20 January Sunday

കോണ്‍ഗ്രസ് പാതയില്‍ ബിജെപി

പ്രകാശ് കാരാട്ട്Updated: Thursday Sep 28, 2017

ത്രിപുരയിലെ മണ്ഡായിലുള്ള യുവ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു ഭൌമിക്കിനെ മൃഗീയമായി കൊലപ്പെടുത്തിയത് ത്രിപുരയിലെ മാത്രമല്ല രാജ്യത്താകെയുള്ള ജനങ്ങളെ ഞെട്ടിപ്പിച്ച സംഭവമാണ്. സംസ്ഥാനത്തെ അസ്ഥിരീകരിക്കാനും വംശീയ ജനാധിപത്യത്തെ തകര്‍ക്കാനും ലക്ഷ്യമിട്ട് നടന്ന വന്‍ ഗൂഢാലോചനയുടെ ഇരയാകുകയായിരുന്നു പ്രാദേശിക ടിവി ചാനല്‍ റിപ്പോര്‍ട്ടറായ ഇരുപത്തെട്ടുകാരനായ ശന്തനു.

അഗര്‍ത്തലയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മണ്ഡായ് ടൌണിന്റെ അതിര്‍ത്തിയില്‍ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി)ക്കാര്‍ നടത്തിയ റോഡ്ഉപരോധസമരത്തിന്റെ ഭാഗമായുള്ള  അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു ശന്തനു.  ഐപിഎഫ്ടി ഗുണ്ടകള്‍ ശന്തനുവിനെ പിടികൂടി ഭീകരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമപ്രവര്‍ത്തനങ്ങള്‍ 'ദിന്‍ രാത്ത'് എന്ന ടെലിവിഷനുവേണ്ടി കവര്‍ചെയ്യാന്‍ തയ്യാറായതാണ് ശന്തനുവിനെ മര്‍ദിച്ചുകൊല്ലാന്‍ കാരണമായത്. 

തീവ്രവാദസംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ(എന്‍എല്‍എഫ്ടി) രാഷ്ട്രീയസംഘടനയെന്ന നിലയിലാണ് ഐപിഎഫ്ടി എന്ന ഗോത്രസംഘടന പ്രവര്‍ത്തിക്കുന്നത്. ബംഗ്ളാദേശ് ആസ്ഥാനമാക്കി ത്രിപുരയിലെങ്ങും ഭീകരാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയാണ് എന്‍എല്‍എഫ്ടി. എന്നാല്‍, 2000ത്തോടെ ത്രിപുര സര്‍ക്കാരും പൊലീസും ചേര്‍ന്ന് എന്‍എല്‍എഫ്ടിയുടെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ അവരുടെ പ്രഹരശേഷി കുറഞ്ഞു. ഒരു സ്വതന്ത്ര ത്രിപുര സംസ്ഥാനംവേണമെന്ന ആവശ്യമാണ് എന്‍എല്‍എഫ്ടിയും ഐപിഎഫ്ടിയും ഉന്നയിച്ചിരുന്നത്.  എന്നാല്‍, പിന്നീട് ഐപിഎഫ്ടി 'ത്വിപ്രലാന്‍ഡ'് എന്ന ആവശ്യം മുന്നോട്ടുവച്ചു. 

ഇടതുപക്ഷത്തിനെതിരെ പൊരുതാന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ കോണ്‍ഗ്രസ് ഐപിഎഫ്ടിയുമായി സഖ്യം സ്ഥാപിച്ചിരുന്നു. അതിനിടെ ഐപിഎഫ്ടി പിളരുകയും ഐഎന്‍പിടി എന്നപേരില്‍ മറ്റൊരു പാര്‍ടി രൂപീകരിക്കുകയുംചെയ്തു. 2013ല്‍ നടന്ന അവസാനത്തെ നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് ഐഎന്‍പിടിയുമായി സഖ്യത്തിലാണ് ഇടതുപക്ഷമുന്നണിയെ നേരിട്ടത്. 
തീവ്രവാദകക്ഷികളുമായി അവസരവാദസഖ്യത്തില്‍ ഏര്‍പ്പെടുന്ന കോണ്‍ഗ്രസ് സമീപനത്തെ ത്രിപുരയിലെ ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ച്ചയായി എതിര്‍ത്തിരുന്നു. ത്രിപുരയുടെ ഐക്യത്തിനും ഗോത്ര-ഗോത്രേതര ജനവിഭാഗങ്ങളുമായുള്ള ഐക്യത്തിനും ഇത് ഹാനികരമായിരിക്കുമെന്നും ഇടതുമുന്നണി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 

ഗോത്ര-ഗോത്രേതര ജനവിഭാഗങ്ങളുടെ ഐക്യം കാത്തുസുക്ഷിക്കുന്നതോടൊപ്പം തീവ്രവാദസംഘടനകളെ എതിര്‍ത്തും സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കുകയെന്ന തത്വാധിഷ്ഠിതവും ശക്തവുമായ നിലപാടാണ് ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് ദശാബ്ദമായി സ്വീകരിച്ചുവരുന്നത്. സൈനിക പ്രത്യേകാധികാര നിയമം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ത്രിപുരയില്‍ 2015ല്‍ പിന്‍വലിക്കുകയുംചെയ്തു.  വംശീയപ്രശ്നം ജനാധിപത്യപരമായി പരിഹരിക്കുന്നതിന് ത്രിപുര മാതൃക കാട്ടി. ഗോത്രജനതയ്ക്ക് സ്വയംഭരണം നല്‍കിയും ഗോത്രസ്വയംഭരണ ജില്ലാ കൌണ്‍സിലുകള്‍ സ്ഥാപിച്ചുമായിരുന്നു ഇത് സാധ്യമാക്കിയത്. സംസ്ഥാനത്തെ മൂന്നില്‍രണ്ട് ഭാഗവും ഇവരുടെ ഭരണത്തിന്‍കീഴിലായി.

സാമുദായിക വംശീയസൌഹൃദം നിലനിര്‍ത്തിയും മെച്ചപ്പെട്ട ഭരണം കാഴ്ചവച്ചുമാണ് 1993മുതല്‍ ഇടതുപക്ഷമുന്നണിഭരണം സംസ്ഥാനത്ത് സാധ്യമാക്കിയത്.  വിഭജനവാദം ഉയര്‍ത്തിയ ഗോത്രവിഭാഗവുമായി സഖ്യം സ്ഥാപിക്കുകയെന്ന കോണ്‍ഗ്രസിന്റെ അവസരവാദത്തെ ത്രിപുരയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. 

എന്നാലിപ്പോള്‍ ത്രിപുരയിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ വലിയ മാറ്റം ഉണ്ടായിരിക്കുന്നു. സംസ്ഥാനത്ത് ഒരു സ്വാധീനവും ഇല്ലാത്ത ബിജെപി ഇപ്പോള്‍ പ്രധാന പ്രതിപക്ഷമായി മാറിയിരിക്കുന്നു. 2014 മെയ്മാസം നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും 2016 മേയില്‍ അസം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി സഖ്യം വിജയിച്ചതോടെ ത്രിപുരയിലേക്ക് കടന്നുകയറാന്‍ അവര്‍ കാര്യമായി ശ്രമിക്കുകയാണ്.  കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് കൂറുമാറി.  60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് പത്ത് എംഎല്‍എമാരുണ്ടായിരുന്നു.  ഇതില്‍ ആറുപേര്‍ കുറച്ചുകാലം തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന ശേഷം ബിജെപിയിലേക്ക് കൂറുമാറി.  ഏഴാമത്തെ കോണ്‍ഗ്രസ് എംഎല്‍എ ആ സ്ഥാനം രാജിവച്ച് ബിജെപിയിലേക്ക് പോയി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ജയിക്കാത്ത ബിജെപി ഇങ്ങനെയാണ് പ്രധാന പ്രതിപക്ഷമായത്.

ആര്‍എസ്എസാകട്ടെ അവരുടെ പ്രധാന കേഡര്‍മാരില്‍ ചിലരെ ബിജെപി കെട്ടിപ്പടുക്കാനായി ത്രിപുരയിലേക്ക് അയച്ചിരിക്കുകയാണ്. ബിജെപിയുടെ പ്രതിഛായ വര്‍ധിപ്പിക്കാനായി വന്‍ തോതില്‍ പണവും ഒഴുക്കുന്നുണ്ട്. എങ്കിലും ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിനുമുമ്പില്‍ പല പ്രതിബന്ധങ്ങളും ഉണ്ട്. മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍നിന്നും മറ്റ് ബൂര്‍ഷ്വാപാര്‍ടികളില്‍നിന്നും കാലുമാറ്റം നടത്തി ആളെക്കൂട്ടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സിബിഐയെക്കൊണ്ട് അന്വേഷിക്കുമെന്ന ഭീഷണിയും പല രാഷ്ട്രീയക്കാരെയും ബിജെപിക്ക് വഴങ്ങുന്നവരാക്കി. എന്നാല്‍, പണവും കാലുമാറ്റവും കൊണ്ട് ത്രിപുരയിലെ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും അടിത്തറയിളക്കാന്‍ ബിജെപിക്കായില്ല. മാത്രമല്ല, മണിക് സര്‍ക്കാരിനെതിരെ അഴിമതി ആരോപണമുന്നയിക്കാനും അവര്‍ക്കായില്ല.

ഈ തടസ്സം മുറിച്ചുകടക്കാന്‍ രണ്ട് വഴികളാണ് ബിജെപി ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. സത്യസന്ധനായ മുഖ്യമന്ത്രിയെന്ന മണിക് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുക ലക്ഷ്യമാക്കി കള്ളപ്രചാരവേല നടത്തുകയെന്നതാണ് ഒന്നാമത്തെ വഴി.  സാമൂഹ്യസേവനങ്ങളിലും പദ്ധതിനടത്തിപ്പിലും ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാരിന് മെച്ചപ്പെട്ട റെക്കോഡാണുള്ളത്. എന്നാല്‍,സംസ്ഥാനത്തെ പട്ടിണിപ്പാവങ്ങള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തടസ്സപ്പെടുത്തുകയാണിപ്പോള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രം കുത്തനെ കുറച്ചു.  അവസാന ധനകാര്യവര്‍ഷത്തില്‍ ത്രിപുര സര്‍ക്കാര്‍ 95 തൊഴില്‍ദിനങ്ങള്‍ പ്രദാനംചെയ്തപ്പോള്‍ 42 തൊഴില്‍ദിനത്തിനുള്ള ഫണ്ട് മാത്രമാണ് ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.

ഗോത്രജനതയെയും ഗോത്രേതര ജനവിഭാഗങ്ങളെയും തമ്മിലടിപ്പിക്കുകയെന്നതാണ് ബിജെപിയുടെ മറ്റൊരു തന്ത്രം.  അക്രമാസക്തമായ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ ഐപിഎഫ്ടിയെയും മറ്റും ബിജെപി പ്രേരിപ്പിക്കുകയുംചെയ്യുന്നു.  ഐപിഎഫ്ടിയുമായും ഐഎന്‍പിടിയുമായും ബിജെപി ബന്ധംപുലര്‍ത്തുകയാണിപ്പോള്‍. സംസ്ഥാനത്തിന്റെ ജീവിതരേഖയായി അറിയപ്പെടുന്ന ദേശീയ പാത ജൂണില്‍ 11 ദിവസം ഐപിഎഫ്ടിക്കാര്‍ ഉപരോധിക്കുകയുണ്ടായി. ഇതിനുശേഷം സിപിഐ എം ഓഫീസുകള്‍ക്കു നേരെയും കേഡര്‍മാര്‍ക്കെതിരെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെയും തുടര്‍ച്ചയായ ആക്രമണങ്ങളും നടന്നു.

സെപ്തംബര്‍ 19ന് സിപിഐ എമ്മുമായി ബന്ധമുള്ള ചരിത്രത്തില്‍ ഇടംപിടിച്ച ഗണമുക്തി പരിഷത്ത് അഗര്‍ത്തലയില്‍ വന്‍ റാലി നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ റാലിയിലേക്കെത്തുന്ന ജനവിഭാഗങ്ങളെ തടയുന്നതിനായി ഐപിഎഫ്ടിക്കാര്‍ റോഡ് ഉപരോധിക്കുകയും അവര്‍ക്കെതിരെ ആക്രമം അഴിച്ചുവിടുകയുംചെയ്തു.  രണ്ടാമത്തെദിവസവും മാണ്ഡായ് ടൌണില്‍ ഐപിഎഫ്ടി സംഘം റോഡ് ഉപരോധിച്ചു. ഓഫീസുകളും സ്കൂളുകളും ബ്ളോക്ക് ഓഫീസുകളും അടച്ചിടണമെന്ന് ഭീഷണിമുഴക്കി.  ഇതിനിടയിലാണ് ആള്‍ക്കൂട്ടത്തിലെ ചിലര്‍ ശന്തനു ഭൌമിക്കിനെ ലക്ഷ്യമാക്കുകയും വധിക്കുകയുംചെയ്തത്.

ബിജെപി ഇളക്കിവിട്ട ഗോത്രവിഭാഗക്കാരുടെ വിവേകശൂന്യമായ രാജ്യാഭിമാനത്തിന്റെ രക്തസാക്ഷിയാണ് ഭൌമിക്.  അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ത്രിപുരയിലെ നിയമസഭാതെരഞ്ഞെടുപ്പ്.  കഴിഞ്ഞാഴ്ചയുണ്ടായ ആക്രമണങ്ങള്‍ വിരല്‍ചൂണ്ടുന്നത് ബിജെപിയും ആര്‍എസ്എസും തീവ്രവാദികളായ ഗോത്രസംഘടനകളും സാമുദായികസൌഹാര്‍ദവും വംശീയഐക്യവും തകര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്നാണ്. 
ഗോത്രജനവിഭാഗങ്ങള്‍ക്കിടയില്‍ സിപിഐ എമ്മിന് ശക്തമായ അടിത്തറയുണ്ട്.  ഇവര്‍ സിപിഐ എമ്മിനും ഇടതുപക്ഷമുന്നണിക്കുപിന്നിലും അണിചേരുന്നത് തടയുകയാണ് ആക്രമണത്തിന്റെയും ധ്രുവീകരണത്തിന്റെയും ലക്ഷ്യം.  ഈ വെല്ലുവിളി ഏറ്റെടുത്ത സിപിഐ എം ഹിന്ദുത്വശക്തികളെയും ഗോത്രതീവ്രവാദ സംഘടനകളെയും തുറന്നുകാട്ടുന്നതിനുള്ള വിശ്രമരഹിതമായ പ്രചാരണങ്ങളിലേര്‍പ്പെടുന്നുവെന്ന് മാത്രമല്ല  ജനങ്ങളെ സംഘടിപ്പിക്കുകയുംചെയ്യുകയാണിപ്പോള്‍ *

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top