ഒന്നിച്ചിരിപ്പും ചുംബനവും സമരരൂപങ്ങള്‍ എന്ന നിലയില്‍

ശിവസേന എന്ന വര്‍ഗീയ രാഷ്ട്രീയ സംഘടന കൊച്ചിയില്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായത്. ആക്രമണത്തിന്റെ വേദിയായ മറൈന്‍ ഡ്രൈവില്‍ത്തന്നെ വ്യത്യസ്തമായ രണ്ടു സമരം നടന്നു. ഒന്ന് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ആഭിമുഖ്യത്തില്‍ നൂറുകണക്കിനു യുവാക്കളും യുവതികളും നടത്തിയ ഒന്നിച്ചിരിക്കല്‍ സമരം. ആശയങ്ങള്‍തമ്മില്‍ ചര്‍ച്ചചെയ്തും പാട്ടുപാടിയും ചിത്രംവരച്ചും അവര്‍ പ്രതിഷേധിച്ചു. മറ്റൊന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നടത്തിയ ചുംബനസമരം. ആള്‍ക്കൂട്ടത്തിനും ക്യാമറകള്‍ക്കും മുന്നില്‍നിന്ന് ഏതാനുംപേര്‍ ചുംബിച്ചു. സമരങ്ങള്‍ക്ക് അവസാനമില്ലല്ലോ. രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന സദാചാരഗുണ്ടായിസത്തിനും സ്ത്രീപീഡനങ്ങള്‍ക്കുമെതിരെ ഇനിയും നടക്കാനിരിക്കുന്ന സമരങ്ങളില്‍ ഇതില്‍ ഏതാണ് മാതൃകാപരമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ചുംബനസമരത്തില്‍ പങ്കെടുത്തവരുടെ ആത്മാര്‍ഥതയെക്കുറിച്ച് എനിക്ക് സംശയമൊന്നുമില്ല. അവരെ അഭിവാദ്യംചെയ്യുന്നു. രണ്ടാംതവണയാണല്ലോ കേരളത്തില്‍ ഇത് നടക്കുന്നത്. ആദ്യഘട്ടത്തില്‍ കൌതുകത്തിനപ്പുറം പ്രതിഷേധത്തിന്റെയും അതുസംബന്ധമായ വൈകാരികതയുടെയും അന്തരീക്ഷം കാണാന്‍ കഴിഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തേത് ആവര്‍ത്തിക്കപ്പെട്ട കോമാളിത്തമായി പരിണമിച്ചു. സ്വാഭാവികമായും ഇത്തരം സമരത്തിന് വാര്‍ത്താപ്രാധാന്യം കിട്ടും. മാത്രമല്ല, മറൈന്‍ ഡ്രൈവിലെ സ്നേഹ ഇരിപ്പുസമരത്തേക്കാള്‍ പത്രങ്ങള്‍ കൌതുകം കണ്ടെത്തിയത് ചുംബനസമരത്തിനായിരുന്നു എന്നതിലും സംശയമില്ല. എന്നുവച്ച് ഒരുപറ്റം വായില്‍നോക്കികളുടെ താല്‍പ്പര്യത്തിനപ്പുറം കേരളീയസമൂഹത്തിന്റെ സാമൂഹ്യജാഗ്രതയുള്ള പിന്തുണ ഈ സമരത്തിന് ലഭിച്ചെന്നു പറയാനാകില്ല. ആണും പെണ്ണും തമ്മില്‍ ചുംബിക്കുന്നിടത്തേക്ക് ആര്‍ത്തിയോടെ പാഞ്ഞുചെന്ന് കാണാന്‍ പല്ലിളിച്ച് കാത്തു നില്‍ക്കുന്നതും, അവരെ ചൂരല്‍ചുഴറ്റി അടിച്ചോടിക്കുന്നതും ഒരേ മാനസികാവസ്ഥയുടെ പ്രതിഫലനമായിട്ടേ കാണാന്‍ കഴിയൂ. മാത്രമല്ല, സമരത്തിനു കാരണമായ ജീവല്‍പ്രശ്നത്തിന്റ പിന്നിലെ സാമൂഹ്യാവസ്ഥയെ കുറെയൊക്കെ മറച്ചുപിടിക്കാനും അതു കാരണമായി. ചര്‍ച്ച ചുംബനത്തിന്റെ കേവലകാഴ്ചയിലേക്ക് വഴുതിമാറി.
സമരരൂപങ്ങള്‍ സവിശേഷവും മൌലികവുമാകണം എന്നതില്‍ സംശയമില്ല. ഏത് സമരവും മനുഷ്യന്‍ താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി നടത്തുന്ന ത്യാഗവും സമര്‍പ്പണവുമാണ്. എന്റെ ഓര്‍മയില്‍ ഇപ്പോഴും മുറിവേല്‍പ്പിച്ചുനില്‍ക്കുന്ന ഒരു സമരം വര്‍ഷങ്ങള്‍ക്കുമുമ്പ് മണിപ്പുരില്‍ നടന്നതാണ്. അഎടജഅ എന്ന കിരാതനിയമത്തിനെതിരെ പ്രവര്‍ത്തിച്ച കാരണത്തിന് മനോരമാദേവി എന്ന യുവതിയെ പട്ടാളക്കാര്‍ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി ക്യാമ്പിലിട്ട് ബലാത്സംഗംചെയ്ത് കൊന്നു. അതിനെതിരെ അവളുടെ ഗ്രാമത്തില്‍നിന്നുള്ള പ്രായമായ 12 അമ്മമാര്‍ 2004 ജൂലൈ 15ന് ഇംഫാലിലെ പട്ടാള ആസ്ഥാനത്തേക്ക് നഗ്നരായി മാര്‍ച്ച് ചെയ്തു. അവര്‍ വിളിച്ചുപറഞ്ഞു: ഞങ്ങളെല്ലാം മനോരമയുടെ അമ്മമാരാണ്. ഞങ്ങളെയും ബലാത്സംഗംചെയ്ത് കൊല്ലൂ. അവര്‍ തങ്ങളുടെ മുഖമോ പേരോ മറച്ചുവച്ചില്ല. ആളുന്ന തീജ്വാലകള്‍പോലെയാണ് ആ നഗ്നശരീരങ്ങള്‍ ലോകം ദര്‍ശിച്ചത്. വേദനയും കണ്ണീരും അധികാരത്തിനു മുന്നില്‍ നിസ്സഹായരായിപ്പോകുന്ന മനുഷ്യരുടെ ആത്മരോഷവും കൃത്യമായി പ്രകടിപ്പിക്കാന്‍ ആ സമരത്തിനുകഴിഞ്ഞു. ഞാന്‍ താരതമ്യത്തിന് ഒരുമ്പെടുകയല്ല. സ്ത്രീക്ക് കണ്ണീരും അസ്വാതന്ത്യ്രവും നല്‍കുന്ന വ്യവസ്ഥയ്ക്കെതിരായ സാമൂഹ്യവിമര്‍ശത്തിന്റെ ഒരു ചെറുനാളമെങ്കിലും വെളിവാക്കാന്‍ ചുംബനസമരത്തിനു കഴിഞ്ഞോ? പ്രണയത്തിന് നേര്‍ക്ക് നീണ്ടുവരുന്ന മതപൌരോഹിത്യത്തിന്റെ കടന്നാക്രമണങ്ങളെ തുറന്നുകാട്ടാന്‍ അത് പര്യാപ്തമായോ?
മനുഷ്യന്‍ തമ്മിലുള്ള ചുംബനം സര്‍ഗാത്മകമാണ് എന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് സാഹിത്യത്തിലും സിനിമയിലും അത് പ്രസക്തമാകുന്നത്. പക്ഷേ, അഭിനയത്തിനപ്പുറത്താകുമ്പോള്‍ അത് തികച്ചും വ്യക്തിപരമാണ്. അവിടെ സമൂഹത്തിന്റെ സാന്നിധ്യമോ ഇടപെടലോ ആവശ്യമില്ല. വ്യക്തികള്‍ പൊതുസ്ഥലത്തുവച്ച് ചുംബിക്കുമ്പോഴും പ്രണയലീലകളില്‍ ഏര്‍പ്പെടുമ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നം ലൈംഗികമായ ദാരിദ്യ്രവും അനാരോഗ്യവും അനുഭവിക്കുന്ന സമൂഹത്തിന്റെ അസ്വാസ്ഥ്യമാണ്. ഈ ദാരിദ്യ്രവും അനാരോഗ്യവും ചികിത്സിച്ചുമാറ്റുക എന്നതല്ലാതെ അവര്‍ക്കുവേണ്ടി പ്രണയത്തെ തടയുക എന്നത് ഉചിതമായ കാര്യമല്ല. ചുംബിക്കുന്നത് കിടപ്പുമുറിയിലായാലും ആള്‍ക്കൂട്ടിത്തിനു നടുവിലായാലും അതില്‍ പങ്കെടുക്കുന്നവര്‍ ആ സന്ദര്‍ഭത്തില്‍ വ്യക്തിതലത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. അവര്‍ ലോകത്തെ മറക്കുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തെ നിരാകരിക്കുന്നു. പ്രണയത്തിനിടയില്‍ സമൂഹം ചെന്ന് ഇടപെടേണ്ട കാര്യമില്ലാത്തതുപോലെ സാമൂഹ്യാവശ്യമായ സമരത്തിലും പ്രണയചേഷ്ടകള്‍ വന്ന് ഇടപെടേണ്ട കാര്യമില്ല. അധികാരത്തിന്റെ അഹങ്കാരംകൊണ്ട് പ്രണയം തടസ്സപ്പെടുമ്പോള്‍ ആളുകള്‍ കേവലചേഷ്ടകളിലൂടെയല്ല വന്ന് പ്രതികരിക്കേണ്ടത്. സാമൂഹ്യശക്തിയായി മാറിയിട്ടാണ്.
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാരഗുണ്ടായിസം വെളിവാക്കുന്നത് പുതിയൊരിനം രാഷ്ട്രീയപ്രവര്‍ത്തനം സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നു എന്നാണ്. ഇതു സംബന്ധമായി പിടിക്കപ്പെട്ട ചില പ്രതികള്‍ മുമ്പ് നടന്ന ചില സ്ത്രീപീഡനകേസുകളിലെ പ്രതികളായിരുന്നു എന്ന വാര്‍ത്ത വായിച്ചിരുന്നു. ഇതില്‍ ഒട്ടും അസ്വാഭാവികതയില്ല. മതരാഷ്ട്രീയത്തിന്റെ രണ്ടു ദൌത്യമാണ് സദാചാരസംരക്ഷണവും സ്ത്രീപീഡനവും. കൊട്ടിയൂരിലെ കുഞ്ഞുപെണ്‍കുട്ടിയെ ലൈംഗികമായി കടന്നാക്രമിച്ച് ഗര്‍ഭിണിയാക്കിയ പുരോഹിതന്റെ പ്രവൃത്തികള്‍ പരിശോധിച്ചാലും ഇത് വ്യക്തമാകും. കുട്ടികളില്‍ സദാചാരപരമായ ധാര്‍മികവിശുദ്ധി സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ഇടവകയിലെ രക്ഷാകര്‍ത്താക്കളെ നിരന്തരം ഉപദേശിച്ചിരുന്നയാളാണത്രേ അദ്ദേഹം. സദാചാരം പാലിക്കാത്തതുകൊണ്ടാണ് സ്ത്രീ പീഡിപ്പിക്കപ്പെടുന്നത് എന്നാണ് എല്ലാവിധ മതപൌരോഹിത്യവും കരുതുന്നത്. സദാചാരം ലംഘിക്കുന്നവള്‍ക്ക് മതരാഷ്ട്രീയാധികാരം നല്‍കുന്ന ശിക്ഷയാണ് ബലാത്സംഗംപോലുള്ള പീഡനങ്ങള്‍. കേരളത്തില്‍ സംഘടനാപരമായി ശക്തമല്ലെങ്കിലും ബിജെപിയെപ്പോലെ ശിവസേനയും ഇന്ന് അധികാരത്തിലെത്തിയതിന്റെ അഹങ്കാരത്തിലാണ്. മോഡിസര്‍ക്കാരിലെ സഖ്യകക്ഷിയാണ് സേന. ഇരുമെയ്യാണെങ്കിലും ഒറ്റക്കരളായി പുലരുന്ന രണ്ടു പ്രസ്ഥാനങ്ങളാണ്. മതത്തിന്റെ കൂടാതെ ഭാഷാ വംശീയതയുടെ പേരില്‍ക്കൂടിയും ഇന്ത്യന്‍ സമൂഹത്തില്‍ ശത്രുതയും‘ഭിന്നിപ്പുമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് സേനയെ ബിജെപിയില്‍നിന്ന് തെല്ല് വ്യത്യസ്തമാക്കുന്നത്.
എന്തുകൊണ്ടാണ് സദാചാര ഗുണ്ടായിസം ഇപ്പോള്‍ ശക്തമായി അരങ്ങിലെത്തിയിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. പൊലീസിന്റെ അനാസ്ഥകൊണ്ടാണെന്ന് പ്രതിപക്ഷകക്ഷി‘ഭാഷയില്‍ പറയാം. കേരളത്തില്‍ പൊലീസ് കാലങ്ങളായി എങ്ങനെ, എന്തിനുവേണ്ടി രൂപപ്പെട്ടിരിക്കുന്നു എന്നന്വേഷിച്ചാല്‍ ഈ വിമര്‍ശത്തിന് ഉത്തരം കിട്ടും. പക്ഷേ, അതിലപ്പുറം വസ്തുതാപരമായ ഒരു വിശകലനത്തിന്റെ ആവശ്യമുണ്ട്. സാമാന്യജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയരാഷ്ട്രീയം ഏറ്റവും ഏറെ ഭയപ്പെടുന്ന മനുഷ്യവികാരമാണ് പ്രണയം. സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരാകര്‍ഷണത്തിനു മുന്നില്‍ മതങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ മതില്‍ക്കെട്ടുകളും തകരുന്നതാണ് അനുഭവം. അതുകൊണ്ട് എല്ലായിനം പൌരോഹിത്യവും പ്രണയത്തിന് എതിരാണ്. (ഡല്‍ഹിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെട്ടപ്പോള്‍ എല്ലാ മതമേധാവികളും അവളെയാണല്ലോ കുറ്റപ്പെടുത്തിയത്.) പ്രണയത്തിന്റെ കാരണം സ്ത്രീയും അവളുടെ ശരീരവുമാണെന്ന് പുരോഹിതന്മാര്‍ കരുതുന്നു. അതുകൊണ്ട് അവര്‍ അവളെ പ്രത്യേകിച്ചും അവളുടെ യൌവനകാലശരീരത്തെ ഭയപ്പെടുന്നു. അവള്‍ക്കുമേല്‍ മതങ്ങളുടെ ഉടമാവകാശം സ്ഥാപിക്കുന്നതിന്റെ പേരായിട്ടാണ് ഇന്ന് സദാചാരം നിലനില്‍ക്കുന്നത്. രാഷ്ട്രീയാധികാരം കിട്ടുമ്പോഴും അധികാരത്തിനുവേണ്ടി ഹിംസാത്മകമായി ഉപയോഗിക്കുമ്പോഴുമാണ് മതങ്ങള്‍ സദാചാരപൊലീസ് ചമയുന്നത്. രാഷ്ടീയവല്‍ക്കരിക്കപ്പെട്ട മതാധികാരത്തിന്റെ വിജയക്കൊടി പാറുന്ന രംഗവേദിയായി ഇന്ത്യ മാറുമ്പോള്‍ അതിന്റെ അനുരണനങ്ങള്‍ കേരളത്തിലും ഉണ്ടാകാതിരിക്കാന്‍ നിര്‍വാഹമില്ല. ജനാധിപത്യപ്രക്രിയ പൂര്‍ത്തിയാക്കുക എന്ന രാഷ്ട്രീയ ജാഗ്രതകൊണ്ടല്ലാതെ ഇതിനെ നേരിടാനാകില്ല. വര്‍ഗീയതയുടെ കടന്നുവരവും സദാചാരപൊലീസിങ്ങും തമ്മിലുള്ള ഈ അടുത്ത ബന്ധത്തെ മറച്ചുപിടിക്കാനാണ് ഭൂരിഭാഗം മാധ്യമങ്ങളും ഉത്സാഹിക്കുന്നത്. അതിനു സഹായകരമായ അരാഷ്ട്രീയവല്‍ക്കരണത്തെയാണ് ചുംബനസമരം ലക്ഷ്യംവയ്ക്കുന്നത്.
ആണ്‍പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ ഒന്നിച്ചിരിക്കുന്നതും പഠിക്കുന്നതും സംവദിക്കുന്നതും ഉല്ലസിക്കുന്നതും ഇന്ന് നമ്മുടെ ക്യാമ്പസുകളില്‍ കാണുന്ന മാതൃകാപരമായ ദൃശ്യങ്ങളാണ്. ഇവര്‍ക്കിടയില്‍ ആര്‍ക്കെങ്കിലും തമ്മില്‍ പ്രണയമുണ്ടോ എന്നത് അവരുടെമാത്രം കാര്യം. പ്രണയത്തിനപ്പുറത്തുള്ള സൌഹൃദക്കൂട്ടായ്മകളും ആണ്‍പെണ്‍ വ്യക്തിബന്ധങ്ങളും പുതിയ തലമുറയുടെ ഊര്‍ജ്വസ്വലമായ മാനസികാരോഗ്യത്തെയാണ് വെളിവാക്കുന്നത്. ഏറ്റവും സന്തോഷകരമായ ഒരു കാര്യം ഇതുവഴി എത്രയോ കാലമായി നാം പ്രതീക്ഷിക്കുന്ന സമത്വം സാധ്യമാകുന്നുണ്ട് എന്നതാണ്. ഇങ്ങനെ ഭേദചിന്തയില്ലാതെ കുട്ടികള്‍ ഇടകലര്‍ന്നിരുന്ന് അവരുടെ യൌവനകാലത്തെ ആഘോഷമാക്കുന്നതില്‍ മലയാളി അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അത് അവനിലേക്ക് അല്‍പ്പാല്‍പ്പമായി അരിച്ചുകയറുന്ന വര്‍ഗീയവിഷത്തിന്റെ ബഹിര്‍സ്ഫുരണമാണ്. നവോത്ഥാനം നല്‍കിയ ജനാധിപത്യവല്‍ക്കരണം എവിടെയോ തടസ്സപ്പെടുന്നു എന്നും സന്ദേഹിക്കാം. മതത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയാധികാരം സ്ഥാപിക്കപ്പെട്ടിരിക്കുന്ന രാഷ്ടങ്ങളില്‍ ഇങ്ങനെയുള്ള ഇടകലര്‍ന്നിരിപ്പ് സാധ്യമായ കാര്യമല്ല. കലാപരിപാടികള്‍ കാണുന്നതിനോ പ്രഭാഷണം കേള്‍ക്കുന്നതിനോ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചിരിക്കാന്‍ അനുവാദമില്ലത്ത രാജ്യങ്ങളുണ്ട്. പൊലീസ് വന്ന് പുരുഷനോട് അശ്ളീലവ്യംഗ്യത്തോടെ ചോദിക്കും: ഇക്കാണുന്നതുമുഴുവന്‍ നിന്റെ ഭാര്യമാരാണോ?’ ഇത് ഏതെങ്കിലും മതത്തിന്റെമാത്രം കാര്യമല്ല. അല്ലെങ്കില്‍ മതത്തിന്റെ സ്വാഭാവികമായ വ്യവസ്ഥയുമല്ല. മതങ്ങള്‍ രാഷ്ട്രീയാധികാരത്തിനുവേണ്ടി ഉപയോഗിക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണ്. ഒരു കാര്യം ഉറപ്പ്. ഒന്നിച്ചിരിക്കുമ്പോള്‍ സമൂഹമുണ്ടാകുന്നു. ചുംബിക്കുമ്പോള്‍ വ്യക്തിയും










0 comments