ഇന്ന് നിശബ്‌ദ പ്രചാരണം ചെങ്ങന്നൂര്‍ നാളെ ബൂത്തിലേക്ക്

Sunday May 27, 2018
സ്വന്തം ലേഖകന്‍

ചെങ്ങന്നൂര്‍ > രാജ്യം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനവിധി രേഖപ്പെടുത്താന്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്. ആകാശംമുട്ടെ ആവേശം ഉയര്‍ന്ന കൊട്ടിക്കലാശത്തിനുശേഷമുള്ള മണിക്കൂറുകള്‍ ഇനി നിശബ്ദപ്രചാരണത്തിന്റേതാണ്. പ്രതീക്ഷിച്ചപോലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകാത്തതിനാല്‍ പ്രചാരണത്തിന് ഏറ്റവും അധികം സമയം ലഭിച്ച ഉപതെരഞ്ഞെടുപ്പെന്ന ഖ്യാതിയും ചെങ്ങന്നൂരിനുണ്ട്.

മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചശേഷം രണ്ടുമാസത്തിലേറെയാണ് പ്രചാരണത്തിന് ലഭിച്ചത്. മണ്ഡലത്തിലെ 164 ബൂത്തുകളിലെയും മുഴുവന്‍ വീടുകളിലും നിരവധി തവണയെത്തി രാഷ്ട്രീയം ചര്‍ച്ചചെയ്തും നാടിന്റെ വികസനകാര്യങ്ങളില്‍ ജനശ്രദ്ധ പതിപ്പിച്ചുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനുവേണ്ടി പ്രവര്‍ത്തകര്‍ വോട്ടു തേടിയത്. കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച തേടുന്ന ഉപതെരഞ്ഞെടുപ്പില്‍ സാമുഹ്യനീതിയില്‍ ഊന്നിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ  സര്‍വതലസ്പര്‍ശിയായ വികസനലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരിക്കും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം എന്ന് വ്യക്തമായിക്കഴിഞ്ഞു.

ആകെ 199340 വോട്ടര്‍മാരാണുള്ളത്. 92919 പുരുഷന്‍മാരും 106421 സ്ത്രീകളും. സമാനതകളില്ലാത്ത ആവേശമാണ് എല്‍ഡിഎഫിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുംഅവസാന നിമിഷംവരെ ദൃശ്യമായത്. എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടയാണ് ചെങ്ങന്നൂരെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു.
 

കൂടുതല്‍ വാര്‍ത്തകള്‍