19 January Saturday

മാനവികതയ്ക്കായി ഉണർന്ന് പ്രവർത്തിക്കാം

പി ബിജുUpdated: Saturday Jan 12, 2019


സ്വാ മി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 രാജ്യം യുവജനദിനമായി ആചരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ട് രാജ്യത്തിനു സമ്മാനിച്ച മഹാപ്രതിഭയായിരുന്നു സ്വാമി വിവേകാനന്ദൻ. രാജ്യത്തെ യുവത്വത്തെ തൊട്ടുണർത്താൻ സ്വാമി വിവേകാനന്ദന്റെ പ്രബോധനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

1863 ജനുവരി 12 ന് ജനിച്ച്  1902 ജൂലൈ 4 ലോകത്തോട് വിടപറഞ്ഞ സ്വാമി വിവേകാനന്ദൻ  കേവലം മുപ്പത്തൊമ്പത് വർഷത്തെ ജീവിതത്തിനിടയിൽ തന്റെ സാമൂഹ്യവീക്ഷണങ്ങളിലൂടെയും  നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലോകജനതയുടെ ആദരവ് നേടി. ഇച്ഛാശക്തിയും കരുത്തുമുള്ള യുവതലമുറയാണ് രാജ്യത്തിന് ആവശ്യമെന്നും, യുവത എപ്പോഴും കർമനിരതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം
1893 സെപ്തംബർ 11 ന് ചിക്കാഗോയിൽ  നടന്ന ലോക സർവമത സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിലൂടെയാണ് സ്വാമി വിവേകാനന്ദന് ലോകശ്രദ്ധ ലഭിക്കുന്നത്. “അമേരിക്കയിലെ എന്റെ സഹോദരീ സഹോദരൻമാരെഎന്ന് അഭിസംബോധന ചെയ്ത് തുടങ്ങിയ പ്രസംഗത്തിൽനിന്ന് തന്നെ അദ്ദേഹത്തിന്റെ   സാമൂഹ്യവീക്ഷണം വ്യക്തമാക്കപ്പെട്ടു. ലോകത്ത് എല്ലാ മനുഷ്യരേയും തുല്യതയോടുകൂടി കാണുന്ന വിശ്വമാനവികതയാണ് സ്വാമി വിവേകാനന്ദൻ ഉയർത്തിപ്പിടിച്ചത്. അദ്ദേഹത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ ഈകാലഘട്ടത്തിലും പ്രസക്തമായി നിൽക്കുന്നു. കേരളത്തിലും അവ ചർച്ചചെയ്യപ്പെടുന്നുണ്ട.

ശ്രീരാമകൃഷ്ണമിഷനും മഠവും സ്ഥാപിച്ച് സാമൂഹ്യസാമ്പത്തിക രംഗത്തെ തന്റെ വീക്ഷണങ്ങൾ പ്രചരിപ്പിച്ചു. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്നതിനോടൊപ്പം, അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെ, പാവങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിച്ചു. പട്ടിണി നിർമാർജനം ചെയ്തിട്ടാണ് ദൈവത്തെ കാണാൻ ആവശ്യപ്പെടേണ്ടതെന്ന് പ്രസ്താവന നടത്തി.  വിവേകാനന്ദന്റെ കേരളംഭ്രാന്താലയമെന്ന പ്രസ്താവനയും കേരളത്തിന്റെ നവോത്ഥാനവും സ്ത്രീപുരുഷ തുല്യതയുമൊക്കെ  ഗൗരവമായി ചർച്ചചെയ്യുന്ന കാലയളവിലാണ് ഇത്തവണത്തെ യുവജനദിനം ആചരിക്കുന്നത്.

സ്വാമി വിവേകാനന്ദന് കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളുടെയും ജാതീയമായ അടിച്ചമർത്തലുകളുടെയും ഇരയാകേണ്ടിയും വന്നു. കേരളം ഭ്രാന്താലയമെന്ന വിശേഷണം അദ്ദേഹം നൽകിയത് തനിക്ക് നേരിട്ട തിക്താനുഭവത്തിൽനിന്നാണ്. ലോകസർവമത സമ്മേളനത്തിന് മുന്നോടിയായുള്ള ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം 1892 നവംബറിൽ കേരളവും സന്ദർശിച്ചിരുന്നു. ഷൊർണ്ണൂരിൽ ട്രെയിൻ ഇറങ്ങിയ അദ്ദേഹം തൃശൂർ വഴി കൊടുങ്ങല്ലൂരിൽ ക്ഷേത്രദർശനത്തിനായി പോകുകയുണ്ടായി. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിന് പോയ സ്വാമി വിവേകാനന്ദനെ അമ്പലത്തിന്റെ സുരക്ഷാ ഭടൻമാർ തടഞ്ഞു. വിവേകാനന്ദന്റെ ജാതി ഏതെന്ന് മനസ്സിലാക്കാൻ  സാധിക്കാത്തതാണ് ക്ഷേത്രദർശനത്തിനുള്ള അനുമതി നിഷേധിച്ചത. അമ്പലത്തിന് പുറത്തുള്ള വാഴച്ചുവട്ടിൽ രണ്ടുദിവസം ഇരുന്ന് അദ്ദേഹത്തിന് ദർശനം നടത്തേണ്ടിവന്നു. ഡോ.പൽപ്പു അടക്കമുള്ള വ്യക്തികളിൽനിന്ന് കേരളത്തെക്കുറിച്ച് കിട്ടിയ വിവരങ്ങളോടൊപ്പം അവഹേളനവുമാണ് സ്വാമിവിവേകാനന്ദനെക്കൊണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിളിപ്പിച്ചത്.

കേരളത്തിന്റെ സാമൂഹ്യാവസ്ഥ തികച്ചും ഭീകരമായിരുന്നു. അവർണരെ പൂർണമായി ക്ഷേത്രങ്ങളുടെ പടിപ്പുരയ്ക്കും മതിൽക്കെട്ടുകൾക്കും പുറത്തുനിർത്തിയിരുന്നു. സവർണ ദൈവങ്ങളെ അവർണർ ആരാധിക്കുന്നതുപോലും വിലക്കപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ കേരളം ഭ്രാന്താലയമെന്ന വിമർശനം കേരളത്തിലെ നവോത്ഥാന പ്രക്രിയക്ക് കരുത്ത് പകർന്നിട്ടുണ്ട്.

തുല്യതയ്ക്കായുള്ള സമരങ്ങൾ
കേരളീയസമൂഹം  അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടി മുന്നേറുകയായിരുന്നു. മുന്നേറ്റത്തിന്റെ ചാലകശക്തിയായി നവോത്ഥാന നായകരും, അവർ നയിച്ച നവോത്ഥാന പ്രക്രിയയും കർഷകതൊഴിലാളി പ്രസ്ഥാനങ്ങളും മാറുകയും ചെയ്തതിന്റെ ഫലമായാണ് ഇന്ന് നാം കാണുന്ന കേരളമായി മാറിയത്.

കാലഘട്ടത്തിലെ ഹൈന്ദവ ആചാരങ്ങളുടെ പൊളിച്ചെഴുത്തിന് ശ്രീനാരായണഗുരു 1888 ലെ അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയിലൂടെ നേതൃത്വം നൽകി. ജാതിവ്യവസ്ഥയിൽ നിലനിന്നിരുന്ന അടിസ്ഥാനശിലകളെ തകർക്കാനും സവർണ മേൽക്കോയ്മയ്ക്കെതിരെയുള്ള മുന്നേറ്റമായി മാറ്റാനും അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുവിന് സാധിച്ചു. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ മാനവികതയിൽ ഊന്നി അവബോധം സൃഷ്ടിക്കാൻ ചട്ടമ്പിസ്വാമികൾ, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി, മന്നത്തു പത്മനാഭൻ, വക്കം മൗലവി തുടങ്ങിയ ഒട്ടേറെ പേർ നിർണായകമായ സംഭാവന നൽകി. ഇവരുടെയെല്ലാം പ്രവർത്തനങ്ങളുടെ ഫലമായാണ് ഇന്ന് നാം കാണുന്ന കേരളം രൂപപ്പെട്ടത്.

 (കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനാണ്ലേഖകൻ )


പ്രധാന വാർത്തകൾ
Top