കൊട്ടിക്കയറി കൊട്ടിക്കലാശം

Tuesday Apr 11, 2017
ജോബിന്‍സ് ഐസക്

മലപ്പുറം > ആളും ആരവങ്ങളും നിറഞ്ഞപ്പോള്‍  വടക്കേമണ്ണയിലെ സായന്തനത്തിന് അന്തിച്ചോപ്പിന്റെ ചേല്. അതിലൊരു ചെന്താരകമായി ജനക്കൂട്ടത്തിന്റെ തോളിലേറി ഫൈസല്‍. വെള്ളക്കാരന്റെ പീരങ്കികളെ വിരിമാറുകാട്ടി എതിരിട്ട ഏറനാടിന്റ ധീരതയും തൊഴിലാളി പ്രസ്ഥാനത്തിന്റെ വിപ്ളവവീര്യവും സമന്വയിച്ച മണ്ണിന്റെ ഹൃദയംതൊട്ട് മതനിരപേക്ഷ മുന്നണിയുടെ പടയോട്ടം. മുന്നില്‍ പടനയിച്ച് ഫൈസല്‍ വന്നു, മലപ്പുറത്തിന്റെ രാജകുമാരനായി.

മാനവികയുടെ സുല്‍ത്താനായി. ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തിന്റെ മനസ്സ് ഇടതുപക്ഷത്തിനും അതിന്റെ യുവസാരഥി ഫൈസലിനൊപ്പവുമാണെന്ന് തെളിയിച്ച ജനമുന്നേറ്റത്തോടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഗംഭീരമായ കൊട്ടിക്കലാശം.
തിങ്കള്‍പ്പുലരി ഉദയം മുതല്‍ യുവതയുടെ ദിനമായിരുന്നു. ഉടലാകെ ചെഞ്ചായമിട്ടും ചന്തമണിഞ്ഞും താളംപിടിച്ചും ചുവടുവച്ച ആരവക്കൂട്ടങ്ങള്‍ എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ വിളംബരമായി. മലനിരകളില്‍ പുലര്‍വെട്ടംവീണതുമുതല്‍ ചെങ്കൊടികള്‍ പാറിത്തുടങ്ങി. നൂറുനൂറു കുങ്കുമപ്പൊട്ടുകളായി അങ്ങിങ്ങ് പറന്നുയര്‍ന്നു അവ അനേകായിരം കൈയ്യുകളിലേന്തി താഴ്വാരങ്ങളില്‍ ഒത്തുചേര്‍ന്നൊരു ചെഞ്ചോലയായി, പിന്നെയതൊരു പ്രവാഹമായി. കൊട്ടിക്കലാശം അനുവദിച്ച ഏക സ്ഥലമായ മഞ്ചേരി ചെമ്പടയിരമ്പത്തിന് വേദിയായി. വള്ളിക്കുന്ന്, മങ്കട, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, വേങ്ങര, മലപ്പുറം മണ്ഡലങ്ങളിലും ആവേശം ഉച്ചസ്ഥായിയില്‍.

തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് മഞ്ചേരി ടൌണ്‍ ഇളകിത്തുടങ്ങിയത്. പാണ്ടിക്കാട് റോഡിലേക്ക് ബൈക്കുകളില്‍ ചെങ്കൊടിവീശി യുവാക്കള്‍ എത്തിത്തുടങ്ങിയത് അപ്പോഴാണ്. പിന്നെ ചെറുലോറികളിലും മുകള്‍ഭാഗം നീക്കിയ ജീപ്പിലും കാറിനു മുകളിലും കയറിനിന്ന് ചെറുകൂട്ടങ്ങളായി അവര്‍ നിലയുറപ്പിച്ചു. പതിഞ്ഞ താളത്തില്‍ തുടങ്ങി നൊടിയിടയില്‍ ഇടിമുഴക്കം പോലെ നാസിക് ധോലിന്റെ ഗര്‍ജനം, മാപ്പിളപ്പാട്ടിന്റെയും വിപ്ളവഗാനങ്ങളുടെയും ഈണത്തില്‍ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ഉച്ചത്തില്‍, ചുവപ്പും വെള്ളയും ധരിച്ച ആരവക്കൂട്ടങ്ങള്‍ ചുവടുവച്ചു, ആടിത്തിമിര്‍ത്തു, പിന്നെ ചെങ്കൊടിച്ചേലിലലിഞ്ഞു നഗരവൃത്തം.

ഉയരെ മുഴങ്ങിയ ഇന്‍ക്വിലാബിന്റെ ഈരടിക്കൊപ്പം ചേര്‍ന്നവരിലധികവും യുവാക്കളും വിദ്യാര്‍ഥികളും. തൊഴിലാളികളും കച്ചവടക്കാരും സമൂഹത്തിന്റെ പരിഛേദം പിന്നെ ആ പടയണിച്ചന്തത്തില്‍ ലയിച്ചു.

ഏറനാട്ടിന്റെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു അഡ്വ. എം ബി ഫൈസലിന്റെ തിങ്കളാഴ്ചത്തെ റോഡ് ഷോ. പാതയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും വാഹനങ്ങളിലുമടക്കം കാത്തുനിന്ന് കൈവീശി അഭിവാദ്യംചെയ്ത മുഖങ്ങളില്‍ തെളിഞ്ഞത് മലപ്പുറത്തിന്റെ മാറിയ മനസ്സ്. രാവിലെ വെങ്ങാടുനിന്നാണ് എം ബി ഫൈസലിന്റെ റോഡ് ഷോ ആരംഭിച്ചത്. നിരവധി ബൈക്കുകളുടെയും പ്രചാരണ വാഹനങ്ങളുടെയും അകമ്പടിയോടെ കൊളത്തൂര്‍, പുലാമന്തോള്‍, പെരിന്തല്‍മണ്ണ, പാണ്ടിക്കാട് വഴി മഞ്ചേരിയിലെത്തിയപ്പോള്‍ നട്ടുച്ച. ടാറുരുകിത്തിളയ്ക്കും നെടുംപാതകള്‍ക്കുമീതെ ആര്‍ത്തിരമ്പി യുവതയുടെ ആവേശം. കൊടികെട്ടിയ ജീപ്പിലും കാറിലും ബൈക്കുകളിലുമായി അവരുടെ ആഹ്ളാദം. മുന്നണി കക്ഷികളുടെയും യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും കൊടികളുടെ വര്‍ണവൈവിധ്യങ്ങള്‍ക്ക് ഒരേ ലക്ഷ്യം, പടപ്പാട്ടുകള്‍ക്കൊക്കെ മാനവികതയുടെ മാധുര്യം.

യുവജന നേതാക്കളും എംഎല്‍എമാരുമായ ടി വി രാജേഷ്, കെ രാജന്‍, ആര്‍ രാജേഷ്, മുഹമ്മദ് മുഹ്സിന്‍,  എല്‍ദോ എബ്രഹാം എന്നിവര്‍ ഫൈസലിന് തേരാളികളായി. വള്ളുവമ്പ്രം, കൊണ്ടോട്ടി, കോട്ടപ്പുറം, യൂണിവേഴ്സിറ്റി, ചേളാരി, പടിക്കല്‍, കൊളപ്പുറം, എ ആര്‍ നഗര്‍, കുന്നുംപുറം, അച്ചനമ്പലം വഴി വേങ്ങരയില്‍ എത്തിയപ്പോള്‍ ആ മഹാപ്രവാഹത്തില്‍ അണിചേരാന്‍ കൂടുതല്‍ പേര്‍. മുമ്പ് മറിചേരിയിലായിരുന്നവര്‍, ഒരു ചേരിയിലും നിന്നിട്ടില്ലാത്തവര്‍ അവരും അവരുടെ ഇളംതലമുറയും ആ ജനമുന്നേറ്റത്തിലലിഞ്ഞു.