19 October Friday

ഒരു സിഐഡി മറ്റൊരു സിഐഡിയെ കുറ്റപ്പെടുത്താമോ?...ജഡ്ജിമാരുടെ വ്യത്യസ്ത നിലപാടുകളെപ്പറ്റി സെബാസ്റ്റ്യന്‍ പോള്‍

സെബാസ്റ്റ്യന്‍ പോള്‍Updated: Friday Nov 10, 2017

ജസ്റ്റിസ് പി ഉബൈദിന് ചില കാര്യങ്ങള്‍ പറയേണ്ടിവന്നപ്പോള്‍ കോടതിമുറിയില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ അടുത്തേക്കു വിളിച്ചു. അഭിഭാഷകര്‍ അവരെ തടഞ്ഞില്ല. ഉബൈദ് പറഞ്ഞത് അവരിലൂടെ സമൂഹം കേട്ടു. ന്യായാധിപരുടെ പരോക്ഷമായ പിന്തുണയോടെ അഭിഭാഷകര്‍ കോടതികളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ അകറ്റിയതിനുശേഷം അവര്‍ക്ക് ലഭിച്ച ആദ്യത്തെ ഔദ്യോഗികമായ അംഗീകാരമായിരുന്നു അത്. അപ്രഖ്യാപിതമായ ഉപരോധങ്ങള്‍ അപ്രഖ്യാപിതമായി തകരുന്നത് ഇങ്ങനെയാണ്. ജഡ്ജിമാര്‍ക്കും ജനങ്ങള്‍ക്കും മധ്യേ അഭിഭാഷകര്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഈ തത്വം പറഞ്ഞതിനാണ് അഭിഭാഷകര്‍ എന്നെ അനഭിമതനാക്കിയത്.

ജസ്റ്റിസ് ഹരിപ്രസാദിനോടായിരുന്നു ജസ്റ്റിസ് ഉബൈദിന് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നത്. പദവിയിലും ഉത്തരവാദിത്വത്തിലും അധികാരത്തിലും തുല്യതയുള്ളവരാണ് ഇരുവരും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരും അങ്ങനെയാണ്. ചീഫ് ജസ്റ്റിസിന് ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ മാത്രമാണ് കൂടുതലായുള്ളത്. ഡിവിഷന്‍ ബെഞ്ചായി ഇരിക്കുമ്പോള്‍ സര്‍വീസില്‍ മൂപ്പുള്ളയാള്‍ സര്‍വീസ് കുറഞ്ഞയാളിന്റെ ഇടതുവശത്തിരിക്കുമെന്ന വ്യത്യാസം മാത്രമാണുള്ളത്. സീനിയര്‍ ജഡ്ജിയോട് വിയോജിക്കുന്നതിനുള്ള അവകാശം സഹജഡ്ജിക്കുണ്ട്. ഒരു സിഐഡി മറ്റൊരു സിഐഡിയെ കുറ്റപ്പെടുത്തരുതെന്ന സിനിമാഡയലോഗ് ജഡ്ജിമാര്‍ക്കും ബാധകമാണ്.
സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതില്‍നിന്ന് ജസ്റ്റിസ് ഉബൈദിന് പിന്മാറേണ്ടിവന്നത് ചില ആക്ഷേപങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ്. കോടതിക്ക് പരിചിതനായ മുതിര്‍ന്ന അഭിഭാഷകനാണ് ഉദയഭാനു. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ ഉബൈദിന്റെ കോടതിയില്‍നിന്ന് അനുമതി കിട്ടിയില്ലെന്നാണ് പരാതി ഉണ്ടായത്. പരാതി ഇന്ത്യാ ചീഫ് ജസ്റ്റീസിന് അയക്കാനുള്ള വങ്കത്തം ആരോ ഉപദേശിച്ചുകൊടുത്തു. സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ പരിഗണിക്കുന്ന വേളയില്‍ കൊളീജിയത്തിനല്ലാതെ ആര്‍ക്കും ഒരു ജഡ്ജിയെ ഒന്നും ചെയ്യാനാവില്ല. പിരിച്ചുവിടണമെങ്കില്‍ ഇംപീച്ച് ചെയ്യണം. കര്‍ണനെപ്പോലെ ജയിലില്‍ പോകണമെങ്കില്‍ അതിനുള്ള കുഴി സ്വയം വെട്ടണം. മന്ത്രിമാര്‍ക്കുമേല്‍ മുഖ്യമന്ത്രിക്കുള്ള അത്രയും നിയന്ത്രണവും അധികാരവും ജഡ്ജിമാര്‍ക്കുമേല്‍ ചീഫ് ജസ്റ്റിസിനില്ല. 

അകലുന്നവരെ അടുപ്പിക്കാന്‍ ചീഫ് ജസ്റ്റിസിനു കഴിയും. ഒരുമിച്ചിരുന്ന് ചായ കുടിച്ചാല്‍ പ്രശ്നങ്ങള്‍ പലതും പരിഹരിക്കപ്പെടും. അതിനുള്ള പ്രാപ്തി ചീഫ് ജസ്റ്റിസുമാര്‍ കാണിക്കുന്നില്ല എന്നത് സമീപകാലത്ത് കേരള ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുരന്തമാണ്. കോടതികളിലെ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കുണ്ടായ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ മോഹന്‍ ശന്തന ഗൌഡര്‍ പിരിഞ്ഞു; ഇപ്പോള്‍ നവനീതി പ്രസാദ് സിങ് പിരിയാന്‍ തുടങ്ങുന്നു. രാഷ്ട്രപതി പങ്കെടുത്ത ഹൈക്കോടതിയിലെ ആഘോഷത്തില്‍ മുതിര്‍ന്ന അഭിഭാഷകരെ ബാരിക്കേഡിനു പിന്നില്‍ ഒതുക്കിയിരുത്തി എന്ന ആക്ഷേപവുമായി അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെതിരെ തിരിഞ്ഞിരിക്കുന്നു. നവനീതി പ്രസാദ് സിങ് ചുമതലയേറ്റപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ബഹിഷ്കരണമുണ്ടായി. വിടവാങ്ങുമ്പോള്‍ അഭിഭാഷകരുടെ ബഹിഷ്കരണമുണ്ടാകുന്നു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള അകല്‍ച്ച അവസാനിപ്പിക്കാന്‍ ഇതാണ് ഏറ്റവും നല്ല അവസരം.

ഉദയഭാനുവിന്റെ ഹര്‍ജിയില്‍ ഉബൈദും ഹരിപ്രസാദും വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചു. നിലപാടുകള്‍ വ്യത്യസ്തമാകുമ്പോള്‍ വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടാകും. അത് വ്യക്തിപരമായി കാണേണ്ടതില്ല. ഇരുജഡ്ജിമാരുടെയും നിലപാടുകള്‍ മൌലികമായ തത്വങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. നിലപാടുകള്‍ ചര്‍ച്ചയായില്ല. പകരം, ജഡ്ജിമാര്‍ ഏറ്റുമുട്ടുന്നുവെന്ന പ്രതീതിയുണ്ടായി. ഉന്നതമായ നിലവാരവും അഭിനന്ദനീയമായ പ്രാഗത്ഭ്യവും പ്രകടിപ്പിക്കുന്നവരാണ് രണ്ട് ജഡ്ജിമാരും. തീരുമാനങ്ങളിലെ ധീരതയ്ക്കൊപ്പം നിയന്ത്രണം വിടുന്നുവോ എന്ന് ചിലപ്പോള്‍ സംശയം തോന്നും വിധമുള്ള വാചാലത ഉബൈദിന്റെ സവിശേഷതയാണ്. വിധിന്യായങ്ങളിലൂടെയാണ് ന്യായാധിപര്‍ സംസാരിക്കേണ്ടത്. അതിനര്‍ഥം നീതിനിര്‍വഹണം നിശ്ശബ്ദതയില്‍ വേണമെന്നല്ല. ജഡ്ജിമാരുടെ നിശ്ശബ്ദതയ്ക്ക് നല്‍കിയിരിക്കുന്ന പ്രതിഫലമാണ് കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതിനുള്ള അധികാരം. ജഡ്ജിമാര്‍ വിശദീകരണത്തിനുള്ള അവസരം സ്വയം കണ്ടെത്തിയാല്‍ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കാന്‍ കഴിയും.

ഉദയഭാനുവിന്റെ അറസ്റ്റ് നീട്ടിക്കൊണ്ടുപോയി എന്നതാണ് ഉബൈദിനെതിരെ ഉയര്‍ന്ന ആക്ഷേപം. ചിരപരിചിതനായ ഒരു വക്കീലിനോട് കാണിച്ച പ്രത്യേകമായ പരിഗണനയായി അതിനെ കാണുന്നത് ശരിയല്ല. എത്ര സമുന്നതനായാലും അയാള്‍ നീതിക്കുമേലെ അല്ലെന്ന സാമാന്യബോധമാണ് ജസ്റ്റിസ് ഹരിപ്രസാദിനുണ്ടായത്. നിയമത്തിനുമുന്നിലെ തുല്യത പ്രഘോഷിക്കുന്ന ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ന്യായാധിപന് മറ്റൊന്നും ചിന്തിക്കാന്‍ കഴിയില്ല. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ നിരാകരിക്കപ്പെട്ടു. അഭിഭാഷകന്റെ അറസ്റ്റിനുള്ള തടസങ്ങള്‍ നീങ്ങി. ആകാശം താഴേക്കു നിപതിച്ചാലും നീതി നിര്‍വഹിക്കപ്പെടണമെന്ന ത്വരയില്‍ ജസ്റ്റിസ് ഹരിപ്രസാദ് ചില കാര്യങ്ങള്‍ പറഞ്ഞു. അതിലെ സത്യസന്ധതയും ആത്മാര്‍ഥതയും കണ്ടില്ലെന്ന് നടിക്കരുത്. ഹരിപ്രസാദിന്റെ ഉത്തരവിലെ ഒരു പരാമര്‍ശത്തോട് മാത്രമാണ് വിയോജിപ്പുണ്ടെന്ന് ഉബൈദ് പറഞ്ഞത്. മറ്റ് പരാമര്‍ശങ്ങള്‍ തനിക്കെതിരെയുള്ള വിമര്‍ശമായി ഉബൈദ് കാണുന്നില്ല. അങ്ങനെയെങ്കില്‍ ഒരു ജഡ്ജി മറ്റൊരു ജഡ്ജിയെ വിമര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ ശരിയല്ലാതാകും. അങ്ങനെ ഏറ്റുമുട്ടാതിരിക്കാന്‍മാത്രം പക്വതയുള്ളവരാണ് ഇരുവരും.

ജസ്റ്റിസ് ഹരിപ്രസാദിന്റെ ഉത്തരവ് തെറ്റായി വായിച്ച മാധ്യമപ്രവര്‍ത്തകരോടാണ് ജസ്റ്റിസ് ഉബൈദ് കോടതിമുറിയില്‍ സംസാരിച്ചത്. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍നിന്ന് ഒഴിവാക്കാനാവാത്തതിനാല്‍ അവര്‍ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ ഉത്തരവാദിത്വത്തോടെ തിരുത്തിക്കൊടുക്കുന്നത് നല്ലതാണ്. ജനാധിപത്യത്തിലെ കോടതികള്‍ക്ക് അങ്ങനെയും ഉത്തരവാദിത്വമുണ്ട്. ബഹിഷ്കരണവും ഗളഹസ്തവും ഉത്തമമായ രീതികളല്ല. അനഭിലഷണീയമായ രീതികളിലേക്ക് അഭിഭാഷകര്‍ നീങ്ങിയപ്പോള്‍ ന്യായാധിപര്‍ക്ക് അവരെ തിരുത്താനായില്ല. അതുകൊണ്ട് അഭിഭാഷകര്‍ക്ക് ചീഫ് ജസ്റ്റിസിനെ ബഹിഷ്കരിക്കുകയെന്ന അസാധാരണമായ അവസ്ഥയിലേക്ക് എത്തേണ്ടിവന്നു. മുമ്പ് ഒരു ചീഫ് ജസ്റ്റിസിനെ പ്രതീകാത്മകമായി നാടുകടത്തിയതിനെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഒരു ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കേണ്ടത് ഇവ്വിധമല്ല. അഭിഭാഷകരും ജഡ്ജിമാരും തമ്മിലുള്ള ബന്ധം മാതൃകാപരമായിരിക്കണം.

നിയമത്തിന്റെ മേല്‍ക്കോയ്മയിലാണ് ജസ്റ്റിസ് ഹരിപ്രസാദ് നിലപാടുറപ്പിച്ചത്. നിയമവാഴ്ചയുടെ സുസ്ഥിരതയിലാണ് ജസ്റ്റിസ് ഉബൈദ് ഉത്കണ്ഠാകുലനായത്. വേണമോ വേണ്ടയോ എന്ന് ഹാംലെറ്റിനെപ്പോലെ ചാഞ്ചാടുകയായിരുന്നില്ല അദ്ദേഹം. നിയമവാഴ്ചയിലെ സായുധസേനയാണ് അഭിഭാഷകര്‍. അപകടത്തില്‍പ്പെടുന്നവര്‍ അത്യാഹിതവിഭാഗത്തിലെത്തുന്നതുപോലെ നിയമപരമായി അപകടത്തിലാകുന്നവര്‍ ആദ്യം തേടുന്നത് അഭിഭാഷകരെയാണ്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണത്തിനും ഇടപാടുകള്‍ക്കും നിയമം അനുവദിക്കുന്ന പരിരക്ഷയുണ്ട്. അവര്‍ക്ക് പല കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കാന്‍ കഴിയും. ആരുടെയെങ്കിലും മൊഴിയെ അടിസ്ഥാനമാക്കി ഈ ബന്ധത്തെ തകര്‍ത്താല്‍ നിയമത്തിന്റെ പ്രാകാരങ്ങളില്‍ വിള്ളല്‍ വീഴും. ക്രിമിനല്‍ കേസുകളില്‍ അഭിഭാഷകര്‍ പ്രതികളാക്കപ്പെടുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി വര്‍ധിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിലും അഭിഭാഷകര്‍ പ്രതികളായുണ്ട്. പൊതുവേദികളില്‍നിന്ന് കളങ്കിതര്‍ അകറ്റി നിര്‍ത്തപ്പെടുന്നതുപോലെ പ്രതികളില്‍നിന്ന് അഭിഭാഷകര്‍ അകന്നുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അത് വലിയ തോതിലുള്ള അപകടത്തിനു കാരണമാകും. മുന്‍കൂര്‍ ജാമ്യം തേടി ഒരു അഭിഭാഷകന്‍ കോടതിയെ സമീപിച്ചപ്പോള്‍ ജസ്റ്റിസ് ഉബൈദിന് ഇവ്വിധമുള്ള ആശങ്കകള്‍ ഉണ്ടായിക്കാണുമെന്ന് ഞാന്‍ ഊഹിക്കുന്നു. സന്ദേഹങ്ങള്‍ ഉറക്കെ പ്രകടിപ്പിക്കുന്ന ഉബൈദ് തീരുമാനങ്ങളില്‍ ചാഞ്ചാട്ടമില്ലാത്തയാളാണ്. അര്‍ഥമറിയാതെയുള്ള വിവാദങ്ങളും ചര്‍ച്ചകളും നീതിനിര്‍വാഹകരെ നിയമത്തിന്റെ മൌലികതത്വങ്ങളില്‍നിന്ന് വ്യതിചലിപ്പിക്കാനിടയുണ്ട് .

(ദേശാഭിമാനി വാരികയില്‍ നിന്ന്)

പ്രധാന വാർത്തകൾ
Top