13 November Tuesday

ഉയരും; ആയിരം ഗൌരിമാര്‍

ചേതന തീര്‍ഥഹള്ളിUpdated: Thursday Sep 7, 2017

അവള്‍ ചോദ്യങ്ങളുയര്‍ത്തി
അവള്‍ എഴുതി
അവള്‍ പോരാടി
അവള്‍ ചെറുത്തുനിന്നു
അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു 


ഗൌരി ലങ്കേഷ്, അഭിപ്രായസ്വാതന്ത്യ്രത്തിന്റെ ആത്മാവാണ് കൊല്ലപ്പെട്ടത്. ഭീരുക്കളായ ഫാസിസ്റ്റുകള്‍ അവളെ ഏറെ ഭയപ്പെട്ടിരുന്നു; അതുകൊണ്ടുതന്നെ അവരുടെ പിണിയാളുകള്‍ക്ക് സ്വന്തം മുഖം രക്ഷിക്കാന്‍ അവളെ കൊല്ലുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല.

'ഗൌരി ലങ്കേഷ് പത്രിക'യുടെ ധീരയായ പത്രാധിപരായിരുന്നു ഗൌരി ലങ്കേഷ്. മനുഷ്യത്വത്തിനും നീതിക്കുംവേണ്ടി എന്നും നിലയുറപ്പിച്ച പ്രസിദ്ധീകരണമായിരുന്നു അത്. തെറ്റായ എല്ലാറ്റിനെയും അവള്‍ ചോദ്യംചെയ്തു.  പത്രപ്രവര്‍ത്തനജീവിതത്തിലുടനീളം  ഭീതിയേതുമില്ലാതെ അവര്‍ സംസാരിച്ചു, സമൂഹത്തിലെ തെറ്റുകള്‍ക്കെതിരെ നിലകൊണ്ടു, പ്രത്യേകിച്ചും വര്‍ഗീയ രാഷ്ട്രീയത്തിനും ജാതിവ്യവസ്ഥയ്ക്കും അധികാരകേന്ദ്രങ്ങള്‍ക്കുമെതിരെ. 

ഭയരഹിതമായി ജീവിക്കാന്‍ ഗൌരി ലങ്കേഷാണ് ഞങ്ങളെ പഠിപ്പിച്ചത്.  കാവിഗുണ്ടകളില്‍നിന്ന് നിരന്തരം ഭീഷണി ഉയര്‍ന്നെങ്കിലും ഗൌരി ലങ്കേഷ് ഒരിക്കലും പൊലീസ് സംരക്ഷണത്തിന് ആവശ്യപ്പെട്ടില്ല. ഞങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകയായിരുന്നു അവര്‍. പ്രത്യേകിച്ചും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക.്

വ്യക്തിപരമായി പറയുകയാണെങ്കില്‍ ഗൌരി ലങ്കേഷിന്റെ ജീവിതവും പ്രവൃത്തികളും എന്നെ ഏറെ സ്വാധീനിച്ചു.  സംഘപരിവാരവും അവരുടെ അനുയായികളും എന്നെ ജൂനിയര്‍ ഗൌരി ലങ്കേഷ് എന്ന് പറഞ്ഞാണ് അപഹസിക്കാറുള്ളത്. ഒരേ പാതയിലൂടെയാണ് സഞ്ചാരമെങ്കിലും ഒരിക്കലും ഞങ്ങള്‍തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. പക്ഷേ എല്ലാ ഘട്ടത്തിലും അവര്‍ എനിക്കുവേണ്ടി നിലകൊണ്ടു.  സംഘികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ എന്നെ ലക്ഷ്യമിട്ടപ്പോള്‍ ഗൌരി ലങ്കേഷ് അവരുടെ മാധ്യമത്തില്‍ എന്നെക്കുറിച്ച് എഴുതുകയും പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയുംചെയ്തു. ആ സമയത്ത് അവര്‍ക്കെതിരെ ഞാന്‍ ഒരു കേസ് നടത്തുകയായിരുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കണം.

ഗൌരി ലങ്കേഷിന്റെ ടാബ്ളോയിഡിലെ ഒരു റിപ്പോര്‍ട്ടര്‍ എന്നെക്കുറിച്ച് മോശമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. നിയമപ്രകാരം റിപ്പോര്‍ട്ടര്‍ക്കെതിരെയും എഡിറ്റര്‍ക്കെതിരെയും ഞാന്‍ കേസ് ഫയല്‍ ചെയ്തു.  കോടതിക്കുപുറത്ത് കേസ് തീര്‍ക്കാന്‍ ഗൌരി താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍, ഞാന്‍ അതിന് തയ്യാറായില്ല.  ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രസിദ്ധീകരണത്തില്‍ ത്തന്നെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം വന്നത് ഏറെ വേദനിപ്പിച്ചു. കര്‍ണാടകത്തിലെ എല്ലാ പുരോഗമനമനസ്കരുമെന്നപോലെ ഞാനും  ഗൌരിയുടെ പിതാവ് പുറത്തിറക്കിയ ലങ്കേഷ് പത്രിക വായിച്ചാണ് വളര്‍ന്നത്. സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള പ്രസിദ്ധീകരണമായിരുന്നു അത്. നൂറുകണക്കിന് പൊതുപ്രവര്‍ത്തകരെ സൃഷ്ടിച്ച പ്രസിദ്ധീകരണം.

കേസ് പിന്‍വലിക്കാന്‍ ഞാന്‍ വിസമ്മതിച്ചതില്‍ ഗൌരി എന്നോട് ദേഷ്യപ്പെട്ടിരുന്നു.  എന്നിട്ടും എനിക്ക് ഒരു പ്രശ്നം വന്നപ്പോള്‍ അവര്‍ എനിക്കുവേണ്ടി നിലകൊണ്ടു. പ്രത്യയശാസ്ത്രത്തോടുള്ള അവരുടെ ആത്മാര്‍ഥത അത്രമാത്രം ആഴമുള്ളതായിരുന്നു.  അതാണ് അവരുടെ മഹത്വവും. അതുകൊണ്ടാണ് മറ്റെല്ലാ കാര്യങ്ങളും മറന്ന് എന്റെ മാതൃകാബിംബമായി അവര്‍ നിലകൊള്ളുന്നത്.

യോജിച്ച പോരാട്ടത്തിലാണ് ഗൌരി ലങ്കേഷ് വിശ്വസിച്ചിരുന്നത്. പുതുതലമുറ പ്രവര്‍ത്തകര്‍ക്ക് അവര്‍ മൂത്ത സഹോദരിയാണ്. പുരോഗമനപ്രസ്ഥാനങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഐക്യം പുനഃസ്ഥാപിക്കാനായി അവര്‍ കഠിനമായി അധ്വാനിച്ചു. അവസാനമായി അവര്‍ ട്വിറ്ററില്‍ ഉയര്‍ത്തിയ ആവശ്യങ്ങളിലൊന്ന് ഇടതുപക്ഷസംഘടനകള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നായിരുന്നു.  ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ യോജിച്ച് പൊരുതണമെന്ന് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടാറുണ്ടായിരുന്നു.

കണ്ണുകള്‍ നിറയുകയാണ്. ദുഃഖത്തിന്റെയും നിസ്സഹായതയുടെയുമല്ല ഈ കണ്ണീര്‍. രോഷത്തിന്റെയും മോഹഭംഗത്തിന്റേതുമാണത്. അവര്‍ക്ക് ഒരു ഗൌരിയെ കൊല്ലാന്‍ കഴിയുമായിരിക്കാം.  എന്നാല്‍, അവരുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ഇവിടെ നൂറുകണക്കിന് ആയിരക്കണക്കിന് ഗൌരിമാരുണ്ട്. അവര്‍ അവളെ വധിച്ചിരിക്കാം. എന്നാല്‍, ഗൌരിയെ മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ ബോധമണ്ഡലത്തില്‍ അവര്‍ എന്നും ജീവിച്ചിരിക്കും

(ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകയാണ് ലേഖിക)

പ്രധാന വാർത്തകൾ
Top