20 June Wednesday

സീരിയല്‍ സംസ്കാരങ്ങളുടെ നിറഭേദങ്ങള്‍

പാര്‍വതി ടിUpdated: Monday Mar 13, 2017

കാലം മാറി സീരിയലുകളുടെ എണ്ണത്തിലും ക്രൂരതയിലും വെച്ചടി വെച്ചടി കയറ്റമുണ്ടായി. ചാനലുകള്‍ പണം വാരിക്കൂട്ടി. എങ്ങും ഐശ്വര്യവും സമൃദ്ധിയും. വിശേഷദിവസങ്ങളില്‍ ഒഴിച്ച് മുഴുവന്‍ ദിവസങ്ങളിലും മലയാളി കുടുംബങ്ങളുടെ വിരസതയ്ക്ക് മറുമരുന്നാകുന്നത് ഈ കുടിലതകളുടെ രസകൂട്ടുകളാണ്-സീരിയലുകള്‍ വീട്ടകങ്ങളിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച്...

15 വര്‍ഷം മുമ്പാണെന്ന് തോന്നുന്നു, തിരുവനന്തപുരം ദൂരദര്‍ശനില്‍ ഒരു ചര്‍ച്ച നടന്നത് ഓര്‍ക്കുന്നു, നിലവാരം കുറയുന്ന സീരിയലുകളായിരുന്നു വിഷയം. പ്രശസ്ത സീരിയല്‍ സംവിധായകന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞ ഒരു തമാശ എനിക്കിപ്പോഴും ഓര്‍മയുണ്ട്. അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള തര്‍ക്കവും വഴക്കും അതിര് കടന്നു. അമ്മായിഅമ്മയെ വകവരുത്താന്‍ തന്നെ മരുമകള്‍ തീരുമാനിച്ചു. അമ്മായി അമ്മയ്ക്ക് നല്‍കാന്‍ മകള്‍ വിഷം ചേര്‍ത്ത കേക്കുണ്ടാക്കി. പ്ളാന്‍ തകരാതിരിക്കാന്‍ കേക്ക് വയ്ക്കുന്ന

പാര്‍വതി ടി

പാര്‍വതി ടി

കവറിനുള്ളില്‍ ഒരു വിഷപ്പാമ്പിനെയും വച്ചു. പിരിമുറുക്കമുണ്ടാക്കുന്ന പശ്ചാത്തലസംഗീതത്തോടെ വെള്ളിയാഴ്ച വൈകുന്നേരത്തെ പരമ്പര അവസാനിച്ചു. ആകാംക്ഷാഭരിതമായ രണ്ടുദിവസം കടന്നുപോയി. തിങ്കളാഴ്ച വീണ്ടും ചാനലിന്റെ മുന്നില്‍. കഥ തുടരുകയാണ്. അമ്മായി അമ്മ മരിക്കുമോ? ഇല്ല, അങ്ങനെ സംഭവിച്ചില്ല. കാരണം കേക്കിലെ വിഷം ഉള്ളില്‍ ചെന്ന് പാമ്പ് ചത്തിരുന്നു. ഒരുപക്ഷേ നമ്മള്‍ കാണുന്ന സീരിയലുകളില്‍ ഈ കഥ ഉണ്ടാവില്ല. പക്ഷേ പലതും ഇതുപോലെ തന്നെ യുക്തി ഇല്ലാത്തവയാണ് കാര്യകാരണങ്ങള്‍ അന്വേഷിച്ചാല്‍ സാധാരണ മനസ്സിന് ബോധ്യപ്പെടാത്തവയാണ്.

കുടിലതകളുടെ രസക്കൂട്ടുകള്‍

കാലം മാറി, സീരിയലുകളുടെ എണ്ണത്തിലും, ക്രൂരതയിലും വച്ചടി വച്ചടി കയറ്റമുണ്ടായി. ചാനലുകള്‍ പണം വാരിക്കൂട്ടി. എങ്ങും ഐശ്വര്യവും സമൃദ്ധിയും. വിശേഷദിവസങ്ങളില്‍ ഒഴിച്ച് മുഴുവന്‍ ദിവസങ്ങളിലും മലയാളി കുടുംബങ്ങളുടെ വിരസതയ്ക്ക് മറുമരുന്നാകുന്നത് ഈ കുടിലതകളുടെ രസക്കൂട്ടുകളാണ്. പണ്ട് വെള്ളിയാഴ്ചയിലെ ടാം (TAM) റേറ്റിങ് മാത്രമാണ് ചാനലുകള്‍ ഗൌരവമായി എടുത്തിരുന്നത്. എന്നാല്‍

ചാനലുകളുടെ എണ്ണം കൂടിയതോടെ മത്സരവും കൂടി, ഓരോ ദിവസവും, ഓരോ പരസ്യ ബ്രേക്കുകള്‍പോലും പ്രധാനമായി. ബ്രേക്കില്‍ പരസ്യം തടുങ്ങുമ്പോള്‍ റിമോട്ട് അമര്‍ത്തി മറ്റ് ചാനല്‍ കാണാന്‍ പോയവര്‍ ആ ചാനലിനെ ഉപേക്ഷിച്ച് മടങ്ങിയെത്തണം. അതിന് 'ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തണം' പ്രേക്ഷകനെ. എന്നോ തുടങ്ങിയ ഒരു കഥയുടെ കഥാഗതി ഒന്നും അപ്പോള്‍ പ്രസക്തമല്ല. ഇന്ന്, ഈ നിമിഷം ഏങ്ങനെ പ്രേക്ഷകനെ നിലനിര്‍ത്താം, എന്ന് മാത്രമല്ല എല്ലാ ദിവസവും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ 6.30 മുതല്‍ 9.30 വരെ പരസ്യക്കാര്‍ പരസ്യത്തിന് പണം ചെലവഴിക്കാന്‍ സന്നദ്ധത കാണിക്കുന്ന പ്രൈം ടൈമില്‍ തന്റെ ചാനലിന് മുന്നില്‍ ഏങ്ങനെ ആള്‍ക്കാരുടെ എണ്ണം കൂട്ടാം എന്നാണ് ഓരോ ചാനലുകളുടെയും ചിന്ത.  ചാനലുകളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ബുദ്ധിയുള്ള ആളുകളാണ് ഈ ജോലി ചെയ്യാന്‍ നിയുക്തരാകുന്നത്.  എല്ലാ ചാനലുകളിലും വന്നുപോകുന്ന എല്ലാ സീരിയലുകളെയും താരതമ്യം ചെയ്ത്, സ്വന്തം ചാനലിലെ വിജയം ഉറപ്പുവരുത്തുന്നത് അവര്‍ക്ക് ഹരമാണ്.

നെഞ്ചിടിപ്പ് കൂട്ടാന്‍, ആകാംക്ഷ കൂട്ടാന്‍ എന്താണ് വഴി! 'സെക്സ്', 'വയലന്‍സ്' - ആരും ഉത്തരം പറയും. പഴയ ഫോര്‍മുലയാണ്, എന്നാല്‍ അത് പറ്റില്ല. കുടുംബപ്രേക്ഷകരാണ്. അതുകൊണ്ട് സെക്സിന്റെയും വയലന്‍സിന്റെയും ചേരുവകള്‍ നല്ല വര്‍ണക്കടലാസില്‍ പൊതിഞ്ഞാണ് നല്‍കേണ്ടത്. അങ്ങനെ തന്നെയാണ് നല്‍കുന്നതും. ഒറ്റ നോട്ടത്തില്‍ സദാചാരം പറയുകയാണ് എന്ന് ധരിപ്പിച്ചുകൊണ്ടാണ് സീരിയലുകളില്‍ സെക്സും വയലന്‍സും ഉള്‍പ്പെടുത്തുന്നുത്.

'എന്റെ മാനസപുത്രി' മുതലാണത്രെ ക്രൂരതയുടെ അളവ് കൂടിയത്. -എങ്കിലും അത് നല്ല സീരിയലായിരുന്നു- . ഈ കമന്റ് പറഞ്ഞ സുഹൃത്ത് ഒരു ഡോക്ടറാണ്. അമ്മയുടെ പേരിലുള്ള കോടികളുടെ സ്വത്ത് ഏത് മകള്‍ക്ക് കിട്ടും എന്നറിയാനാണ് വര്‍ഷങ്ങള്‍ മലയാളി കാത്തിരുന്നത്. ഒറിജിനല്‍ മകളും, ദത്ത് പുത്രിയും!  സോഫിയയും ഗ്ളോറിയയും. പണത്തിന് വേണ്ടി കൊല്ലാനും മടിക്കാത്ത ഗ്ളോറിയ പക ചീറ്റിയത് മൂന്നുവര്‍ഷമാണ് മലയാളി കണ്ടിരുന്നത്. അവിഹിതമായി ജനിച്ച ശാലിനിയെന്ന മകള്‍ക്ക് പ്രൊഫസര്‍ ജയന്തിയെന്ന അമ്മയെ ലഭിക്കുമോ എന്നറിയാന്‍ 785 എപ്പിസോഡുകള്‍! (3 വര്‍ഷം).


പ്രമേയങ്ങള്‍ -പ്രസക്തിയും മനഃശാസ്ത്രവും

ഈ വിഷയത്തില്‍ ഞാന്‍ നടത്തിയ അന്വേഷണത്തില്‍ ഹിറ്റ് സീരിയലുകള്‍ക്ക് മൂന്നോ നാലോ പ്രമേയങ്ങളാണ് കഥകളാകുന്നതെന്നാണ് മനസ്സിലാക്കിയത്. സ്വത്ത്, അവിഹിതം, നായികയുടെ കന്യകാത്വം, നായകനെ നല്ലവള്‍ക്ക് കിട്ടുമോ, ക്രൂരയ്ക്ക് കിട്ടുമോ എന്ന ആശങ്ക, ഇങ്ങനെ മൂന്നോ നാലോ പ്രമേയങ്ങളില്‍ കുടുങ്ങിയാണ് മലയാളിയുടെ ദിനചര്യ മുന്നോട്ടുനീങ്ങുന്നത്. ഇതില്‍ പാവപ്പെട്ടവന്‍ പണക്കാരന്‍ എന്നില്ല. 45 വയസ്സിന് മുകളിലുള്ളവരാണ് അധികവും കാണുന്നത്. പകല്‍ റിപ്പീറ്റും കാണും പിന്നെ യൂട്യൂബിലും (Youtube) ഹോട്ട് സ്റ്റാറിലും (Hotstar) കാണും, ഇതാണ് ഇഷ്ടം. ഇതിനോടാണ് താല്‍പര്യം, കാരണം ഈ സീരിയലുകളുടെ പ്രമേയങ്ങള്‍ നേരിട്ട് ഉണര്‍ത്തുന്നത് മനുഷ്യന്റെ ഉള്ളിലെ സഹജമായ അധമ പ്രേരണകളെയാണ്. കുഞ്ഞിനോട് ക്രൂരത കാണിക്കുന്ന സ്ത്രീയെ കണ്ടാല്‍ സന്തോഷിക്കുമോ നമ്മുടെ മനസ്സ് എന്ന് തോന്നാം. സന്തോഷിക്കില്ല എന്നതാണ് പറയാന്‍ തോന്നിക്കുന്ന ഉത്തരം. എന്നാല്‍ ക്രൂരത എത്ര അധികമാകുന്നോ അത്രയും താല്‍പര്യത്തോടെ നാം കാണും. അതാണ് യാഥാര്‍ഥ്യം. കാരണം മനുഷ്യന് സഹജമായി ഉള്ളത് തമോഗുണവും രജോഗുണവുമാണ്. സ്വത്വഗുണം ഉണ്ടാകണമെങ്കില്‍ ബോധപൂര്‍വമായ പ്രയത്നം വേണം.

നല്ലതിലേക്ക് മനുഷ്യമനസ്സിനെ നയിക്കാനും, സമൂഹത്തിനെ സ്നേഹത്തിലും സഹാനുഭൂതിയിലും നിലനിര്‍ത്താനുമാണ് മതങ്ങളും മതഗ്രന്ഥങ്ങളും ശ്രമിച്ചിട്ടുള്ളത്. മതത്തെ അധികാരത്തിന് ഉപയോഗിക്കാം എന്ന് പഠിച്ചപ്പോള്‍ ഗ്രന്ഥങ്ങളിലെ ആ വിഷയത്തെ മാത്രം ബോധപൂര്‍വം മറച്ചു എന്നത് മറ്റൊരു വസ്തുത. തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കണം, ദൈവം സ്നേഹമാണ്, അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നത് അപരന് സുഖത്തിനായി വരണം, ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന ചിന്ത ഉണ്ടാകണം, അങ്ങനെ എണ്ണിയാലൊടുങ്ങില്ല. വിശുദ്ധ എഴുത്തിന്റെ മുഴുവന്‍ പ്രതിപാദ്യവും മനുഷ്യമനസ്സിനെ ശുദ്ധിയിലേക്ക് ഉയര്‍ത്തുക എന്നത് തന്നെയാണ്. എന്നാല്‍ ഈ വിശുദ്ധിക്ക് ഒരു പ്രശ്നമുണ്ട്. മനസ്സ് ആഗ്രഹങ്ങളില്‍ നിന്നും ആകാംക്ഷകളില്‍ നിന്നും ആര്‍ത്തികളില്‍നിന്നും മുക്തി നേടും. അങ്ങനെ മുക്തമാകുന്ന മനസ്സിനെ സ്വാധീനിക്കാന്‍ പ്രയാസമാണ്. പുതിയ പച്ച സോപ്പിന്റെ മണവും, പുതിയ പേസ്റ്റിന്റെ വെളുപ്പിക്കാനുള്ള കഴിവും പുതിയതായി വരുന്ന ഭാഗ്യക്കുറിയിലെ സമ്മാനങ്ങളും, സ്വര്‍ണത്തിന്റെ പളപളപ്പും ആ മനസ്സുകളെ ബാധിക്കില്ല. ബുദ്ധമതം തുടങ്ങി ഔന്നിത്യമുള്ള എല്ലാ ചിന്താധാരകളും മനുഷ്യനെ ആഗ്രഹങ്ങളില്‍നിന്ന് മുക്തിനേടാനാണ് പഠിപ്പിക്കുന്നത്. നല്ല രാഷ്ട്രബോധം, സാമൂഹ്യസേവനം, കലോപാസന, അറിവിനോടുള്ള വാഞ്ഛ ഇവയെല്ലാം മനസ്സിന് അടക്കം നല്‍കുന്നു. മനസ്സിന്റെ സ്വാഭാവികമായ ചഞ്ചലതകളില്‍നിന്ന് മുക്തമാക്കുന്ന ഈ തരത്തിലുള്ള ചിന്തകള്‍ സാധാരണക്കാരന് അപ്രാപ്യമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ഒരു പൊതുബോധം ഉണ്ടായിവന്നിട്ടുണ്ട്. ബുദ്ധി എന്ന പദം പോലും ജീവി എന്ന പദത്തോട് ചേര്‍ത്താണ് നാം ഉപയോഗിക്കുന്നത്. ഈ മനസ്സുകള്‍ സത്യത്തില്‍ ഒരു ഉപദ്രവമാണ്. കഷ്ടപ്പെട്ട് പരസ്യംചെയ്യുന്ന കമ്പനികള്‍ക്ക് അങ്ങനെയുള്ള സമൂഹത്തെക്കൊണ്ട് പ്രയോജനമില്ല. സ്വാര്‍ഥമായി വളരാന്‍ ആഗ്രഹിക്കുന്ന, മത്സരബുദ്ധിയോടെ ജയിക്കാന്‍ കൊതിക്കുന്ന മനസ്സുകളെയാണ് അവര്‍ക്കുവേണ്ടത്. കാമം, ക്രോധം, ലോഭം, മദം, മാത്സര്യം ഇവ വളര്‍ത്തി വലുതാക്കണം. പക നിറയ്ക്കണം. തന്നിലെ പോരായ്മയെ നികത്താന്‍ എന്തൊക്കെയോ വാങ്ങിക്കൂട്ടാന്‍ കൊതിക്കുന്ന മനസ്സുകള്‍ വേണം. അതാണ് സൃഷ്ടിക്കപ്പെടേണ്ടത്. അവിടെയാണ് സീരിയലുകള്‍ തെരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ പ്രസക്തി.

രണ്ടാം ലോക മഹായുദ്ധത്തിനൊടുവില്‍ ഹിരോഷിമയില്‍ ആറ്റം ബോംബ് പരീക്ഷിക്കപ്പെട്ടു. E=Mc2 എന്ന അത്ഭുത ഫോര്‍മുല - ആപേക്ഷിക സിദ്ധാന്തം ഐന്‍സ്റ്റീന്‍ കണ്ടെത്തി. ലോകത്തെ മാറ്റി മറിക്കാന്‍ സാധിക്കുന്ന കണ്ടെത്തല്‍! എന്നാല്‍ മനുഷ്യര്‍ അത് കൊല്ലാനാണ് ആദ്യം ഉപയോഗിച്ചത്.

സ്വന്തം വംശത്തെ തന്നെ നശിപ്പിക്കാന്‍! ഈ പ്രവൃത്തിയില്‍ മനസ്സ് തകര്‍ന്ന ഐന്‍സ്റ്റീന്‍ ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ മനഃശാസ്ത്രജ്ഞനായിരുന്ന സിഗ്മണ്ട് ഫ്രോയിഡിന് ഒരു കത്തെഴുതി. ക്രൂരമായ മനസ്സിനെ അതിജീവിക്കാന്‍ മനുഷ്യന് സാധിക്കുമോ എന്നാണ് ആ ദീര്‍ഘമായ കത്തിന്റെ രത്നചുരുക്കം. അതിന് ഫ്രോയിഡിന്റെ മറുപടി ഐന്‍സ്റ്റീനെ നിരാശനാക്കിയോ എന്നറിയില്ല. അദ്ദേഹം പറഞ്ഞത് മനുഷ്യന്‍ ആത്യന്തികമായി സ്വാര്‍ഥന്‍ മാത്രമാണെന്നാണ്. മൃഗത്തില്‍ നിന്നും മനുഷ്യനായി പരിണമിച്ചെങ്കിലും വാസനയ്ക്ക് ഭേദം വന്നിട്ടില്ല. വിദ്യാഭ്യാസത്തിലൂടെയും, കലയിലൂടെയും മാത്രമേ മനുഷ്യമനസ്സിനെ സംസ്കരിക്കാന്‍ സാധിക്കു - ഫ്രോയിഡ് മറുപടി പറഞ്ഞു. എന്നാല്‍ ക്രൂരത കാണുകയും, പകപോക്കുകയും ചെയ്യുന്ന മനുഷ്യരില്‍ ഭൂരിഭാഗവും വിദ്യാസമ്പന്നരാണ് എന്ന വിരോധാഭാസവും നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ എന്താണ് വിദ്യാഭ്യാസം? തൊഴില്‍ നേടാനും, പണം സമ്പാദിക്കാനും അതിലൂടെ നല്ല വിവാഹം ലഭിക്കാനും, കുട്ടികളെ വളര്‍ത്താനും ഉതകുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അതാണോ വിദ്യാഭ്യാസം? ഭേദചിന്തയകലാനും നിര്‍ഭയനാകാനുമാണ് വിദ്യാഭ്യാസം നേടേണ്ടതെന്ന് ക്രാന്തദര്‍ശികളായ ജ്ഞാനികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. "The highest education is that which does not merely give us information, but makes one's life in harmony with all existence" എന്നാണ് ടാഗോര്‍ പറഞ്ഞത്. ആ നിലയ്ക്ക് വിദ്യാഭ്യാസം നേടുന്നത് പുസ്തകങ്ങളില്‍നിന്ന് മാത്രമല്ല. തന്റെ ലോകത്തോട് ആശങ്കകളില്ലാതെ സന്തോഷത്തോടെ ഐക്യപ്പെടാനാണ്. ഇതിന് നിതാന്തമായ ജാഗ്രത ആവശ്യമാണ്. ഇല്ലെങ്കില്‍ മനസ്സിന്റെ സ്വാഭാവികമായ ഊര്‍ജം സ്വാര്‍ഥതയിലേക്ക് നയിക്കും. ഇവിടെയാണ് കല പ്രസക്തമാകുന്നത്. എന്താണ് ഒരു സമൂഹത്തില്‍ കല ചെയ്യേണ്ടത്? ഹീനമായ ചിന്തകളില്‍നിന്നും നല്ല മൂല്യങ്ങളിലേക്ക് മനസ്സിനെയും സമൂഹത്തിനെയും കൂട്ടിക്കൊണ്ട് പോവുകയാണ് നല്ല കലയുടെ ലക്ഷ്യം. ഒരു കലാസൃഷ്ടി മേന്മയുള്ളതാണോയെന്ന് എങ്ങനെ അറിയും എന്ന ചോദ്യത്തിന് ഒരിക്കല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. 'ഒരു കലാസൃഷ്ടി കണ്ട് കഴിയുമ്പോള്‍ മനുഷ്യമനസ്സ് ഒരല്‍പമെങ്കിലും നന്മയിലേക്കുയരണം' ശരീരത്തിനെ വൃത്തിയാക്കാന്‍ കുളിക്കാം, മനസ്സിനെ വൃത്തിയാക്കാന്‍ കലയെയാണ് ആശ്രയിക്കേണ്ടത്, നല്ല കലയെ. ഇത് നിരന്തരം ചെയ്യേണ്ട ഒരു പ്രക്രിയയുമാണ്. മൂന്ന് കുരങ്ങന്‍മാരെ പണ്ട് വീടിന്റെ മുന്‍വശങ്ങളില്‍ ഉണ്ടാക്കിവയ്ക്കുമായിരുന്നു. കണ്ണ് പൊത്തി ഇരിക്കുന്ന കുരങ്ങന്‍, കാത് പൊത്തി ഇരിക്കുന്ന കുരങ്ങന്‍, വായ് പൊത്തി ഇരിക്കുന്ന കുരങ്ങന്‍. നന്മയല്ലാത്തതൊന്നും കാണില്ല, കേള്‍ക്കില്ല, പറയില്ല എന്നാണ് ആ ബിംബങ്ങള്‍ സൂചിപ്പിക്കുന്നത്. പണ്ടുള്ളവര്‍ പറഞ്ഞുതന്നതാണ്. ഇതിന്റെ വേര് നോക്കി പോയാല്‍ ചില ആചാരങ്ങള്‍പോലും അങ്ങനെ ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാകും. 

മഹാഭാരതം എന്ന ഇതിഹാസം ഒരു അത്ഭുത സൃഷ്ടിയാണെന്ന് അത് വായിച്ചിട്ടുള്ള എല്ലാവരും സാക്ഷ്യം പറയും. അതില്‍ ഇല്ലാത്തതൊന്നും ഇന്നും ലോകത്തില്ല എന്നുപോലും പറയുന്നവരുണ്ട്. അത് ശരിയാണോ എന്ന് അറിയില്ല, എങ്കിലും ആ കൃതിയുടെ ബൃഹദ് സ്വഭാവത്തെ സൂചിപ്പിക്കാനാണ് അങ്ങനെ പറയുന്നത്. ഭഗവദ്ഗീതയും, വിഷ്ണു സഹസ്രനാമവും, ഭീഷ്മപര്‍വവും എല്ലാമുള്ള മഹാഭാരതം എന്നാല്‍ ഹിന്ദുഭവനങ്ങളില്‍ വായിക്കാന്‍ പാടില്ലാ എന്ന് ചിലര്‍ നിഷ്കര്‍ഷിക്കുന്നു. പ്രത്യേകിച്ച് സായാഹ്നങ്ങളില്‍ ഗീത പ്രത്യേകം, നാമം പ്രത്യേകം വായിച്ച് കൊള്ളുക. ഇതിന് ചിലര്‍ പറയുന്ന ന്യായം മഹാഭാരതം പ്രതിപാദിക്കുന്നത് കലഹമാണ് എന്നാണ്. കലഹത്തെക്കുറിച്ച് നിരന്തരം വായിക്കുന്നതുപോലും   മനുഷ്യന്റെ സഹജമായ തമോവാസനകളെ ഉണര്‍ത്തും എന്നതുകൊണ്ടാണ്. അത്രയ്ക്ക് ഒഴിവാക്കപ്പെടേണ്ടേതാണ് ആ ചിന്ത. കാരണം, കലഹവും ദുരാഗ്രഹങ്ങളും മനസ്സിനെ മലീമസമാക്കും. കുടുംബത്തിന്റെ ശാന്തമായ അന്തരീക്ഷം ഇല്ലാതാക്കും. 

ഏതാണ്ട് രണ്ട് പതിറ്റാണ്ടായി മലയാളി കണ്ടുകൊണ്ടിരിക്കുന്നത് ഇങ്ങനെയുള്ള കഥകള്‍ മാത്രമാണ്. മലയാളി കണ്ടുകൊണ്ടേ ഇരിക്കുന്നു, അതില്‍ മാത്രം അഭിരമിക്കുന്നു. വളരുന്നത് ചാനലുകളും അവരുടെ വരുമാനവും മാത്രമാണ്. എന്നിട്ട് നാം പരസ്പരം ചോദിച്ചുകൊണ്ട് ഇരിക്കുന്നു, മലയാളിക്ക് എന്താണ് സംഭവിക്കുന്നത്? എല്ലായിടത്തും ദുഃഖത്തിന്റെ കഥകള്‍ മാത്രമെ കേള്‍ക്കുവാനുള്ളല്ലോ. പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യുന്നവനായി മാറി മലയാളിയെന്ന് പരിതപിച്ചുകൊണ്ടേയിരിക്കുന്നു. അതിവൈകാരികമായ പ്രതികരണങ്ങള്‍ മലയാളി സമൂഹത്തിന്റെ സ്വഭാവമായി മാറിക്കൊണ്ടിരിക്കുന്നു. പ്രണയം നഷ്ടപ്പെട്ടാല്‍ പ്രേമം നിരസിച്ചവളെയും കൊന്ന് ആത്മഹത്യ ചെയ്യുന്ന യുവാവ്, പോക്കറ്റടിച്ചെന്ന പേരില്‍, ജാരനെന്ന പേരില്‍, മലയാളി ആളുകളെ തല്ലിക്കൊല്ലുന്നുണ്ട്. രഘു എന്നും സലാമെന്നും പല പേരുകളില്‍ മലയാളിയുടെ മനസ്സിലെ കത്തുന്ന അമര്‍ഷം ഇവര്‍ ഏറ്റുവാങ്ങുന്നു. പിഞ്ചുകുഞ്ഞില്‍ വരെ കാമം തിരയുന്നവരുടെ മുന്നില്‍ തിളക്കമുള്ള ഉടുപ്പും ചുണ്ടില്‍ ചായവും തേപ്പിച്ച്, വൃത്തത്തില്‍ അര ഇളക്കി, അശ്ളീല ആംഗ്യങ്ങളോടെയുള്ള

I’am a Barbie Girl’  എന്നോ ഷീലാ കീ ജവാനി എന്നോ ഒക്കെയുള്ള പാട്ടിനൊപ്പിച്ച് നൃത്തം കളിപ്പിക്കുന്നു. അത് കണ്ട് സ്വയം മറക്കുന്ന മാതാപിതാക്കള്‍ തന്റെ മകളെ സീരിയലില്‍ അഭിനയിപ്പിക്കാന്‍ കൊതിക്കുന്നു. പെട്ടെന്ന് കിട്ടാന്‍ പോകുന്ന പണവും പ്രശസ്തിയും മാത്രമാണ് അപ്പോള്‍ അവരുടെ മുന്നിലുള്ള വിഷയങ്ങള്‍. സാമൂഹ്യശ്രേണിയില്‍ മുന്നിലെത്തുക, പണമുണ്ടാക്കുക, പ്രശസ്തരാകുക, ഇത് അനായാസം സാധിക്കണം, പരസ്യത്തില്‍ കാണുന്നതുപോലെ കണ്ണടച്ചു തുറക്കുമ്പോള്‍ എല്ലാം പുത്തനാകണം. ഈ ജാലവിദ്യയാണ് മലയാളി തിരയുന്നത്. 

പിരിമുറുക്കം -പരമ്പരക്കും കുടുംബത്തിനും

സീരിയല്‍ ഒരു സങ്കേതമാണ്, പരമ്പരയായി കഥപറയുന്ന ഒരു സങ്കേതം. ഈ സങ്കേതത്തെ നല്ലതിനും ഉപയോഗിക്കാം. പക്ഷേ ഒരുപാട് നല്ലത് പറഞ്ഞാല്‍ ആകാംക്ഷയുണ്ടാകില്ല, നിരന്തരം കണ്ടുവെന്നും വരില്ല. നിരന്തരം കണ്ടില്ലെങ്കില്‍ പരസ്യം വരുന്നത് കുറയും, പരസ്യം വന്നില്ലെങ്കില്‍ ചാനലുകളുടെ വരുമാനം കുറയും, അതൊരിക്കലും സംഭവിക്കാന്‍ ഇടയാക്കില്ല. കിട്ടുന്ന വരുമാനത്തോട് കൂറുള്ള ചാനല്‍ സാങ്കേതിക പ്രവര്‍ത്തകര്‍ ഏത് വിധേനയും ബാര്‍ക്ക് (BARK), റേറ്റിങ് കൂട്ടിക്കും. അതിനി എത്ര കൊച്ചുകുഞ്ഞിന്റെ മനസ്സ് മുറിക്കുന്ന നൊമ്പരത്തെ ക്യാമറയില്‍ പകര്‍ത്തിയിട്ടായാലും വേണ്ടില്ല അവരത് ചെയ്തിരിക്കും. 

മറ്റൊരു കാര്യവും പ്രധാനമാണ്. ഇവരിത് ദിവസവും ടെലിവിഷനിലൂടെ കൊടുത്തില്ലെങ്കില്‍ 45 വയസ്സിന് മുകളിലുള്ള മലയാളി എന്ത് ചെയ്യും. അവരുടെ ദിവസങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ ശൂന്യമാകില്ലേ? അതും ഒരു പ്രശ്നമാണ്.

അമ്മയ്ക്കോ അമ്മൂമ്മയ്ക്കോ നിര്‍ബന്ധമാണെന്നുള്ളതുകൊണ്ട് നെഞ്ചിടിപ്പിന്റെ താളത്തിലോ, താളം വര്‍ധിപ്പിക്കാനോ മനഃപൂര്‍വം തയ്യാറാക്കുന്ന പശ്ചാത്തലസംഗീതം വീട്ടില്‍ മുഴങ്ങിക്കേള്‍ക്കുന്നത് ആര്‍ക്കും തടയാനാകില്ല. ആ സംഗീത പശ്ചാത്തലത്തില്‍ അക്ഷരം  പഠിക്കാനിരിക്കുന്ന പിഞ്ചുമനസ്സിന്റെ നെഞ്ചിടിപ്പും അതേ താളത്തില്‍ പൊങ്ങി ത്താഴുന്നത് എത്ര പേര്‍ അറിയുന്നുണ്ട്? പിഞ്ചുമനസ്സുകള്‍ സീരിയലിലൂടെയാണ് പുറംലോകത്തെക്കുറിച്ച് ആദ്യം പഠിക്കുന്നത്. ഇത് സത്യമല്ലായെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവ് അവര്‍ക്കില്ല. മറ്റെവിടെയോ ജീവിച്ചിരിക്കുന്ന ഒരു വീട്ടുകാരുടെ കഥ പകര്‍ത്തിക്കാണിക്കുന്നു എന്നുപോലും അവര്‍ വിശ്വസിക്കുന്നുണ്ട്. കൊടും ക്രൂരതയുടെയും കുടിലതയുടെയും ത്രസിപ്പിക്കുന്ന ആകാംക്ഷാ നിര്‍ഭരമായ ലോകമാണ് സത്യമെന്ന് അവനറിയാതെതന്നെ അവന്‍ പഠിക്കുന്നു. അങ്ങനെ വിഷം ചീറ്റുന്ന വിഷനുകള്‍ സമ്മാനിച്ച ടെലിവിഷന്‍ പരമ്പരകള്‍ നമ്മുടെ ചിന്തയെയും മനസ്സിനെയും ഏറ്റെടുക്കുന്നു. പിരിമുറുക്കമുള്ള ജീവിതങ്ങള്‍ സമ്മാനിക്കുന്നു. യാഥാര്‍ഥ്യവും പ്രതീക്ഷയും തമ്മിലുള്ള അകലമാണ് പിരിമുറക്കമുണ്ടാക്കുന്നത്. മനപ്രയാസത്തിന്റെ കാരണവും വ്യത്യസ്തമല്ല. അന്യന്റെ മുന്നില്‍ ആളാകാനുള്ള അമിത ആഗ്രഹമാണ്, മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന ഏക ചിന്തയിലേക്ക് മലയാളിയെ എത്തിക്കുന്നത്. സ്ത്രീകള്‍ പൊതുവില്‍ പറഞ്ഞുകേള്‍ക്കുന്ന ഏറ്റവും വലിയ ആശങ്കയാണ് സമൂഹം എന്ത് പറയും എന്നത്. ഒന്നാം ക്ളാസുകാരന്റെ ഉയര്‍ന്ന മാര്‍ക്കും കൂടിയ സ്കൂള്‍ അഡ്മിഷനും വരെ ഈ വിചിത്രമായ അംഗീകാരം നേടിയെടുക്കാനുള്ള മാര്‍ഗങ്ങളാണ്. പുതിയ തലമുറയെ നന്നാക്കാന്‍ മലയാളി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അമ്മായിഅമ്മ- മരുമകള്‍ തര്‍ക്കം രൂക്ഷമാകുന്നതിന്റെ കണക്കുകളാണ് വനിതാ കമീഷന്‍ നല്‍കുന്നത്. 

മാറ്റം വരുമെന്ന് ഞാന്‍ കരുതുന്നില്ല. പ്രമേയത്തിലെങ്കിലും ജാഗ്രത വേണമെന്ന് പറഞ്ഞാല്‍, ഒന്നും ചെയ്യാന്‍ പറ്റില്ല ഇത് ബിസിനസ്സാണ് എന്നാകും മറുപടി. അതെ ബിസിനസ്സാണ്, തന്ത്രമാണ്. സ്വാര്‍ഥത എന്ന വികാരത്തെ ഒരു പ്രത്യേക രീതിയില്‍ ഉത്തേജിപ്പിച്ചുകൊണ്ട് താന്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടാന്‍ ചെയ്യേണ്ടതെല്ലാം ചെയ്ത് കൊണ്ടിരിക്കുന്നു. അംഗീകാരത്തിനായി വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇടമുറിയാതെ മനസ്സില്‍ ഇഴുകിച്ചേരുന്നു. കുട്ടികളെ പോലും ഒരുക്കി മോടിയുള്ള പ്രദര്‍ശന വസ്തുക്കളാക്കുന്നു. കടുത്ത ചായക്കൂട്ടുകളില്‍ മുങ്ങി സൌന്ദര്യം തിരയുന്നു. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേ ഇരിക്കും. കാരണം മലയാളിക്ക് നേരം പോകണമല്ലോ. നല്ല കലയും ചിരിയും സമാധാനവുമെല്ലാം ബോറടിപ്പിക്കുന്നു. അതിലൊന്നും ഒരു ദുരൂഹതയുമില്ല. ദുരൂഹമായ ഈ ജീവിതയാത്ര നമുക്ക് തുടരാം. സ്നേഹത്തിന്റെ കഥകള്‍ മറക്കാം. 15 വര്‍ഷം കഴിഞ്ഞ് വീണ്ടും ചര്‍ച്ച ചെയ്യാം, നല്ലതല്ലാതായ കാലത്തെക്കുറിച്ച്...

പ്രധാന വാർത്തകൾ
Top