14 November Wednesday

മലയാളിയുടെ അന്തര്‍ദേശീയ ജീവിതകഥയുമായി 'നവല്‍ എന്ന ജുവല്‍'; ചിത്രം ഈ മാസം 11ന് റിലീസ് ചെയ്യും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 2, 2017

മലയാളികള്‍ക്ക് പുത്തന്‍ കാഴ്ചാനുഭവം സമ്മാനിക്കാന്‍ 'നവല്‍ എന്ന ജുവല്‍' എത്തുന്നു. അപരിചിത ദേശങ്ങളിലെ മലയാളി ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം ഈ മാസം 11ന് റിലീസ് ചെയ്യും. കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രം നവാഗതനായ രഞ്ജിലാല്‍ ദാമോദരന്‍ ആണ് സംവിധാനം ചെയ്യുന്നത്.

ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഇറാഖി നടി റീം കാദിമിനും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനുമൊപ്പം മലയാളത്തിന്റെ പ്രിയ താരം ശ്വേതാമേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങളോടെ ഒമാനില്‍ ചിത്രീകരിച്ച ശ്വേതാ മേനോന്‍ കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ ചിത്രീകരണസമയത്ത് തന്നെ വാര്‍ത്തയായിരുന്നു.

മലയാളിയുടെ അന്തര്‍ദേശീയ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം ഒരമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘര്‍ഷങ്ങളിലൂടെ സമകാലിക ലോകത്തിന്റെ സാമൂഹിക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു. സംവിധായകന്‍ രഞ്ജിലാലിന്റെ കഥയ്ക്ക് വി കെ അജിത്കുമാറും രഞ്ജിലാലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ചെറിയാന്‍ മാത്യു ആലഞ്ചേരില്‍ നിര്‍മാണ പങ്കാളിയായ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജെയിംസും എഡിറ്റ് വിജയകുമാറുമാണ്. റഫീഖ് അഹമ്മദിനൊപ്പം പതിനഞ്ചു വയസുകാരിയായ കാവ്യമയിയുമാണ് ചിത്രത്തിന്റെ ഗാനരചയിതാക്കള്‍.

സംഗീത സംവിധാനം എം. ജയചന്ദ്രനും പശ്ചാത്തല സംഗീതം ഹോളിവുഡ് സംഗീതജ്ഞനായ എഡി ടോറസുമാണ്. സിനോയ് ജോസഫ് ശബ്ദമിശ്രണവും രംഗനാഥ് രവി ശബ്ദസംവിധാനവും. അര്‍ക്കന്‍ എസ്. കര്‍മ കലാസംവിധായകന്‍. വസ്ത്രാലങ്കാരം എസ്. ബി. സതീഷിന്റേതാണ്. ഹോളിവുഡിലും മറ്റും വ്യാപകമായ പ്രോസ്‌തെറ്റിക് മേക്കപ്പ് സാങ്കേതികതയാണ് എം ജെ റോഷന്‍ ചിത്രത്തില്‍ മേക്കപ്പിനായി ഉപയോഗിച്ചിരിക്കുന്നത്.

സുധീര്‍ കരമന, അനുസിത്താര, അഞ്ജലി നായര്‍, പാരിസ് ലക്ഷ്മി, മണികണ്ഠന്‍ പട്ടാമ്പി, ചാലി പാല എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള മറ്റ് അഭിനേതാക്കള്‍. കേരളത്തിലും ഒമാനിലുമായി ഒരുമാസംകൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലുമായി പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്ലറുകളും ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.

പ്രധാന വാർത്തകൾ
Top