു. തമിഴ്നാട്ടില്‍ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ടവരെന്നും കേരളത്തില്‍ ചക്ളിയരെന്നും അറിയപ്പെടുന്ന ഇവരെ പൊതുസമൂഹം എക്കാലവും അധഃസ്ഥിതരായാണ് കണക്കാക്കിയിരുന്നത്. പരമ്പരാഗതമായി ഈ തൊഴില്‍ചെയ്യാന്‍ നിര്‍ബന്ധിതനായ ഒരാള്‍ അതില്‍നിന്ന് മാറിനടക്കാന്‍ കൊതിക്കുകയും തനിക്ക് കഴിയാഞ്ഞത് മകളിലൂടെ നേടിയെടുക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു.

മകളെ നിയമപഠനത്തിനയക്കുന്ന അയാള്‍ 'മാന്‍ഹോള്‍' വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍ മരിക്കുന്നു. നഷ്ടപരിഹാരം കുടുംബത്തിനു ലഭിക്കുന്നില്ല. മകള്‍ ഇഷ്ടപ്പെട്ട മറ്റൊരാള്‍ക്കും ഇതേ പണിക്കിടയില്‍ മരണം സംഭവിക്കുന്നു. നഷ്ടപരിഹാരത്തിനായി കോടതിയിലെത്തുന്ന പെണ്‍കുട്ടിയെ അധികാരിവര്‍ഗം നിയമത്തിന്റെ നൂലാമാലകളില്‍ കുരുക്കിയിടുന്നു. ചിത്രത്തിന്റെ തിരക്കഥ ജെഎന്‍യുവിലെ നിയമവിദ്യാര്‍ഥി ഉമേഷ് ഓമനക്കുട്ടന്റേതാണ്. നാടകപ്രവര്‍ത്തക ഷൈലജ, രേണു സൌന്ദര്‍, ചക്ളിയസമുദായത്തില്‍നിന്നുതന്നെയുള്ള രവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊല്ലം സ്വദേശിനിയായ വിധു ഏഷ്യാനെറ്റ്, മനോരമ, മീഡിയാവണ്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home