21 May Monday

ബദല്‍നയത്തിന്റെ അനിവാര്യത

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2017

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലം പരിശോധിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വന്‍ വിജയം നേടിയതായി കാണാം. മണിപ്പുരിലും ബിജെപി മികച്ച നേട്ടമുണ്ടാക്കി. എന്നാല്‍, പഞ്ചാബില്‍ അകാലിദള്‍- ബിജെപി സഖ്യം തകര്‍ന്നടിഞ്ഞു. മൂന്നാംസ്ഥാനത്തെത്താനേ സഖ്യത്തിന് കഴിഞ്ഞുള്ളൂ. 

എന്നാല്‍, ദേശീയരാഷ്ട്രീയത്തില്‍ വലിയ പ്രഭാവം സൃഷ്ടിക്കുമെന്നതിനാല്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വന്‍വിജയം വിശകലന വിധേയമാക്കേണ്ടതുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ ഈ വന്‍വിജയത്തിന്റെ രാഷ്ട്രീയാര്‍ഥം 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരംഭിച്ച വലതുപക്ഷ ആക്രമണോത്സുകത ക്ഷതമേല്‍ക്കാതെ തുടരുന്നുണ്ടെന്നാണ്. ബിജെപിയുടെ വിജയം അത്ഭുതപ്പെടുത്തുന്നില്ല. പക്ഷേ, വിജയത്തിന്റെ തോത് അപ്രതീക്ഷിതമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ 71 സീറ്റും നേടിയ ബിജെപി മുമ്പെങ്ങുമില്ലാത്തവിധം 42.3 ശതമാനം വോട്ടും സ്വന്തമാക്കി. 4-5 ശതമാനം വോട്ടിന്റെ ചാഞ്ചാട്ടമുണ്ടായാല്‍പ്പോലും ബിജെപി മികച്ച വിജയം നേടുമായിരുന്നു. എന്നാല്‍,2014ല്‍ നേടിയ വിജയത്തിന്റെ ഗതിവേഗം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചത് അപ്രതീക്ഷിതം. ബിജെപിയുടെ വോട്ടുശതമാനത്തില്‍ പേരിനുള്ള ചോര്‍ച്ചയേ ഉണ്ടായിട്ടുള്ളൂ.

വലിയതും ജനസംഖ്യ കൂടുതലുള്ളതുമായ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ രാഷ്ട്രീയസ്വാധീനം ഏകീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പുമുതലുള്ള രാഷ്ട്രീയസന്തുലനത്തില്‍ അടിസ്ഥാനപരമായ മാറ്റം സംഭവിക്കുന്നുണ്ടെന്ന വസ്തുതയിലാണ് അടിവരയിടുന്നത്. 1970കളുടെ തുടക്കത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഏകകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന സ്വാധീനം ബിജെപിക്ക് നേടാനായിട്ടില്ലെങ്കില്‍പ്പോലും ഇന്ന് ഏറ്റവും വലിയ ദേശീയ രാഷ്ട്രീയപാര്‍ടിയെന്ന സ്ഥാനം കോണ്‍ഗ്രസിന് നഷ്ടപ്പെടുത്താന്‍ അതിന് കഴിഞ്ഞു.

ഈ തെരഞ്ഞെടുപ്പിലെ അതിശയിപ്പിക്കുന്ന ഫലം മതനിരപേക്ഷ- ജനാധിപത്യ ശക്തികളില്‍ വ്യാപകമായ നിരാശ സൃഷ്ടിച്ചിരിക്കുന്നു. യുപി തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന പ്രതീക്ഷയിലേക്ക് നയിച്ച വിവിധങ്ങളായ അനുമാനങ്ങളെ വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

ബിജെപിയെ പരാജയപ്പെടുത്താന്‍ ബിഹാറില്‍ സംഭവിച്ചതുപോലെ പ്രധാന മതനിരപേക്ഷപാര്‍ടികള്‍ ഒരുമിച്ചാല്‍ മതിയെന്ന അനായാസകരമായ ഒരു അനുമാനമുണ്ടായിരുന്നു. എല്ലാ ബിജെപിയിതര പാര്‍ടികളുടെയും അത്തരമൊരു കൂട്ടുചേരല്‍ എല്ലായിടത്തും സാധ്യമാകില്ലെന്ന കാര്യത്തിലാണ് സമാജ്വാദി പാര്‍ടി- കോണ്‍ഗ്രസ് സഖ്യത്തിന്റെ പരാജയം അടിവരയിടുന്നത്. താഴെത്തട്ടില്‍ കാര്യമായ ഒരു ശക്തിയുമില്ലാത്ത കോണ്‍ഗ്രസിന് മത്സരിക്കാന്‍ 105 സീറ്റ് നല്‍കിയത് ബിജെപിയെ സഹായിക്കാന്‍മാത്രമേ ഉപകരിച്ചുള്ളൂ. അതുപോലെതന്നെ ബിജെപിയിതര പാര്‍ടികള്‍ക്കിടയില്‍ പൊരുത്തമില്ലാത്തവിധം ഭിന്നതകള്‍ ഉണ്ടെന്നിരിക്കെ എസ് പിയും ബിഎസ് പിയും ഒന്നിക്കുമെന്ന പ്രതീക്ഷയും അപ്രായോഗികമായിരുന്നു. പൊതുവേദിയുടെയും പൊതുനയത്തിന്റെയും അടിസ്ഥാനത്തിലുള്ള സഖ്യത്തിനാണ് രൂപംനല്‍കേണ്ടത്.

അടിസ്ഥാനതലത്തില്‍ യുപിയിലെ വോട്ടര്‍മാരില്‍ നരേന്ദ്ര മോഡിക്കുള്ള സ്വീകാര്യതയുടെ സ്വഭാവം മനസ്സിലാക്കുന്നതിലും പരാജയമുണ്ടായി. തെരഞ്ഞെടുപ്പുപ്രചാരണത്തിലുടനീളം നരേന്ദ്ര മോഡി വര്‍ഗീയ വാചാടോപത്തിലേര്‍പ്പെട്ടു എന്നത് സുവ്യക്തമാണ്. ഖബറിസ്ഥാനെക്കുറിച്ചും ശ്മശാനത്തെക്കുറിച്ചും മുസ്ളിങ്ങളെ ലക്ഷ്യംവച്ചുള്ള പ്രീണനത്തിന്റെ ഗുണഭോക്താക്കളെന്ന നിര്‍ലജ്ജമായ പരാമര്‍ശങ്ങളും മോഡി- ഷാ സഖ്യത്തിന്റെ പ്രചാരണപദ്ധതിയുടെ ഭാഗമായിരുന്നു. ഇത്തരം വര്‍ഗീയസ്വരങ്ങളും 'ദേശീയവാദ'ത്തിലൂന്നിയ മുറവിളിയും ഒരുമിച്ചപ്പോള്‍ അത് യുപിയിലെ വോട്ടര്‍മാരില്‍ വലിയൊരു പങ്കിനെയും സ്വാധീനിച്ചു. ഹിന്ദുത്വവര്‍ഗീയതയും സങ്കുചിത ദേശീയതയും അടിസ്ഥാനമാക്കിയുള്ള  'ദേശീയത'യാണ്  ബിജെപി- ആര്‍എസ്എസ് സഖ്യം മുന്നോട്ടുവച്ചതെങ്കിലും അതിന് ജാതിഭേദമെന്യേ വലിയൊരു വിഭാഗം ജനങ്ങളില്‍ ദേശീയവികാരം ഉത്തേജിപ്പിക്കാന്‍ കാരണമായി. ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ഈ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ആഖ്യാനം മുന്നോട്ടുവയ്ക്കാന്‍ മതനിരപേക്ഷ പ്രതിപക്ഷത്തിന് സാധിച്ചില്ല.

403 സീറ്റില്‍ ഒരു മുസ്ളിം സ്ഥാനാര്‍ഥിയെപ്പോലും മത്സരിപ്പിക്കാതെ ബിജെപി വര്‍ഗീയഭിന്നത കൂടുതല്‍ രൂക്ഷമാക്കി. ഇതുവഴി മുസ്ളിങ്ങളുടെ പിന്തുണ തങ്ങള്‍ക്കുവേണ്ടെന്ന സന്ദേശമാണ് ബിജെപി നല്‍കിയത്.

സമാജ്വാദി പാര്‍ടിയുടെയും ബഹുജന്‍ സമാജ്വാദി പാര്‍ടിയുടെയും ജാതിയടിസ്ഥാനമാക്കിയുള്ള സങ്കുചിതമായ സ്വത്വരാഷ്ട്രീയം ബിജെപി സൂക്ഷ്മമായി പയറ്റിയ ജാതിസഖ്യ രൂപീകരണവുമായി ഒത്തുപോകുന്നതായിരുന്നു. ബിജെപി യാദവരല്ലാത്ത ഒബിസി വിഭാഗങ്ങളുടെയും ജാതവരല്ലാത്ത പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടും സഖ്യം രൂപീകരിച്ചുകൊണ്ടും എസ്പിയേക്കാളും ബിഎസ്പിയേക്കാളും സാമര്‍ഥ്യം കാണിച്ചു. സവര്‍ണവിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുന്ന വിപുലമായ ജാതിസഖ്യ രൂപീകരണത്തിലൂടെ എല്ലാത്തിലുമുപരിയായ ഒരു ഹിന്ദു ഏകീകരണം അരക്കിട്ടുറപ്പിച്ചു.

ബിജെപിയുടെ വര്‍ഗീയ ദേശീയതയ്ക്കോ മോഡിയുടെ സാമ്പത്തികനയങ്ങള്‍ക്കോ ബദലായ ഒരു യഥാര്‍ഥ ബദല്‍ ഉത്തര്‍പ്രദേശിലുണ്ടായിരുന്നില്ല. ഉദാഹരണത്തിന് തെരഞ്ഞെടുപ്പിന് മൂന്നുമാസംമുമ്പ് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടി ജനജീവിതത്തില്‍ നേരിട്ട് ആഘാതം സൃഷ്ടിച്ച ഒരു പ്രധാന പ്രശ്നമാണ്. നഗരത്തിലെ ദരിദ്രരെയും അസംഘടിത തൊഴിലാളികളെയും ചെറുകിട കര്‍ഷകരെയും നോട്ട് അസാധുവാക്കല്‍ ഗുരുതരമായി ബാധിച്ചു. അവരുടെ ഉപജീവനവും തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ധനികരുടെ കൈയിലുള്ള കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള ദേശസ്നേഹപരമായ നടപടിയായാണ് മോഡി ഇതിനെ അവതരിപ്പിച്ചത്. ഇതിനെതിരെയുള്ള ആഖ്യാനം ജനങ്ങളിലെത്തിക്കാനോ പ്രതിഷേധം സംഘടിപ്പിക്കാനോ കഴിഞ്ഞില്ല.

ഉത്തര്‍പ്രദേശിലെ പ്രധാന പാര്‍ടികളായ സമാജ്വാദി പാര്‍ടിയും ബിഎസ്പിയും പാര്‍ലമെന്റിലെ പ്രസ്താവനകളിലേക്കും പ്രതിഷേധങ്ങളിലേക്കും ചുരുങ്ങി. നോട്ട് അസാധുവാക്കലിനെതിരെ ജനകീയമുന്നേറ്റമോ കൂട്ടായ പ്രതിഷേധമോ സംഘടിപ്പിക്കാന്‍ ഈ പാര്‍ടികള്‍ ശ്രമിക്കുകപോലും ചെയ്തില്ല. നോട്ട് അസാധുവാക്കല്‍ എന്ന കടന്നാക്രമണത്തിനെതിരെയുള്ള പ്രതിഷേധവുമായി ഇടതുപക്ഷപാര്‍ടികള്‍ തങ്ങള്‍ക്ക് ശക്തിയുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങളെ അണിനിരത്തിയതിന് കടകവിരുദ്ധമായിരുന്നു ഈ പാര്‍ടികളുടെ നിലപാട്്.

ഒരു ബദല്‍ സാമ്പത്തിക അജന്‍ഡയുടെ അഭാവത്തില്‍ അഖിലേഷ് യാദവിന്റെയും ബിജെപിയുടെയും വികസന മുദ്രാവാക്യങ്ങളില്‍ ഒരു വ്യത്യാസവും യുപി ജനത കണ്ടില്ല. പ്രധാനമന്ത്രിയാണ് പറയുന്നത് എന്നതുകൊണ്ട് മോഡിയുടെ വികസന മുദ്രാവാക്യത്തിനാണ് കൂടുതല്‍ ബലമുള്ളതെന്ന് ജനം വിശ്വസിച്ചു. 

ബിജെപിക്കും ആര്‍എസ്എസിനും എതിരായ വ്യക്തമായ രാഷ്ട്രീയ- പ്രത്യയശാസ്ത്ര വേദിയാണ് ആവശ്യം. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയബദലും നവലിബറല്‍ നയങ്ങള്‍ക്കെതിരായ ബദല്‍നയങ്ങളുടെ വേദിയുമാണ് ആവശ്യം. ഹിന്ദു ദേശീയതയുടെ പേശീബലത്തെ മതനിരപേക്ഷവും സാമ്രാജ്യത്വവിരുദ്ധവുമായ ദേശീയതകൊണ്ടാണ് എതിര്‍ക്കേണ്ടത്.

ഉത്തര്‍പ്രദേശിലെ വിജയം ആര്‍എസ്എസിന്റെയും അതിന്റെ സംഘടനകളുടെയും ആക്രമണോത്സുക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കും. നവലിബറലിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും സങ്കലനം വന്‍ ബിസിനസ് ഗ്രൂപ്പുകളുടെ പിന്തുണയോടെ കൂടുതല്‍ ദൃഢമാകും. മതനിരപേക്ഷമൂല്യങ്ങള്‍ക്കും ആവിഷ്കാരസ്വാതന്ത്യ്രത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും എതിരെ കൂടുതല്‍ ആക്രമണം നടക്കുമെന്നതിന്റെ ആപത്സൂചനയും ഈ വിജയം നല്‍കുന്നു. ഈ തെരഞ്ഞെടുപ്പുവിജയത്തോടെ ദൃഢീകരിക്കപ്പെടുന്ന അമിതാധികാരത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ എല്ലാ തലത്തിലും സംഘടിത പ്രസ്ഥാനങ്ങള്‍ രൂപംകൊള്ളണം.

അതുമാത്രം പോരാ. ഇടതുപക്ഷ ജനാധിപത്യ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള ബദല്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പരിപാടി അനിവാര്യമാണ്. ഇത്തരമൊരു പരിപാടിക്കാണ് ജനകീയപ്രസ്ഥാനങ്ങളുടെ അണിചേരലിന് പ്രേരകശക്തിയാകാനാകുക. നരേന്ദ്ര മോഡിക്കും ബിജെപിക്കും ഫലപ്രദമായ ബദല്‍ സൃഷ്ടിക്കാന്‍ അതിനുമാത്രമേ കഴിയൂ

പ്രധാന വാർത്തകൾ
Top