ad
Deshabhimani

തീയറ്ററുകളിൽ ഇൻക്വിലാബ് മുഴക്കുന്ന അപാരത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 04, 2017, 09:29 AM | 0 min read

ഇന്നോളം ഒരു മലയാള സിനിമയും തീയറ്ററുകള്‍ക്കുള്ളില്‍ ഇത്രയും ഇന്‍ക്വിലാബ് വിളികള്‍ മുഴങ്ങി കേള്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടാവില്ല. അതുതന്നെയാണ് ഈ സിനിമയുടെ അപാരതയും. ടോം ഇമ്മട്ടി സംവിധാനം നിര്‍വഹിച്ച ഒരു മെക്സിക്കന്‍ അപാരത ഒരു ക്യാമ്പസ് രാഷ്ട്രീയ സിനിമയ്ക്കും അപ്പുറത്തേക്ക് വളര്‍ന്നത് റിലീസായി ഒറ്റ ദിവസം കൊണ്ടാണ്.

സഖാവ് കൊച്ചനിയന്റെ രക്തസാക്ഷിത്വത്തില്‍ നിന്ന് തുടങ്ങുന്ന സിനിമ മഹാരാജാ കോളേജില്‍ കൊച്ചനിയന്റെ പ്രസ്ഥാനം വിജയക്കൊടി പാറിക്കുന്നയിടത്താണ് അവസാനിക്കുന്നത്. അടിയന്തരാവസ്ഥ കാലത്തെ ക്യാമ്പസും കഴിഞ്ഞു പോയ വിപ്ലവകാലത്തിന്റെ ചരിത്രത്തെ ഗൗനിക്കുക പോലും ചെയ്യാത്ത പുത്തന്‍ ക്യാമ്പസും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. കെ എസ് ക്യു എന്ന വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടന വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി ക്യാമ്പസ് അടക്കി ഭരിക്കുകയാണ്. കെ എസ് ക്യു നേതാക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും ക്യാമ്പസില്‍ മുണ്ട് ധരിക്കാന്‍ പോലും അവകാശമില്ല. മുടി നീട്ടി വളര്‍ത്താന്‍ പോലും അവകാശം ഇല്ലാത്ത അത്രയും അരാജകത്വം നിറഞ്ഞുനില്‍ക്കുന്ന ക്യാമ്പസിലേക്ക് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് വൈയുടെ ചുവന്ന പതാകയുയര്‍ത്താന്‍ മുന്നിട്ടിറങ്ങുന്ന സുഭാഷിനും (നീരജ് മാധവ്)  പോളിനും (ടോവിനോ തോമസ്) നേരിടേണ്ടി വരുന്നത് വന്‍പ്രതിസന്ധികളാണ്. സ്വന്തം ചോര വീണാലും ലക്ഷ്യം നേടിയേ അടങ്ങുവെന്ന നിശ്ചയദാര്‍ഢ്യത്തോടെ പോളും സുഭാഷും മുന്നേറുന്നു. ചെഗുവേരയും മെക്സിക്കോയുമെല്ലാം യുവമനസുകളെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നുവെന്ന് തീയറ്ററുകളിലെ ആരവം പറഞ്ഞുതരും. ചെഗുവേരയുടെ ആശയങ്ങളെ നെഞ്ചോടുചേര്‍ത്ത് വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് വേണ്ടി എന്തിനും തയ്യാറായി നില്‍ക്കുന്ന സുഭാഷും  ചങ്കായി കൂടെ നില്‍ക്കുന്ന പോളും കെ എസ് ക്യു നേതാവ്  രൂപേഷുമായി (രൂപേഷ് പീതാംബരന്‍) ഉണ്ടാവുന്ന സംഘര്‍ഷങ്ങളെ കോളേജില്‍ തങ്ങളുടെ പ്രസ്ഥാനത്തിന് അടിത്തറയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. സംവിധായക വേഷത്തില്‍നിന്ന് നടനിലേക്ക് എത്തുമ്പോഴും ആടുതോമയുടെ ചെറുപ്പം അനശ്വരമാക്കിയ രൂപേഷിന് ഒട്ടും പതര്‍ച്ചയില്ല.

ഇടതുപക്ഷ ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന മുഖംമൂടി ധരിച്ചു പ്രസ്ഥാനത്തെ കളങ്കപ്പെടുത്താന്‍ പോന്ന കാര്യങ്ങള്‍ ചെയ്തുകൂട്ടുന്ന കള്ളനാണയങ്ങളെ തിരിച്ചറിയാതെ പോകുന്നത് പാര്‍ട്ടിയുടെ നാശത്തിലേക്ക് നയിക്കുമെന്നും ചിത്രം അടിവരയിടുന്നു. ഇന്‍ക്വിലാബും ചെങ്കൊടിയും തന്നെയാണ് ചിത്രത്തിന്റെ ആവേശം. ഒരു ദിവസമെങ്കിലും ക്യാമ്പസ് രാഷ്ട്രീയത്തിന്റെ, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് മറക്കാനാവാത്ത അനുഭവമാകും സിനിമ. തല്ലിചതച്ചിട്ടും ചോര വാര്‍ന്നൊഴുകിയിട്ടും ചെങ്കൊടി കൈവിടാത്ത പോള്‍ വര്‍ഗീസ് ഓരോ ഇടതുപക്ഷ സഹയാത്രികന്റെയും നെഞ്ചിലെ തീയാകും. ചിത്രം അവസാനിച്ചു തീയറ്റര്‍ വിടുമ്പോഴും മുഴങ്ങുന്ന മുദ്രാവാക്യം വിളികള്‍ ഇത് അരക്കിട്ടുറപ്പിക്കുന്നു.

''ഞങ്ങള്‍ താടി വളര്‍ത്തും മീശ വളര്‍ത്തും...'', ''കലിപ്പ് കട്ടകലിപ്പ് ...''എന്നീ  ഗാനങ്ങള്‍  ഇതിനോടകം കേരളത്തിന്റെ യുവമനസ് നെഞ്ചേറ്റിക്കഴിഞ്ഞു. അനില്‍ പനച്ചൂരാന്റെയും റഫീക്ക് അഹമ്മദിന്റെയും വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പ സംഗീതം പകര്‍ന്നിരിക്കുന്നു. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം.

കോളേജ്ക്യാമ്പസ് കഥകള്‍ക്ക് വേണ്ട രസക്കൂട്ടുകളെല്ലാം ചേര്‍ത്ത് ചിത്രത്തെ പുഷ്ടിപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയതായി പരിചയപ്പെടുത്തിയവര്‍ എല്ലാം മികച്ച അഭിനയം കാഴ്ചവെച്ചു. സിനിമകള്‍ എല്ലാം ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയം പറയുന്നവയാണ്. അത് ഉള്‍ക്കൊണ്ട് ചിത്രത്തെ സമീപിക്കുന്നവര്‍ക്ക് മെക്സിക്കന്‍ അപാരത ഒരു നല്ല സിനിമ തന്നെയാണ്. വലതുപക്ഷ മാധ്യമങ്ങള്‍ പടച്ചുവിടുന്ന വ്യാജറേറ്റിങ്ങില്‍ മുങ്ങിപ്പോകാന്‍ സാധ്യത ഒട്ടുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home