21 October Sunday

കാഞ്ച ഐലയ്യക്ക് ചുവപ്പ് കാര്‍ഡ്

ഡോ. പി പി അജയകുമാര്‍Updated: Wednesday Sep 13, 2017

ഹിന്ദുത്വവാദികളുടെ ഭീഷണികളും ആക്രമണങ്ങളും സൃഷ്ടിച്ചെടുത്ത ഭീഷണമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ സമകാലിക അവസ്ഥയില്‍ ഹിന്ദുത്വ ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പുകളും അതിലേറെ ശക്തമായി മുന്നോട്ടുപോകുന്നുണ്ട്. ഈ പരിതഃസ്ഥിതിയില്‍ ജനകീയ സമരങ്ങള്‍ക്കൊപ്പം ആശയസമരവും ഒരു പ്രതിരോധരൂപം എന്നനിലയില്‍ പ്രസക്തമാണ്.

ഇന്ത്യയിലെ ഇന്നത്തെ സവിശേഷ രാഷ്ട്രീയ സാമൂഹിക  സാഹചര്യത്തില്‍ വളരെയേറെ പ്രസക്തവും ഒരു പരിധിവരെ പ്രകോപനപരവുമായ അഭിപ്രായങ്ങളുയര്‍ത്തിപ്പിടിച്ചു  ശ്രദ്ധേയനായ ഒരു ദളിത് പക്ഷ ചിന്തകനാണ് കാഞ്ച ഐലയ്യ. അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുടെ അരികുപറ്റി ദളിത് ബഹുജന്‍ മുന്നേറ്റങ്ങളുടെ സ്വാധീനത്തില്‍ വരേണ്യ ഹിന്ദുമേധാവിത്വത്തിനെതിരായ ആശയസമരത്തിലൂടെയാണ് കാഞ്ച ഐലയ്യ ശ്രദ്ധേയനാകുന്നത്. ആന്ധ്രപ്രദേശിലെ വാറങ്കലില്‍ പപ്പയ്യപ്പെട്ടയില്‍ 1952ല്‍ ജനിച്ച കാഞ്ച ഐലയ്യ  ഐതിഹാസികമായ തെലങ്കാന സമരം ഉള്‍പ്പെടെയുള്ള  സ്വാതന്ത്യ്രസമര പ്രസ്ഥാനങ്ങള്‍ ഉഴുതു മറിച്ചിട്ട രാഷ്ട്രീയ ഭൂമികയിലാണ് വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ അദ്ദേഹത്തിന് പരിശീലനങ്ങള്‍ ഒന്നും വേണ്ടിവന്നില്ല. ഒരു സര്‍വകലാശാലാ പ്രൊഫസര്‍ എന്നനിലയില്‍ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ദളിത് ബഹുജന്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയവും സ്വന്തം ജീവിതാനുഭവങ്ങളുമാണ് തീവ്ര നിലപാടുകള്‍ക്ക് പ്രചോദനമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല (1996) എന്ന പ്രശസ്തമായ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു, 'എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ക്കു പുറമെ  നിരക്ഷരരും അര്‍ധ സാക്ഷരരും അപൂര്‍വം ചില വിദ്യാസമ്പന്നരായ ദളിത് ബഹുജനങ്ങളില്‍നിന്നും മനസ്സിലാക്കിയ കാര്യങ്ങളാണ് ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. 'അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ സാമ്പ്രദായിക ജ്ഞാന നിര്‍മിതിയില്‍നിന്ന് വ്യതിരിക്തവും ജനകീയ അനുഭവങ്ങളില്‍നിന്ന് ഉടലെടുക്കുന്നതുമാണെന്ന് പറയാം. ദളിത് ബഹുജനങ്ങളെ ഹൈന്ദവ ചട്ടക്കൂട്ടിലൊതുക്കാന്‍ ആര്‍എസ്എസ് നടത്തുന്ന സംഘടിത ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇവ വളരെയേറെ ശ്രദ്ധേയവും പ്രസക്തവും ആകുന്നു.

'ഞാന്‍ ഹിന്ദുവായിട്ടാണ് ജനിച്ചത്. എന്നാല്‍ ഒരു ഹിന്ദുവായി മരിക്കാന്‍ എനിക്ക് ആഗ്രഹമില്ല' എന്ന് പ്രഖ്യാപിക്കുകയും 1956ല്‍ ബുദ്ധമതം സ്വീകരിക്കുകയും ചെയ്ത അംബേദ്കറെ ഹിന്ദുത്വയുടെ ഭാഗമാക്കാന്‍ നടക്കുന്ന ശ്രമങ്ങളെ കാഞ്ച ഐലയ്യ പരിഹസിക്കുന്നു. 1925 മുതല്‍ 1975 വരെ സവര്‍ണ ഹിന്ദുക്കളുടെ സംഘമായിരുന്ന ആര്‍എസ്എസ് അതിനുശേഷം 60 ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ബാബ്റി മസ്ജിദ് തകര്‍ത്ത 1992 ആകുമ്പോഴേക്കും പിന്നോക്ക വിഭാഗങ്ങളിലെ ഒരുവിഭാഗത്തെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. സംഘപരിവാറിന്റെ പ്രചാരണങ്ങളില്‍ വീണുപോകുന്ന സാധാരണക്കാരനോട് അദ്ദേഹം പറയുന്നു, 'കുറുമ എന്ന നായാടി വിഭാഗത്തില്‍ പിറന്ന എനിക്ക് ഇന്ന് പരസ്യ കമ്പനികള്‍ അവതരിപ്പിക്കുന്ന ഹിന്ദുത്വയുടെ ഭാഗമാകാന്‍ എങ്ങനെ കഴിയുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.' അംബേദ്കറുടെ അഭിപ്രായത്തില്‍ ഹിന്ദുമതത്തിന്റെ ആത്മാവ് ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ ഉച്ചനീചത്വമാണ്. അതുകൊണ്ടുതന്നെ ഹിന്ദുത്വയെ ഒരുതരം ആത്മീയ ഫാസിസമായി കാണാനാണ് കാഞ്ച ഐലയ്യ താല്‍പ്പര്യപ്പെടുന്നത്.

ക്രിസ്തുമതത്തിലും ഇസ്ളാമിലും ബുദ്ധമതത്തിലും ഒരു പരിധിവരെ ആശയതലത്തിലെങ്കിലും ഒരുമയും സമഭാവനയും നിലനില്‍ക്കുന്നു എന്ന് കാഞ്ച ഐലയ്യ നിരീക്ഷിക്കുന്നു. എന്നാല്‍, ദൈവം മനുഷ്യനെ അസമന്മാരായി സൃഷ്ടിച്ചു എന്ന ബ്രാഹ്മണ ദര്‍ശനത്തില്‍നിന്നാണ് ഹിന്ദുമതം പിറവിയെടുക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. കൂടാതെ മനുഷ്യരിലെ അസമത്വം ദൈവികവും പ്രകൃതിദത്തവുമാണെന്നു സ്ഥാപിക്കാനും പ്രചരിപ്പിക്കാനും അതുവഴി തങ്ങളുടെ സമൂഹത്തിലെ സാമൂഹിക അസമത്വങ്ങള്‍ ശാശ്വതവും സനാതനവുമാണെന്നു സ്ഥാപിക്കാനും അവര്‍ക്കു കഴിഞ്ഞു. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉച്ചനീചത്വങ്ങള്‍ നിലവില്‍ നിന്നിരുന്നെങ്കിലും അതൊക്കെ പില്‍ക്കാലത്ത് തൂത്തെറിയപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേതുപോലെ വലിയൊരു വിഭാഗം ജനതയെ നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തി ഭരിച്ച ചരിത്രം ലോകത്തൊരിടത്തും കാണാന്‍ കഴിയില്ല. അതിനു കാരണം അസമത്വത്തിന്റെ മഹത്വവല്‍ക്കരണവും സംവാദങ്ങളെ അടിച്ചമര്‍ത്തുകയും അന്ധമായ വിശ്വാസങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന ഹിന്ദുത്വയുടെ പല രൂപത്തിലും വേഷത്തിലുമുള്ള കടന്നുകയറ്റവും സ്വാധീനവുമാണെന്ന്  നിസ്സംശയം പറയാം. രാഷ്ട്രീയ സ്വയം സേവക് സംഘ്, വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദള്‍ തുടങ്ങി പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ബ്രാഹ്മണ മേധാവിത്വത്തില്‍ ഊന്നിയ ഹൈന്ദവ സംസ്കാരത്തിന്റെ സംരക്ഷകരും പ്രയോക്താക്കളുമാണെന്നും അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കായിക ആക്രമണത്തിനുള്ള ശക്തി സംഭരിക്കാനുമാണ് പിന്നോക്ക വിഭാഗങ്ങളെ അവരുടെ കൂടെ ചേര്‍ക്കുന്നതെന്നും കാഞ്ച ഐലയ്യ ഓര്‍മിപ്പിക്കുന്നു.

ഹിന്ദു വര്‍ഗീയവാദികള്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളെയും  അദ്ദേഹം ചോദ്യം ചെയ്യുന്നു. സ്വസ്തിക ചിഹ്നം ഹിറ്റ്ലറുടെ നാസി പാര്‍ടിക്കും ഹിന്ദു വര്‍ഗീയവാദികള്‍ക്കും പൊതുവായുള്ളതാണ്. സാധാരണ മനുഷ്യരുടെ ജീവിതവുമായോ ഉല്‍പ്പാദന ബന്ധവും ഇതിനില്ല എന്നതു തന്നെ ഇത് സാമാന്യ ജനങ്ങളില്‍നിന്ന് എത്ര അകലെയാണെന്ന് വ്യക്തമാക്കുന്നു. പൊതുമണ്ഡലത്തില്‍ പ്രത്യക്ഷമാക്കപ്പെട്ട മറ്റൊരു ചിഹ്നം ത്രിശൂലമാണ്. മുന്‍കാലത്ത് ദളിത് ബഹുജനങ്ങളെ ആക്രമിക്കാന്‍  ഉപയോഗിച്ചിരുന്ന ത്രിശൂലം ഇപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാനാണ് ഉപയോഗിക്കുന്നതെന്ന വ്യത്യാസമേ ഉള്ളൂ. അശോകചക്രംപോലെ സചേതനവും അധ്വാനത്തെയും മാറ്റത്തെയും സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍ പ്രചരിപ്പിക്കാന്‍ ഹിന്ദുത്വം ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നതും അവരുടെ കാലഹരണപ്പെട്ടതും അചേതനവുമായ വിശ്വാസപ്രമാണങ്ങളുടെ സൂചകമാണ്. തൊഴിലാളി വര്‍ഗത്തിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക അധ്വാനിക്കുന്നവന്റെ പണിയായുധങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ സ്വസ്തികയും ത്രിശൂലവും യുദ്ധത്തെയും ഹിംസയെയും സൂചിപ്പിക്കുന്നു എന്ന് കാണാം.

തന്റെ എരുമദേശീയത (2004) എന്ന കൃതിയില്‍ ഹിന്ദുത്വ എന്തുകൊണ്ട് പശുവിനെ ദിവ്യമൃഗമായി അവതരിപ്പിക്കുന്നു എന്ന പ്രശ്നം ചര്‍ച്ച ചെയ്യുന്നു. വേദകാലത്ത് പശുവിനെ ഉപയോഗിച്ചിരുന്നത് ബലിമൃഗമെന്ന നിലയിലും ബലികൊടുത്തിരുന്നവരുടെ ഭക്ഷണമെന്ന നിലയിലുമായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍, ഇന്ന് പശുവിനെ ഒരു ദേശീയ മൃഗമായിട്ടാണ് അവതരിപ്പിക്കുന്നത്. കാഞ്ച ഐലയ്യ വിശദമാക്കുന്നതുപോലെ പുരാണകാലത്ത് ആര്യബ്രാഹ്മണര്‍ ആയിരക്കണക്കിന് പശുക്കളെ  ബലിയുടെ പേരില്‍ കൊന്നൊടുക്കിയിരുന്നു എന്നത് പുരാണേതിഹാസങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. സാധാരണ മനുഷ്യര്‍ അന്നും വ്യാപകമായി പാലിനു വേണ്ടി ഉപയോഗിച്ചിരുന്നത് എരുമയെയാണ് എന്നത് ഒരു വസ്തുതയാണ്.

കാട്ടുമൃഗങ്ങളില്‍ ഏറ്റവും കരുത്തുള്ളതും മെരുക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ മൃഗമാണ് എരുമ. ഇന്ത്യയില്‍ പാലുല്‍പ്പാദനത്തിന്റെ നല്ലൊരു പങ്ക് എരുമകളില്‍നിന്നാണ്. എങ്കിലും ബിജെപി കൊണ്ടുവന്ന ഗോവധ നിരോധന ബില്ലില്‍ എരുമകളെപ്പറ്റി പരാമര്‍ശമില്ല. കൂടുതല്‍ വളര്‍ത്തുന്ന മൃഗമായിട്ടും എരുമ എന്തുകൊണ്ട് ഹിന്ദുവിന്റെ ആത്മീയമൃഗമായിട്ടു മാറിയില്ല എന്ന് കാഞ്ച ഐലയ്യ ചോദിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കാരണം വളരെ ലളിതമാണ്. എരുമ ഒരു കറുത്ത മൃഗമാണ്. കറുത്ത മനുഷ്യരെപ്പോലെ കറുത്ത മൃഗത്തിനും ഒരിക്കലും ആത്മീയ പരിവേഷം ലഭിച്ചില്ല. പശു ദേശീയവാദം വളരെ അപകടകരവും പ്രതിലോമപരവുമായ ഒരു വാദമാണെന്ന് കാഞ്ച ഐലയ്യ സിദ്ധാന്തിക്കുന്നു. കറുപ്പ് ചീത്തയാണെന്നും വെളുപ്പ് നല്ലതാണെന്നുമുള്ള സിദ്ധാന്തം കൊളോണിയല്‍ സൃഷ്ടിയല്ലെന്നും പാശ്ചാത്യരുടെ വരവിന് എത്രയോ മുമ്പ് ആര്യബ്രാഹ്മണര്‍ ഇത് പ്രചരിപ്പിച്ചിരുന്നു എന്നും ഐലയ്യ ഓര്‍മിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം എരുമ ദേശീയത എന്ന ബദല്‍ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നത്.

കാഞ്ച ഐലയ്യ ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടാകുന്നതില്‍ അത്ഭുതമില്ല. അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ ചടുലവും വസ്തുനിഷ്ഠവും ഹിന്ദുത്വവാദികളുടെ രഹസ്യ അജന്‍ഡകള്‍ വെളിച്ചത്തു കൊണ്ടുവരുന്നവയുമാണ്. സ്വതന്ത്രചിന്തയെയും അഭിപ്രായപ്രകടനങ്ങളെയും ഭയക്കുകയും അതുകൊണ്ടുതന്നെ ഹിംസാത്മകമായ രീതിയില്‍ അതിനെ നേരിടുകയും ചെയ്യുന്ന അധികാരിവര്‍ഗത്തിനു നേരെ ഉയര്‍ത്തിപ്പിടിച്ച ആശയസംവാദത്തിന്റെ കുന്തമുനകളാണ് ധബോല്‍ക്കറെയും കലബുര്‍ഗിയെയും പന്‍സാരയെയും ഗൌരി ലങ്കേഷിനെയുംപോലെ കാഞ്ച ഐലയ്യയെയും രാമചന്ദ്ര ഗുഹയെയും ഗിരീഷ് കര്‍ണാടിനെയുംപോലെയുള്ള അസംഖ്യം പുരോഗമന ചിന്തകരുമെന്ന് സമകാലിക ഇന്ത്യ സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സംവാദത്തിന്റേതായ മണ്ഡലങ്ങള്‍ സംരക്ഷിക്കാനും കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടതുപോലെ 'ആത്മീയ ഫാസിസ'ത്തിനെതിരെ അധഃസ്ഥിതരുടെ ഐക്യനിര കെട്ടിപ്പടുക്കാനും പോരാട്ടം തുടരാനുമാണ് കാഞ്ച ഐലയ്യയുടെ ചിന്ത പ്രചോദിപ്പിക്കുന്നത്

(കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷനില്‍ ഇംഗ്ളീഷ് പ്രൊഫസറാണ് ലേഖകന്‍)

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top