17 November Saturday

സൈനയാകാൻ ശ്രദ്ധയോടെ ശ്രദ്ധ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

 

ബോളിവുഡ് യുവതാരം ശ്രദ്ധ കപൂർ ഇന്ത്യൻ കോച്ച് പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിൽ അതിതീവ്ര ബാഡ്മിന്റൺ പരിശീലനത്തിൽ. ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്വാളിന്റെ ജീവിതത്തെ ആസ‌്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സൈനയായി അഭിനയിക്കാനാണ് ശ്രദ്ധയുടെ ബാഡ്മിന്റൺ പഠനം. നാടകപ്രവർത്തകനും നടനും സംവിധായകനുമായ അമോൽ ഗുപ്തയാണ് സംവിധാനം. പൃഥ്വിരാജ് ചിത്രം ഉറുമിയടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമോൽ ഗുപ്തയുടെ സൈന ചിത്രം രണ്ടരവർഷംമുമ്പാണ് പ്രഖ്യാപിച്ചത്. ശ്രദ്ധ കപൂറിന്റെ തിരക്കുകാരണം ചിത്രീകരണം നീണ്ടുപോയി. മറ്റു തിരക്കുകൾ ഒഴിവാക്കി ശ്രദ്ധ ഇപ്പോൾ സൈനയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞു. ഹൈദരാബാദിൽ സൈനയുടെ സാന്നിധ്യത്തിലാണ് ശ്രദ്ധയുടെ പരിശീലനമെന്നാണ് റിപ്പോർട്ട്. കോർട്ടിൽ സൈനയുടെ ചിട്ടകളും രീതിയും സൂക്ഷ‌്മതയോടെ പകർത്താനാണ് ശ്രദ്ധയുടെ ശ്രമം. ഇതിനായി ശ്രദ്ധയെ സഹായിക്കാൻ പ്രത്യേക ടീമിനെത്തന്നെ സംവിധായകൻ നിയോഗിച്ചിട്ടുണ്ട്. കായികതാരത്തിന്റെ ശരീരഘടന നേടാനുള്ള കായികപരിശീലനവും നടത്തുന്നുണ്ട്. സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട‌്. കൂടുതൽ യുവജനങ്ങളെ ബാഡ്മിന്റണിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് തന്റെ കായികജീവിതത്തെക്കുറിച്ച് സിനിമ ഒരുക്കാൻ സമ്മതം നൽകിയതെന്ന് സൈന മുമ്പ്് പ്രതികരിച്ചിരുന്നു.

ബോളിവുഡ് താരം ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ആഷിഖി ടുവിലെ ഗായികാവേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഷാഹിദ് കപൂറിന്റെ ബാട്ടി ഗുൽ മീറ്റർ ചാലു, രാജ്കുമാർ റാവുവിന്റെ ഹൊറർ ചിത്രം സ്ത്രീ, ബാഹുബലി താരം പ്രഭാസിന്റെ അടുത്തചിത്രം സാഹോ എന്നിവയിലും ശ്രദ്ധയാണ് നായിക
 

പ്രധാന വാർത്തകൾ
Top