21 September Friday

അപ്പാനി രവിയായി തിളങ്ങിയ ശരത് ആദ്യമായി നായകനാകുന്ന 'കോണ്ടെസ' കൊച്ചിയില്‍ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 22, 2017

കൊച്ചി > അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രമായ അപ്പാനി രവിയിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശരത് ആദ്യമായി നായക വേഷത്തിലെത്തുന്ന സിനിമ 'കോണ്ടെസ'യുടെ പൂജ ചടങ്ങുകള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, നടന്മാരായ സണ്ണി വെയിന്‍,ഷെയിന്‍ നിഗം,ശ്രീജിത്ത് രവി  സംവിധായകരായ സലാം ബാപ്പു ,ഷാനവാസ് ബാവക്കുട്ടി തുടങ്ങി നിരവധി പേര്‍ കൊച്ചി ഐഎംഎ ഹാളില്‍ നടന്ന പൂജ ചടങ്ങില്‍ പങ്കെടുത്തു.

സിപ്പി ക്രിയേറ്റിവ് വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പൂനയിലെ വ്യവസായിയും മലയാളിയുമായ സുഭാഷ് സിപ്പി നിര്‍മ്മിച്ച്  നവാഗതനായ സുധീപ് ഇ എസ്  സംവിധാനം ചെയ്യുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്, മമ്മുട്ടി നായകനായ മംഗ്ലീഷിന്റെ തിരക്കഥാകൃത്തായ റിയാസാണ്.

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ശരത്, വിശാലിനെ നായകനാകുന്ന സണ്ടക്കോഴി2 ലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അതുല്യ നായികുന്ന ചിത്രത്തില്‍ ശരത്തിനെ കൂടാതെ സിനില്‍ സൈനുദ്ധീന്‍, ശ്രീജിത്ത് രവി, ഹരീഷ് പേരാടി, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ എന്നിവരും പ്രഥാന വേഷത്തിലെത്തും.   

നവാഗതനായ അന്‍സാര്‍ ത്വയ്യിബ് ഛായാഗ്രഹണം നിര്‍വഹിക്കും. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം. ബി കെ ഹരിനാരായണന്‍, സുരഭി, എം എസ് കൊളത്തൂര്‍ എന്നിവരുടെ വരികള്‍ക്ക് റിജോഷും ജഫ്രിസ് ചെന്നൈയും സംഗീതം നല്‍കും.  എഡിറ്റിങ് റിയാസും വാര്‍ത്ത വിതരണം എഎസ് ദിനേശും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍ മലപ്പുറം എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.


 

പ്രധാന വാർത്തകൾ
Top