16 November Friday

"കാനില്‍ തിളങ്ങിയ അമ്മ"..ഓര്‍മ്മചിത്രവുമായി സ്മിത പാട്ടീലിന്റെ മകന്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 13, 2017

 കാനിലെ റെഡ്കാര്‍പ്പറ്റില്‍ ഇന്ത്യന്‍ സുന്ദരികള്‍ തിളങ്ങാന്‍ തുടങ്ങിയത് അടുത്തൊന്നുമല്ല. ഇന്ത്യന്‍ സിനിമയുടെ കൊടിയടയാളം ചാര്‍ത്തിയ മികച്ച നടികള്‍ കാലങ്ങള്‍ക്കുമുന്നേ ആ ചുവപ്പു പരവതാനി സ്വന്തമാക്കിയിട്ടുണ്ട്. എക്കാലത്തേയും മികച്ച നടികളായ സ്മിതാ പാട്ടീലും ഷബ്‌ന ആസ്മിയും ചുവപ്പു പരവതാനിയിലൂടെ നടന്നുനിങ്ങുന്ന ചിത്രം പുറത്ത് വീട്ട് ആ ഓര്‍മകളെ ഇപ്പോള്‍ പുറത്തെടുത്തത് സ്മിതയുടെ മകന്‍ പ്രതീക് ബബ്ബാര്‍ ആണ്.

പ്രതിക് ബബ്ബാര്‍

പ്രതിക് ബബ്ബാര്‍

1976ല്‍ സ്മിതാ പാട്ടില്‍, ഷബ്ന ആസ്മി എന്നിവര്‍ സംവിധായകന്‍ ശ്യാം ബെനഗലിനൊപ്പം നടന്നു നീങ്ങുന്ന ചിത്രമാണ് പ്രതിക് ഇന്‍റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതും ഇന്ത്യയുടെ സാരിചന്തത്തില്‍. "മമ്മി ബോസ് അറ്റ് കാന്‍സ്" എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. നിലവില്‍ പ്രിയങ്ക ചോപ്രയും ദീപിക പദുകോണുമെല്ലാം തിളങ്ങുന്ന കാനിലെ റെഡ് കാര്‍പ്പറ്റില്‍ നിന്നും എന്തുകൊണ്ടും വ്യത്യസ്തമാണ് ആ കാലമെന്ന് ചിത്രം പറയുന്നു.

ശ്യാം ബെനഗലിന്റെ നിഷാന്ത് എന്ന സിനിമ അന്ന് കാനിലെ പാം ഡി ഓര്‍ വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.  സഹതാരങ്ങളായ ഗിരീഷ് കര്‍ണാടും അമരീഷ് പുരിയും അന്ന് കാനില്‍ തങ്ങള്‍ക്കൊപ്പമുണ്ടാതയിരുന്നതായി ഷബ്ന ഓര്‍ക്കുന്നു.

ചിത്രം പോസ്റ്റുചെയ്തതോടെ നിരവധി കമന്റുകളാണ് പ്രതികിന് ലഭിക്കുന്നത്. അന്ന് കാനില്‍ നിന്നെടുത്ത മറ്റൊരു ചിത്രം പങ്കുവെച്ചാണ് ഷബ്ന ആസ്മി ആ കാലം ഓര്‍ത്തെടുത്തത്. സിനിമയായിരുന്നു അന്ന് മുഖ്യം, വസ്ത്രമായിരുന്നില്ല എന്നും  ഷബ്ന എഴുതിയിരിക്കുന്നു.
 

സ്മിത പാട്ടിലിന്റെയും അഭിനേതാവും രാഷ്ട്രീയ നേതാവുമായ രാജ് ബബ്ബാറിന്റെയും മകനാണ് നടനും സംവിധായകനുമായ പ്രതിക് ബബ്ബാര്‍. 30 വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രതികിനെ പ്രസവിച്ചയുടനെ സ്മിത മരിക്കുകയായിരുന്നു. അമ്മയുടെ തിളങ്ങുന്ന ഓര്‍മകളെ പോസ്റ്റ് ചെയ്തതിന് നിരവധി പേരാണ് പ്രതികിനെ അഭിനന്ദിക്കുന്നത്.കഴിഞ്ഞ വര്‍ഷം സ്മിതയുടെ ഓര്‍മ്മദിനത്തില്‍ താന്‍ കാണാത്ത അമ്മയെ കുറിച്ച് പ്രതിക് എഴുത്തിയ കുറിപ്പും ശ്രദ്ധേയമായിരുന്നു.

പ്രധാന വാർത്തകൾ
Top