25 September Tuesday

ഞെട്ടിക്കുന്ന മെയ്‌ക്ക് ഓവറില്‍ വിജയ് സേതുപതി; 'സീതാകാത്തി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 16, 2018

‌കൊച്ചി > ഏറ്റെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്ത കൊണ്ടും അത് അവതരിപ്പിക്കാന്‍ സ്വീകരിക്കുന്ന മെയ്‌ക്ക് ഓവര്‍ കൊണ്ടും ഏറെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് വിജയ് സേതുപതി. തന്റെ നാല്‍പ്പതാം പിറന്നാള്‍ ദിനത്തില്‍ പുത്തന്‍ മെയ്‌ക്ക് ഓവര്‍ കൊണ്ട് ആരാധകരെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി.

'സീതാകാത്തി' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലാണ് വിജയ് സേതുപതി പുത്തന്‍ ലുക്കില്‍ എത്തുന്നത്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന സീതാകാത്തിയില്‍ കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.

താരത്തിന്റെ 25ാമത് ചിത്രം കൂടിയാണ് ഇത്. ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററില്‍ 75 കാരന്റെ വേഷത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. വിജയ് സേതുപതി തന്നെയാണോ പോസ്റ്ററില്‍ എന്ന് തോന്നിപ്പിക്കും വിധമാണ് താരത്തിന്റെ മെയ്‌ക്ക് ഓവര്‍.  'നടുവുല കൊഞ്ചം പാക്കാതെ കാണോം' എന്ന കോമഡി ചിത്രത്തിന് ശേഷം ബാലാജിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സീതാകാത്തി.

പാര്‍വ്വതി, രമ്യാനമ്പീശന്‍, ഗായത്രി, മഹേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീതം. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുദന്‍ സുന്ദരം, ഉമേഷ്, ജയറാം, അരുണ്‍ വൈദ്യനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



 

പ്രധാന വാർത്തകൾ
Top