22 October Monday

ജറുസലേം പ്രഖ്യാപനത്തില്‍ മോഡിയും കോണ്‍ഗ്രസും

കോടിയേരി ബാലകൃഷ്ണന്‍Updated: Friday Dec 15, 2017

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡിസംബര്‍ ആറിന് നടത്തിയ ജറുസലേം പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ലോകവ്യാപകമായി തുടരുകയാണ്. 57 മുസ്ളിം രാജ്യങ്ങളുടെ ഉച്ചകോടി തുര്‍ക്കിയിലെ ഇസ്താംബുളില്‍ ചേര്‍ന്ന് ട്രംപിന്റെ നടപടിയോട് വിയോജിച്ചത് പുതിയൊരു വഴിത്തിരിവായി. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ടെല്‍ അവീവില്‍നിന്ന് അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് ആറുമാസത്തിനകം മാറ്റുമെന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് ട്രംപ്. ഇക്കാര്യത്തില്‍ 1995ല്‍ അമേരിക്ക ഒരു നിയമം പാസാക്കിയിരുന്നു. എങ്കിലും ക്ളിന്റന്‍, ബുഷ്, ഒബാമ എന്നീ പ്രസിഡന്റുമാരെല്ലാം പ്രത്യേക ഉത്തരവിലൂടെ എംബസി മാറ്റുന്നത് മരവിപ്പിക്കുകയായിരുന്നു. 

ഇസ്രയേലിന്റെ ഭാഗമല്ല ജറുസലേം. അത് ചരിത്രം നോക്കുന്ന ആര്‍ക്കും മനസ്സിലാകും. 1947ലെ ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതിയില്‍ ജറുസലേമിന് രാജ്യാന്തരപദവിയാണ് നല്‍കിയത്. 1949ലെ യുദ്ധത്തെതുടര്‍ന്ന് ജറുസലേം നഗരം രണ്ടായി വിഭജിക്കപ്പെട്ടു. പടിഞ്ഞാറ് ഇസ്രയേലിന് കീഴിലായി. പഴയ നഗരമടങ്ങുന്ന കിഴക്ക് ജോര്‍ദാന്‍ ഭരണത്തിന്‍കീഴില്‍ പലസ്തീനികള്‍ക്കുമായി. 1967ലെ ആറുദിന യുദ്ധത്തിലൂടെ ഇസ്രയേല്‍ കിഴക്കന്‍ ജറുസലേം പിടിച്ചെടുത്തു. 1980ല്‍ കിഴക്കന്‍ ജറുസലേമിനെ കൂട്ടിച്ചേര്‍ത്ത് ഇസ്രയേല്‍ തങ്ങളുടെ തലസ്ഥാനമാക്കി ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാല്‍, ഐക്യരാഷ്ട്രസഭ രക്ഷാസമിതി അതിനെ രാജ്യാന്തര നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടി തള്ളി. 

താന്‍ പ്രസിഡന്റായാല്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് ട്രംപ് തെരഞ്ഞെടുപ്പുപ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ട്രംപ് നടത്തിയ ഭ്രാന്തന്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയാല്‍ ലോകത്തിന്റെ സമാധാനം തകരും. ജറുസലേമിനെ ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനമാക്കുന്നതിനുള്ള ട്രംപിന്റെ പുറപ്പാട് തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണ്. പലസ്തീനും ഇസ്രയേലിനുമിടയില്‍ ഒരു മധ്യസ്ഥന്റെ റോളിലായിരുന്നു ഒബാമഭരണത്തില്‍ അമേരിക്കന്‍ ഭരണകൂടം പൊതുവില്‍ പെരുമാറിയത്. അതിനെ തകിടംമറിക്കുന്ന ട്രംപിന്റെ നടപടിയെ എതിര്‍ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നത് അപമാനമാണ്. ഇതിനിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ട്രംപിന്റെ ജറുസലേം നിലപാടില്‍ പ്രതിഷേധിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചതായി കണ്ടു. അതില്‍ ഗാന്ധിജിയും നെഹ്റുവും സ്വീകരിച്ച പലസ്തീന്‍ അനുകൂല നിലപാടിനെ അനുസ്മരിച്ചിട്ടുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ ഗാന്ധിജി- നെഹ്റു പാത വിസ്മരിച്ച് ഇസ്രയേല്‍ചായ്വ് ഭരണനയത്തില്‍ കാണിച്ചത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നത് മറക്കാന്‍ സമയമായിട്ടില്ല.

ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ റൊഡേഷ്യ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിനെ വിലക്കുന്ന മുദ്ര മുമ്പുണ്ടായിരുന്നു. പലസ്തീനികളെ വേട്ടയാടുന്ന ഇസ്രയേലിനോടും വര്‍ണവിവേചനം നടപ്പാക്കിയ റൊഡേഷ്യയോടുമുള്ള കടുത്ത എതിര്‍പ്പും വിയോജിപ്പുമാണ് ഇതിലൂടെ ഇന്ത്യ പ്രകടിപ്പിച്ചത്. എന്നാല്‍, നരസിംഹറാവു ഭരണകാലംമുതല്‍ പലസ്തീന്‍വിഷയത്തില്‍ വെള്ളംചേര്‍ത്ത് തുടങ്ങി. വാജ്പേയിഭരണം വന്നപ്പോഴാകട്ടെ ഇസ്രയേലുമായി നയതന്ത്രബന്ധവും വ്യാപാരബന്ധവും ആരംഭിച്ചു. പിന്നീട് കോണ്‍ഗ്രസ് ഭരണത്തിലാകട്ടെ നയതന്ത്രബന്ധം വളര്‍ത്തുകയും ആയുധക്കച്ചവടത്തിന്റെ വ്യാപ്തി ഉയര്‍ത്തുകയും ചെയ്തു. പലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തി കൊളോണിയല്‍ അധിനിവേശം നടത്തുന്ന ഇസ്രയേലുമായുള്ള സൈനിക- സുരക്ഷ സഹകരണത്തിനും അന്ന് മുതിര്‍ന്നു. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദുമായി സഹകരിച്ച് ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് പരിശീലനം നല്‍കുന്ന പരിപാടിയുമിട്ടു. അതിന്റെ തുടര്‍ച്ചയായിട്ടാണ്, ഒരുപടികൂടി കടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേല്‍ സന്ദര്‍ശിക്കുകയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ഉറ്റചങ്ങാതിയായി പ്രഖ്യാപിക്കുകയും ചെയ്തത്. ഇസ്രയേലിന്റെ മണ്ണില്‍ കാലുകുത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയെന്ന വിശേഷണം മോഡിക്കും ആര്‍എസ്എസിനും അലങ്കാരമാണ്. പക്ഷേ, മതനിരപേക്ഷതയിലും ചേരിചേരാനയത്തിലും അധിഷ്ഠിതമായ ഇന്ത്യന്‍ ജനതയ്ക്ക് അപമാനമാണ്. ഇന്ന് ഇന്ത്യക്ക് ആയുധം വില്‍ക്കുന്ന പ്രധാന രാഷ്ട്രമാണ് ഇസ്രയേല്‍. 2017 ഏപ്രിലില്‍ 260 കോടി ഡോളറിന്റെ വിലയ്ക്കുള്ള ഹ്രസ്വദൂര- ദീര്‍ഘദൂര ബാറാക്ക്- 8 മിസൈല്‍ വാങ്ങുന്നതിന് കരാറുണ്ടാക്കി. പലസ്തീന്‍ ജനതയുടെ വിമോചനസമരത്തെ പിന്തുണയ്ക്കുകയെന്ന ദീര്‍ഘകാലമായി ഇന്ത്യ പിന്തുടരുന്ന നയത്തെയാണ് മോഡിസര്‍ക്കാര്‍ അട്ടിമറിച്ചത്.

ഇങ്ങനെ കോണ്‍ഗ്രസ് ഭരണത്തേക്കാള്‍ അമ്പേ മോശമാണ് പലസ്തീന്‍വിഷയത്തില്‍ ബിജെപി ഭരണം. അത് പറയുമ്പോള്‍ത്തന്നെ ഗാന്ധിജിയും നെഹ്റുവും തെളിച്ച പാതയില്‍നിന്ന് വ്യതിചലിച്ചതില്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിന്റെ പങ്ക് ഒളിച്ചുവയ്ക്കാന്‍ കഴിയുന്നതല്ല. അതിനാല്‍, ജറുസലേം വിഷയത്തില്‍ ലേഖനമെഴുതുന്ന ചെന്നിത്തല കോണ്‍ഗ്രസിന്റെ കഴിഞ്ഞകാല ഭരണങ്ങള്‍ കാട്ടിയ പലസ്തീനോടുള്ള ചതിയില്‍ പരസ്യമായി മാപ്പുപറയുകയാണ് ആദ്യം ചെയ്യേണ്ടത്. കോണ്‍ഗ്രസിന്റെ പുതിയ  അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെക്കൊണ്ട് ഒരു പശ്ചാത്താപ പ്രഖ്യാപനം നടത്തിക്കുന്നത് ഉചിതമാകും. പലസ്തീന്‍, സദ്ദാം ഹുസൈന്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ സിപിഐ എമ്മിന് സുദൃഢമായ നിലപാടുണ്ട്. എന്നാല്‍, അതിനെ പ്രീണനനയമായി കേരളത്തിലെ കോണ്‍ഗ്രസുകാരടക്കം ചിത്രീകരിക്കാന്‍ ഉത്സാഹപ്പെടാറുണ്ട്. പലസ്തീന്‍കാര്യത്തിലടക്കം സിപിഐ എം സ്വീകരിക്കുന്ന സമീപനം ഏതെങ്കിലും ജനവിഭാഗത്തെ പ്രീണിപ്പിക്കാനല്ല. അടിയുറച്ച സാമ്രാജ്യത്വവിരുദ്ധതയില്‍നിന്നും മാനുഷികതയില്‍നിന്നും ഉയിര്‍ക്കൊള്ളുന്ന അചഞ്ചലമായ പ്രത്യയശാസ്ത്ര നയമാണത്. 

1947 നവംബര്‍ 29ന് ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭ പൊതുയോഗം എടുത്ത തീരുമാനമാണ് പലസ്തീന്‍വിഷയത്തിലെ അടിസ്ഥാനശില. പലസ്തീന്‍ പ്രദേശത്തെ വിഭജിച്ച് രണ്ട് സ്വതന്ത്രരാഷ്ട്രങ്ങള്‍, ഒന്ന് ഇസ്രയേലും മറ്റൊന്ന് പലസ്തീനും (അറബ്) സൃഷ്ടിക്കുകയെന്നതായിരുന്നു. എന്നാല്‍, ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും മുസ്ളിങ്ങളുടെയും പുണ്യനഗരമായ ജറുസലേമിനെ ഒഴിച്ചുനിര്‍ത്തിയായിരുന്നു ആ തീരുമാനം. ഈ നഗരത്തിന്റെമേല്‍ ഇരുകൂട്ടര്‍ക്കും അധികാരം നല്‍കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറായില്ല. ആധുനിക പലസ്തീന്‍പ്രശ്നം ആരംഭിക്കുന്നത് 1947ലാണെങ്കിലും അതിന്റെ അടിവേരിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലസ്തീന്‍ അറബികളുടേതായിരിക്കുമെന്ന് അറബികളോടും ജൂതന്മാരുടേതായിരിക്കുമെന്ന് ജൂതന്മാരോടും ഒരേ സമയം വാഗ്ദാനം നല്‍കി പാശ്ചാത്യ സാമ്രാജ്യത്വരാജ്യങ്ങള്‍ ജനങ്ങളെ പറ്റിച്ചിരുന്നു. അതിന്റെ ഫലമായി പലസ്തീന്‍ അറബി- ജൂത സംഘട്ടനങ്ങള്‍ വളര്‍ന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ പലസ്തീനെ ഐക്യരാഷ്ട്ര സഖ്യത്തിന്റെ (ലീഗ് ഓഫ് നേഷന്‍സ്) കീഴില്‍ ഒരു മാന്‍ഡേറ്ററി പ്രദേശമായി ഭരിക്കാന്‍ ബ്രിട്ടനെ നിയോഗിച്ചു. ബ്രിട്ടീഷ് പട്ടാള നിയന്ത്രണത്തില്‍ ഭരണം തുടങ്ങി. എന്നാല്‍, സമാധാനം കിട്ടിയില്ല. 30 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് 1947ല്‍ ബ്രിട്ടന്റെ പട്ടാളം മടങ്ങി. അതോടൊപ്പം യുഎന്‍ ഭരണതീരുമാനപ്രകാരം പലസ്തീന്‍ വിഭജിക്കപ്പെട്ടു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ താമസമുറപ്പിച്ച് ആ രാജ്യങ്ങളുടെ ഭാഷയും സംസ്കാരവുമൊക്കെ ഉള്‍ക്കൊണ്ട ജൂതന്മാരാണ് പലസ്തീനില്‍ സ്വതന്ത്ര ജന്മദേശം സ്ഥാപിച്ചത്. വിഭജനകാലത്ത്  പലസ്തീനില്‍ ആറുലക്ഷം ജൂതന്മാരും 12 ലക്ഷം അറബികളുമുണ്ടായിരുന്നു. അതായത് ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് അറബികള്‍.

ഭൂമിയില്‍ പകുതി അവരുടേത്. എന്നാലിന്ന് മൂന്നില്‍ രണ്ടിലധികം ഭൂമി ആയുധബലംകൊണ്ടും യുദ്ധം നടത്തിയും ഇസ്രയേല്‍ പിടിച്ചെടുത്തു. അറബികളില്‍ നല്ലൊരു പങ്ക് പലസ്തീനില്‍നിന്ന് പലായനം ചെയ്തു. ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന 17 ലക്ഷം അറബുകളുണ്ട്. ജനസംഖ്യയുടെ 21 ശതമാനമാണിത്. രണ്ടാംതരം പൌരന്മാരായി ഇവര്‍ നരകിക്കുകയാണ്. ഇസ്രയേല്‍ അധിനിവേശ പ്രദേശങ്ങളായ ഗാസയിലും പശ്ചിമതീരത്തും 46 ലക്ഷം പലസ്തീന്‍കാരാണ് താമസിക്കുന്നത്. അവിടെ നിലനില്‍ക്കുന്നത് വര്‍ണവിവേചനമാണ്. പശ്ചിമതീരത്തെ വിഭവങ്ങളുള്ള നല്ല ഭൂമി ജൂത കുടിയേറ്റ കേന്ദ്രങ്ങളായി. ഗാസയില്‍ പലസ്തീനികള്‍ക്ക് വൈദ്യുതിപോലും നിഷേധിച്ചിരിക്കുകയാണ്. ഉപരോധത്തെ നേരിട്ടുകൊണ്ടാണ് അരനൂറ്റാണ്ടിലേറെയായി ഗാസ നിവാസികള്‍ ജീവിക്കുന്നത്. ഇതെല്ലാം നടപ്പാക്കുന്നത് ഇസ്രയേലിന്റെ സൈനികശേഷിയുടെ ബലത്തിലും അമേരിക്കന്‍ പിന്തുണയിലുമാണ്. പലസ്തീനികളെ അടിച്ചമര്‍ത്തുന്ന ഇസ്രയേലി സൈന്യത്തിനും പ്രതിരോധ വ്യവസായത്തിനും നിലനില്‍ക്കാനുള്ള പണം നല്‍കുന്ന രാജ്യമായി ഇന്ത്യ മാറി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഭരണത്തെ മോഡിഭരണം കടത്തിവെട്ടുകയാണ്.

വംശഹത്യ നയമാക്കിയിരിക്കുന്ന ഇസ്രയേല്‍ഭരണത്തോട് പ്രത്യയശാസ്ത്രപരമായ അടുപ്പം കേന്ദ്രത്തിലെ ആര്‍എസ്എസ് ഭരണത്തിനുണ്ട്. ഏഴുനൂറ്റാണ്ടോളം പലസ്തീന്‍ വിടാതെ അവിടങ്ങളില്‍ താമസിക്കുകയും ആ രാജ്യത്തിന്റെ ഭാഗമാകുകയും ചെയ്തു. പക്ഷേ, അവര്‍ക്ക് അവകാശപ്പെട്ട രാജ്യം ഇല്ലാതായിരിക്കുന്നു. പലസ്തീന്‍ അറബികള്‍ക്ക് അവരുടെ പുരാതന ജന്മഭൂമിയില്‍ ഒന്നിച്ചുജീവിക്കാനും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍, അതിന് തടസ്സം ഇന്നോളം ഇസ്രയേല്‍ ഭരണകൂടവും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയുമാണ്. എന്നന്നേക്കുമായി പലസ്തീന്‍ അറബികളുടെ മാതൃഭൂമി ജൂതന്മാരുടേതാക്കി മാറ്റുകയെന്ന കൊടുംചതിക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇറങ്ങിയിരിക്കുന്നത്. ഇതിനെ തള്ളിപ്പറയാത്ത മോഡിസര്‍ക്കാരിന്റെ നിലപാട് ലജ്ജാകരമാണ്. ട്രംപിന്റെയും ഇസ്രയേലിന്റെയും അവരെ പിന്തുണയ്ക്കുന്ന മോഡിഭരണക്കാരടക്കമുള്ള തീവ്രവലതുപക്ഷ ശക്തികളുടെയും നയത്തിനെതിരെ അതിശക്തമായ ശബ്ദമുയരണം. ട്രംപിന്റെ നിലപാടിനെ ഐക്യരാഷ്ട്രസഭയുടെ അഞ്ചംഗ സുരക്ഷാസമിതിതന്നെ തള്ളിയിട്ടുണ്ട്. എന്നിട്ടും ട്രംപിന്റെ വിശ്വസ്ത സേവകനായി മാറിയിരിക്കുന്ന മോഡിസര്‍ക്കാരിന്റെ വിദേശനയം ഇന്ത്യയുടെ മഹത്തായ ചേരിചേരാനയത്തെ കാറ്റില്‍പ്പറത്തുന്നതാണ്. ഇതിനെതിരെ അതിശക്തമായ ബഹുജനവികാരം ഉയരണം

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top