15 October Monday

വാൽസല്യത്തിന്റെ പാലൂർ...മാധവൻ പുറച്ചേരി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 10, 2018

അവ നിരുപതാം ശതകത്തിലിപ്പോൾ
അനാസിനാക്കുന്നു പ്രധാന ഭക്ഷണം

പാലൂരിന്റെ ഓർമ്മ ആദ്യം മുന്നിൽ കൊണ്ടുവരുന്ന വരികളാണിത്... ആധുനികതയുടെ മുഖത്തെഴുത്തിൽ തന്നെ ഈ വരികൾ ഇടം പിടിച്ചു... വിമാനത്താവളത്തിൽ ഒരു കവി ശരിക്കും പാലുരിന്റെ ആത്മകഥനം കൂടിയാണ്. ടാക്സിയോടിക്കുമ്പോലെ കവിതയെഴുതാൻ കഴിഞ്ഞാൽ അന്ന് കവിതയെഴുത്ത് നിർത്തും എന്ന പ്രഖ്യാപനത്തിലുണ്ട് കവിതയെക്കുറിച്ചുള്ള തന്റെ സങ്കല്പങ്ങൾ.ഇല്ലത്തെ സമൃദ്ധമായ ദാരിദ്ര്യത്തിൽ പൊട്ടി മുളച്ചതാണ് തന്റെ കവിതകളെന്ന് കവി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കവി മാധവൻ പുറച്ചേരി അനുസ്‌മരിച്ചു. 

പെരിയൊരീ മഹാ മനുഷ്യരാശിയിൽ, നിസ്സാരമാക്കപ്പെടുന്ന നഗരജീവിതം കവിയിൽ സ്വാഭാവികമായി ഗ്രാമീണതയിൽ അഭയം തേടാൻ കാരണമായി. ഇടിഞ്ഞു പൊളിഞ്ഞ തറവാടിൽ ബാക്കിയുള്ള ആനത്തോട്ടി കൊണ്ട് ചാവാളി പൈക്കളെ മേയ്ച്ചു നടന്നത് തീർത്ഥയാത്രയിലുണ്ട്.

ഒരമ്മയ്ക്ക് പത്തുണ്ട് പെൺമക്കളെന്നാൽ,
ഒരച്ഛന്ന് പത്താണുമുണ്ടായിരിക്കും
എന്നെഴുതുമ്പോൾ ആധുനികത ജ്വലിച്ചു നിൽപ്പുണ്ടായിരുന്നു .
ഒടുവിലൊടുവിൽ മഹാഭാരതം മാത്രം മുൻനിർത്തിയുള്ള കവിതകളിൽ മാത്രം ശ്രദ്ധ വെച്ചു. ഉഷസ്സ് എന്ന കവിത വെളുക്കുന്നതിൻ മുൻപ് എഴുന്നേറ്റ് മുങ്ങിക്കുളിച്ചെത്തി നമുക്ക് മുന്നിൽ വന്നു നിൽക്കും.

കൊടുങ്കാറ്റിരമ്പുന്ന ഒരു ആത്മകഥയും പാലുരെഴുതിയിട്ടുണ്ട് . വിഗ്രഹത്തിൽ മൂത്രമൊഴിച്ച ശാന്തിക്കാരനും അതുറപ്പു വരുത്തിയ കാമുകിയും ആത്മകഥയിലുണ്ട്. കാവ്യ പ്രണയിയുടെ രചനകളാണോരോന്നും ..
വൈലോപ്പിള്ളിയിൽ ലയിച്ചിരിക്കുകയും അക്കാലത്തെ നവതരംഗങ്ങളെ അമ്പരപ്പോടെ നോക്കുകയും ചെയ്ത ഒരു കുട്ടി പാലൂരിലെക്കാലവും ഉണർന്നിരിക്കുന്നുണ്ടായിരുന്നു .

വ്യക്തിപരമായി എന്നോടു കാണിച്ച വാത്സല്യം ആദരവോടെ ഓർമ്മിക്കുന്നു... കോഴിക്കോട് ഒരു കവി സമ്മേളനത്തിനു ശേഷം തന്നെ ഞാൻ അന്നേ നോട്ടമിട്ടിരിക്കുന്നു എന്ന് പറഞ്ഞ് കവിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി... ആ വാത്സല്യവും പരിഗണനയുമുള്ളിൽ നിറഞ്ഞു നിൽക്കുന്നു.
 


പ്രധാന വാർത്തകൾ
Top