13 November Tuesday

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ; ആരോഗ്യമേഖലയുടെ നിലവാരമുയർത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 14, 2018

 കെ കെ ശൈലജ
ആരോഗ്യമന്ത്രി

 രിത്രപ്രസിദ്ധമായ ഒരു നിയമനിർമാണത്തിനുകൂടി കേരള നിയമസഭ സാക്ഷ്യംവഹിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഏറെ ഗുണപരമായ മാറ്റമുണ്ടാക്കാൻ കഴിയുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ‐2017 (രജിസ്ട്രേഷനും നിയന്ത്രണവും) നിയമമായി മാറിയിരിക്കുന്നു. സർക്കാർമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ക്ലിനിക്കൽ സ്ഥാപനങ്ങൾവഴി ലഭ്യമാകുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിർണയിക്കുകയും അത് ഉറപ്പുവരുത്തി മുഴുവൻ ക്ലിനിക്കൽ സ്ഥാപനങ്ങളെയും രജിസ്ട്രേഷന് വിധേയമാക്കുകയും ചെയ്യുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

പുത്തൻ സാമ്പത്തികനയങ്ങളുടെ ഭാഗമായി മറ്റ് പല മേഖലകളിലുമെന്നപോലെ ആരോഗ്യരംഗത്തും കച്ചവടവൽക്കരണം കടന്നുവന്നു. സേവനത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കപ്പുറം ലാഭേച്ഛയോടുകൂടിയുള്ള ഇടപെടൽ കഴിഞ്ഞ രണ്ടുമൂന്ന് ദശകങ്ങളായി ആരോഗ്യമേഖലയെ വൻതോതിൽ ബാധിച്ചു. ഔഷധനിർമാണമേഖലമുതൽ പല പേരുകളിലുള്ള സ്പെഷ്യാലിറ്റി ആശുപത്രികളടക്കമുള്ള ചില സ്ഥാപനങ്ങൾ വൻതോതിലുള്ള ചൂഷണം നടത്തുന്നതായി പരാതിയുണ്ട്. യുക്തിരഹിത രീതിയിൽ ചികിത്സച്ചെലവുകൾ ഈടാക്കുന്നതും പാവപ്പെട്ടവർക്ക് ചികിത്സ നിഷേധിക്കുന്നതുമായ സംഭവങ്ങൾ സ്വകാര്യമേഖലയിൽ ഉണ്ടാകുന്നു. ചില സ്ഥാപനങ്ങളിൽ ലഭ്യമാകുന്ന ചികിത്സയുടെ നിലവാരത്തെക്കുറിച്ചും അഭിപ്രായവ്യത്യാസമുണ്ട്. ഇതുവരെ സ്വകാര്യസ്ഥാപനങ്ങളുടെ മേൽ സർക്കാരിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. എന്നാൽ, പുതിയ നിയമം വരുന്നതോടെ സ്ഥാപനം നടത്താനുള്ള അവരുടെ അവകാശം നിലനിർത്തിക്കൊണ്ടുതന്നെ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളുടെ നിശ്ചിത നിലവാരവും ഉറപ്പുവരുത്താൻ കഴിയും. രോഗികളിൽനിന്ന് ഈടാക്കുന്ന ചെലവുകളുടെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയും. സ്വകാര്യസ്ഥാപനങ്ങൾമാത്രമല്ല, സർക്കാർസ്ഥാപനങ്ങളിലും നിർണയിക്കപ്പെട്ട നിലവാരം ഉറപ്പുവരുത്തണമെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ട്. രജിസ്ട്രേഷന് വിധേയമാകാത്ത ക്ലിനിക്കൽസ്ഥാപനങ്ങൾക്ക് തുടർന്ന് പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കുകയില്ല. 

ക്ലിനിക്കൽസ്ഥാപനങ്ങളുടെ രജിസ്റ്റർ തയ്യാറാക്കുന്ന വിധവും രജിസ്ട്രേഷനുള്ള ഉപാധികളും ബില്ലിൽ വ്യക്തമാക്കുന്നു. ഓരോ വ്യത്യസ്ത ചികിത്സാവിഭാഗത്തിനും ആവശ്യമായ മിനിമം സ്റ്റാൻഡേർഡ് റൂൾസിൽ കൃത്യമായി പ്രതിപാദിക്കുന്നതാണ്. ജില്ലാതലത്തിലുള്ള അതോറിറ്റിയാണ് രജിസ്ട്രേഷൻ ഉറപ്പാക്കേണ്ടത്. ആക്ട് നിലവിൽ വന്ന തീയതിമുതൽ സ്ഥാപനങ്ങൾ താൽക്കാലിക രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കണം. രണ്ടു വർഷത്തിനകം സ്ഥിരം രജിസ്ട്രേഷനുള്ള യോഗ്യത നേടുകയും സ്ഥിരം രജിസ്ട്രേഷന് അപേക്ഷ സമർപ്പിക്കുകയും വേണം. അതോറിറ്റി നിശ്ചയിക്കുന്ന വിദഗ്ധ സംഘം സ്ഥാപനങ്ങൾ പരിശോധിച്ച് നിർദേശിക്കപ്പെട്ട നിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ് സ്ഥിരം രജിസ്ട്രേഷൻ നൽകുക. ഇത്തരത്തിൽ ലഭ്യമാകുന്ന രജിസ്ട്രേഷന്റെ കാലാവധി മൂന്നുവർഷമായിരിക്കും. കാലാവധി കഴിയുന്ന മുറയ്ക്ക് രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറ്റംചെയ്യാൻ പറ്റില്ല. സ്ഥാപനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ പുതുതായി രജിസ്ട്രേഷന് അപേക്ഷിക്കണം.

ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷാനടപടികളും രജിസ്ട്രേഷന് വിധേയമാകാതെ വന്നാലുണ്ടാകുന്ന ശിക്ഷാനടപടികളും ആക്ടിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. ക്ലിനിക്കൽസ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും പരിശോധിക്കുന്നതിനും സമിതിക്കുള്ള അധികാരം ആക്ടിൽ സൂചിപ്പിക്കുന്നുണ്ട്. സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ അപ്പീലുകൾ സമർപ്പിക്കാൻ ആക്ടുപ്രകാരം അപ്പലേറ്റ് അതോറിറ്റി നിലവിൽ വരുന്നതാണ്. പൊതുജനങ്ങൾക്കായുള്ള പരാതിപരിഹാര വിഭാഗവുമുണ്ടാകും.
ഒരു സ്ഥാപനവും അത്യാഹിതത്തിൽപ്പെട്ടവർക്ക് ചികിത്സ നിഷേധിക്കാൻ പാടില്ല എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനും മറ്റേതെങ്കിലും ആശുപത്രിയിൽ രോഗിയെ സുരക്ഷിതമായി എത്തിക്കുന്നതിനും അത്യാവശ്യമായി വരുന്ന അടിയന്തരചികിത്സ, സ്ഥാപനത്തിൽ ലഭ്യമായ സൗകര്യങ്ങൾക്കും ജീവനക്കാർക്കും അനുസരിച്ച് നൽകേണ്ടതാണ്.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വ്യക്തമായ രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. രജിസ്റ്റർചെയ്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ അതോറിറ്റിവഴി കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ മൊത്തം ക്ലിനിക്കൽസ്ഥാപനങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ ചിത്രം ഇതുവഴി ലഭ്യമാകും. ഇത്തരമൊരു വിവരശേഖരണം സംസ്ഥാനത്ത് ആദ്യമാണ്.

ഓരോ സ്ഥാപനവും (പ്രത്യേകിച്ച് സ്വകാര്യസ്ഥാപനങ്ങൾ) ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന ചാർജ്, പ്രത്യേക ചികിത്സാപാക്കേജിനുള്ള ചാർജ് എന്നിവ സ്ഥാപനത്തിൽ എല്ലാവർക്കും കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കണം. സ്ഥാപനങ്ങളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾക്കും സേവനങ്ങൾക്കും അനുസരിച്ച് ചാർജ് പ്രദർശിപ്പിച്ചാൽ പിന്നീട് അതിൽ സൂചിപ്പിച്ചിട്ടുള്ള ചികിത്സയ്ക്ക് കൂടുതൽ ചാർജ് ഈടാക്കുന്നു എന്ന പരാതി ഒഴിവാക്കാൻ കഴിയും. ആരോഗ്യസ്ഥാപനങ്ങളുടെ നിലവാരവും വിശ്വാസ്യതയും വർധിപ്പിക്കാൻ ബില്ലിലെ വ്യവസ്ഥകൾ സഹായകമാകും.

പുതിയ നിയമത്തിൽ ചെറുകിടസ്ഥാപനങ്ങളോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നില്ല. നിയമത്തിൽ നിർദേശിക്കപ്പെടുന്ന മിനിമംനിലവാരം ആർജിക്കാനുള്ള സാവകാശം അവർക്ക് നൽകുന്നുണ്ട്. രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്നതോടെ അത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യതയും അന്തസ്സും വർധിക്കുകയാണ് ചെയ്യുക. കൺസൾട്ടേഷൻമാത്രം നടത്തുന്ന ചെറുകിട സ്ഥാപനങ്ങളെ രജിസ്ട്രേഷന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. റൂൾസിൽ അത്തരം സ്ഥാപനങ്ങളെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നതാണ്. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസയോഗ്യത നിശ്ചയിക്കുമ്പോൾ നിലവിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്. ആതുരസേവന രംഗത്ത് മിനിമം യോഗ്യത ഒഴിവാക്കാനാകാത്തതാണ്. നിലവിൽ വർഷങ്ങളായി ജോലിചെയ്യുന്നവർക്ക് നിശ്ചിത യോഗ്യതയില്ലാത്തപക്ഷം അവർക്കായി പ്രാപ്തിവികസനത്തിനുള്ള (സ്കിൽ ഡെവലപ്മെന്റ്) കോഴ്സുകൾ നൽകി ജോലിയിൽ തുടരുന്നതിന് പ്രാപ്തരാക്കുന്നതാണ്.


 കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ നിലവാരമുള്ളതാകുന്നതോടെ സർക്കാർ വിഭാവനംചെയ്ത ആരോഗ്യമേഖലയിലെ സുസ്ഥിരവികസന ലക്ഷ്യം കൈവരിക്കാൻ കഴിയും. കേരളത്തിലെ ആരോഗ്യവകുപ്പ് ജീവിതശൈലീരോഗം തടയുന്നതിനും പകർച്ചവ്യാധി തടയുന്നതിനുമുള്ള മുൻകരുതലുകളും തുടർപ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കിവരികയാണ്. ആർദ്രംമിഷനിലൂടെ ആശുപത്രികൾ രോഗീസൗഹൃദമാക്കുന്നതിനും സാധാരണക്കാരുടെ ചികിത്സച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും പാവപ്പെട്ടവർക്ക് സൗജന്യചികിത്സ ഉറപ്പാക്കുന്നതിനും ഗവ. ആശുപത്രികൾ ആധുനിക സജ്ജീകരണമുള്ളവയാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടുള്ള തിരക്കിട്ട പ്രവർത്തനമാണ് നടപ്പാക്കുന്നത്. സുസ്ഥിരവികസനത്തിന്റെ ഭാഗമായി ആരോഗ്യസൂചകങ്ങളിൽ കൂടുതൽ നേട്ടം കൈവരിക്കാൻ 20 വിദഗ്ധ സംഘം പ്രവർത്തിച്ചുവരുന്നു. സ്വകാര്യമേഖലയിലടക്കം നിർദിഷ്ട ചികിത്സാരീതികൾ പിന്തുടരാൻ പ്രേരിപ്പിക്കുന്നതും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതും രോഗപ്രതിരോധം, പകർച്ചവ്യാധി നിയന്ത്രണം, ജീവിതശൈലീ രോഗങ്ങൾക്ക് നിയന്ത്രണം എന്നിവയ്ക്ക് ഏറെ സഹായകമായ അവസ്ഥയുണ്ടാക്കും.

ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്റ് ബില്ലിന് ബഹുജനങ്ങളിൽനിന്നും സംഘടനകളിൽനിന്നും സ്ഥാപന ഉടമകളിൽനിന്നും അഭിമാനകരമായ പിന്തുണയാണ് ലഭ്യമായത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹകരണമുണ്ടായത് ആശാവഹമാണ്. സബ്ജക്ട് കമ്മിറ്റിയിൽ ഭരണ‐ പ്രതിപക്ഷ അംഗങ്ങൾ ഒരേ താൽപ്പര്യത്തോടെ ബിൽ നിയമമാക്കുന്നതിന് പ്രയത്നിച്ചു.

നിയമസഭയിൽ ഭരണ‐ പ്രതിപക്ഷ ഭേദമില്ലാതെ സംസാരിച്ച എല്ലാവരും ബില്ലിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അനുകൂല നിലപാട് സ്വീകരിച്ചു. ആയിരത്തി ഇരുനൂറിലേറെ ഭേദഗതി നിർദേശിക്കപ്പെട്ടു. സ്വീകരിക്കാവുന്ന എല്ലാം സ്വീകരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ അപൂർവ അനുഭവങ്ങളാണ് ബിൽ ഏകകണ്ഠമായി പാസാക്കുക എന്നത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ സഭ നാലര മണിക്കൂർ നീണ്ട ചർച്ചകൾക്കും നിർദേശങ്ങൾക്കുംശേഷം പാസാക്കി. നാലുമാസത്തിനുള്ളിൽ ബില്ലിന്റെ ചട്ടങ്ങൾ തയ്യാറാക്കുന്നതിനും രജിസ്ട്രേഷന്റെ നടപടികൾ ആരംഭിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ള പ്രവർത്തനം നടന്നുവരുന്നു. നിയമം നടപ്പാക്കുന്നതിന് തുടർന്നും എല്ലാവരുടെയും സഹകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ●

പ്രധാന വാർത്തകൾ
Top