20 April Friday

ഈ അംഗീകാരം മിന്നാമിനുങ്ങ് ടീമിന്

ടി ആര്‍ അനില്‍കുമാര്‍Updated: Friday Mar 10, 2017

മകളുടെ ഭാവിക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോയ സ്നേഹനിധിയായ അമ്മ. രാവും പകലുമില്ലാതെ ദുരിതങ്ങളുടെ കാണാക്കയത്തില്‍  അതീജിവനത്തിന്റെ മറുകര തേടുന്നവള്‍. സ്വന്തമായി ഒരു പേരുപോലുമില്ലാത്തവള്‍.  ചിലര്‍ക്ക് മകള്‍, ചിലര്‍ക്ക് ചേച്ചി, മറ്റു ചിലര്‍ക്ക് അമ്മ. സുരഭി ലക്ഷ്മിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച കഥാപാത്രമാണ് ഈ അമ്മ.

മിന്നാമിനുങ്ങിലെ ഈ അമ്മയെ മനോഹരമാക്കാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഞാന്‍ മീന മേട്രണുമായും പങ്കുവെക്കുകയാണ്. സംസ്കൃത സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ മേട്രന്റെ നടപ്പും വസ്ത്രധാരണവും തിരുവനന്തപുരം സംസാരരീതിയുമൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. പരമശിവനേ എന്ന വിളി ഒഴിച്ച് ബാക്കി എല്ലാം പകര്‍ത്തി എന്നു പറയാം.- സുരഭി പറഞ്ഞു

ഈ കഥാപാത്രത്തിന് എനിക്ക് ലഭിച്ച  അംഗീകാരം മിന്നാമിനുങ്ങ് ടീമിന്റെ വിജയമായി ഞാന്‍ കാണുന്നു.  ചിത്രത്തില്‍ കൂടെ അഭിനയിച്ച പ്രേംപ്രകാശ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ കഥാപാത്രത്തിന്റെ വിജയത്തിന് ഏറെസഹായിച്ചു. കഥാകൃത്ത് മനോജ് റാംസിങ് അഭിനയം പുരോഗമിക്കുന്നതനുസരിച്ച് സംഭാഷണത്തില്‍പോലും ചെറിയ മാറ്റം വരുത്തി കഥാപാത്രത്തിനു കൂടുതല്‍ ജീവനേകാന്‍ സഹായിച്ചു. മനോജിന്റെ ബന്ധു നിഷയാണ് എന്നെക്കുറിച്ച് പറയുന്നതും. തനി കോഴിക്കോട്ടുകാരിയായ എനിക്ക് തിരുവനന്തപുരം സംസാരശൈലി ഡബ്ബ് ചെയ്യാന്‍ ഡബ്ബിങ് സമയത്ത് കൃഷ്ണന്‍ ബാലകൃഷ്ണനും കലാഭവന്‍ റെക്കോഡിങ് സ്റ്റുഡിയോയിലെ ഷിബുവും ഏറെ സഹായിച്ചു.   സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍നിന്ന് മികച്ച ചിത്രമൊരുക്കാന്‍  നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ ഏറെ പരിശ്രമിച്ച അനില്‍തോമസ്, സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുകൊണ്ട്  സ്വന്തം പ്രതിഫലം വാങ്ങാതെ ചെലവുമാത്രം സ്വീകരിച്ച് പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഔസേപ്പച്ചന്‍ സാര്‍ എന്നിവരുള്‍പ്പടെ മിന്നാമിനുങ്ങ് ടീമിനുള്ള അംഗീകാരമാണിത്.- സുരഭി പറയുന്നു. 

ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡും ലഭിച്ചു. മൂന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മിന്നമിനുങ്ങില്‍ സുരഭി ലക്ഷ്മി

മിന്നമിനുങ്ങില്‍ സുരഭി ലക്ഷ്മി

മിന്നാമിനുങ്ങ് മേയില്‍ റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ സുരഭിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത് എം80 മൂസ എന്ന ടെലിവിഷന്‍ പരിപാടിയിലെ പാത്തു എന്ന കഥാപാത്രമാണ്. 350 എപ്പിസോഡ് എത്തുന്ന ഈ പ്രോഗ്രാമിലെ  മൂസക്കായി എന്ന പാത്തുവിന്റെ വിളിയും വരവും എവിടെചെന്നാലും കാണികള്‍ പറയും. കോഴിക്കോട് ഞാന്‍ കണ്ടുപരിചയിച്ച നാട്യങ്ങളില്ലാത്ത, വലിയ പരിഷ്കാരങ്ങളില്ലാത്ത സാധാരണ വീട്ടമ്മമാരില്‍ ഒരാളാണ് പാത്തു. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെ സ്വാഭാവികമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതായും സുരഭി പറഞ്ഞു.

സംസ്കൃത സര്‍വകലാശാലയില്‍നിന്ന് ഭരതനാട്യത്തില്‍ ബിരുദം ഒന്നാം റാങ്കോടെ പാസായ സുരഭി അന്നേ നൃത്തത്തോടൊപ്പം നാടകവേദിയും സ്വപ്നം കണ്ടു. ബിരുദാനന്തര ബിരുദ പഠനം അവിടെ തന്നെ നാടകത്തിലായിരുന്നു. തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തു. ഇപ്പോള്‍ സംസ്കൃത സര്‍വകലാശാലയില്‍ നാടകത്തില്‍ ഗവേഷണം.

ബോംബെ ടെയിലെഴ്സ് നാടകത്തില്‍ സുരഭി

ബോംബെ ടെയിലെഴ്സ് നാടകത്തില്‍ സുരഭി

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുമ്പോഴും സമയംകണ്ടെത്തി നാടകത്തില്‍ അഭിനയിക്കാന്‍ സുരഭിയെത്തും. 2010ല്‍ കെ വിനോദ്കുമാറിന്റെ യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനവും ഈ വര്‍ഷം അദ്ദേഹത്തിന്റെ തന്നെ ബോംബേ ടൈലേഴ്സ് എന്നീ നാടകങ്ങളിലെ അഭിനയത്തിന് കേരള സംഗീത നാടക അക്കാദമി നാടക മല്‍സരത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ശാന്താദേവി പുരസ്കാരം, ഫ്ളവേഴ്സ് ടിവിയുടെ ബെസ്റ്റ് കൊമേഡിയന്‍ അവാര്‍ഡ്, അമൃത ടിവി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്  എന്നിവയും ലഭിച്ചിട്ടുണ്ട്. ലാഫിങ് വില്ല എന്ന കോമഡി ഷോയിലും പങ്കെടുക്കുന്നു.

കോഴിക്കോട് നരിക്കുനിയില്‍ പരേതനായ കെ പി ആണ്ടിയുടെയും രാധയുടെയും മകളാണ്.   ഇനിയും മികച്ച വേഷങ്ങള്‍ ചെയ്യാനുള്ള ഊര്‍ജ്ജമാണ് ഈ അംഗീകാരങ്ങളെന്ന്്് കഴിഞ്ഞദിവസം നാട്ടില്‍ നല്‍കിയ സ്വീകരണത്തിലും സുരഭി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top