20 January Sunday

വിളിച്ചുവരുത്തരുത് ദുരന്തങ്ങളെ

പി ദിനേഷ്Updated: Monday Feb 12, 2018


വിദ്യാഭ്യാസവും ആരോഗ്യവുമുള്ള തലമുറകളെ വാർത്തെടുക്കുകയാണ് സൗജന്യ സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങൾക്കൊപ്പം ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിലും കൂടുതൽ കാലോചിതമായ പരിഷ്കാരങ്ങൾ സർക്കാർ വരുത്തിയിട്ടുണ്ട്. എന്നാൽ, ഈ രംഗത്ത് വേണ്ടത്ര പൊതുജന ഇടപെടലുകൾ ഇല്ലാത്തതും നടത്തിപ്പുകാരുടെ ശ്രദ്ധക്കുറവും പദ്ധതിനടത്തിപ്പിന്റെ സുരക്ഷിതത്വത്തിൽ ആശങ്ക പരത്തുന്നുണ്ട്.

ഈവർഷംമുതൽ വിദ്യാലയങ്ങളിൽ പാചകത്തിന് വിറകിനുപകരം പാചകവാതകം ഉപയോഗിക്കാൻ സർക്കാർനിർദേശമുണ്ട്. ഭൂരിഭാഗം സ്കൂളുകളും പാചകവാതകത്തിന്റെ ഉപയോഗത്തിലേക്ക് മാറുകയും ചെയ്തു. എന്നാൽ, അതിൽ പലരും വിറകുകൾക്കൊപ്പം പാചകവാതകവും ഒരേ പാചകപ്പുരയിൽതന്നെയാണ് ഉപയോഗിക്കുന്നത്. ഇത് അത്യന്തം അപകടകരമാണെന്നുമാത്രമല്ല സുരക്ഷിതത്വത്തെയും ബാധിക്കുന്നു. പാചകവാതക അടുപ്പ് ഏതാണ്ട് ഒരുമീറ്റർ അകലത്തിൽ വാതക സിലിണ്ടറിനടുത്ത് താഴെ തറയിൽവച്ചാണ് പലരും പാചകം ചെയ്യുന്നത്. സിലിണ്ടറിൽനിന്ന് വാതകം ചോരുകയാണെങ്കിൽ താഴേക്കാണ് പ്രവഹിക്കുക എന്നതുകൊണ്ട് ഈ രീതിയും അപകടകരമാണ്. പാചകപ്പുരയിലെ സ്ഥലപരിമിതിമൂലമാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം. ഈ രംഗത്താണ് ഇനി കൂടുതൽ ജനകീയ ഇടപെടലിന്റെ പ്രസക്തി. പാചകവാതക ഉപയോഗത്തെക്കുറിച്ച് പാചകക്കാർക്ക് ആവശ്യമായ ബോധവൽക്കരണം പാചകവാതക കമ്പനികൾ നൽകുന്നത് ഉചിതമായിരിക്കും.

പ്രാഥമിക വിദ്യാഭ്യാസംമുതൽ എട്ടാംക്ലാസ്വരെയുള്ള കുട്ടികൾക്ക് വിഭവസമൃദ്ധവും പോഷകപ്രദവുമായ ഭക്ഷണം സൗജന്യമായി നൽകുന്ന ഈ പദ്ധതിക്ക് കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ 700 കോടി രൂപയാണ് ഓരോ വർഷം ചെലവിടുന്നത്. അരിയും പാചകക്കാരുടെ വേതനവും സർക്കാർ നേരിട്ടുനൽകുമ്പോൾ കണ്ടിൻജൻസി തുകയായി 150 കുട്ടികൾവരെ എട്ടു രൂപയും 151 മുതൽ 500 വരെ ഏഴു രൂപയും 500നുമുകളിൽ ആറു രൂപയും എന്ന നിരക്കിൽ ഒരു കുട്ടിക്ക് ഒരു ദിവസം സ്കൂളിന് നൽകുന്നുണ്ട്. ഇതിൽനിന്ന് പാചകവാതകം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയ്ക്കുപുറമെ ആഴ്ചയിൽ ഒരു കോഴിമുട്ടയും രണ്ടുതവണ 150 മില്ലിലിറ്റർ പാലും നൽകണമെന്നാണ് സർക്കാർവ്യവസ്ഥ. സ്കൂൾ വിട്ട് വരുന്ന കുട്ടിയോട് പാഠ്യവിഷയങ്ങളോടൊപ്പം ഉച്ചഭക്ഷണത്തിന്റെ വിവരങ്ങളും ആരായാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുറ്റങ്ങളും കുറവുകളും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരണം. പോഷകമൂല്യമുള്ള വിഭവസമൃദ്ധമായ ഭക്ഷണം നൽകാൻ ഒരു വിഭാഗം മത്സരബുദ്ധിയോടെ പ്രവർത്തിക്കുമ്പോൾ ചുരുക്കം ചിലർ മോരും രസവും അച്ചാറും ഉച്ചഭക്ഷണത്തിന് വിഭവങ്ങളായി നൽകുന്നത് അനുവദിച്ചുകൂടാ. അച്ചാറുകൾ സ്ഥിരമായി നൽകുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.
പയർവർഗങ്ങൾ, ഇറച്ചി, മുട്ട, പാൽ എന്നിവയിൽനിന്ന് ശരീരപോഷണത്തിന് ആവശ്യമായ മാംസ്യം, കൊഴുപ്പ് എന്നിവ ലഭ്യമാണ്. പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവയിലൂടെ ജീവകങ്ങൾ, കൊഴുപ്പ്, ധാതുലവണങ്ങൾ എന്നിവ യഥേഷ്ടം കുട്ടികൾക്ക് ലഭിക്കുന്നു. ഒരേതരത്തിലുള്ള ആഹാരവസ്തുക്കൾ സ്ഥിരമായി നൽകുന്നതിനുപകരം വൈവിധ്യമായ ആഹാരവസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽമാത്രമേ കുട്ടികളുടെ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ ലഭിക്കുകയുള്ളൂ. ഏതൊരു നാടിന്റെയും ഭാവിയും പ്രതീക്ഷയുമാണ് വളർന്നുവരുന്ന കുട്ടികൾ. പോഷകാഹാരത്തിന്റെ അഭാവം കുട്ടികളിൽ വളർച്ച മുരടിക്കുന്നതിനും ബുദ്ധിശക്തിയും ഓർമശക്തിയും കുറയ്ക്കുന്നതിനും കാരണമാകും.

സ്കൂളുകളിൽ വിതരണത്തിനെത്തിച്ച പാലിൽ പുഴുക്കളെ കണ്ടതും ഒറ്റപ്പെട്ട ഭക്ഷ്യവിഷബാധകളും ഒരു ഓർമപ്പെടുത്തലായി നാം കാണണം. ഇതുമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധക്കുറവാണ് ഓരോ അപകടവും വിളിച്ചുവരുത്തുന്നത്. ഈ രംഗത്ത് പോഷകമൂല്യമുള്ള ഭക്ഷണം നൽകാൻ സർക്കാർ വിഹിതം വർധിപ്പിച്ചുനൽകി. പാചകക്കാർക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആകർഷണീയമായ വേതനം നൽകുന്നുണ്ട്. എന്നിട്ടും മാറ്റം ഉൾക്കൊള്ളാൻ നമുക്ക് കഴിഞ്ഞിട്ടില്ല.

കെട്ടിലും മട്ടിലും കുട്ടികളുടെ ഉച്ചഭക്ഷണം, ഉച്ചക്കഞ്ഞിയായും പഴങ്കഞ്ഞിയായും തുടരുന്നത് അപലപനീയമാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, പാചകക്കാരുടെ വ്യക്തിശുചിത്വം, പാചകശാലയുടെ സുരക്ഷിതത്വം എന്നിവ നിരീക്ഷിക്കേണ്ട ബാധ്യത അധ്യാപകർക്കൊപ്പം രക്ഷിതാക്കൾക്കുമുണ്ട് എന്നുകൂടി ഓർമപ്പെടുത്തുന്നു. യഥാസമയം വേണ്ട ഇടപെടലുകൾ നടത്തി കുട്ടികളുടെ സുരക്ഷയും ഭാവിയും ഉറപ്പാക്കാൻ ഈ ബാധ്യതയിൽനിന്ന് സമൂഹം ഇനിയും വിട്ടുനിൽക്കുന്നത് അക്ഷന്തവ്യമായ അപരാധമായി വ്യാഖ്യാനിക്കപ്പെടും

(സ്കൂൾ ഉച്ചഭക്ഷണപദ്ധതി‐ കേരളം ഉത്തരമേഖല കോ‐ഓർഡിനേറ്ററാണ് ലേഖകൻ)

പ്രധാന വാർത്തകൾ
Top