ad
Deshabhimani

തീവ്രഹിന്ദുത്വ ഭീഷണിയും മലപ്പുറം ഉപതെരഞ്ഞെടുപ്പും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 16, 2017, 01:05 PM | 0 min read

ഇ.അഹമ്മദിന്റെ നിര്യാണം മൂലം ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 18ന് തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ.അഹമ്മദിന്റെ അന്ത്യം മോഡി സര്‍ക്കാരിന്റെ വര്‍ഗീയ സമീപനം മൂലം വിവാദപരമായി ചര്‍ച്ചചെയ്യപ്പെട്ടതാണല്ലോ. അത്യന്തം വൈകാരികത നിറഞ്ഞുനില്‍ക്കുന്ന മലപ്പുറം മണ്ഡലത്തില്‍ അഹമ്മദ് സാഹിബിന്റെ മകള്‍ ഡോ.ഫൌെസിയ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ലീഗിലെ പതിവനുസരിച്ച് തങ്ങള്‍ അവസാനം കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മുസ്ളീംലീഗ് പോലുള്ള ഒരു പാര്‍ടിക്ക് പാര്‍ലമെന്റിലേക്ക് ഒരു വനിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെ അസംബന്ധമാണ്. 2014ല്‍ ഇ.അഹമ്മദിനെതിരെ മത്സരിച്ച പി.കെ.സൈനബക്കെതിരെ അങ്ങേയറ്റം സങ്കുചിത നിലപാടുകളില്‍ നിന്നുള്ള പ്രചരണമാണല്ലോ ലീഗ് നടത്തിയത്. മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളെയാകെ പരിഹസിക്കുന്ന രീതിയില്‍ തട്ടമിടാത്ത സൈനബയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് തെറ്റായ മതവികാരം ഉണര്‍ത്തുകയായിരുന്നല്ലോ. അതൊക്കെ അവിടെ നില്‍ക്കട്ടെ.

ഹിന്ദുത്വശക്തികള്‍ ദേശീയാധികാരത്തിലെത്തിയതോടെ ന്യൂനപക്ഷദളിത് സ്ത്രീ ജനവിഭാഗങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ മതനിരപേക്ഷതയും ഫെഡറലിസവും നിരന്തരമായി ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പശുവിന്റെ പേരില്‍ നരഹത്യകള്‍ നടക്കുന്നു. ഹിന്ദുരാഷ്ട്രാഭിമാനത്തെ ചോദ്യം ചെയ്യുന്നവരെയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ വിമര്‍ശിക്കുന്നവരെയും രാജ്യദ്രോഹികളായി മുദ്രയടിച്ച് വേട്ടയാടുന്നു. 

ഇത്തരമൊരു സാഹചര്യം ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക ദളിത് സമൂഹങ്ങളുടെയും മതനിരപേക്ഷ നിലപാടുകളില്‍ നിന്നുകൊണ്ടുള്ള വിശാലമായ ഐക്യം ആവശ്യപ്പെടുന്നുണ്ട്. സംഘപരിവാറിന്റെ ഫാസിസത്തെ പ്രതിരോധിക്കാന്‍ കറകളഞ്ഞ മതനിരപേക്ഷ നിലപാടുകളില്‍ നിന്നുകൊണ്ടു മാത്രമെ ഇന്ത്യപോലൊരു ബഹുമത സമൂഹത്തില്‍ ജനാധിപത്യശക്തികള്‍ക്ക് കഴിയൂ. രാജ്യത്തിന്റെ ബഹുസംസ്കൃതിയെതന്നെ നിഷേധിക്കുന്ന വൈജാത്യങ്ങളെയെല്ലാം ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് ബലംപ്രയോഗിച്ച് വിലയിപ്പിക്കുന്ന വര്‍ഗീയഫാസിസത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെയേ പ്രതിരോധിക്കാനാവൂ. 

ഹിന്ദുത്വഫാസിസത്തെ മതാടിസ്ഥാനത്തിലും ജാതി അടിസ്ഥാനത്തിലുമുള്ള സ്വത്വരാഷ്ട്രീയ നിലപാടുകളില്‍ നിന്നുകൊണ്ട് പ്രതിരോധിക്കാന്‍ കഴിയില്ലെന്നുമാത്രമല്ല അത്തരം നിലപാടുകള്‍ ഫലത്തില്‍ ഹിന്ദുത്വശക്തികള്‍ക്ക് വളമിട്ടുകൊടുക്കുകയാണ് ചെയ്യുക. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിരോധിക്കാനെന്ന വ്യാജേന അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ന്യൂനപക്ഷ ജനസമൂഹങ്ങളെ സംഘടിതമായ വര്‍ഗീയ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ഹിന്ദുത്വത്തെ വളര്‍ത്തുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. 

സമീപനാളുകളില്‍ സംവാദവേദികളില്‍ മുസ്ളീംലീഗ് നേതാക്കള്‍ വിശാലമായ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെക്കുറിച്ച് പറയാറുണ്ട്. കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്ന് ഭീഷണമായിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് സൈദ്ധാന്തികമോ പ്രായോഗികമോ ആയി യാതൊരുവിധ നിലപാടും ഇല്ലെന്നതാണ് അനുഭവം. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകളെയോ ബാബ്റിമസ്ജിദ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ അവര്‍ സ്വീകരിച്ച ഹിന്ദുത്വാനുകൂല നീക്കങ്ങളേയോ എതിര്‍ക്കാന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. 

മസ്ജിദ് വിഷയത്തില്‍ രാജീവ്ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്ത സേഠുസാഹിബിന് ലീഗ് വിട്ടുപോരേണ്ടിയും വന്നു. ഹിന്ദുവര്‍ഗീയതയും അതിന്റെ ഭീഷണമായ വളര്‍ച്ചയും നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായിരുന്നുവെന്നകാര്യം ലീഗിലെ പല യുവ ബുദ്ധിജീവികളും സംവാദവേദികളില്‍ പരാമര്‍ശിച്ചുപോകാറുണ്ടെങ്കിലും മുസ്ളീംലീഗ് ഒരിക്കലും നവലിബറല്‍ നയങ്ങള്‍ക്കെതിരായി ഉരിയാടയിട്ടില്ല. മാത്രമല്ല കേന്ദ്രസര്‍ക്കാരിലും കേരളത്തിലും ആ നയത്തിന്റെ നല്ല നടത്തിപ്പുകാരായ കോണ്‍ഗ്രസിന്റെ കൂടെനില്‍ക്കുകയാണ് എല്ലാഘട്ടങ്ങളിലും ലീഗ് നേതൃത്വം ചെയ്തത്. 

അങ്ങേയറ്റം മതരാഷ്ട്രീയം കളിച്ചുകൊണ്ടാണ് പലപ്പോഴും ലീഗ് നേതൃത്വം കേരളത്തില്‍ തങ്ങളുടെ ഇടതുപക്ഷ വിരുദ്ധ നീക്കങ്ങള്‍ നടത്തിയിട്ടുള്ളത്. ഒരു മതാധിഷ്ഠിത സ്വത്വത്തെ പ്രതിനിധീകരിക്കുന്ന പാര്‍ടി എന്ന നിലക്ക് മുസ്ളീംലീഗിന് മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനാവുമോ എന്ന സംശയം തീര്‍ച്ചയായും ഉയര്‍ന്നുവരാം. സംഘപരിവാറിന്റെ ഭീഷണിയെ മതജാതിസ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട പാര്‍ടികള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ നേരിടാന്‍ കഴിയുമോ എന്ന കാര്യവും മലപ്പുറം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗൌെരവാവഹമായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. 

പ്രത്യേകിച്ച് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലും ഉത്തരഖണ്ഡിലുമൊക്കെ ബി.ജെ.പി നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ച വളരെ പ്രസക്തമാണ്. ബി.ജെ.പിയുടെ കുതിരക്കച്ചവടം നടത്താന്‍ പറ്റിയ പാര്‍ടിയായി കോണ്‍ഗ്രസ് ഗോവയിലും മണിപ്പൂരിലുമെല്ലാം അധഃപതിച്ചുപോയ ദയനീയചിത്രമാണ് നാം കണ്ടത്. കോര്‍പ്പറേറ്റുകളുടെ പണവും ഹിന്ദുത്വ പ്രലോഭനങ്ങളും കോണ്‍ഗ്രസിലെ എം.എല്‍.എമാരെ കൂട്ടത്തോടെ ബി.ജെ.പി പാളയത്തിലെത്തിക്കുന്നതാണ് മണിപ്പൂരിലും ഗോവയിലും നാം കണ്ടത്. 

ഇന്ത്യയില്‍ സംഘപരിവാര്‍ അധികാരത്തിലെത്തുന്നത് കോണ്‍ഗ്രസ് സൃഷ്ടിച്ച അഴിമതിഗ്രസ്തമായ സാഹചര്യത്തെക്കൂടി ഉപയോഗിച്ചാണെന്ന കാര്യം വിശദീകരണമാവശ്യമില്ലാത്തതാണ്. യു.പി തെരഞ്ഞെടുപ്പ് ഫലങ്ങളെ നിഷ്പക്ഷമായി പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്നകാര്യം എസ്.പിബി.എസ്.പി കക്ഷികള്‍ കൈകാര്യം ചെയ്ത ജാതിസ്വത്വരാഷ്ട്രീയത്തിന്റെ നിര്‍ഭാഗ്യകരമായ പതനവുമാണെന്നാണ്. ഹിന്ദുത്വത്തിനെതിരെ മതജാതിസ്വത്വങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പ്രതിരോധം ജാതിസ്വത്വങ്ങള്‍ ഹിന്ദുത്വത്തിന്റെ വിശാലമുന്നണിയായി പരിണമിക്കുന്നുവെന്നാണ് കാണിക്കുന്നത്. 

മോഡിയുടെയും അമിത്ഷായുടെയും സാമൂഹ്യ എഞ്ചിനീയറിംഗ് പിന്നോക്കദളിത്ന്യൂനപക്ഷവോട്ടുകളില്‍ വിള്ളലുണ്ടാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. മതനിരപേക്ഷ ജനാധിപത്യ ധാരയിലേക്ക് വരേണ്ട ന്യൂനപക്ഷപിന്നോക്കദളിത് ജനസമൂഹങ്ങളെ ഹിന്ദുത്വതന്ത്രത്തിലേക്ക് ഉദ്ഗ്രഥിച്ചെടുക്കാന്‍ സംഘപരിവാറിന് വഴിതുറന്നുകൊടുക്കുന്നത് സ്വത്വരാഷ്ട്രീയം തന്നെയാണ്. ഇതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. 

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ മുമ്പില്‍ ഉയരുന്ന ചോദ്യം ദേശീയതലത്തില്‍ സംഘപരിവാറിനെതിരായ പ്രതിരോധങ്ങള്‍ക്ക് കരുത്ത് പകരുന്ന ഒരു പ്രതിനിധിയെ തെരഞ്ഞെടുത്തയച്ച് രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമോ എന്നതാണ്. മുസ്ളീംലീഗും യു.ഡി.എഫും കേരളത്തില്‍ അന്ധമായ ഇടതുപക്ഷവിരോധം മൂലം സ്വീകരിക്കുന്ന മൃദുഹിന്ദുത്വസമീപനങ്ങള്‍ ബി.ജെ.പിക്കെന്നും സഹായം ചെയ്തുകൊടുത്തിട്ടുണ്ട്.

അസംബ്ളിക്കകത്തുപോലും ‘അബ്ദുള്‍ഖാദറിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എന്തുകാര്യം’ എന്നുചോദിക്കുന്ന പ്രതിപക്ഷനേതാവിന്റെ അബോധത്തെ ഭരിക്കുന്നത് ഹിന്ദുത്വമല്ലാതെ മറ്റെന്താണ്? നവലിബറല്‍ നയങ്ങള്‍ക്കും ഹിന്ദുത്വത്തിനും ബദലാകാന്‍ കഴിയുന്നത് ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയത്തിനാണ് എന്ന തിരിച്ചറിവോടെ മലപ്പുറത്തെ വോട്ടര്‍മാര്‍ നിലപാടുകള്‍ സ്വീകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

[email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home