21 November Wednesday

ബഹുരാഷ്ട്ര കമ്പനികളുടെ പീഡനത്തെ ചെറുത്ത്

വിജേഷ്‌ ചൂടൽUpdated: Tuesday Apr 24, 2018

ബഹുരാഷ്ട്ര കുത്തകകളുടെ പീഡനത്തെ ചെറുത്ത് ചെന്നൈയിൽ ഉജ്വലമായ തൊഴിലാളിമുന്നേറ്റവുമായി സിഐടിയു. 1995ലാണ് സബർബൻ ചെന്നൈയിൽ വ്യവസായ ഇടനാഴി പ്രഖ്യാപിച്ചത്. പിന്നീട് വൻതോതിൽ ഭൂമി ഏറ്റെടുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുറന്നു. 50 കിലോമീറ്ററോളം ദൈർഘ്യമുള്ള മേഖലയിൽ കൊറിയ, ജപ്പാൻ, തയ്വാൻ, ഇറ്റലി, ജർമനി, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഏകദേശം 15,000 സ്ഥിരം ജീവനക്കാരും ലക്ഷത്തോളം കരാർത്തൊഴിലാളികളും. ഭൂമി ഏറ്റെടുക്കാനും വൈദ്യുതി ലഭ്യമാക്കാനും മറ്റുമായി കരാർ ഒപ്പിട്ട തമിഴ്നാട് സർക്കാർ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഒന്നുംചെയ്തില്ല. ബഹുരാഷ്ട്ര കുത്തകക്കമ്പനികളിൽ കടുത്ത പീഡനം നേരിട്ട തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരോ അവരുടെ ട്രേഡ് യൂണിയനോ തയ്യാറായില്ല. ഈ ഘട്ടത്തിലാണ് സിഐടിയു തൊഴിലാളികളെ സംരക്ഷിക്കാൻ രംഗത്തെത്തിയതെന്ന് സിഐടിയു തമിഴ്നാട് സംസ്ഥാന സെക്രട്ടറി എസ് കണ്ണൻ പറഞ്ഞു. 

മിനിമംകൂലിപോലും നൽകാതെയും വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചും ബഹുരാഷ്ട്ര കമ്പനികൾ തൊഴിലാളികളുടെ ചെലവിൽ ലാഭംകൊയ്തു. പിഎഫും ഇഎസ്ഐയും ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങൾപോലും തൊഴിലാളികൾക്ക് മാനേജ്മെന്റ് നിഷേധിച്ചു. ട്രേഡ് യൂണിയൻ പ്രവർത്തനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഈ ഘട്ടത്തിലാണ് സിഐടിയു തൊഴിലാളികളെ സംഘടിപ്പിച്ചത്. രൂക്ഷമായ സമരങ്ങൾ അരങ്ങേറി. ഹ്യുണ്ടായ് കമ്പനിയിൽ 2008ലാണ് എച്ച്എംഐഇയു എന്ന പേരിൽ ആദ്യമായി സിഐടിയു യൂണിയൻ നിലവിൽവന്നത്. ഇവിടെ 2008 മുതൽ നാലുവട്ടമാണ് പണിമുടക്ക് നടന്നത്. മാനേജ്മെന്റിന്റെ കടുത്ത വെല്ലുവിളികളെ നേരിട്ടായിരുന്നു സമരം. 84 തൊഴിലാളികളെ പിരിച്ചുവിട്ടു. ഒടുവിൽ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായി. പിരിച്ചുവിട്ടവരിൽ ബഹുഭൂരിപക്ഷംപേരെയും തിരിച്ചെടുത്തു. തയ്വാനിൽനിന്നുള്ള ഫോക്സ്കോൺ കമ്പനിയിൽ 58 ദിവസം തൊഴിലാളികൾ പണിമുടക്കി. നിരവധിപേരെ പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെെയല്ലാം നേരിട്ട് സമരം വിജയിപ്പിച്ചു.

തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി നടത്തിയ പ്രക്ഷോഭം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. ബിഎംഡബ്ല്യു, ഫോർഡ്, ഹിന്ദുസ്ഥാൻ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളിലും യൂണിയൻ നിലവിൽവന്നു. ഇപ്പോൾ 48 കമ്പനികളിൽ സിഐടിയു യൂണിയനിലാണ് തൊഴിലാളികൾ അണിനിരന്നിട്ടുള്ളത്. ആയിരത്തോളം കമ്പനികളിൽ ഏകദേശം 95 ഇടത്തുമാത്രമേ ട്രേഡ് യൂണിയൻ പ്രവർത്തനമുള്ളൂ. സുപ്രധാന കമ്പനികളെല്ലാം ട്രേഡ് യൂണിയൻ പ്രവർത്തനം അംഗീകരിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. 25 കമ്പനികളിൽ യൂണിയനും മാനേജ്മെന്റും തമ്മിൽ വ്യക്തമായ ഉടമ്പടി ഒപ്പിട്ടു. മറ്റിടങ്ങളിൽ ചർച്ച നടന്നുവരികയാണ്. ലേബർ കോടതിയിൽ 150 കേസ് ഇപ്പോഴും യൂണിയൻ നടത്തുന്നുണ്ട്. ഐടി ജീവനക്കാരെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സിഐടിയു. ഏതു നിമിഷവും തൊഴിൽ നഷ്ടമാകുമെന്ന ഭീതിയിൽ കഴിയുന്ന കരാർത്തൊഴിലാളികളാണ് ബഹുഭൂരിപക്ഷം. ഇവരെ എങ്ങനെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി സംഘടിപ്പിക്കാമെന്ന ആലോചനയും നടത്തുന്നുണ്ട്.

ട്രേഡ് യൂണിയൻ രംഗത്തെ മുന്നേറ്റം സിപിഐ എമ്മിന്റെ വളർച്ചയ്ക്കും സഹായിച്ചിട്ടുണ്ടെന്ന് കണ്ണൻ പറഞ്ഞു. മേഖലയിൽ 21 ഇടത്ത് പാർടി ബ്രാഞ്ചുകൾ രൂപീകരിച്ചു. ചെങ്കൽപ്പേട്ട്, ശ്രീപെരുമ്പത്തൂർ, തിരുകൊറൂർ തുടങ്ങിയ മേഖലകളിൽ സംഘടനാപരമായി നല്ല മുന്നേറ്റത്തിന് സാധിച്ചു. പദയാത്രകൾ ഉൾപ്പെടെയുള്ള പ്രചാരണപ്രവർത്തനങ്ങൾ നടത്തി. നേരത്തെ ചെന്നൈയുടെ വടക്കൻ മേഖലകളിൽമാത്രമാണ് പാർടിക്ക് സ്വാധീനമുണ്ടായിരുന്നത്. ഇപ്പോഴത് തെക്കൻ മേഖലകളിലേക്കും സജീവമായി

പ്രധാന വാർത്തകൾ
Top