11 December Tuesday

സഹോദരന്റെ സാഹോദര്യം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 6, 2018


കേരളത്തിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിൽ വൈകുണ്ഠസ്വാമി തുടങ്ങിവച്ച സമപന്തിഭോജനത്തിനും ശ്രീനാരായണന്റെ അരുവിപ്പുറം പ്രതിഷ്ഠയ്ക്കുംശേഷം കർമമാർഗത്തിൽ സഞ്ചരിച്ച പരിഷ്കർത്താവായിരുന്നു സഹോദരൻ അയ്യപ്പൻ. തന്റെ ഗുരു ശ്രീനാരായണന്റെ സന്ദേശം ഇത്ര സമർഥമായി നടപ്പാക്കിയ മറ്റൊരു ശിഷ്യൻ ഇല്ലതന്നെ. ആലുവാ അദൈ്വതാശ്രമത്തിൽവച്ച് എഴുതി തയ്യാറാക്കി 'പ്രബുദ്ധകേരളം' മാസികയിൽ പ്രസിദ്ധീകരിച്ച ശ്രീനാരായണന്റെ ജാതിയില്ലാ വിളംബരം അയ്യപ്പനിലുണ്ടാക്കിയ ആവേശമായിരുന്നു കഷ്ടിച്ച് ഒരുകൊല്ലം തികയുന്നതിനുമുമ്പ് പന്തിഭോജനത്തിലെത്തിയത്. "നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല'' എന്ന ശ്രീനാരായണമന്ത്രം അയ്യപ്പനിലും സമപ്രായക്കാരിലുമുണ്ടാക്കിയ സ്വാധീനം സീമാതീതമായിരുന്നു.

കോഴിക്കോട്ടായിരുന്ന അയ്യപ്പൻ ആലുവായിലെത്തി ഗുരുവിനെ കണ്ടപ്പോൾ "ഇങ്ങനെ എഴുതിയും പ്രസംഗിച്ചും നടന്നാൽമാത്രം പോരാ, ജനങ്ങൾക്ക് വിശ്വാസം വരണമെങ്കിൽ പ്രവർത്തിച്ചുകൊണ്ടിരിക്കണ''മെന്ന് ശിഷ്യനെ ഉപദേശിച്ചു. അതാണ് പന്തിഭോജനത്തിൽ പ്രതിഫലിച്ചത്.

പന്തിഭോജനം അയ്യപ്പനിൽ തന്റെ സമുദായത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്താൻ പര്യാപ്തമായിരുന്നു. അയ്യപ്പനോടൊപ്പം പന്തിഭോജനത്തിൽ പങ്കെടുത്ത ഇരുപത്തൊന്ന് കുടുംബങ്ങൾക്ക് ഈഴവപ്രമാണിമാർ വിലക്കേർപ്പെടുത്തി. അലക്കുകാരൻ, മുടിമുറിക്കുന്നവൻ, എണ്ണ വിൽക്കുന്നവൻ തുടങ്ങിയവരുടെ സേവനം ഈ കുടുംബങ്ങൾക്ക് നിഷേധിച്ചായിരുന്നു പ്രമാണിമാർ തിരിച്ചടിച്ചത്. 'പുലയനയ്യപ്പൻ', 'കൊട്ടിപ്പുലയൻ' തുടങ്ങിയ സ്ഥാനപ്പേരുകൾ നൽകി അപമാനിക്കുകയും ചെയ്തു. ശാരീരികമായ ആക്രമണം മറ്റുപല സ്ഥലത്തുവച്ചുമുണ്ടായി.

ഇതിനെയെല്ലാം അതിജീവിക്കാനുള്ള തന്റേടം അയ്യപ്പനാർജിച്ചത് ശ്രീനാരായണൻ പകർന്നുനൽകിയ ധൈര്യവും 'ദേശാഭിമാനി' ടി കെ മാധവനും 'മിതവാദി' സി കൃഷ്ണനും പ്രബുദ്ധരായ മറ്റു പരിഷ്കർത്താക്കളുംനൽകിയ പിന്തുണയുംമൂലമായിരുന്നു.  സവർണാവർണ വ്യത്യാസെമന്യെ കേരളത്തിലെ പ്രബുദ്ധരായ മുഴുവൻപേരും അയ്യപ്പന്റെ  ഇത്തരം പ്രവർത്തനങ്ങളെ പിന്തുണച്ചു.

ഗുരു'ദൈവദശകം' എഴുതിയപ്പോൾ ശിഷ്യൻ 'സയൻസ്  ദശകം' എഴുതി. 'ഒരു ജാതി, ഒരു മതം,  ഒരു ദൈവം മനുഷ്യന്' എന്ന് ഗുരു ഉപദേശിച്ചപ്പോൾ 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് ശിഷ്യൻ പ്രസംഗിച്ചു. ഗുരുവിനെയും ശിഷ്യനെയും തമ്മിൽ ഇതിന്റെപേരിൽ തെറ്റിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഗുരുവിന്റെ മറുപടികേട്ട് അവർ നിശ്ശബ്ദരായി. 'അയ്യപ്പൻ പറഞ്ഞതും ശരിയാണ്' എന്നാണ് ബ്രഹ്മജ്ഞാനിയായ ഗുരു പ്രസ്താവിച്ചത്.  ബ്രഹ്മജ്ഞാനികൾക്കുമാത്രമേ അങ്ങനെ പ്രസ്താവിക്കാൻ കഴിയുകയുള്ളൂ. അൽപ്പജ്ഞാനികൾ അരങ്ങുവാഴുന്ന ഇക്കാലത്ത് ശ്രീനാരായണനെയും ശിഷ്യനായ അയ്യപ്പനെയും വീണ്ടും വായിക്കേണ്ടതാണ്.

വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചുശക്തരാകാനും ഉപദേശിച്ച ഗുരുവിൽനിന്ന് പാഠമുൾക്കൊണ്ടാണ് കേരളത്തിൽ മാത്രമല്ല ഭാരതത്തിലും ലോകത്തിലും നടക്കുന്ന സംഭവങ്ങളെ അയ്യപ്പൻ അപഗ്രഥിച്ചത്. സംഘടിതശക്തികൊണ്ടുമാത്രമേ അവശതകൾ പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. തിരുവിതാംകൂറിൽ വിദ്യാഭ്യാസാവകാശങ്ങൾക്കുവേണ്ടി അയ്യൻകാളി നടത്തിയ സമരവും ചമ്പാരനിലെ കർഷകർക്കുവേണ്ടി ഗാന്ധിജി നടത്തിയ സമരവും അയ്യപ്പനിൽ പുത്തനുണർവ് പ്രദാനംചെയ്തു. അതുകൊണ്ടാണ് സോവിയറ്റ് വിപ്ലവത്തെ അദ്ദേഹം വാഴ്ത്തിയത്. ആലപ്പുഴയിലെ കയർത്തൊഴിലാളികളുടെ മാസികയായ 'വേലക്കാരനി'ൽ അദ്ദേഹം കവിതയെഴുതി, "അങ്ങു വടക്കുപടിഞ്ഞാറൊരുദേശത്ത് സൂര്യനുദിച്ചു, ചുവന്ന സൂര്യനുദിച്ചു'' എന്ന്. വടക്കുപടിഞ്ഞാറുദിച്ച സൂര്യൻ അഫ്ഗാനിസ്ഥാനിനപ്പുറം സ്ഥിതിചെയ്യുന്ന റഷ്യയായിരുന്നു.

അധ്യാപകൻ, സാമൂഹ്യപരിഷ്കർത്താവ്, പത്രാധിപർ, നിയമസഭാസാമാജികൻ, മന്ത്രി, കവി, ഗ്രന്ഥകാരൻ എന്നീ വിവിധ നിലകളിൽ പ്രക്ഷോഭകാരിയായും ധിഷണാശാലിയായും ജീവിച്ച സഹോദരൻ അയ്യപ്പൻ ലളിതജീവിതത്തിന്റെയും ഉൽക്കൃഷ്ടചിന്തയുടെയും ഉടമയായിരുന്നു. അദ്ദേഹത്തിന്റെ അമ്പതാം ചരമവാർഷികമാചരിക്കുമ്പോൾ കപടശാസ്ത്രത്തിൽനിന്ന് ശരിയായ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ 'സയൻസ് ദശകം' വീണ്ടും വായിക്കണം

പ്രധാന വാർത്തകൾ
Top