ad
Deshabhimani

സംസ്ഥാന ബജറ്റ്: പുതിയ ഉത്തരങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 07, 2017, 04:13 PM | 0 min read

പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും പുതിയ ഉത്തരങ്ങള്‍ തേടുകയും ചെയ്യുന്നു എന്നതാണ് സംസ്ഥാന ബജറ്റിന്റെ സവിശേഷത. അപ്രകാരം ചെയ്യുക വഴി അത് സാമ്പ്രദായിക ബജറ്റ് രീതിശാസ്ത്രത്തെ നിഷേധിക്കുന്നു. വരവും ചെലവും കൂട്ടിമുട്ടിക്കുകയാണ് ബജറ്റ് ധര്‍മമെന്ന പഴഞ്ചന്‍ സിദ്ധാന്തത്തെ പുറംതള്ളുന്നു. ഈ അര്‍ഥത്തില്‍ സംസ്ഥാന ബജറ്റ് കേന്ദ്രബജറ്റില്‍നിന്നും ഇതര സംസ്ഥാന ബജറ്റുകളില്‍നിന്നും വ്യത്യസ്തമാണ്. വികസനത്തിന് പുതിയ വഴികള്‍ തേടേണ്ടിവരും എന്ന ശക്തമായ സന്ദേശം ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. ബജറ്റ് എന്നാല്‍ നികുതി വര്‍ധനയാണെന്ന പഴഞ്ചന്‍ ധാരണ ഉപേക്ഷിക്കപ്പെടുന്നു. ഉള്ളത് ചെലവാക്കലല്ല; ഉണ്ടാക്കി ചെലവാക്കലാണ് സര്‍ക്കാരിന്റെ ചുമതല. 

നോട്ടു നിരോധനവും കൊടും വരള്‍ച്ചയും സമ്പദ് വ്യവസ്ഥയുടെ ഊര്‍ജവും ചോര്‍ത്തി. രണ്ടും ചേര്‍ന്ന് നികുതി വരുമാനം ഇടിച്ചു. സമ്പദ് വ്യവസ്ഥയില്‍ ഇടപെടാനുള്ള സര്‍ക്കാരിന്റെ ശേഷി  ശോഷിച്ചു. പശ്ചാത്തല- സാമൂഹ്യ മേഖലകളില്‍ വന്‍തോതില്‍ മൂലധന നിക്ഷേപം കൊണ്ടുമാത്രമെ ഊര്‍ജസ്വലമായ വളര്‍ച്ചയുടെ പാതയിലേക്ക് സംസ്ഥാനത്തെ വഴിനടത്താനാകൂ. ഇതൊരു വെല്ലുവിളിയാണ്.

രണ്ടു വഴിയാണ് ധനമന്ത്രിക്കു മുന്നിലുള്ളത്. ജൂലൈ ഒന്നുമുതല്‍ നടപ്പാക്കിയേക്കാവുന്ന ചരക്ക്-സേവന നികുതി നല്‍കിയേക്കാവുന്ന നികുതിവര്‍ധനയ്ക്ക് കാത്തിരിക്കുക. അതല്ലെങ്കില്‍ ബജറ്റിനു പുറത്തു വിഭവസമാഹരണത്തിന്റെ പ്രായോഗികമാര്‍ഗം തേടാം. വായ്പയ്ക്കല്ലാതെ വായ്പയുടെ പ്രശ്നങ്ങള്‍ക്ക് തല്‍ക്കാലം ചെവികൊടുക്കാതിരിക്കാം. ആദ്യത്തെ മാര്‍ഗം കരുതല്‍ധനമായി കരുതി, രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്.

സാമാന്യേന ദരിദ്രമായ സംസ്ഥാനത്തിന് വന്‍തോതില്‍ മൂലധന നിക്ഷേപം നടത്താനാകുന്നതെങ്ങനെ എന്ന് കിഫ്ബിയിലൂടെയും കെഎസ്എഫ്ഇയിലൂടെയും ബജറ്റ് ഉത്തരം നല്‍കുന്നു. വേഗമുള്ള ഓട്ടക്കാരന്റെ കാലുകള്‍പോലെയാണ് ഈ രണ്ടു സ്ഥാപനങ്ങള്‍. ഇവയുടെ  സാമ്പത്തികപ്രയോഗമാണ് നികുതിരഹിത ബജറ്റിന് ധനമന്ത്രിയെ പ്രാപ്തനാക്കുന്നത്.  കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും തുറമുഖങ്ങളുടെയും വൈദ്യുതി നിലയങ്ങളുടെയും നവീകരണത്തിനും വിപുലീകരണത്തിനും വിഭവസമാഹരണം കിഫ്ബി മുഖേനയാണ്. വിദ്യാഭ്യാസ- ആരോഗ്യമേഖലകളിലെ വന്‍ മുതല്‍മുടക്കുകളും കിഫ്ബി മുഖേനയാണ്. തീരദേശ-മലയോര ഹൈവേകളുടെ വികസനത്തിന് കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയുടെ അടിസ്ഥാനത്തിലുള്ള വിഭവസമാഹരണം ലക്ഷ്യമിടുന്നു.  എല്ലാം കിഫ്ബി മയം എന്ന വിമര്‍ശനം അര്‍ഥശ്യൂന്യമാണ്. നികുതി വരുമാനം കൊണ്ടുമാത്രം വികസനം സാധ്യമല്ല. വിമര്‍ശകര്‍ ഈ പ്രാഥമിക പാഠം ഉള്‍ക്കൊള്ളണം. അല്ലെങ്കില്‍ മറ്റൊരു വിഭവസ്രോതസ്സ് ചൂണ്ടിക്കാണിക്കാനുണ്ടാകണം.

കാര്‍ഷിക മേഖലയ്ക്ക് 2106 കോടി രൂപ വകയിരുത്തുമ്പോള്‍ത്തന്നെ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണത്തിനും പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നു. കേന്ദ്രബജറ്റ് 72,500 കോടി രൂപ  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നേരെ എതിരാണ് സംസ്ഥാന ബജറ്റ് നയം. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും നിശ്ചിത കാലയളവിനുള്ളില്‍ ലാഭത്തിലാക്കാന്‍ സംസ്ഥാന ബജറ്റ് ലക്ഷ്യമിടുന്നു.

ചാനല്‍ മുറികളിലും മുന്തിയ ഹോട്ടലുകളിലെ എസി ഹാളുകളിലും നടക്കുന്ന ചര്‍ച്ചകളില്‍ പരാമര്‍ശനത്തിനുപോലും അര്‍ഹത നേടാത്ത പല വിഭാഗങ്ങളുമുണ്ട്. അവയില്‍ ഒന്നാണ് മാന്‍ഹോളുകളിലും സെപ്റ്റിക് ടാങ്കുകളിലും ഇറങ്ങി മാലിന്യം നീക്കുന്നവര്‍. മാലിന്യ നീക്കം യന്ത്രവല്‍ക്കരിക്കുന്നതിന് ബജറ്റ് 10 കോടി രൂപ വകയിരുത്തുന്നു. തോട്ടിപ്പണിക്കു തുല്യമായ ജോലിയെ മാന്യതയുള്ള തൊഴിലാക്കി മാറ്റുന്നു. ശാസ്ത്രീയ രീതിയില്‍ സെപ്റ്റിക് ടാങ്കുകളുണ്ടാക്കാന്‍ 150 കോടി രൂപ വകയിരുത്തുന്നു. ബാര്‍ബര്‍മാരുടെയും മണ്‍പാത്രത്തൊഴിലാളികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ബജറ്റ് പ്രധാനമായി കാണുന്നു. ചില ഉദാഹരണങ്ങള്‍ മാത്രമാണിവ. വികസനമെന്നാല്‍ കാര്‍ഷിക- വ്യവസായ ഉല്‍പ്പാദന വര്‍ധനയെന്ന വിഭാഗീയ കാഴ്ചപ്പാട് ബജറ്റ് തിരസ്കരിക്കുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം പിടിക്കാത്തവരുടെ ക്ഷേമപ്രവര്‍ത്തനം വികസനത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് അംഗീകരിക്കുകയാണ് ബജറ്റ്.

പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിന് ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ തുക വകയിരുത്തുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളം കൈവരിക്കുന്നു. പട്ടികജാതി ജനസംഖ്യ 9.1 ശതമാനമാണ്. ബജറ്റ് 9.81 ശതമാനം തുക വകയിരുത്തുന്നു. പട്ടിക വര്‍ഗക്കാര്‍ 1.45 ശതമാനമാണ്. 2.83 ശതമാനം തുക വകയിരുത്തുന്നു. രാജ്യത്തെ ജനസംഖ്യയില്‍ 25.2 ശതമാനമാണ് പട്ടികജാതി- പട്ടികവര്‍ഗക്കാര്‍. കേന്ദ്ര ബജറ്റ് നല്‍കുന്നത് 11.5 ശതമാനം തുക. അനീതിയാണ് കേന്ദ്രം ആ വിഭാഗത്തോട് കാണിക്കുന്നത്.

സ്ത്രീതുല്യത വാക്കുകളില്‍നിന്നു പ്രവര്‍ത്തിയിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ ഉതകുന്ന അനവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഒരു പ്രത്യേക വനിതാ വകുപ്പ് രൂപീകരിക്കാനുള്ള നിര്‍ദേശമാണ് ഒന്ന്. ജന്‍ഡര്‍ ബജറ്റാണ് മറ്റൊന്ന്. നൂറു ശതമാനം സ്ത്രീകള്‍ ഗുണഭോതാക്കളായ 64 പദ്ധതികള്‍ക്ക് 1060 കോടി രൂപയും സ്ത്രീകള്‍ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 പദ്ധതികള്‍ക്ക് 13,400 കോടി രൂപയും വകയിരുത്തുന്നു. പദ്ധതിച്ചെലവിന്റെ 11.5 ശതമാനം വനിതാവികസനത്തിനാണ്.

കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ സ്വീകരിച്ച നടപടികളിലൊന്ന് ആസൂത്രണകമീഷന്‍ പിരിച്ചുവിടുകയായിരുന്നു. സാമ്പത്തിക തീരുമാനങ്ങള്‍ സര്‍ക്കാരോ സര്‍ക്കാരിനു നേതൃത്വം നല്‍കുന്നവരോ കൈക്കൊള്ളുമെന്ന വ്യക്തമായ സന്ദേശമായിരുന്നു അത്. കേരളമാകട്ടെ സാമ്പത്തികാസൂത്രണം ശക്തിപ്പെടുത്തുന്ന നയസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. വികസനം ഉദ്യോഗസ്ഥ തലത്തില്‍ കൈക്കൊള്ളേണ്ടതല്ല. ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അതാണ് ജനകീയാസൂത്രണത്തിന്റെ അന്തഃസത്ത. 26,500 കോടി രൂപയുടേതാണ് സംസ്ഥാന പദ്ധതി അടങ്കല്‍. കേന്ദ്രാവിഷ്കൃത പദ്ധതികള്‍കൂടി ചേര്‍ത്താല്‍ മൊത്തം 34,537 കോടി രൂപ. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വികസനഫണ്ടായി 6227 കോടി രൂപ വകയിരുത്തുന്നു. മെയിന്റനന്‍സ് ഫണ്ടും ജനറല്‍ പര്‍പ്പസ് ഫണ്ടും ചേര്‍ന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 9748 കോടി രൂപ വരും. മൊത്തം പദ്ധതി അടങ്കലിന്റെ 23.5 ശതമാനമാണ് വികസനഫണ്ട്.  പ്രതിവര്‍ഷം അരശതമാനം വീതം വര്‍ധിപ്പിച്ച് നാലുവര്‍ഷത്തിനകം 25 ശതമാനവും മെയിന്റനന്‍സ് ഫണ്ട് ദശാംശം ഒരു ശതമാനം വീതം കൂട്ടി 5.5 ശതമാനത്തില്‍നിന്ന് ആറുശതമാനമാക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 5500 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം വകയിരുത്തിയത്. ഈ വര്‍ഷത്തില്‍ 13.23 ശതമാനം കൂടുതല്‍ അനുവദിക്കുന്നു. ബജറ്റ് വര്‍ഷത്തില്‍ 2500 കോടി രൂപ കൂടുതലാണ് പദ്ധതി അടങ്കല്‍. പ്രോജക്ട് നടപ്പാക്കല്‍ വലിച്ചുനീട്ടി വര്‍ഷാവസാനത്തേക്കാക്കാതെ എപ്രില്‍ ഒന്നിനു തന്നെ സമാരംഭിക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു.

ധനകമ്മി ദേശീയ വരുമാനത്തിന്റെ 3.5 ശതമാനം വരെ ആകാമെ ന്ന് ധനഉത്തരവാദിത്ത നിയമത്തിന്റെ പ്രവര്‍ത്തനം പരിശോധിച്ച എന്‍ കെ സിങ് കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ധനകമ്മി വര്‍ധിച്ചാല്‍ റേറ്റിങ് ഏജന്‍സികളുടെ അപ്രീതി നേരിടും. വിദേശ മൂലധന നിക്ഷേപത്തെ അതു ബാധിക്കും. അതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ധനകമ്മി 3.2 ശതമാനത്തില്‍ ഒതുക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ചെലവ് വെട്ടിച്ചുരുക്കിയാണ് 3.2 ശതമാനത്തിലെത്തിക്കുന്നത്. 2016-17ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 6.5 ശതമാനം മാത്രമാണ് 2017-18ലെ ചെലവുവര്‍ധന. ഇതു നാമമാത്രമാണ്; അപര്യാപ്തമാണ്. മാന്ദ്യകാലത്ത് ചെലവുചുരുക്കുകയല്ല വേണ്ടത്. സംസ്ഥാനത്തിന്റെ 2016-17ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ആകെ ചെലവ് 1,07,996 കോടി രൂപയായിരുന്നു. പുതിയ ബജറ്റ് 1,19,601 കോടി രൂപയുടെ ചെലവ് നിര്‍ദേശിക്കുന്നു. അതായത് കേന്ദ്രത്തിന്റേതിനേക്കാള്‍ ഇരട്ടിവര്‍ധന- 10.75 ശതമാനം.

റവന്യൂ കമ്മി സംസ്ഥാന വരുമാനത്തിന്റെ 2.14 ശതമാനവും ധനകമ്മി 3.44 ശതമാനവും ആയിരിക്കുമെന്നു കണക്കാക്കുന്നു. ഏതായാലും മൂന്നു ശതമാനത്തിന്റെ ലക്ഷ്മണരേഖ കടന്നതിനാല്‍ ഭൂമികുലുക്കമൊന്നും സംഭവിക്കില്ല. വികസനമാണ് പ്രധാനം.  ഏതുവിധേനയും ധനകമ്മിയില്‍ കടിച്ചുതൂങ്ങുകയല്ല, ചരക്ക്-സേവന നികുതി സമ്പ്രദായം നടപ്പാക്കപ്പെടുന്നതോടെ ധനകമ്മി താഴാനാണ് സാധ്യത.

നവകേരള മിഷന്റെ നാലുഘടകങ്ങളാണ് ബജറ്റിന്റെ അന്തര്‍ധാര. ശുചിത്വം, ജലസംരക്ഷണം, ജൈവകൃഷി എന്നിവ അടങ്ങുന്ന ഹരിതകേരളം മിഷന്‍, സമഗ്ര ആരോഗ്യപദ്ധതിയായ ആര്‍ദ്രം മിഷന്‍, പൊതുവിദ്യഭ്യാസ സംരക്ഷണമിഷന്‍, എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പുചെയ്യുന്ന ലൈഫ്മിഷന്‍ എന്നിവയാണവ. സര്‍വതല സ്പര്‍ശിയായ നവകേരളമിഷന്‍ നൂതന സംരംഭമാണ്. അതിലേക്കുള്ള യഥാര്‍ഥ്യബോധമുള്ള ചുവടുവയ്പാണ് 2017-18ലെ സംസ്ഥാന ബജറ്റ്
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home