21 November Wednesday

ഇവര്‍ വിവാഹിതരായാൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

മുൻ വിശ്വസുന്ദരി സുസ്മിത സെന്നും യുവമോഡൽ റൊഹ‌്മാൻ ഷ്വാളുവും വിവാഹിതരാകുമോ എന്നതാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളുടെ ചർച്ചാവിഷയം. ഇരുപത്തേഴുകാരനായ മോഡലും നാൽപ്പത്തിരണ്ടുകാരിയായ താരവും ഒരാഴ്ചയായി തുടർച്ചയായി ഒന്നിച്ചാണ് പൊതുവേദികളിൽ എത്തുന്നത്. ബോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാനും ഇരുവരും ഒന്നിച്ചുവന്നു. റൊഹ‌്മാനെ "പ്രേമഭാജനം' എന്നാണ് ഇൻസ്റ്റാ​ഗ്രാമിൽ സുസ്മിത വിശേഷിപ്പിച്ചത്. 

ഇരുവരും രണ്ടുമാസത്തോളമായി ഡേറ്റിങ്ങിലാണെന്നും അടുത്തവർഷം വിവാഹമുണ്ടാകുമെന്നും സുസ്മിതയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ചുകൊണ്ട്  ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഒന്നിച്ചുള്ള ജീവിതത്തിന് ഇരുവരും തീരുമാനം എടുത്തെന്നാണ് ബന്ധുക്കളും കരുതുന്നത്. ഫാഷൻ ഷോ വേദികളിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. സ്ത്രീകളുടെ അവകാശപോരാട്ടത്തിനായി മുൻപന്തിയിലുള്ള സുസ്മിത രണ്ട് പെൺകുട്ടികളെ ദത്തെടുത്ത് വളർത്തുന്നുണ്ട്. 

പത്തൊമ്പതുകാരിയായ റിനീക്കും പത്തുവയസ്സുകാരിയായ അലീഷയ്ക്കും റൊഹ‌്മാനെ ഏറെ ഇഷ്ടമാണെന്നും സുസ്മിതയുടെ കുടുംബാം​ഗങ്ങൾ വെളിപ്പെടുത്തി. ഇവർക്കൊപ്പമാണ് റൊഹ‌്മാൻ ദീപാവലി ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സുസ്മിത സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

പത്തൊമ്പതാംവയസ്സിൽ വിശ്വസുന്ദരിപ്പട്ടം നേടിയ സുസ്മിത ഇരുപത്തഞ്ചാംവയസ്സിലാണ് പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്താൻ തീരുമാനിച്ചത്. പൊതുസമൂഹം സുസ്മിതയുടെ തീരുമാനത്തിൽ നെറ്റി ചുളിച്ചെങ്കിലും വിമർശനങ്ങളെ അവ​ഗണിച്ച് അവർ മുന്നോട്ടുപോയി. 35-–-ാംവയസ്സിലാണ് രണ്ടാമതൊരു കുഞ്ഞിനെ കൂടി ദത്തെടുക്കാൻ തീരുമാനിച്ചത്.  സമൂഹത്തിന്റെ പുരുഷാധിപത്യ തീട്ടൂരങ്ങളെ പരസ്യമായി ചോദ്യംചെയ്യാനും അവർ മടിച്ചിട്ടില്ല.


പ്രധാന വാർത്തകൾ
Top