ad
Deshabhimani

ആര്‍എസ്എസ് അസഹിഷ്ണുതയും ജനകീയ പ്രതിരോധവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 01, 2017, 05:47 PM | 0 min read

കഴിഞ്ഞയാഴ്ച ആര്‍എസ്എസിന് പങ്കുള്ള രണ്ട് സംഭവങ്ങള്‍ നടന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ ഇവര്‍ തുടരുന്ന ആക്രമണത്തിന്റെ ഭാഗമാണ് ഈ രണ്ട് സംഭവവും. ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജിലാണ് ആദ്യ സംഭവം. സഖാവ് പിണറായി വിജയന്‍ അഭിസംബോധനചെയ്ത മംഗളൂരുവിലെ വര്‍ഗീയവിരുദ്ധ റാലിയാണ് രണ്ടാമത്തേത്. ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യത്യാസം ഇരുസ്ഥലവും തമ്മിലുണ്ടെങ്കിലും ആര്‍എസ്എസിന്റെ വര്‍ഗീയാക്രമണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് കേന്ദ്രങ്ങളായി രണ്ടിടവും മാറി.

ആര്‍എസ്എസിന്റെ വിദ്യാര്‍ഥിവിഭാഗമായ എബിവിപിക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ കാര്യമായ സ്വാധീനമുണ്ട്.  ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന്‍ നിയന്ത്രണം എബിവിപിക്കാണ്.  എന്നിരുന്നാലും വിവിധ കോളേജുകളിലും സര്‍വകലാശാലാ ഡിപ്പാര്‍ട്മെന്റുകളിലും ബൌദ്ധികവും അക്കാദമീയവുമായ സംവാദങ്ങള്‍ നടക്കുക പതിവാണ്.  2014 മേയില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെയാണ് ഈ രീതിക്ക് മാറ്റം സംഭവിക്കാന്‍ തുടങ്ങിയത്. ഇതുപോലെ രാജ്യത്തെ മറ്റ് ക്യാമ്പസുകളിലും ജനാധിപത്യ-മതനിരപേക്ഷ അഭിപ്രായങ്ങളെ തേച്ചുമാച്ചുകളയാനുള്ള ആക്രമണോത്സുകമായ നീക്കമാണ് എബിവിപി നടത്തുന്നത്. എതിരാളികളെ അടിച്ചുവീഴ്ത്താനായി ഭ്രാന്തമായ തീവ്രദേശീയവാദത്തെ ഇവര്‍ ഉപയോഗിക്കുകയുംചെയ്യുന്നു.  രാംജാസ് കോളേജില്‍ ഇംഗ്ളീഷ് ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച സെമിനാറിനെയാണ് എബിവിപി എതിര്‍ത്തത്.  അവരുടെ എതിര്‍പ്പ് ജെഎന്‍യുവില്‍നിന്നുള്ള ഗവേഷണവിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ക്ഷണിച്ചതിനെതിരെയായിരുന്നു.

പ്രതിഷേധം ഉയര്‍ന്നതോടെ ഖാലിദിനോട് സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനുശേഷവും സെമിനാര്‍ദിവസം എബിവിപി വിദ്യാര്‍ഥികള്‍ കല്ലും മറ്റും ഉപയോഗിച്ച് സെമിനാര്‍ ഹാള്‍ ആക്രമിച്ചു. സെമിനാറിനെത്തിയ ചിലരെയും ഇവര്‍ ആക്രമിച്ചു. ആക്രമണത്തിന് ഇരയായവരില്‍ രാംജാസ് കോളേജിലെതന്നെ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടും.
ആക്രമണത്തില്‍ പ്രതിഷേധിച്ച് അടുത്തദിവസം ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ക്യാമ്പസില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ഇതിനായി ഒത്തുകൂടിയവരെ എബിവിപിക്കാര്‍ മര്‍ദിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയ അധ്യാപകര്‍ക്കും പ്രൊഫസര്‍മാര്‍ക്കും മര്‍ദനമേറ്റു.  ഒരു പ്രൊഫസറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു.

വലിയ സംഖ്യയില്‍ത്തന്നെ ഡല്‍ഹി പൊലീസ് സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും വെറും കാഴ്ചക്കാരായി. സംഭവത്തില്‍ ഇടപെടാന്‍ അവര്‍ കൂട്ടാക്കിയില്ല. പിന്നീട് അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്യാമ്പസിനടുത്തുള്ള പൊലീസ് സ്റ്റേഷനുമുമ്പില്‍ തടിച്ചുകൂടിയപ്പോള്‍ ഇവര്‍ക്കെതിരെ പൊലീസ് വന്‍ മര്‍ദനം അഴിച്ചുവിടുകയുംചെയ്തു. സെമിനാറിനെയും തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി പ്രതിഷേധത്തെയും എതിര്‍ക്കാന്‍കാരണം അവര്‍ പിന്തുണയ്ക്കുന്നത് ദേശവിരുദ്ധ ശക്തികളെയാണെന്ന പതിവ് വിശദീകരണമാണ് എബിവിപിയില്‍നിന്നുണ്ടായത്. നേരത്തെ ജെഎന്‍യുവിലെന്നപോലെ ഇവിടെയും ദേശവിരുദ്ധമുദ്രാവാക്യങ്ങളാണ്  പ്രതിഷേധിച്ച വിദ്യാര്‍ഥികളും ഉയര്‍ത്തിയതെന്നും അവര്‍ വിശദീകരിച്ചു.

എബിവിപിയുടെ ഗുണ്ടായിസവും അതിന് മൌനാനുവാദം നല്‍കിയ ഡല്‍ഹി പൊലീസിന്റെ(കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്) നടപടിയും വന്‍ ജനരോഷമാണ് ഉയര്‍ത്തിയത്. വ്യാപകമായിത്തന്നെ ഇക്കാര്യം അപലപിക്കപ്പെടുകയും ചെയ്തു. മറ്റൊരു കോളേജില്‍ പഠിക്കുന്ന ഇരുപതുകാരിയായ ഗുര്‍മെഹര്‍ കൌര്‍ എന്ന വിദ്യാര്‍ഥിനി പ്ളക്കാര്‍ഡുമായി നില്‍ക്കുന്ന സ്വന്തം ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ്ചെയ്തു. അതിലിങ്ങനെ എഴുതിയിരുന്നു: 'ഡല്‍ഹി സര്‍വകലാശാലയില്‍നിന്നുള്ള വിദ്യാര്‍ഥിയാണ് ഞാന്‍. എനിക്ക് എബിവിപിയെ ഭയമില്ല. ഞാന്‍ തനിച്ചല്ല. ഇന്ത്യയിലെ ഒരോ വിദ്യാര്‍ഥിയും എന്റെകൂടെയാണ്'. 'വിദ്യാര്‍ഥികള്‍ക്കെതിരെ എബിവിപി' എന്ന ഹാഷ്ടാഗും ഇതോടൊപ്പമുണ്ട്.

ഗുര്‍മെഹറിന്റെ ഈ പോസ്റ്റിന് വിദ്യാര്‍ഥികളില്‍നിന്ന് വന്‍ പ്രതികരണമാണ് ലഭിച്ചത്. അതോടൊപ്പം വിദ്വേഷ മെയിലുകളും ഗുര്‍മെഹറിന് ലഭിക്കാന്‍ തുടങ്ങി. ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ബലാത്സംഗം ചെയ്യുമെന്നുവരെ ഭീഷണി ഉയര്‍ന്നു. 1999ലെ കാര്‍ഗില്‍ യുദ്ധവേളയില്‍ കൊല്ലപ്പെട്ട സൈനിക ക്യാപ്റ്റന്റെ മകളാണ് ഗുര്‍മെഹര്‍.

ഇന്ത്യന്‍ സൈന്യത്തിലെ 'രക്തസാക്ഷികളെ' ആദരിക്കുന്നവരാണ് സംഘപരിവാര്‍ എന്നാണ് സങ്കല്‍പ്പം. മുസ്ളിങ്ങളെയും പാകിസ്ഥാനെയും വെറുക്കുന്നില്ലെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും  നേരത്തെ ഗുര്‍മെഹര്‍ അഭിപ്രായപ്രകടനം നടത്തിയതാണ് വിദ്വേഷപ്രചാരണത്തിന് കാരണമായത്. ഗുര്‍മെഹറിനെതിരെയുള്ള കുത്സിത പ്രചാരണം സംഘപരിവാറിന്റെ ദേശീയവാദത്തിന്റെ സ്വഭാവമെന്തെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. ഗുര്‍മെഹര്‍ ഇന്ന് ഒരു പ്രതീകമാണ്. ആര്‍എസ്എസിന്റെയും എബിവിപി പോലുള്ള സഹസംഘടനകളുടെയും മറ്റും വര്‍ഗീയ വിദ്വേഷ  ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാന്‍ തയ്യാറായ ധീരയായ യുവതിയാണ് അവര്‍. 

ക്യാമ്പസിലെ എബിവിപി നേതാക്കള്‍ കമ്യൂണിസ്റ്റുകാരെയും ദേശവിരുദ്ധരെയും ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. എല്ലാ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യപ്രസ്ഥാനങ്ങളുടെയും പിന്തുണയുള്ള വിദ്യാര്‍ഥികള്‍ എബിവിപി ഗുണ്ടായിസത്തിനെതിരെ സമരം തുടരാനും അഭിപ്രായപ്രകടനസ്വാതന്ത്യ്രം തിരിച്ചുപിടിക്കാനും തീരുമാനിച്ചിരിക്കുയാണ്. ഫെബ്രുവരി 28ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത വന്‍ പ്രതിഷേധറാലിയെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെ അഭിസംബോധനചെയ്യുകയുണ്ടായി. മാര്‍ച്ച് നാലിന് വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജനാധിപത്യവിശ്വാസികളും അണിനിരക്കുന്ന പ്രകടനവും ഡല്‍ഹിയില്‍ നടക്കും.

ഫെബ്രുവരി 25ന് മംഗളൂരുവില്‍ മതസൌഹാര്‍ദ റാലി നടന്നതാണ് മറ്റൊരു സംഭവം.  കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു റാലി ഉദ്ഘാടനംചെയ്യേണ്ടത്. ആര്‍എസ്എസും മറ്റിതര ഹിന്ദുത്വ തീവ്രവാദിസംഘടനകളും  പിണറായി വിജയനെ റാലി അഭിസംബോധനചെയ്യുന്നതില്‍നിന്ന് തടയുമെന്ന് പ്രഖ്യാപിച്ചു. റാലിദിവസം അവര്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തു. ഉള്ളാളിലെ പാര്‍ടി ഓഫീസ് ആക്രമിച്ചു. ഫര്‍ണിച്ചറുകള്‍ കത്തിച്ചു. ഈ ഭീഷണികളെല്ലാം ഉണ്ടായിട്ടും റാലി തടയാനായില്ല. റാലിയും യോഗവും നടന്നെന്നുമാത്രമല്ല പിണറായി വിജയന്‍തന്നെ പരിപാടി ഉദ്ഘാടനംചെയ്യുകയും ചെയ്തു.  ആര്‍എസ്എസ് ഗുണ്ടകളുടെ ഭീഷണിയെ വെല്ലുവിളിച്ച് വന്‍ ജനക്കൂട്ടമാണ് റാലിക്കെത്തിയത്. ആര്‍എസ്എസിന്റെ യഥാര്‍ഥ സ്വഭാവം തുറന്നുകാട്ടിയ പിണറായി വിജയന്റെ പ്രസംഗം ദേശീയശ്രദ്ധ പിടിച്ചുപറ്റി. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടെ യോജിച്ച് നേരിടുമെന്ന യഥാസമയത്തിലുള്ള സന്ദേശമാണ് മംഗളൂരു റാലി നല്‍കുന്നത്. ആര്‍എസ്എസിന്റെ ഭിന്നിപ്പിക്കല്‍ അജന്‍ഡയ്ക്കെതിരെ പ്രതിരോധം കെട്ടിപ്പടുക്കുന്നതിന് സിപിഐ എം സംഘടിപ്പിച്ച മംഗളൂരു റാലി വഴികാട്ടും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home