19 January Saturday

പരീക്ഷണങ്ങളില്‍ പൂക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

ചലച്ചിത്രശബ്ദപഥത്തിൽ റസൂൽ പൂക്കുട്ടിയുടെ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല. വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഈ മാസം റിലീസ് ചെയ്യുന്ന നിത്യമേനോൻ ചിത്രം പ്രാണയിൽ  പൂക്കൂട്ടി ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന ശബ്ദപരീക്ഷണം നടത്തുന്നു. ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. സിനിമയിൽവരേണ്ട എല്ലാ ശബ്ദവും എല്ലാ ദിശയിലും മൊക്രോഫോണുകൾ സ്ഥാപിച്ച്  റെക്കോർഡ് ചെയ്ത് തൽസമയം മിക്സ് ചെയ്യുന്ന പരീക്ഷണമാണിത്. സൗണ്ട് ഡിസൈനർ എന്ന നിലയിൽ പ്രാണ കരിയറിലെ നാഴികകല്ലാണെന്ന് പൂക്കൂട്ടി പറയുന്നു. ഓസ്കർനേടിയ സ്ലംഡോ​ഗ് മില്യനെയറിൽ ഒരു ഭാ​ഗത്ത് മാത്രം നടത്തിയ പരീക്ഷണം ആദ്യമായി മുഴുനീള സിനിമയിൽ പ്രയോ​ഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് സംവിധായകൻ വികെ പ്രകാശ് ചൂണ്ടിക്കാട്ടി.

റസൂൽ പ്രധാനവേഷത്തിൽ അഭിനയിച്ച ശബ്ദപ്രധാനമായ ചിത്രത്തിന്റെ ഓസ്കർ പ്രചാരണം ഇപ്പോൾ ലൊസ് ആഞ്ചലസിൽ നടക്കുകയാണ്. തൃശൂർ പൂരത്തിന്റെ ശബ്ദം പകർത്തുന്ന ശബ്ദലേഖകന്റെ കഥ പറയുന്ന ചിത്രം സൗണ്ട് സ്റ്റോറി ഓസ്കറിനായി പരി​ഗണിക്കുന്ന ചിത്രങ്ങളുടെ ദീർഘപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സൗണ്ട് മിക്സിങ്, സൗണ്ട് റെക്കോർഡിങ്, തിരക്കഥ എന്നീ വിഭാ​ഗങ്ങളിലാണ് ചിത്രം പ്രതീക്ഷ അർപ്പിക്കുന്നത്.

ലോകോത്തരം സൗണ്ട് എഡിറ്റർമാരുടെ സംഘടനയിൽ അടുത്തിടെ റസൂൽ പൂക്കൂട്ടിക്ക് അം​ഗത്വം ലഭിച്ചിരുന്നു. മോഷൻ പിക്ചർ സൗണ്ട് എഡിറ്റേഴ്സ് (എംപിഎസ്ഇ) എന്ന സംഘടനയിൽ അം​ഗമാകുന്ന ആദ്യ ഇന്ത്യക്കാനാണ് റസൂൽ. ഇന്ത്യൻ ചലച്ചിത്രലോകത്തിന് തന്നെ ലഭിച്ച വലിയ അം​ഗീകാരമായി ഇതിനെ വിലയിരുത്തുന്നു. ജെയിംസ് ബാർത്ത്, പെറി ലാമാകാ, ഡേവിഡ് ബാർബർ തുടങ്ങിയ ഈ രം​ഗത്തെ പ്രമുഖർ സമിതിയിലുണ്ട്. ചലച്ചിത്രരം​ഗത്തെ ശബ്ദവിന്യാസത്തിന്റെ സൗന്ദര്യാത്മകയും സാങ്കേതിവിദ്യയും ജനകീയമാക്കാനുദ്ദേശിച്ച് 1953ൽ രൂപംകൊണ്ട സംഘടനയാണിത്. ശബ്ദമേഖലയിൽ പൂക്കുട്ടി നടത്തുന്ന പരീക്ഷണങ്ങൾക്കുള്ള അം​ഗീകാരംകൂടിയാണിത്.


പ്രധാന വാർത്തകൾ
Top