22 May Tuesday

അക്ഷരവെളിച്ചംനല്‍കിയ ഗ്രന്ഥശാലാപ്രസ്ഥാനം

അഡ്വ. പി അപ്പുക്കുട്ടന്‍Updated: Monday Jun 19, 2017

വായിച്ചുവളരുക എന്ന സന്ദേശമാണ് ഗ്രന്ഥശാലാസംഘം കേരളീയസമൂഹത്തിന് നല്‍കിയത്. വായനയെ ജനകീയമാക്കി ഒരു ജനതയെ അക്ഷരവെളിച്ചംനല്‍കി മുന്നോട്ട് നയിച്ച പ്രസ്ഥാനമാണ് ഗ്രന്ഥശാലാസംഘം. സമ്പൂര്‍ണസാക്ഷരതയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തില്‍ ഈ പ്രസ്ഥാനംനല്‍കിയ സേവനത്തെ മുന്‍നിര്‍ത്തിയാണ് ക്രൂപ്സ്ക്കായ അവാര്‍ഡുപോലുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ഗ്രന്ഥശാലാസംഘത്തെ തേടിയെത്തിയത്.

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നവോത്ഥാനപൂര്‍വ കേരളത്തെ മനുഷ്യാലയമാക്കിമാറ്റുന്നതില്‍ കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനവും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. തിന്മകള്‍ക്കെതിരായ പോരാട്ടത്തിന് സമൂഹത്തെ സജ്ജമാക്കിക്കൊണ്ടിരുന്ന ഗ്രന്ഥശാലകളെ ഏകീകരിക്കുന്നതിനുള്ള ആദ്യശ്രമങ്ങള്‍ നടന്നത് മലബാറിലായിരുന്നു. 1937ല്‍ കെ ദാമോദരന്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച മലബാര്‍ ഗ്രന്ഥാലയ സംഘം 1943ല്‍ കേരള ഗ്രന്ഥശാലാസംഘമായി മാറാന്‍ തീരുമാനിച്ചെങ്കിലും കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ല. 1945ല്‍ പി എന്‍ പണിക്കര്‍ മുന്‍കൈയടുത്ത് രൂപീകരിച്ച അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘമാണ് ചരിത്രവശാല്‍ കേരള ഗ്രന്ഥശാലാസംഘമായി പിന്നീട് മാറിയത്. ഒരു സമൂഹത്തിന്റെ വായനാതൃഷ്ണയെ ഊതിയുണര്‍ത്തുക എന്ന ശ്രമകരമായ യജ്ഞമാണ് പി എന്‍ പണിക്കരുടെ നേതൃത്വത്തില്‍ കേരള ഗ്രന്ഥശാലാസംഘം ഏറ്റെടുത്തത്. അതിന്റെ ഭാഗമായാണ് 'വായിച്ചുവളരുക' എന്ന സന്ദേശം കേരളത്തിന്റെമുമ്പില്‍ അവതരിപ്പിച്ചത്. പീന്നിടൊരു ഘട്ടത്തില്‍ 'വിജ്ഞാനം വികസനത്തിന്' എന്നതായി മുദ്രാവാക്യം. ഇതിനിടയില്‍ അനന്യമായ ഒരു സാംസ്കാരിക കൂട്ടായ്മയായി ഗ്രന്ഥശാലാപ്രസ്ഥാനം വളരുകയായിരുന്നു. 47 ഗ്രന്ഥാലയങ്ങളുമായി 1945ല്‍ ആരംഭിച്ച ഈ പ്രസ്ഥാനത്തില്‍ ഇന്ന് 8200 ഗ്രന്ഥശാലകള്‍ ഉണ്ട്. വിവിധ ഘട്ടങ്ങളില്‍ ഈ പ്രസ്ഥാനത്തിന് നേതൃത്വംനല്‍കിയ മഹാന്മാരുടെ സ്മരണ വായനപക്ഷത്തില്‍ നമ്മെ കര്‍മനിരതരാക്കും. മലബാര്‍ വായനശാലാസംഘത്തെ നയിച്ച കെ ദാമോദരന്‍, കെ കേളപ്പന്‍, മധുരവനം കൃഷ്ണക്കുറുപ്പ്..... കേരള ഗ്രന്ഥശാലാസംഘത്തിന്റെ നേതാക്കളായി പ്രവര്‍ത്തിച്ച പനമ്പിള്ളി ഗോവിന്ദമേനോന്‍, ആര്‍ ശങ്കര്‍, പി ടി ഭാസ്കരപ്പണിക്കര്‍, തായാട്ട് ശങ്കരന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, എസ് ഗുപ്തന്‍നായര്‍, പി ഗോവിന്ദപ്പിള്ള, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവരെയെല്ലാം നാം സ്മരിക്കണം. ഇന്നുനിലവിലുള്ള ഗ്രന്ഥശാലാനിയമത്തിന് രൂപംനല്‍കിയ 1987ലെ നായനാര്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസമന്ത്രി കെ ചന്ദ്രശേഖരന്റെ സേവനങ്ങളും പ്രത്യേകം ഓര്‍മിക്കേണ്ടതാണ്.

ജൂണ്‍ 19 (പി എന്‍ പണിക്കര്‍ ചരമദിനം)മുതല്‍ ജൂലൈ 7 (ഐ വി ദാസ് ജന്മദിനം)വരെയുള്ള 19 ദിനങ്ങള്‍ വായനപക്ഷമായി കേരളത്തില്‍ ആചരിക്കുകയാണ്. ജൂണ്‍ 19ന് വായനദിനവും അന്നുമുതല്‍ ഒരാഴ്ചക്കാലം വായനവാരവുമായാണ് കഴിഞ്ഞവര്‍ഷംവരെ കൊണ്ടാടിയിരുന്നത്. കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പും ലൈബ്രറി കൌണ്‍സിലും പി എന്‍ പണിക്കര്‍ ഫൌണ്ടേഷനും ചേര്‍ന്നാണ് ഇതുസംബന്ധിച്ച പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വായനപക്ഷത്തില്‍ സ്കൂളുകളിലും ഗ്രന്ഥശാലകളിലും വിവിധങ്ങളായ പരിപാടികളാണ് വിഭാവനംചെയ്യുന്നത്. വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികള്‍തന്നെയാണ് പ്രധാനം. സ്കൂളുകളിലെ ലൈബ്രറികളെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നനിലയില്‍ സജ്ജമാക്കാന്‍ ഈ ദിനങ്ങള്‍ പ്രയോജനപ്പെടുത്തണം. പ്രധാനപ്പെട്ട പുസ്തകങ്ങളോ അതിലെ പ്രധാനഭാഗങ്ങളോ വായിക്കുന്നതിന് അവസരമുണ്ടാക്കേണ്ടതാണ്. പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കണം. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ അഖിലകേരള വായനമത്സരത്തിന്റെ സ്കൂള്‍തലമത്സരം ജൂലൈ ആറിന് ആരംഭിക്കും.

ഗ്രന്ഥാശാലകളില്‍ എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകളിലെ വിജയികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. പുസ്തകങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള വിവിധങ്ങളായ പരിപാടികള്‍ നടത്താന്‍ ഗ്രന്ഥശാലകള്‍ ഊന്നല്‍നല്‍കണം. മഹാന്മാരുടെ അനുസ്മരണങ്ങള്‍ നടക്കണം, പ്രത്യേകിച്ചും പി എന്‍ പണിക്കരുടെയും ഐ വി ദാസിന്റെയും. യുപി തല വായനമത്സരവും മുതിര്‍ന്നവരുടെയും വനിതകളുടെയും വായനമത്സരവും ഇക്കാലത്ത് നടത്തണം. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്ന സദസ്സുകള്‍ വേണം. ജൂണ്‍ 26ന് ആരംഭിക്കുന്ന ലഹരിവിരുദ്ധ സദസ്സുകളും എല്ലാ വായനശാലകളിലും നടത്താനുള്ള ഒരുക്കങ്ങള്‍ ആയിക്കഴിഞ്ഞു.
നവകേരള നിര്‍മിതിയില്‍ വ്യാപൃതരായ കേരളീയസമൂഹത്തിന് വായനപക്ഷാചരണം നവോന്മേഷം പകരുമെന്ന് പ്രതീക്ഷിക്കുന്നു.

(കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
Top