15 November Thursday

ത്രിപുരയില്‍ കള്ളപ്രചാരണം ആയുധമാക്കി ബിജെപി

ഹരിപാദ ദാസ് Updated: Friday Jan 5, 2018

ത്രിപുരയില്‍ ഗോമതി ജില്ലയിലെ ഉദയ്പുര്‍ അദരോബോലയില്‍ ഗൌര്‍ഹരി മല്‍സും നവംബര്‍ 29നാണ് കൊല്ലപ്പെട്ടത്. ഗൌര്‍ഹരി തങ്ങളുടെ പ്രവര്‍ത്തകനാണെന്നും പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്ന സിപിഐ എം തന്ത്രത്തിന്റെ ഭാഗമായി അവരെ കൊലപ്പെടുത്തിയതാണെന്നും ബിജെപി ആരോപിച്ചു. ഈ സംഭവം ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് കുടുംബവഴക്കിനെത്തുടര്‍ന്നാണ് ഗൌര്‍ഹരി കൊല്ലപ്പെട്ടതെന്നാണ്.

ഡിസംബര്‍ 16ന് വടക്കന്‍ ത്രിപുരയിലെ കഞ്ചന്‍പുരിലെ ഒരു അഴുക്കുചാലില്‍നിന്നാണ് സുനില്‍ ദേബ് എന്നയാളുടെ മൃതദേഹം കണ്ടെടുത്തത്. സുനില്‍ ദേബ് ബിജെപി പ്രവര്‍ത്തകനാണെന്നും കൊന്നത് സിപിഐ എം ആണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി. സംസ്ഥാനത്തെങ്ങും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് കോടതി കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടിയാനാണ്(ടെനന്റ്) സുനില്‍ ദേബിനെ വധിച്ചതെന്നാണ്. 
ഡിസംബര്‍ നാലിനാണ് ദലായ് ജില്ലയിലെ സിപിഐ എം പ്രവര്‍ത്തകനും നടനുമായ ഷങ്കജോയ് ത്രിപുര വെടിയേറ്റ് കൊല്ലപ്പെട്ടത്.  കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവര്‍ത്തകനെ  അറസ്റ്റ് ചെയ്തു. കൊലപാതകത്തെ അപലപിക്കുന്നതിനു പകരം പ്രതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ വളയുകയായിരുന്നു ബിജെപി. കേന്ദ്രമന്ത്രിമാരും അയല്‍ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും ഇപ്പോള്‍ നിരന്തരം സംസ്ഥാനം സന്ദര്‍ശിക്കുകയാണ്. നുണകളുടെ ഘോഷയാത്രയാണ് ഇവര്‍ നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ വസ്തുതയേതുമില്ലാത്ത വ്യക്തിപരമായ ആക്ഷേപങ്ങള്‍പോലും ചൊരിയാന്‍ അവര്‍ മടിക്കുന്നുമില്ല.

വോട്ടര്‍ പട്ടികയില്‍ കൃത്രിമമുണ്ടെന്നും അവ പൂര്‍ണമായും പരിശോധിക്കുന്നതുവരെ തെരഞ്ഞെടുപ്പ് നടത്തരുതെന്നുമാണ് ബിജെപി ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.  സര്‍ക്കാരിന്റെ കാലാവധിക്കുശേഷം തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആവശ്യമാണിത്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പും ഇതേ ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തി. വോട്ടര്‍ പട്ടിക പുതുക്കുക എന്നത് തുടര്‍ പ്രക്രിയയാണ്. അതില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഭാഗഭാക്കുമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ബിജെപിയുടെ ആവശ്യം പരാജയം നീട്ടിവയ്ക്കാനുള്ള തന്ത്രംമാത്രമാണ്. 

കൊവായ് ജില്ലയിലെ തെലയാമുറയില്‍ ഏപ്രില്‍ 14ന് നടത്തിയ പ്രസംഗത്തില്‍ ഉത്തര്‍പ്രദേശിലും മണിപ്പുരിലുമെന്നപോലെ ത്രിപുരയിലും വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുള്ള കൃത്രിമം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിപ്ളവ് ദേബ് പ്രസംഗിച്ചു. 'മണിക് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പാര്‍ടിക്ക് വോട്ട് ചെയ്താലും അത് താമരചിഹ്നത്തിന് അനുകൂലമായി മാറുമെന്ന്' വിപ്ളവ് ദേബ് പറഞ്ഞു. ഈ പ്രസംഗത്തിന്റെ വീഡിയോ അടക്കം നല്‍കി സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. എന്നാല്‍, കമീഷന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല. നവംബര്‍ 15ന് വിശാല്‍ഗഡില്‍ നടത്തിയ പ്രസംഗത്തില്‍ വിപ്ളവ് ദേബ് പറഞ്ഞത് സംസ്ഥാനത്ത് സമാധാനാന്തരീക്ഷമല്ല നിലനില്‍ക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുമെന്നാണ്. ഇത്തരം പ്രസ്താവനകളിലൂടെ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യമാക്കുന്നത്. ഒപ്പം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും.

രാജ്യത്തെ ഏറ്റവും സമ്പത്തുള്ള രാഷ്ട്രീയ പാര്‍ടിയായ ബിജെപി ത്രിപുരയിലെ ജനങ്ങളുടെ സമ്മതിദാനത്തെയും വിലയ്ക്കെടുക്കാനാണ് ശ്രമിക്കുന്നത്. വന്‍ തുകയാണ് ബിജെപി പ്രചാരണത്തിനായി ചെലവഴിക്കുന്നത്. വിലകൂടിയ സ്മാര്‍ട്ട്ഫോണും ബൈക്കും മറ്റും നല്‍കി യുവാക്കളെ സ്വാധീനിക്കാനാണ് ശ്രമം. ബിജെപി റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പണം നല്‍കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ചില ബിജെപി നേതാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനായി വന്‍ തുകയാണത്രേ ചില ഇലക്ട്രോണിക് അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. സിപിഐ എമ്മിനെയും നേതാക്കളെയും താറടിച്ചു കാണിക്കുക ലക്ഷ്യമാക്കി വസ്തുതാപരമല്ലാത്ത കെട്ടിച്ചമച്ച കഥകളാണ് ഓരോ ദിവസവും ഇവര്‍ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയവുമായി ബന്ധമൊന്നുമില്ലാത്ത സംഭവങ്ങളില്‍പ്പോലും രാഷ്ട്രീയം കലര്‍ത്തി സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് ഇവര്‍ സംഘടിതമായി ശ്രമിക്കുന്നത്. 

ഈ കള്ളപ്രചാരണങ്ങള്‍ക്കിടയിലും ജനങ്ങളുടെ വിശ്വസമാര്‍ജിച്ച് സിപിഐ എമ്മും ഇടതുമുന്നണിയും മുന്നോട്ട് കുതിക്കുകയാണ്. പതിനായിരങ്ങള്‍ അണിചേര്‍ന്ന മൂന്ന് റാലിയാണ് അടുത്തിടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നടന്നത്. നേരത്തെ പരാമര്‍ശിച്ച ത്രിപുര രാജ്യ ഉപജാതി ഗണമുക്തി പരിഷത്തിന്റെയും പട്ടികജാതി ഏകോപന സമിതിയുടെയും സിഐടിയുവിന്റെയും റാലികളാണ് നടന്നത്. നാല് സബ്ഡിവിഷനിലും വിദ്യാര്‍ഥി യുവജന റാലികള്‍ നടന്നു. പഞ്ചായത്തുതോറും ജനാധിപത്യ മഹിളാ അസോസിയേഷന്‍ റാലികളും നടക്കുകയുണ്ടായി. സിപിഐ എമ്മിന്റെ നേതൃത്വത്തിലാകട്ടെ ബൂത്തടിസ്ഥാനത്തില്‍ ശക്തിപ്രകടനവും നടന്നു. ബിജെപിയുടെ വര്‍ഗീയ അജന്‍ഡയും മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണന നയവും തുറന്നുകാട്ടിയുള്ള ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളും തുടരുന്നു. എല്ലാ പ്രതിബന്ധങ്ങളും മുറിച്ചുകടന്ന്് സംസ്ഥാനത്തെ ജനാധിപത്യ പ്രിയരും സമാധാനസ്നേഹികളുമായ ജനം വിജയം വരിക്കുകതന്നെ ചെയ്യും

(അവസാനിച്ചു)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top