19 September Wednesday

ആവേശം പ്രചോദനമാക്കി പറന്നുയരാം

എ സി മൊയ്തീന്‍ Updated: Saturday Oct 7, 2017

ഇന്ത്യ ലോകഫുട്ബോളിന്റെ വിസ്മയലോകത്തേക്ക് കടന്നുചെന്ന അഭിമാനമുഹൂര്‍ത്തം. ലോകഫുട്ബോളിലെ പിന്‍നിരക്കാരെ സംബന്ധിച്ച് മുന്നോട്ടുള്ള പ്രയാണത്തിലെ നിര്‍ണായക ചുവടാണ് അണ്ടര്‍ 17 ഫിഫ ലോകകപ്പ്. തലസ്ഥാനനഗരമായ ഡല്‍ഹിയില്‍ വെള്ളിയാഴ്ച കാല്‍പ്പന്തിന്റെ കൌമാരമേളയ്ക്ക് അരങ്ങുണര്‍ന്നു. ഇനി 21 നാള്‍ നാടും നഗരവും ഈ പന്തിനുപിന്നാലെ പായും. അപ്രതീക്ഷിതമായി കൈവന്ന അസുലഭ ഭാഗ്യം ആസ്വദിക്കാനുള്ള ആവേശത്തിലാണ് രാജ്യത്തെ കളിക്കാരും കായികപ്രേമികളും. അമേരിക്കയുമായി നടന്ന ആദ്യമത്സരത്തോടെ ഇന്ത്യന്‍ ടീം ആദ്യമായി ഫുട്ബോള്‍ ലോകകപ്പിനിറങ്ങി ചരിത്രംകുറിച്ചു. ലോകകപ്പിന്റെ രാജ്യത്തെ ആറ് വേദികളിലും ഇനി തീപാറുന്ന പോരാട്ടമാണ്. കളത്തിന് പുറത്തേക്കും ഈ ഫുട്ബോള്‍ലഹരി പരന്നൊഴുകും. 

ശനിയാഴ്ച കൊച്ചിയുടെ ഊഴം ആരംഭിക്കും. ഫുട്ബോള്‍ ഹൃദയത്തിലേറ്റുന്ന കേരളം ലോകകപ്പിനെ വരവേല്‍ക്കാന്‍ എല്ലാ അര്‍ഥത്തിലും ഒരുങ്ങി. കാല്‍പ്പന്ത് കളിയോടുള്ള മലയാളിയുടെ അഭിനിവേശം ഐഎസ്എല്ലിലൂടെ ലോകം അറിഞ്ഞതാണ്. ഈ ലോകകപ്പില്‍ ഏവരും കാത്തിരിക്കുന്ന ബ്രസീല്‍- സ്പെയിന്‍ പോരാട്ടത്തിലൂടെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കൊച്ചിയിലെ മത്സരങ്ങള്‍ക്ക് തുടക്കമാകും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ടു ടീമുകളുടെ മത്സരം കാണാന്‍ ശനിയാഴ്ച ഭാഗ്യമുണ്ടാകും. ചാമ്പ്യന്മാരാകാന്‍ സാധ്യതയുള്ള ജര്‍മനിയും ഇവിടെ കളിക്കും. ഇന്ത്യയുടെ മത്സരങ്ങളും ഒപ്പം സെമി, ഫൈനല്‍ മത്സരങ്ങളും കൊച്ചിക്ക് ലഭിക്കാതിരുന്നതിന്റെ വിഷമം മറക്കാന്‍ സഹായിക്കാന്‍പോന്ന പ്രൌഢമായ പോരാട്ടങ്ങളാണ് ഇവിടെ നടക്കുന്നത്. ടിക്കറ്റുകള്‍ ഏറ്റവുമാദ്യം വിറ്റഴിഞ്ഞ വേദികൂടിയാണ് കൊച്ചി.

കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും മുളഗ്യാലറികള്‍ക്കുമുന്നിലും സാധാരണ സ്റ്റേഡിയങ്ങളിലും അരങ്ങേറിയ നമ്മുടെ ഫുട്ബോള്‍ ലോകനിലവാരത്തിലേക്ക് കടക്കുന്നുവെന്നതാണ് ഈ ലോകകപ്പ് നല്‍കുന്ന ഏറ്റവും വലിയ സന്തോഷം. അണ്ടര്‍ 17 ലോകകപ്പ് കൊച്ചിക്കും കേരളത്തിനും സമ്മാനിക്കുക പുതിയ കളിയനുഭവമാണ്. തിങ്ങിയിരുന്ന്, ഇടികൊണ്ട് കളികാണുന്ന കാലം ഓര്‍മയാകും. ടിക്കറ്റെടുത്ത് കളികാണാന്‍ കയറുന്നവര്‍ക്കെല്ലാം സ്വന്തമായി ഒരു ഇരിപ്പിടമുണ്ടാകും. വളരെ ആസ്വദിച്ച് കാല്‍പ്പന്തിലെ പുതുവാഗ്ദാനങ്ങളുടെ കളി കാണാം. ഫിഫയുടെ നിബന്ധനകള്‍ കാരണം കാണികളുടെ എണ്ണം 41,748 ആയി കുറച്ചു. എന്നാല്‍, സുരക്ഷയെ കരുതിയുള്ള ഈ നീക്കം കാണികള്‍ക്കുവേണ്ടിത്തന്നെയാണ്.

യഥാര്‍ഥ അന്താരാഷ്ട്രനിലവാരം കേരളത്തില്‍ സാധ്യമാക്കിയത് അക്ഷീണയത്നത്തിലൂടെയാണ്. ഒരു മുന്‍പരിചയവും ഇല്ലായിരുന്നെങ്കിലും ഫിഫയ്ക്ക് പൂര്‍ണതൃപ്തിയാകുംവിധം എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയാക്കി. സ്റ്റേഡിയവും പരിശീലനത്തിനുള്ള നാല് മൈതാനങ്ങളും ലോകനിലവാരത്തില്‍  സജ്ജമാക്കി. കൊച്ചിയില്‍ കളിക്കുന്ന ടീമുകള്‍ക്ക് സൌകര്യങ്ങളില്‍ പൂര്‍ണതൃപ്തിയാണ്. കേരളം അവര്‍ക്ക് മറക്കാനാകാത്ത അനുഭവമാകുമെന്ന് ഉറപ്പ്.

നമ്മുടെ ഫുട്ബോളിനുമാത്രമല്ല, കായികമേഖലയ്ക്കാകെ ലോകകപ്പ് ഉണര്‍വുപകരും. നാളെ ലോക താരങ്ങളെ നേരിട്ടുകാണുന്നതും അവരുടെ കളി ആസ്വദിക്കുന്നതും നമ്മുടെ കുട്ടികള്‍ക്ക് വലിയ പ്രചോദനമാകും. ലോകനിലവാരത്തിലേക്ക് ഉയരാന്‍ എന്തുവേണമെന്ന് അവര്‍ക്ക് തിരിച്ചറിയാനുമാകും. ഫുട്ബോളില്‍ കേരളത്തിന് നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാനും അതിനപ്പുറത്തേക്ക് വളരാനും ലോകകപ്പ് ആവേശം വഴിയൊരുക്കും. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരു മലയാളിതാരം കളിക്കുന്നുവെന്നത് അഭിമാനമാണ്. എന്നാല്‍, നമ്മുടെ ഫുട്ബോളിനുണ്ടായ തിരിച്ചടി ഓര്‍മിപ്പിക്കുന്ന കാര്യംകൂടിയാണിത്. കൂടുതല്‍ മലയാളിതാരങ്ങളെ ദേശീയ ടീമിലെത്തിക്കാനും അന്താരാഷ്ട്രതല മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കാനും നമുക്ക് കഴിയണം. ഫുട്ബോളിന്റെയും മുഴുവന്‍ കായിക ഇനങ്ങളുടെയും അഭിവൃദ്ധിക്കായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. 

സംസ്ഥാന കായികവകുപ്പും സ്പോര്‍ട്സ് കൌണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച ലോകകപ്പ് പ്രചാരണപരിപാടികള്‍ക്ക് കായികപ്രേമികളിലും ഒപ്പം ജനങ്ങളിലാകെയും വലിയ ആവേശം സൃഷ്ടിക്കാന്‍ സാധിച്ചു. നാടും നഗരവും സംസാരിക്കുന്നത് കൌമാര ലോകകപ്പിനെക്കുറിച്ചാണ്. കൊച്ചിയിലെത്തിയ ലോകകപ്പ് ട്രോഫിക്ക് അത്യുജ്വല സ്വീകരണം നല്‍കി. വണ്‍ മില്യണ്‍ ഗോള്‍ എന്ന പ്രചാരണപരിപാടിയില്‍ എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ച് സംസ്ഥാനത്താകെ പത്തുലക്ഷം ഗോളടിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, 20 ലക്ഷത്തിനടുത്ത് ഗോളടിച്ച പരിപാടി വന്‍വിജയമായി. ബോള്‍ റണ്‍, ദീപശിഖാ റിലേ പരിപാടികള്‍ക്ക് കടന്നുപോയ കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണം ലഭിച്ചു. സെലിബ്രിറ്റി ഫുട്ബോള്‍ മത്സരവും വിജയമായിരുന്നു. അന്താരാഷ്ട്രമത്സരങ്ങള്‍ക്ക് നമ്മള്‍ സദാസജ്ജമാണെന്ന് ഇനി അഭിമാനത്തോടെ പറയാം

പ്രധാന വാർത്തകൾ
Top