Top
16
Tuesday, January 2018
About UsE-Paper

പദ്‌മാവതി പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്ററുകള്‍ കത്തിക്കും; ഭീഷണിയുമായി ബിജെപി എംഎല്‍എ

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌

ഹൈദരാബാദ് > ബോളിവുഡ് ചിത്രം പദ്‌മാവതിക്കെതിരെ ഭീഷണിയുമായി ബിജെപി എംഎല്‍എ. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കുമെന്ന് ഹൈദരാബാദിലെ ഗോഷ്‌മഹല്‍ എംഎല്‍എയായ ടി രാജ സിംഗാണ് ഭീഷണിമുഴക്കിയത്. ചിത്രം തടയാനും എംഎല്‍എ ആഹ്വാനം ചെയ്‌തിട്ടുണ്ട്.

ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധത്തിലും താന്‍ മുന്‍പന്തിയിലുണ്ടാകും. പ്രശ്‌നങ്ങളുണ്ടാക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്യുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്താല്‍ തന്റെ അധികാരവും സ്വാധിനവും ഉപയോഗിച്ച് രക്ഷിക്കുമെന്നും ടി രാജ പറയുന്നു. രജപുത്ര വിഭാഗക്കാര്‍ നടത്തിയ ഒരു പരിപാടിക്കിടെയാണ് രാജാ സിംഗ് ഭീഷണിമുഴക്കിയത്. ഇതിനു ശേഷം തന്റെ പ്രസംഗം ഫേസ്ബുക്കില്‍ ഷെയറും ചെയ്തു.

ക്ഷത്രിയ സമുദായത്തിന്റെ വികാരം വൃണപ്പെടുമെന്ന് ആരോപിച്ച് പദ്‌മാവതിയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. ചിത്രം റിലീസ് ചെയ്താല്‍ സമുദായ സംഘര്‍ഷമുണ്ടാകുമെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും ക്ഷത്രിയ നേതാവുമായ ശങ്കര്‍സിംഗ് വഗേലയും നേരത്തെ പറഞ്ഞിരുന്നു.

ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നീ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്.
 

Related News

കൂടുതൽ വാർത്തകൾ »