Top
19
Monday, February 2018
About UsE-Paper

കറുത്ത ഹാസ്യം ഒളിപ്പിച്ചുവച്ച മുറിവുകള്‍

Sunday Dec 11, 2016
മിഥുന്‍ കൃഷ്ണ
ഈരയുടെ പ്രസവം ഒരു ലൈവ് ഷോ/ കഥകള്‍/ ജോസ് പാഴൂക്കാരന്‍/ ചിന്ത പബ്ളിഷേഴ്സ്/വില: 90 രൂപ

വിധിയുടെ നിയതമായ ചുഴിയിലേക്ക് വീണുപോകുന്ന മനുഷ്യരെയാണ് 'ഈരയുടെ പ്രസവം ഒരു ലൈവ് ഷോ' പരിചയപ്പെടുത്തുന്നത്. ചില അടിസ്ഥാന തത്വങ്ങളുടെ അടിസ്ഥാനത്തില്‍ അനുക്രമം പരിണമിച്ചുപോരുന്ന കഥക്കൂട്ടുകളല്ല ജോസ് പാഴൂക്കാരന്റെ പതിനാലു കഥകളുടെ സമാഹാരം. സമകാലിക സാമൂഹികരാഷ്ട്രീയ യാഥാര്‍ഥ്യങ്ങളിലൂടെ സാമൂഹ്യജീവിയെന്ന നിലയില്‍ മനുഷ്യന്‍ നേരിടുന്ന മാനസികവും ഭൌതികവുമായ വെല്ലുവിളികളാണ് ഓരോ കഥയും. സാമൂഹ്യബോധവും ജീവിതദാഹവും ഗൂഢമായ കറുത്തഹാസ്യവും ഒളിപ്പിച്ചു വച്ചവയാണ് അവ ഓരോന്നും. വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളും വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന ജനതയും ഇവിടെ കൊമ്പുകോര്‍ക്കുന്നു.

നമ്മള്‍ കാണുന്ന, കണ്ടുമറന്ന ജീവിത പരിസരങ്ങളിലൂടെ ഊളിയിട്ടാണ് എഴുത്തുകാരന്‍ കഥ തപ്പിയെടുക്കുന്നത്. അനന്തരാമനും ഉണ്ടന്‍പൊരിയും, ജേക്കബ് ജോണിന്റെ ചിരിക്കൂത്തുകള്‍,  തീപിടിച്ച വാതില്‍, ഉപ്പുതൂണ്‍, മഷിനിലം, ഈരയുടെ പ്രസവം ഒരു ലൈവ് ഷോ തുടങ്ങിയ കഥകള്‍ പ്രമേയംകൊണ്ടും ആഖ്യാനരീതികൊണ്ടും വേറിട്ടുനില്‍ക്കുന്നു.

പുതിയകാലത്തെ മനുഷ്യനെയാണ് നാം ജേക്കബ്ജോണിന്റെ ചിരിക്കൂത്തുകള്‍ എന്ന കഥയില്‍ കണ്ടുമുട്ടുന്നത്. അതീവ ഗൌരവുള്ള പ്രശ്നങ്ങളും ലാഘവത്തോടെ കാണുന്ന ഒരാള്‍. ഒരു നാടകമെന്നോണം ജീവിതത്തെ കാണുന്ന ജേക്കബ് ജോണും മക്കളും ചിരിക്കൊടുവില്‍ ചിന്തയ്ക്ക് വക നല്‍കുന്നു. നാടകീയമായി തന്നെയാണ് ഈ കഥയുടെ അന്ത്യവും. 
നഗരവികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ മജേഷിന്റെയും സിസിലിയുടെയും ആദ്യരാത്രിയുടെ പശ്ചാത്തലത്തിലാണ് 'തീപിടിച്ചവാതില്‍' എന്ന കഥയില്‍ അവതരിപ്പിക്കുന്നത്. നഗരത്തിലെ ഫ്ളാറ്റുകള്‍ക്ക് ഉറപ്പുള്ള വാതിലുകളും ജനലുകളും പണിയുന്ന മജേഷ് തന്റെ ആദ്യരാത്രി കഴിക്കുന്നത് കതകില്ലാത്ത വീട്ടില്‍. മകള്‍ക്ക് വിവാഹസമ്മാനമായി ഇമിറ്റേഷന്‍ ഗോള്‍ഡ് കൊടുക്കേണ്ടിവരുന്ന സ്വര്‍ണപ്പണിക്കാരനായ അച്ഛനെയും ഈ കഥയില്‍ കാണാം. കാലത്തിന്റെ വൈരുദ്ധ്യമാണ് ഇവിടെ എഴുത്തുകാരന്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത്.

അനന്തരാമനും ഉണ്ടന്‍പൊരിയും കഥയില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളോട് പൊരുതാന്‍ പ്രാപ്തനല്ലാത്ത അനന്തരാമനെയാണ് കാണുന്നത്. ഭാര്യ സുന്ദരിയായതു കൊണ്ടുമാത്രം അവഹേളിക്കപ്പെടുന്ന അനന്തരാമന്‍. അവന്റെ ജീവിതത്തിലേക്ക് കയറിവരുന്ന അസ്വസ്ഥതകള്‍ വികൃതമാക്കുന്ന ഉണ്ടന്‍പൊരി. ഘടനകൊണ്ടും പറച്ചില്‍കൊണ്ടും അതീവ ലളിതമെങ്കിലും അപ്രതീക്ഷിതമായ കഥാന്ത്യം ഈ കഥയെ വേറിട്ടുനിര്‍ത്തുന്നു. മൌനത്തിന്റെ വാല്‍മീകത്തില്‍നിന്ന് അനന്തരാമന്‍ പിടഞ്ഞെഴുന്നേറ്റ് സാഹചര്യങ്ങള്‍ക്കെതിരെ പൊരുതാന്‍ പ്രാപ്തനാകുന്നു.

ഈരയുടെ പ്രസവം ഒരു ലൈവ് ഷോ എന്ന കഥ ദൃശ്യമാധ്യമങ്ങളുടെ മത്സരബുദ്ധിയെയും അധാര്‍മികതയെയും ചോദ്യംചെയ്യുന്നതാണ്്. ഇര പിടിക്കാനെന്നോണം വാര്‍ത്തയുടെ പിന്നാലെ  പോകുന്ന, പ്രശസ്തി മാത്രം ആഗ്രഹിക്കുന്ന നിരഞ്ജന എന്ന മാധ്യമപ്രവര്‍ത്തകയിലൂടെ പീഡനത്തിനും അവഗണനയ്ക്കും ഇ രയാകുന്ന ആദിവാസി ജീവിതമാണ് പങ്കുവയ്ക്കുന്നത്.

നിഷ്ഠൂരമായ ജീവിതത്തിന്റെ ചുട്ടുപഴുത്ത പ്രതലത്തിലൂന്നി, മിതമായ ഭാഷയും നിയന്ത്രിത വികാരങ്ങളും പാകംചേര്‍ത്ത ഈ സമാഹാരം ഒട്ടും നിരാശപ്പെടുത്തുന്നില്ല.