21 January Monday

ആധാര്‍ : സുപ്രീം കോടതി ഉടന്‍ വിധിപറയണം

പ്രകാശ് കാരാട്ട്Updated: Thursday Jan 11, 2018

ജനുവരി നാലിന് പുറത്തിറങ്ങിയ ട്രിബ്യൂണ്‍ ദിനപത്രം വലിയ ഒരു വെളിപ്പെടുത്തലാണ് നടത്തിയത്. വെറും 500 രൂപയ്ക്ക് 100 കോടി പേരുടെ ആധാര്‍ വിവരങ്ങള്‍ ഒരു റിപ്പോര്‍ട്ടര്‍ക്ക് ലഭിച്ചതിനെക്കുറിച്ചായിരുന്നു ഈ വാര്‍ത്ത. പേ ടിം വഴി റിപ്പോര്‍ട്ടര്‍ 500 രൂപ അടച്ചപ്പോള്‍ ലോഗിന്‍ ഐഡിയും പാസ്വേര്‍ഡുമായി ഒരു ഗേറ്റ്വേ തുറക്കപ്പെടുകയും യുനീക്ക് ഐഡന്റിഫിക്കേഷന്‍ ആതോറിറ്റി ഓഫ് ഇന്ത്യയില്‍(യുഐഡിഎഐ) രജിസ്റ്റര്‍ ചെയ്തവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും മറ്റും എളുപ്പത്തില്‍ ലഭ്യമാകുകയും ചെയ്തത്രെ. ആധാര്‍ വിവരങ്ങളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുകയില്ലെന്ന യുഐഡിഎഐയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ പൊളിക്കുന്നതാണ് സ്ഫോടനാത്മകമായ ഈ വെളിപ്പെടുത്തല്‍. 

തുടക്കംമുതല്‍ ആധാര്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ വീണ്ടും സജീവമായി ഇയര്‍ത്താന്‍ ഈ സംഭവം അവസരമൊരുക്കി.  പൌരന്മാരുടെ സ്വകാര്യത ലംഘിച്ചും അവരെ നിരീക്ഷിക്കാനുള്ള ആയുധമാക്കിയും ആധാര്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തിന് ഇപ്പോള്‍ ഒരു രാക്ഷസരൂപം കൈവന്നിരിക്കുയാണ്.

യുപിഎ സര്‍ക്കാരാണ് ആധാര്‍ പദ്ധതിക്ക് തുടക്കമിട്ടത്. ആ സമയത്തുതന്നെ സിപിഐ എം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. യുഐഡി സംവിധാനത്തിനായി സോഫ്റ്റ്വെയര്‍ ഡിസൈന്‍ ചെയ്യുന്നതിനായി രണ്ട് അമേരിക്കന്‍ കമ്പനികളെ ഏല്‍പ്പിച്ചതായിരുന്നു എതിര്‍പ്പിന് ഒരു കാരണം. ഈ കമ്പനികളുമായി ഒപ്പിട്ട കരാറനുസരിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ മുഴുവന്‍ പരിശോധിക്കാനുള്ള അധികാരം ഈ കമ്പനികള്‍ക്കുണ്ട്. ആധാര്‍ കാര്‍ഡ് എടുത്തവരുടെയെല്ലാം വിവരങ്ങള്‍ ഇപ്പോള്‍ത്തന്നെ ഈ കമ്പനികളുടെ കൈയിലെത്തിക്കഴിഞ്ഞെന്നര്‍ഥം. ഇവര്‍ക്കാകട്ടെ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുമായും അടുത്ത ബന്ധമുണ്ട്. 

വിവരങ്ങളുടെ ഈ വലിയ ശേഖരം സ്വകാര്യ വാണിജ്യതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുമെന്നതാണ് എതിര്‍പ്പിനുള്ള മറ്റൊരു കാരണം.  നിരവധി വെബ്സൈറ്റുകളില്‍ ആധാര്‍ വിരങ്ങള്‍  പ്രത്യക്ഷപ്പെടുന്നതായി നിലവില്‍ത്തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.  ആധാര്‍ സുരക്ഷയെ എത്ര എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമെന്ന് ട്രിബ്യൂണിന്റെ അന്വേഷണംതന്നെ ബോധ്യപ്പെടുത്തുന്നു.

ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗംചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വിവരം കഴിഞ്ഞമാസം പുറത്തുവരികയുണ്ടായി.  ആധാര്‍ നമ്പറുമായി മൊബൈല്‍ ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എയര്‍ടെല്‍ ഫോണ്‍ നെറ്റ്വര്‍ക്കിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ അധികാരം ദുരുപയോഗപ്പെടുത്തി എയര്‍ടെല്‍ ഫോണ്‍ നെറ്റ്വര്‍ക്ക,് എയര്‍ടെല്‍ പെയ്മെന്റ് ബാങ്കില്‍ അക്കൌണ്ട് തുറക്കാനുപയോഗിച്ചു. ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ നടപടി. സബ്സിഡി നേരിട്ട് നല്‍കുന്ന പദ്ധതിയനുസരിച്ച് ഉപയോക്താക്കളുടെ ബാങ്ക് അക്കൌണ്ടുകളിലേക്കാണല്ലോ സബ്സിഡി നല്‍കുന്നത്. നിലവിലുള്ള നിയമമനുസരിച്ച് എല്‍പിജി സിലിണ്ടറുകള്‍ക്കും മറ്റും നല്‍കുന്ന സബ്സിഡി ഉപയോക്താവ് അവസാനം തുറന്ന ബാങ്ക് അക്കൌണ്ടുകളിലേക്കാണ് നല്‍കുക.

സബ്സിഡിയായി ഉപയോക്താക്കള്‍ക്ക് ലഭിക്കേണ്ട 190 കോടി രൂപയാണ് ഇതനുസരിച്ച് എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് സമാഹരിച്ചത്. സാധാരണ ലഭിക്കുന്ന ബാങ്ക് അക്കൌണ്ടില്‍ സബ്സിഡി തുക ലഭിക്കാതായപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഈ ദുരുപയോഗം വെളിപ്പെട്ടത്. എയര്‍ടെല്‍ പെയ്മെന്റ് ബാങ്കുമായുള്ള ബന്ധം വിച്ഛേദിച്ച യുഐഡിഎഐ അവര്‍ക്ക് രണ്ടര ക്കോടി രൂപ പിഴയും ഇട്ടു. എന്നാല്‍, ഈ വെട്ടിപ്പ് ക്രിമിനല്‍കുറ്റമായി കണ്ടുള്ള നടപടിയൊന്നും ഉണ്ടായിട്ടില്ല.

റേഷനും മറ്റ് സാമൂഹ്യക്ഷേമ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ സിപിഐ എം ശക്തമായി എതിര്‍ക്കുകയാണ്.  രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ റേഷന് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതിനാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെട്ടിരിക്കുയാണ്. റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനില്‍ വിരലടയാളം തിരിച്ചറിയുന്ന സംവിധാനം പ്രവര്‍ത്തിക്കാത്തതാണ് ഇതിന് കാരണം.  റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനാകാത്ത നിരവധി കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ജാര്‍ഖണ്ഡിലെ പതിനൊന്നുകാരി സന്തോഷ്കുമാരിയടക്കമുള്ളവര്‍ പട്ടിണികിടന്ന് മരിച്ചുവെന്നതാണ് ഇതിന്റെ ദുരന്തഫലം. ഇതുപോലെയുള്ള ദാരുണമരണങ്ങള്‍ ഉത്തര്‍പ്രദേശില്‍നിന്നും മറ്റും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുമുണ്ട്്്. പൊതുവിതരണസംവിധാനത്തെ ആധാറുമായി ബന്ധിപ്പിച്ചത് രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ഭക്ഷ്യസുരക്ഷയെത്തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ജീവിതതിന്റെ എല്ലാ മേഖലകളെയും ജനന-മരണ രജിസ്ട്രേഷന്‍പോലും ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നത്. ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ പൌരന്മാരല്ലാതാകുന്ന കാലമാണ് വരുന്നത്.

ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കണമെങ്കില്‍ പോലും ആധാര്‍ തിരിച്ചറിയല്‍ വേണമെന്ന് ശഠിക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.  ഹരിയാനയില്‍നിന്ന് സമാനമായ ഒരു സംഭവം അടുത്തയിടെ റിപ്പോര്‍ട്ട് ചെയ്തു.  ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തതിനാല്‍ ഒരു സ്ത്രീക്ക് ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നാണ് ആ വാര്‍ത്ത. 

ജനങ്ങളെ അടിച്ചമര്‍ത്താന്‍ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ  കൈവശമുള്ള മറ്റൊരു ഉപകരണമായി ആധാര്‍ മാറുകയാണിന്ന്.  പൌരന്മാരുടെ മൌലികാവകാശങ്ങളും സ്വകാര്യതയും ലംഘിച്ചുപോലും അവരെ നിരീക്ഷിക്കാനും സര്‍ക്കാരിന് ഈ ഉപകരണം വഴി സാധ്യമാകുന്നു. സര്‍ക്കാരിന്റെയും യുഐഡിഎഐയുടെയും  അപകടകരമായ ഈ സമീപനം വെളിപ്പെടുത്തുന്നതാണ് ട്രിബ്യൂണ്‍ ദിനപത്രത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ കേസെടുത്ത നടപടി.  ആധാറിന്റെ സുരക്ഷയെ ലംഘിച്ചുവെന്നാരോപിച്ചാണ് കേസ്.  ആധാര്‍ സംവിധാനം വികലവും പിഴവുള്ളതുമാണെന്നും സമ്മതിക്കുന്നതിന് പകരം സര്‍ക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ വെടിവെച്ചിടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അതുവഴി പത്രസ്വാതന്ത്യ്രത്തെ കടന്നാക്രമിക്കുകയുമാണ്. ഈ ദുര്‍ഘട പ്രതിസന്ധി മറികടക്കാനുള്ള ഏകമാര്‍ഗം എല്ലാ അടിസ്ഥാന സര്‍വീസിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത് അവസാനിപ്പികുക മാത്രമാണ്. എല്ലാ ബാങ്ക് അക്കൌണ്ടുകളും മൊബൈല്‍ ഫോണുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം. 

കഴിഞ്ഞ നാലുവര്‍ഷമായി ആധാറിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ തീരുമാനമാകാതെ കിടക്കുകയാണ്. സുപ്രധാനമായ ഈ വിഷയം അടിയന്തരമായി കണ്ട് പരിഗണിക്കുന്നതില്‍ കോടതി ഒരു താല്‍പ്പര്യവും കാട്ടിയതുമില്ല. ഇത് അവസരമാക്കി  കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമായ, സമഗ്രാധിപത്യസംവിധാനമായി മാറ്റുകയുംചെയ്തു. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചാണ് ഇപ്പോള്‍ ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജനങ്ങളെ ഏറെ ബാധിക്കുന്ന അവരുടെ ജനാധിപത്യ അവകാശങ്ങളുമായി ബന്ധപ്പെട്ട ഈ ഹര്‍ജികള്‍ എത്രയുംപെട്ടെന്ന് പരിഗണിച്ച് വിധിന്യായം പുറപ്പെടുവിക്കാന്‍ കോടതി തയ്യാറാകണം

പ്രധാന വാർത്തകൾ
Top