20 September Thursday

ബിജെപിയുടെ പരാജയം പ്രഥമലക്ഷ്യം

എസ് രാമചന്ദ്രൻപിള്ളUpdated: Saturday Mar 10, 2018

കഴിഞ്ഞ 25 കൊല്ലക്കാലം പാർടി സ്വീകരിച്ച രാഷ്ട്രീയ അടവുനയങ്ങളുടെ അനുഭവങ്ങൾ കഴിഞ്ഞ 21‐ാം പാർടി കോൺഗ്രസ് വിമർശനപരമായി വിലയിരുത്തി. കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർടിയും മറ്റ് ഇടതുകക്ഷികളും എന്തുകൊണ്ട് വളരുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ പരിശോധന. 1990നു ശേഷമുള്ള 25 കൊല്ലക്കാലത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ സംഭവബഹുലമായിരുന്നു. കോൺഗ്രസിന്റെ ഭരണവും പ്രാദേശിക രാഷ്ട്രീയകക്ഷികളുടെ ഭരണവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരണവും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണവും പിന്നീട് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരണവും ഇക്കാലത്ത് മാറിമാറിവന്നു. ഇപ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരണമാണ്. ഇക്കാലത്ത് കോൺഗ്രസ് പൊതുവിൽ ദുർബലമായി. പ്രാദേശിക രാഷ്ട്രീയകക്ഷികളും വർഗീയകക്ഷിയായ ബിജെപിയും കരുത്താർജിച്ചു. എന്നാൽ, കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർടി അടക്കമുള്ള ഇടതുപക്ഷകക്ഷികൾ ഇക്കാലത്ത് ശക്തിപ്പെട്ടില്ലെന്ന് മാത്രമല്ല, ദുർബലപ്പെടുകയാണ് ഉണ്ടായത്. അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ രാഷ്ട്രീയ നയസമീപനങ്ങൾക്ക് എന്ത് പങ്കാണുള്ളതെന്നാണ് കഴിഞ്ഞ പാർടി കോൺഗ്രസ് പരിശോധിച്ച ഒരു വിഷയം.

1989ൽ നടന്ന 13‐ാം കോൺഗ്രസ് മുതൽ പാർടി തുടർച്ചയായി അംഗീകരിച്ച രാഷ്ട്രീയ അടവുനയങ്ങൾ അതത് സാഹചര്യങ്ങളെ നേരിടുന്നതിനുള്ള അടവുകളും ഉപായങ്ങളും രൂപപ്പെടുത്തുന്നതിനും അടിയന്തര ഭീഷണയെ നേരിടുന്നതിനും സഹായിച്ചു. കോൺഗ്രസ് ഗവൺമെന്റുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ പോരാടാനും രാജീവ്ഗാന്ധി ഗവൺമെന്റിനെയും പിന്നീട് നരസിംഹറാവു ഗവൺമെന്റിനെയും പരാജയപ്പെടുത്താനുള്ള സമീപനങ്ങൾ രൂപപ്പെടുത്താനും രാഷ്ട്രീയ അടവുനയം നമ്മെ പ്രാപ്തരാക്കി. കോൺഗ്രസിതര മതനിരപേക്ഷകക്ഷികളെ അണിനിരത്തി 1996ൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാനും കഴിഞ്ഞു. പിന്നീട് 2004ൽ ബിജെപി‐എൻഡിഎ ഗവൺമെന്റിനെ പരാജയപ്പെടുത്തുന്നതിന് രാഷ്ട്രീയ അടവുനയം വ്യക്തമായ ദിശാബോധം നൽകി. കാലാകാലങ്ങളിൽ സ്വീകരിച്ച അടവുനയങ്ങൾ സമകാലിക സ്ഥിതിയെ നേരിടാനും അടിയന്തരഭീഷണിയെ എതിരിടാനും പറ്റിയ തെരഞ്ഞെടുപ്പ് അടവുകളും പാർലമെന്ററി ഉപായങ്ങളും ആവിഷ്കരിക്കാൻ സഹായിച്ചു. എന്നാൽ, പാർടിയുടെ സ്വതന്ത്രമായ വളർച്ചയും ഇടതുപക്ഷ ജനാധിപത്യശക്തികൾ കരുത്താർജിക്കുന്നതും ഇക്കാലത്ത് സംഭവിച്ചില്ല. ഇക്കാലമത്രയും കോൺഗ്രസ്, ബിജെപി എന്നീ രണ്ട് പ്രധാന ഭരണവർഗപാർടികൾക്ക് ചുറ്റുമായി രാഷ്ട്രീയശക്തികളുടെ ബലാബലം തളയ്ക്കപ്പെട്ടിരിക്കുകയാണ്. ബിജെപിയെ 1996ൽ അധികാരം നേടുന്നതിൽനിന്നും അകറ്റിനിർത്തിയെങ്കിലും 1998ലും 1999ലും ഗവൺമെന്റ് രൂപീകരിക്കാൻ ബിജെപിക്ക് കഴിഞ്ഞു. 2004ൽ ബിജെപി‐എൻഡിഎയുടെ പരാജയത്തെത്തുടർന്ന് പത്തുവർഷം നീണ്ടുനിന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം വന്നു. എന്നാൽ, 2014ൽ കൂടുതൽ ശക്തിയോടെ ബിജെപി തിരിച്ചെത്തി. തനതുശക്തി വർധിപ്പിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യശക്തികളുടെ മുന്നേറ്റം ഉണ്ടാക്കുന്നതിനും സിപിഐ എമ്മിന് കഴിയാതെ വന്നുവെന്നതാണ് ഈ രാഷ്ട്രീയസംഭവങ്ങൾ എടുത്തുകാട്ടുന്നത്.

പാർടി ദുർബലമായ സംസ്ഥാനങ്ങളിൽ കൂടുതൽ ശക്തിയുള്ള പ്രാദേശിക കക്ഷികളുമായി ഉണ്ടാക്കിയ സഖ്യം ഇടതുജനാധിപത്യ പരിപാടി ഉയർത്തിക്കാണിക്കുന്നതിനെ തടസ്സപ്പെടുത്തി. ഇടതുരാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിലുള്ള മുന്നണി നിലനിൽക്കുന്ന, പാർടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ ശക്തി കുറഞ്ഞ ബൂർഷ്വാ പാർടികളുമായി ഉണ്ടാക്കുന്ന ബന്ധം ഇടതുജനാധിപത്യ പരിപാടി ഉയർത്തിക്കാട്ടുന്നതിന് തടസ്സമാകുന്നില്ല. ചില സന്ദർഭങ്ങളിൽ ബിജെപിക്കെതിരെ ഇടതുജനാധിപത്യ മതനിരപേക്ഷശക്തികളെ അണിനിരത്തുകയും അവയുടെ ഐക്യം ഊട്ടിയുണ്ടാക്കുകയും ചെയ്യുകയെന്നത് കോൺഗ്രസുമായി ധാരണയുണ്ടാക്കുകയെന്ന മനോഭാവത്തിലേക്കെത്തി. ഇത് 2004ൽ നടന്ന ആന്ധ്ര തെരഞ്ഞെടുപ്പിലും പിന്നീട് ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും കോൺഗ്രസുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയായി പരിണമിച്ചു. നമ്മുടെ സമരത്തിന്റെ മുഖ്യദിശ ബിജെപിക്കെതിരാണെങ്കിലും കോൺഗ്രസുമായി ധാരണയോ സഖ്യമോ പാടില്ലെന്നും 2002ൽ ഹൈദരാബാദിൽ ചേർന്ന 17‐ാം കോൺഗ്രസ് നിർദേശിച്ചിരുന്നു. ഈ നിർദേശം ലംഘിക്കപ്പെട്ടു. ഇതിന്റെ ഫലമായി ഇടതുജനാധിപത്യപരിപാടി ഉയർത്തിക്കാട്ടുന്നതിന് വൈഷമ്യങ്ങളുണ്ടായി. പാർടിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു. പാർടിയുടെ സ്വതന്ത്രശക്തിയും മറ്റ് ഇടതുപക്ഷകക്ഷികളുടെ ശക്തിയും വളരാതിരുന്നതിന്റെ മുഖ്യകാരണങ്ങൾ ഇവയായിരുന്നു.

പത്താം കോൺഗ്രസ് ചൂണ്ടിക്കാണിച്ചതുപോലെ ബൂർഷ്വ‐ഭൂപ്രഭു പാർടികളുടെ പരിപാടിക്കും പ്രയോഗത്തിനും തീർത്തും എതിരും വ്യതിരിക്തവുമായ രാഷ്ട്രീയ സാമ്പത്തികപരിപാടി നേടിയെടുക്കാൻ ബഹുജനങ്ങളെ നയിച്ചുകൊണ്ട് ബൂർഷ്വ‐ഭൂപ്രഭു പാർടികളിൽനിന്ന് അവരെ അകറ്റിമാറ്റാനും ഒരു ബദൽ നേതൃത്വത്തിനു ചുറ്റും ബഹുജനങ്ങളെ വർധിച്ച തോതിൽ അണിനിരത്തുമ്പോഴുമാണ് ഇടതുപക്ഷ ജനാധിപത്യശക്തികൾ കരുത്താർജിക്കുന്നത്. ബൂർഷ്വ‐ഭൂപ്രഭുവർഗം രാഷ്ട്രീയമായി ദുർബലപ്പെടുന്നത്. കഴിഞ്ഞകാലത്ത് ഈ കടമ നിർവഹിക്കുന്നതിൽ പോരായ്മകൾ സംഭവിച്ചു.

രാഷ്ട്രീയ അടവ് സമീപനങ്ങളുടെ 25 കൊല്ലത്തെ അവലോകനത്തെതുടർന്ന് 21‐ാം കോൺഗ്രസ് ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്ന കടമയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് നിഷ്കർഷിച്ചു. പാർടിയുടെ സ്വതന്ത്ര പങ്ക് മെച്ചപ്പെടുത്താനും അതിന്റെ ശക്തിയും ബഹുജന അടിത്തറ വികസിപ്പിക്കുന്നതിനും മുൻഗണന നൽകണമെന്നും നിശ്ചയിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുകയെന്ന കടമയ്ക്ക് കീഴ്പ്പെടുന്നതായിരിക്കണം തെരഞ്ഞെടുപ്പ് അടവുനയമെന്നും 21‐ാം കോൺഗ്രസ് എടുത്തുപറഞ്ഞു. സമകാലിക സംഭവ വികാസങ്ങളെ നേരിടുന്നതിന് സ്വീകരിക്കുന്ന രാഷ്ട്രീയസമീപനങ്ങൾ പാർടിയുടെയും ഇടതുജനാധിപത്യശക്തികളുടെയും കരുത്ത് വളർത്തണമെന്ന താൽപ്പര്യവുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്നും അതിന് വിധേയമായിരിക്കണമെന്നും 21‐ാം കോൺഗ്രസ് ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ വർഗസ്വഭാവം സംബന്ധിച്ച പാർടി പരിപാടിയിലെ വിലയിരുത്തലിന്റെയും പാർടിയുടെ രാഷ്ട്രീയ അടവുനയം നടപ്പാക്കിയതു സംബന്ധിച്ച് 21‐ാം കോൺഗ്രസ് നടത്തിയ വിമർശനപരമായ അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് കരട് രാഷ്ട്രീയപ്രമേയത്തിലെ രാഷ്ട്രീയനയത്തിനും തെരഞ്ഞെടുപ്പ് അടവിനും രൂപംനൽകിയതെന്നും നേരത്തെ പ്രസ്താവിച്ചിട്ടുള്ള കാര്യമാണ്. കോൺഗ്രസുമായി ധാരണയും സഖ്യവും ഉണ്ടാക്കിയാൽ ജനവിരുദ്ധമായ നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളെയും സാമ്രാജ്യത്വ അനുകൂല നയങ്ങളെയും ബൂർഷ്വ‐ഭൂപ്രഭുവർഗ മേധാവിത്വത്തിന്റെ സഹജ സ്വഭാവമായ അമിതാധികാരപ്രവണതയെയും എതിർക്കാനും തുറന്നുകാട്ടാനും കഴിയാതെ വരുന്നു. ബിജെപിയും കോൺഗ്രസും പിന്തുടരുന്ന ഇത്തരം ജനവിരുദ്ധനയങ്ങളെയും ബിജെപിയുടെയും ആർഎസ്എസിന്റെയും വർഗീയനയങ്ങളെയും തുറന്നുകാട്ടുകയും എതിർക്കുകയും ചെയ്യേണ്ടത് ഇടതുജനാധിപത്യബദൽ ഉയർത്തുന്നതിനും ജനങ്ങളെ അണിനിരത്തുന്നതിനും സിപിഐ എം അടക്കമുള്ള ഇടതുകക്ഷികൾ ശക്തിപ്പെടുന്നതിനും ആവശ്യമാണ്. പ്രധാനപ്പെട്ട ഈ ദൗത്യം അടിയറവയ്ക്കാതെ ബിജെപി വിരുദ്ധവോട്ടുകൾ പരമാവധി ഏകോപിപ്പിക്കാൻ കഴിയുമെന്ന് പാർടി കരുതുന്നു.

എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്തിക്കൊണ്ട് ബിജെപിയെയും അതിന്റെ സഖ്യശക്തികളെയും പരാജയപ്പെടുത്തുകയെന്നതാണ് മുഖ്യകടമ എന്നും എന്നാൽ, ഇതുചെയ്യേണ്ടത് കോൺഗ്രസ് പാർടിയുമായി ധാരണയോ തെരഞ്ഞെടുപ്പുസഖ്യമോ ഉണ്ടാക്കിക്കൊണ്ടായിരിക്കരുതെന്ന് കരട് രാഷ്ട്രീയപ്രമേയം നിർദേശിക്കുന്നത് അതുകൊണ്ടാണ്. തെരഞ്ഞെടുപ്പിൽ പാർടിയും ഇടതുപക്ഷകക്ഷികളും തങ്ങൾക്ക് താരതമ്യേന ശക്തിയുള്ള പ്രദേശങ്ങളിൽ മാത്രം മത്സരിച്ചാൽ മതിയാകും. മറ്റു നിയോജകമണ്ഡലങ്ങളിൽ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ കഴിയുന്ന കോൺഗ്രസ് ഉൾപ്പെടെ മതേതരകക്ഷികൾ ആരാണോ അവയ്ക്ക് വോട്ടുചെയ്യും. പാർടിയും ഇടതുപക്ഷകക്ഷികളും തങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയപ്രചാരണം നടത്തും. ബിജെപിയെ പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും ശക്തിയായി പ്രചരിപ്പിക്കും. ഇതോടൊപ്പം ബൂർഷ്വ‐ഭൂപ്രഭുവർഗ നയങ്ങളെ തുറന്നുകാട്ടുകയും ഇടതുജനാധിപത്യബദൽ ഉയർത്തുകയും ചെയ്യും. കോൺഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കിയാൽ സ്വതന്ത്ര നിലപാട് സ്വീകരിക്കാനുള്ള ഇടതുകക്ഷികളുടെ സ്വാതന്ത്ര്യം അടിയറവയ്ക്കപ്പെടും. നമ്മുടെ പ്രചാരണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും. ബൂർഷ്വ‐ഭൂപ്രഭു നയങ്ങളെ തുറന്നുകാട്ടാനും എതിർക്കാനുമുള്ള ഇടതുകക്ഷികളുടെ സ്വാതന്ത്ര്യവും അവകാശവും കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പുസഖ്യമോ ഉണ്ടാക്കി അടിയറവയ്ക്കണമെന്നാണ് ഡി രാജ അഭിപ്രായപ്പെടുന്നത്. ഇടതുജനാധിപത്യശക്തികളെ സംബന്ധിച്ചിടത്തോളം അത്തരം സമീപനം ആത്മഹത്യാപരമായിരിക്കും.

ത്രിപുര തെരഞ്ഞെടുപ്പുഫലങ്ങളിൽനിന്നും പാഠങ്ങൾ പഠിക്കണമെന്നും പഠിക്കേണ്ട ഒരു പാഠം കോൺഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയാണെന്നും ത്രിപുര തെരഞ്ഞെടുപ്പിനുശേഷം ഡി രാജ പ്രസ്താവിക്കുകയുണ്ടായി. ത്രിപുരയിൽ കോൺഗ്രസ് മൊത്തമായി ബിജെപിയായി മാറുകയാണ് ചെയ്തത്. ത്രിപുരയിൽ കോൺഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കാൻ ശ്രമിക്കേണ്ടതായിരുന്നു എന്ന് ഡി രാജയ്ക്ക് പറയാൻ കഴിയില്ല. ബിജെപിയും ആർഎസ്എസും പ്രചരിപ്പിക്കുന്ന ഭൂരിപക്ഷ വർഗീയതയ്ക്കെതിരെ നിലപാടെടുക്കാൻ നേതൃത്വത്തെയോ അണികളെയോ കോൺഗ്രസ് പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് മൊത്തമായി കോൺഗ്രസ് ബിജെപിയായി മാറുന്നത്. ത്രിപുരയിൽ സംഭവിച്ചതുതന്നെയാണ് മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്നത്. കോൺഗ്രസ് നേതാക്കന്മാരും അണികളും ബിജെപിയിലേക്ക് കുടിയേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. 2004നു ശേഷമുള്ള പത്തുകൊല്ലത്തെ കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ ഭരണമാണ് 2014ൽ ബിജെപിയെ അധികാരത്തിലേറ്റിയതെന്ന കാര്യം ഡി രാജ വിസ്മരിച്ചിരിക്കുന്നു. ഇടതുജനാധിപത്യശക്തികളുടെ വളർച്ചയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള സമീപനമാണ് ഇടതുകക്ഷികൾ എക്കാലത്തും സ്വീകരിക്കേണ്ടത്. രാജ്യത്താകെ വിവിധ വിഭാഗം ജനങ്ങൾ നടത്തിവരുന്ന സമരങ്ങൾ ബിജെപിയും കോൺഗ്രസും പിന്തുടരുന്ന നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളോടുള്ള അസംതൃപ്തിയെയും എതിർപ്പിനെയുമാണ് പ്രകടിപ്പിക്കുന്നതെന്നും വിസ്മരിക്കരുത്. ഈ സമരങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഉപകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ഇടതുപക്ഷകക്ഷികൾ സ്വീകരിക്കേണ്ടതെന്നും സിപിഐ എം കരുതുന്നു. വർഗീയതയ്ക്കെതിരായ സമരം വിജയിക്കുന്നത് ജനവിരുദ്ധ നവഉദാരവൽക്കരണ സാമ്പത്തികനയങ്ങൾക്കെതിരായി പോരാടുന്ന ബഹുജനങ്ങളെ അണിനിരത്താൻ കഴിയുമ്പോഴാണ്. കോൺഗ്രസുമായുള്ള ചങ്ങാത്തം അതിനെയും തടസ്സപ്പെടുത്തും •
(അവസാനിച്ചു)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top