ad
Deshabhimani

പെരും നുണകളുടെ ഘോഷയാത്ര തന്നെ: നുണയരാരെന്ന് വ്യക്തമല്ലെങ്കിലും...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 23, 2017, 01:12 PM | 0 min read

കാര്യം എന്തെന്ന് പൂർണ്ണമായും മനസിലാക്കാതെതന്നെ അതിനോട് പ്രതികരിക്കുക എന്നത് മലയാളി നവ മദ്ധ്യവർഗ്ഗത്തിന്റെ ഒരു പൊതുസ്വഭാവമാണ്.ഫെയ്സ് ബുക്ക് ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങളിൽ അവർ ഒരു നിർണ്ണായക സാന്നിദ്ധ്യമാകുന്നതും സ്വാഭാവികം. പക്ഷേ ആ പ്രതികരണങ്ങളിൽ പലപ്പൊഴും പ്രതിഫലിക്കുക ഇഷ്യുവിന്റെ മെറിറ്റാവില്ല മറിച്ച് അതിലെ പക്ഷങ്ങളെ കുറിച്ചുള്ള പൊതുബോധമായിരിക്കും എന്ന് മാത്രം കുറച്ചുകൂടി ലളിതമായി പൊതുബോധം കുറ്റകരമെന്ന് കാണുന്ന ഏത് സംഭവമെടുത്താലും അതിൽ പ്രതിസ്ഥാനത്ത് മുസ്ലീം നാമധാരികളൊ, സി പി എം പ്രവർത്തകരോ ആണ് എങ്കിൽ നടന്നത് കുറ്റകൃത്യം തന്നെയാവും
എന്നതാണത്.

ഇതിൽ ‘കാര്യം‘ കോടതിയുമായി ബന്ധപ്പെട്ട് വിചാരണയിലൂടെ തെളിഞ്ഞ ഒരു കുറ്റകൃത്യമൊന്നും ആവണമെന്നുമില്ല, വെറും ആരോപണം മതി. അത് മേല്പറഞ്ഞ രണ്ട് വിഭാഗത്തിനെതിരേ ആണെങ്കിൽ പൊതുബോധത്തിന് തെളിവെടുപ്പും വിചാരണയുമൊന്നും ആവശ്യമേ ഇല്ല.ഇതിന് മറ്റൊരു ഉദാഹരണമാണ് സി പി എം സർക്കാർ കൊടും കുറ്റവാളികളെ മുഴുവൻ ദാ തുറന്നുവിട്ടു എന്ന പ്രചരണം. ഇതെന്താ ആദ്യമായി നടക്കുന്ന ഒന്നാണോ, നടന്നാൽ സകല കുറ്റവാളികളും പിറ്റേന്ന് പുറത്തിറങ്ങി നമ്മുടെ കൊങ്ങായ്ക്ക് പിടിക്കുമോ തുടങ്ങിയ സാമാന്യമായ സംശയങ്ങൾ പോലും ഇവിടെ ഉയരില്ല. അതാണ് പൊതുബോധം.

മാനദണ്ഢങ്ങൾ പാലിച്ചുകൊണ്ട് കുറ്റവാളികൾക്ക് ശിക്ഷ ഇളവ് ചെയ്തുകൊടുക്കുന്ന നടപടി ഇന്നലെ തുടങ്ങിയതല്ല. അതിന് ഒരു നൈതീക ഉള്ളടക്കം ഉണ്ട് താനും. പതിവായി നടന്നുവരുന്ന ഒരു നടപടിക്രമം എന്ന നിലയ്ക്ക് മുമ്പും ഇത് നടന്നിട്ടുണ്ട്. അന്നൊന്നും ഉണ്ടാകാത്ത പുകിലാണ് ഇന്ന്. എന്തിന്റെ അടിസ്ഥാനത്തിൽ? നോ ക്വെസ്റ്റ്യൻസ്. ചോദ്യം ചോദിക്കുന്നവർ ഭക്തരുടെ ക്യൂവിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കപ്പെടും. വിവരാവകാശപ്രകാരം പുറത്തുവന്ന രേഖ വിവരാവകാശനിയമപ്രകാരം പുറത്തുവന്ന ഒരു രേഖയാണിതിനാധാരം എന്ന് പറയുന്നു. എന്നാൽ അത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തയാർ ചെയ്ത കരട് രേഖയാണെന്ന മറുവാദവും കേൾക്കുന്നു. ഫെയ്സ് ബുക്കിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ ഒന്നിൽ സർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ പട്ടിക വെളിപ്പെടുത്താൻ നിർവാഹമില്ല എന്ന ഉദ്യോഗസ്ഥന്റെ മറുപടിയും കാണുന്നുണ്ട്.

എന്നാൽ ടി പി വധകേസിലെ പ്രതികളും അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അയാൾ സമ്മതിക്കുന്നുമുണ്ട്. സംഗതി വ്യാജമല്ലെങ്കിൽ പട്ടിക വെളിപ്പെടുത്താൻ നിർവാഹമില്ലെന്ന് പറഞ്ഞുകൊണ്ട് തന്നെ ലവനും ലെവനും ഒക്കെ ഉണ്ട് എന്ന് സ്ഥിതീകരിക്കുന്ന പ്രസ്തുത ഉദ്യോഗസ്ഥന്റെ നിലപാട് കുറ്റകരമായ ഒന്നാണ് എന്നത് തൽകാലം അവിടെ നിൽക്കട്ടെ. അപ്പോൾ ഈ പട്ടികയോ? വിദഗ്ധ സമിതിയുടെ സൂക്ഷപരിശോധനയും കഴിഞ്ഞ് കൃത്യമായ മാനദണ്ഢങ്ങൾ പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയ പട്ടികയാണ് അയച്ചത് എന്ന് സർക്കാരും ജയിൽ മേധാവിയും പറയുന്നു. അങ്ങനെയല്ല എന്ന് മിക്കവാറും മാദ്ധ്യമങ്ങളും. എന്നാൽ ഈ അനുമാനങ്ങൾക്ക് ആധാരമായ പട്ടിക ആരും പ്രസിദ്ധീകരിച്ച് കണ്ടുമില്ല. വേണ്ട. നടപടി ക്രമങ്ങൾ പാലിക്കാതെ ഇളവ് നേടിയത് ആർക്കൊക്കെയാണ് എന്ന് ഇവർ കൃത്യമായി പറയുന്നുമില്ല. ആകെ ടീ പി വധകേസിലെ പ്രതികളും നിസാമും, മണിച്ചനും ഒക്കെ പട്ടികയിൽ ഉണ്ട് എന്ന കൊട്ടക്കണക്ക് മാത്രം.

ശിക്ഷാ ഇളവിന് അർഹർ ആരൊക്കെയെന്ന കാര്യത്തിൽ സുപ്രിം കോടതിയുടെ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളുണ്ട് എന്നിരിക്കേ ഇങ്ങനെയൊരു പുകമറ എന്തിന്? ഇതിനെ നിയമപരമായി ചോദ്യം ചെയ്യാനാവില്ലേ? അതിന് പക്ഷേ ജഗപൊഗ പോര. കൃത്യമായ ഡാറ്റ വേണം. റിപ്പോർട്ടർ പ്രസിദ്ധീകരിച്ച ജയിൽ ഡി ജി പിയുടെ പത്രകുറിപ്പിൽ ശിക്ഷ ഇളവിൽ നിന്ന് ഒഴിവാക്കപ്പെട്ട കുറ്റകൃത്യങ്ങളെ എണ്ണമിട്ട് പറയുന്നുണ്ട്. ടി പി കൊലക്കേസിലെ പ്രതികൾ വാടക കൊലയാളികളൊ? ടി പി കൊലക്കേസിലെ പ്രതികൾ പട്ടികയിൽ പെട്ടു എന്നതാണല്ലോ പ്രസ്തുത പട്ടിക മാനദണ്ഢങ്ങൾ പാലിക്കാത്ത ഒന്നാണെന്ന വാദത്തിന്റെ മുഖ്യ ആസ്പദം. അപ്പോൾ അവർ ടി പിയെ പണം വാങ്ങി കൊലപ്പെടുത്തിയതാണോ? ടി പി കൊലക്കെസ് കത്തിനിന്ന കാലത്ത് കേട്ട വാദം കൊടി സുനി പാർട്ടിക്ക് വേണ്ടി മാത്രം ഗുണ്ടാപണിയെടുക്കുന്ന ഒരാളാണ് എന്നതായിരുന്നു. ഈ കൊടി തന്നെയും ചുമ്മാ ഒരു ഏച്ചുകെട്ടല്ലല്ലൊ.പ്രസ്തുത കൃത്യത്തിൽ പാർട്ടിക്ക് പങ്കുണ്ട് എന്ന് തെളിയിക്കുകയായിരുന്നു അന്ന് മുഖ്യ ആവശ്യം. അതുകൊണ്ട് കൊടിസുനി പാർട്ടിക്ക് വേണ്ടി മാത്രം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളായി. അത് സമ്മതിച്ചാൽ അയാൾ വാടക കൊലയാളിയാണെന്ന ഇപ്പൊഴത്തെ വാദം എങ്ങനെ ശരിയാകും? മുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഒഴിവാക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുന്ന ഒന്നല്ല കൊടി സുനിയും റ്റീമും ചെയ്തത് എന്ന് വ്യക്തം. അപ്പോൾ പിന്നെ നിയമത്തിന് മുമ്പിൽ അവർ മറ്റേത് കുറ്റവാളികളെയും പോലെ ഇളവ് അർഹിക്കുന്നവരല്ലേ? സിലക്ടീവായി മാത്രം ഞെട്ടുന്ന നമ്മുടെ പൊതുബോധത്തെ ഞെട്ടിച്ച ‘കൊടും കുറ്റവാളി‘ ആയതിനാൽ മാത്രം അയാൾക്ക് മറ്റ് കുറ്റവാളികൾക്ക് ലഭ്യമായത് പോലെയുള്ള ഒരു ആനുകൂല്യവും നൽകരുത് എന്ന് നമുക്ക് പറയാം. പക്ഷേ അത് കേട്ട് നിയമ വ്യവസ്ഥ പെരുമാറുമ്പോഴാണ് ‘പൊതുബോധത്തെ തൃപ്തിപ്പെടുത്തു‘ന്നതിനായുള്ള വധശിക്ഷകളൊക്കെ ഉണ്ടാകുന്നത് എന്ന് കൂടി ഓർക്കണം.

നാളെ ഇറങ്ങുകയല്ലെ ഒരു പത്ത് രണ്ടായിരം കുറ്റവാളികൾ ഈ പട്ടികയുടെ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന മറ്റൊരു തമാശയാണ് ഇതോടെ ദാ, പത്ത് രണ്ടായിരം കൊടും കുറ്റവാലികൾ ഉടൻ പൊതുസമൂഹത്തിന്റെ നെഞ്ചത്തോട്ട് ഇറങ്ങുകയായി എന്നത്. മുമ്പും പലവട്ടം പട്ടികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഇങ്ങനെ ഒരു തെറ്റിദ്ധാരണ പരന്നിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ശിക്ഷയിലെ ഇളവ് എന്നുവച്ചാൽ തുറന്നുവിടലല്ല. അതിനും കൃത്യമായ മാനദണ്ഢങ്ങളുണ്ട്. അതും റിപ്പോർട്ടർ പുറത്തുവിട്ട ജയിൽ ഡി ജി പിയുടെ പത്രകുറിപ്പിലുണ്ട്. എന്നിട്ടും ജൊയ് മാത്യുവിനെ പോലുള്ള സാംസ്കാരിക പ്രമുഖർ ( പുള്ളി വെറും നടനും, സംവിധായകനുമല്ലല്ലോ) പറയുന്നത് ഈ കുറ്റവാളികളെയൊക്കെ ഇങ്ങനെയങ്ങ് ഇറക്കിവിട്ടാൽ ഇവിടെ സ്ത്രീകളുടെ സുരക്ഷ എന്താവുമെന്നാണ്! ശിക്ഷയിൽ ഇളവ് എന്ന് പറഞ്ഞാൽ കുറ്റവിമുക്തിയും തുറന്ന് വിടലുമല്ല എന്ന് മനസിലാക്കാൻ പഴയ നക്സലൈറ്റും ജോൺ എബ്രഹാം സിനിമയിലെ ബുജിയും ഒന്നും ആവേണ്ട കാര്യമില്ല, പറയുന്ന കാര്യങ്ങളൊട് ഒരു മിനിമം സത്യസന്ധത ഉണ്ടായാൽ മതി. സെലിബ്രിട്ടികൾക്ക് അതിനൊക്കെ സമയം വേണ്ടേ എന്നാണെങ്കിൽ സമ്മതിച്ചു.

പക്ഷേ മേല്പറഞ്ഞ പത്രകുറിപ്പ് അതുപോലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടർ ഡി ജി പിയും സർക്കാരും പറയുന്നത് മുഴുവൻ പെരും നുണകളാണെന്ന നിഗമനത്തിൽ എങ്ങനെ എത്തി എന്ന് ആ റിപ്പോർട്ട് തിരിച്ചും മറിച്ചും വായിച്ചിട്ടും മനസിലാകുന്നില്ല. “ബലാത്സംഗം, ലൈഗികാതിക്രമങ്ങള്‍, മയക്കുമരുന്ന കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ തുടങ്ങി വിവിധ കുറ്റവാളികള്‍ ഈ വിടുതല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നുവെന്നാണ് പത്രം റിപ്പോര്ട്ട് ചെയ്തത്. ...“ എന്ന് റിപ്പോർട്ടർ ഒരു ദേശീയ പത്രത്തെ ഉദ്ദരിച്ച് പറഞ്ഞുവയ്ക്കുന്നു. എന്നാൽ ആരൊക്കെയാണവർ എന്ന് വിവരാവകാശപ്രകാരം മുഴുവൻ പട്ടിക ലഭിച്ചും പറയുന്നുമില്ല! ആകെ പറയുന്നത് ടി പി വധക്കേസാണ്. അതിന്റെ സാംഗത്യം മുകളിൽ ചർച്ച ചെയ്തിരുന്നല്ലോ. ആർക്കുവേണ്ടി തിളയ്ക്കുന്ന സാമ്പാർ? ഇത്ര കഷ്ടപ്പെട്ട് ഇങ്ങനെ ഒരു വിവാദം ഇപ്പോൾ കുത്തിപ്പൊക്കുന്നതിന്റെ പിന്നിൽ എന്താണ്? ടി പി വധകേസിലെ പ്രതികൾക്ക് ഇനിയും ഒരു പതിറ്റാണ്ട് കഴിഞ്ഞ് ആയാലും ഒരു വർഷത്തെ ഇളവ് പോലും ലഭിക്കരുത് എന്ന ചന്ദ്രശേഖരൻ എന്ന നേതാവിനോടുള്ള ഒടുങ്ങാത്ത പ്രതിബദ്ധതയാണോ? അങ്ങനെ ഒരു തെറ്റിദ്ധാരണ അദ്ദേഹത്തിന്റെ വിധവയായ രമയ്ക്കോ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ടായ അർ എം പിക്കൊ പോലും ഉണ്ടാകുമെന്ന് തൊന്നുന്നില്ല.

ചന്ദ്രശേഖരൻ സി പി എമിൽ പ്രവർത്തിച്ച കാലത്താണ് രാഷ്ട്രീയ വൈരികൾ അദ്ദേഹത്തെ നിഗ്രഹിച്ചതെങ്കിൽ ഈ മാദ്ധ്യമ പൂജയോ, വെട്ടുകവിതാഞ്ജലിയോ ഒന്നും ഉണ്ടാകുമായിരുന്നില്ല എന്നതും വ്യക്തം. അപ്പോൾ ആ അടുപ്പിലൊന്നുമല്ല സംഗതി തിളയ്ക്കുന്നത്. സി പി എം അധികാരത്തിൽ വന്നതോടെ മുമ്പെങ്ങുമില്ലാത്തവണ്ണം അന്നുവരെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിരുന്ന പൊലീസ് കുത്തഴിഞ്ഞുപോയി എന്ന വാദത്തിന് ഒരു പ്രത്യേക മൈലേജ് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ആ പശ്ചാത്തലത്തിൽ തന്നെയാണ് ഈ പൊങ്കാലയും നടക്കുന്നത്. പൊലീസിന്റെ പ്രവർത്തനത്തിൽ വീഴ്ചകളുണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷേ അതിന്മേൽ മുമ്പില്ലാത്ത ഒരു ഊന്നലും അതുവഴിയുള്ള ചില അജണ്ടകളുടെ ഒളിച്ചുകടത്തലും ഉണ്ടെന്നതും അതുപോലെ തന്നെ ഒരു വസ്തുതയാണ് താനും. പെരും നുണകളുടെ ഘോഷയാത്ര തന്നെയാണ് ഇപ്പോൾ നടക്കുന്നത്. പക്ഷേ ആരുപറയുന്നതാണ് നുണ എന്ന് അറിയാൻ ആദ്യം പറഞ്ഞ മുൻ വിധികളുടെ നിർമ്മിത പൊതുബോധത്തിൽ പെടാൻ വിസമ്മതിക്കുന്നവർക്കെങ്കിലും കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും എന്ന് മാത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home