Top
22
Tuesday, August 2017
About UsE-Paper

അടവുനയം സംബന്ധിച്ച്

Thursday Feb 12, 2015
പ്രകാശ് കാരാട്ട്

ഏപ്രിലില്‍ വിശാഖപട്ടണത്ത് ചേരുന്ന 21-ാം പാര്‍ടികോണ്‍ഗ്രസിനുമുമ്പ് പാര്‍ടിയുടെ എല്ലാ ഘടകങ്ങളിലും ചര്‍ച്ചചെയ്യുന്നതിനായി സിപിഐ എം കേന്ദ്രകമ്മിറ്റി രണ്ടു പ്രധാനപ്പെട്ട കരടുരേഖകള്‍ പുറത്തിറക്കിയിട്ടുണ്ട്. ആദ്യ കരടുരേഖ എല്ലായ്പോഴുമെന്നപോലെ കരട് രാഷ്ട്രീയപ്രമേയമാണ്. പാര്‍ടി കോണ്‍ഗ്രസിന്റെ പ്രധാന അജന്‍ഡയായ ഭാവിയിലേക്കുള്ള രാഷ്ട്രീയ- കരട് നയം വ്യക്തമാക്കുന്നതാണ് ഈ രേഖ. എന്നാല്‍, ഇത്തവണ രണ്ടാമതൊരു കരടുരേഖകൂടി പാര്‍ടിതലങ്ങളില്‍ ചര്‍ച്ചചെയ്യുന്നതിനായി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ അടവുനയം സംബന്ധിച്ച കരട് അവലോകന റിപ്പോര്‍ട്ടാണിത്. ഇതാദ്യമായാണ് പാര്‍ടി കോണ്‍ഗ്രസില്‍ അടവുനയം നടപ്പാക്കുന്നതിനെക്കുറിച്ചല്ലാതെ രാഷ്ട്രീയ അടവുനയം സംബന്ധിച്ച അവലോകനരേഖതന്നെ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുന്നത്. പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായി പാര്‍ടിക്കകത്ത് നടക്കുന്ന ചര്‍ച്ചയുടെ ഭാഗമായി അടവുനയ അവലോകനം നടക്കുന്നതും ഇതാദ്യമായാണ്.

ഇത്തരമൊരു അവലോകന റിപ്പോര്‍ട്ടിന്റെ പ്രസക്തിയെന്താണ്? കഴിഞ്ഞ രണ്ടു ദശാബ്ദത്തിനകം പാര്‍ടിക്ക് അഖിലേന്ത്യാതലത്തില്‍ സ്വതന്ത്രമായ വളര്‍ച്ച നേടുന്നതിന് കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്രകമ്മിറ്റി ഇത്തരമൊരു ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. പാര്‍ടി കോണ്‍ഗ്രസുകള്‍ തുടര്‍ച്ചയായി മുന്നോട്ടുവച്ച, അഖിലേന്ത്യാതലത്തില്‍ ഒരു ഇടതുപക്ഷ- ജനാധിപത്യ സഖ്യം വളര്‍ത്തിക്കൊണ്ടുവരികയെന്ന അടവുനയം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. ഈ രണ്ടു കാരണങ്ങള്‍കൊണ്ടാണ് കേന്ദ്രകമ്മിറ്റി രാഷ്ട്രീയ- അടവുനയം പുനഃപരിശോധിക്കാനും ഈ നയത്തില്‍ എന്തെങ്കിലും കുറവുകളോ ദൗര്‍ബല്യങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താനും തീരുമാനിച്ചത്. ഇതോടൊപ്പംതന്നെ മറ്റു മൂന്നു നടപടികള്‍ കൈക്കൊള്ളാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഒന്ന്- പാര്‍ടിസംഘടനയെ വിശദമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കുക. രണ്ട്- ബഹുജനസംഘടനകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതോടൊപ്പം പാര്‍ടിയും ബഹുജനസംഘടനകളും തമ്മിലുള്ള ബന്ധവും വിലയിരുത്തുക. മൂന്ന്- നവ ഉദാരവല്‍ക്കരണനയങ്ങള്‍ ഉണ്ടാക്കിയ സാമൂഹ്യ- സാമ്പത്തിക മാറ്റങ്ങളും അത് ഇന്ത്യന്‍സമൂഹത്തിലെ വിവിധ വര്‍ഗങ്ങളില്‍ ഉണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിക്കുക എന്നിവയാണവ. ഇത് പാര്‍ടിയെയും ബഹുജനസംഘടനകളെയും പുതിയ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനും സഹായിക്കും.

പാര്‍ടിസംഘടനയുടെയും ബഹുജനസംഘടനകളുടെയും പ്രവര്‍ത്തനം പരിശോധിക്കുന്നതിന് പാര്‍ടി കോണ്‍ഗ്രസിനുശേഷം സംഘടനസംബന്ധിച്ച് ഒരു പ്ലീനം വിളിച്ചുചേര്‍ക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. എങ്കില്‍മാത്രമേ ഈ പ്രശ്നത്തില്‍ ശരിയായ ശ്രദ്ധപതിപ്പിക്കാന്‍ കഴിയൂ എന്നാണ് വിലയിരുത്തല്‍. സാമൂഹ്യ- സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രകമ്മിറ്റി ആഗസ്തില്‍തന്നെ മൂന്നു പഠനഗ്രൂപ്പുകള്‍ക്ക് രൂപംനല്‍കി. ഈ സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് ഏതൊക്കെയാണോ സ്വീകാര്യമായിട്ടുള്ളത് എന്നു പരിശോധിച്ച് അവ രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍ച്ചേര്‍ത്ത് പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.

രാഷ്ട്രീയ-അടവുനയത്തിലേക്കുതന്നെ തിരിച്ചുവരാം. 1988-89ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന 13-ാം പാര്‍ടി കോണ്‍ഗ്രസ്മുതലുള്ള കാര്യങ്ങളാണ് ഈ കരടുരേഖയില്‍ പരാമര്‍ശിക്കുന്നത്. ഈ പാര്‍ടി കോണ്‍ഗ്രസ്്മുതലാണ് സാര്‍വദേശീയ- ദേശീയ രംഗത്ത് വന്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. സോവിയറ്റ് യൂണിയന്റെ പതനം അന്താരാഷ്ട്ര വര്‍ഗശക്തികളുടെ ശാക്തികബലാബലത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. 1990കളോടെയാണ് നവ ഉദാരവല്‍ക്കരണം ഇന്ത്യയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഈ കാലഘട്ടത്തില്‍തന്നെയാണ് ഹിന്ദുത്വ വര്‍ഗീയശക്തികളും തലപൊക്കിയത്.

1992ലെ 14-ാം കോണ്‍ഗ്രസ്മുതല്‍ അംഗീകരിച്ച രാഷ്ട്രീയ- അടവുനയങ്ങള്‍ അക്കാലത്തെ രാഷ്ട്രീയസാഹചര്യത്തിനുസരിച്ച് കോണ്‍ഗ്രസിനെയും ബിജെപിയെയും പ്രധാന ശത്രുവായി കണ്ട് നേരിടുന്നതിന് പാര്‍ടിയെ സഹായിച്ചു. വര്‍ഗീയ- വിഘടനവാദ ശക്തികള്‍ക്കെതിരെ പൊരുതാന്‍ ശരിയായ ദിശാബോധം നല്‍കുന്നതോടൊപ്പം കേരളത്തിലും ത്രിപുരയിലും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ രൂപീകരിക്കാനും പശ്ചിമബംഗാളിലെ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ഇത് സഹായിച്ചു. തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാനും ഈ അടവുനയം സഹായിച്ചു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയ്ക്ക് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ 15 പൊതുപണിമുടക്ക് നടത്തിയതുതന്നെ ഇതിന് തെളിവാണ്.

എന്നിരുന്നാലും പാര്‍ടി പ്രധാനമായും കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലൊതുങ്ങി. ഭൂരിപക്ഷം പാര്‍ടി അംഗങ്ങളും ബഹുജനസംഘടനാ അംഗങ്ങളും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ജനകീയാടിത്തറയുടെ കാര്യത്തിലും രാഷ്ട്രീയമായ സ്വാധീനത്തിന്റെ കാര്യത്തിലും പാര്‍ടിക്ക് ഒരു മുന്നേറ്റവും നടത്താനായില്ല. ഇതിനുള്ള ചില കാരണങ്ങള്‍ അവലോകനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാക്ഷാല്‍ക്കരിക്കാവുന്ന മുദ്രാവാക്യങ്ങളില്‍നിന്ന് വിദൂരമായ ഒന്നിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി മാറിയെന്നതാണ് പ്രാഥമികമായ ദൗര്‍ബല്യം. ഇടതുപക്ഷ- ജനാധിപത്യശക്തികളെ ഒരു കുടക്കീഴില്‍ അണിനിരത്തി ഇടതുപക്ഷജനാധിപത്യമുന്നണി കെട്ടിപ്പടുക്കുക എന്ന കടമ നിര്‍വഹിക്കപ്പെട്ടില്ല. അതിനുപകരം താല്‍ക്കാലിക ഘട്ടമെന്നനിലയില്‍ ഇടതുപക്ഷ ജനാധിപത്യ മതേതര സഖ്യത്തിന് രൂപംനല്‍കി. 1998ല്‍ ചേര്‍ന്ന 16-ാം പാര്‍ടി കോണ്‍ഗ്രസില്‍ ഇതു മൂന്നാംബദലായി വികസിച്ചു. കോണ്‍ഗ്രസിതര മതനിരപേക്ഷ ബൂര്‍ഷ്വാപാര്‍ടികള്‍ പ്രത്യേകിച്ചും പ്രാദേശിക ബൂര്‍ഷ്വാപാര്‍ടികള്‍ ചേര്‍ന്നുള്ള സഖ്യമായാണ് അത് വിഭാവനംചെയ്യപ്പെട്ടത്. ഒരു പൊതുമിനിമം പരിപാടിയുടെ കീഴില്‍ ഈ പാര്‍ടികളെ അണിനിരത്തി കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മൂന്നാംബദല്‍ കെട്ടിപ്പടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇത് നടന്നില്ലെന്നുമാത്രമല്ല അത് യാഥാര്‍ഥ്യബോധത്തോടുകൂടിയുള്ള നീക്കവുമായിരുന്നില്ല. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയ്ക്ക് പ്രാദേശിക ബൂര്‍ഷ്വാപാര്‍ടികള്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു. നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് എതിരായിരുന്നില്ല ഈ പ്രാദേശികകക്ഷികള്‍. അതോടൊപ്പം അവരുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുമെങ്കില്‍, കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സഖ്യത്തില്‍ ചേര്‍ന്ന് കേന്ദ്രത്തില്‍ അധികാരം പങ്കിടാന്‍ അവര്‍ക്ക് മടിയുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കക്ഷികളെ ബദല്‍നയവേദിയിലേക്ക് കൊണ്ടുവരികയെന്നത് തെറ്റായ നടപടിയായിരുന്നു.

ആന്ധ്രപ്രദേശ്, തമിഴ്നാട്, ബിഹാര്‍, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ കക്ഷികളുമായുള്ള ദീര്‍ഘകാലത്തെ സഖ്യം പാര്‍ടിയുടെ സ്വതന്ത്രമായ വളര്‍ച്ചയെ ദോഷമായി ബാധിച്ചു. പാര്‍ടിക്ക് വ്യതിരിക്തമായ രാഷ്ട്രീയവേദി ജനങ്ങള്‍ക്കുമുമ്പില്‍ വയ്ക്കുന്നതിനോ പ്രാദേശിക ബൂര്‍ഷ്വാപാര്‍ടികളില്‍നിന്ന് വ്യത്യസ്തമായ ഇടതുപക്ഷജനാധിപത്യപദ്ധതിക്ക് രൂപംനല്‍കുന്നതിനോ ഇതുമൂലം കഴിയാതെ വന്നു. തെരഞ്ഞെടുപ്പുസമയത്ത് ഈ പാര്‍ടികളുമായി ചേര്‍ന്ന് ദേശീയസഖ്യം രൂപീകരിക്കാനും ശ്രമമുണ്ടായി. എന്നാല്‍, ഈ പാര്‍ടികളൊന്നും നയപരമായ കാര്യങ്ങളില്‍ ജനങ്ങളുടെ പ്രശ്നങ്ങളുയര്‍ത്തിയുള്ള സമരങ്ങള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ തയ്യാറായില്ല. ഈ അനുഭവമാണ് മൂന്നാംബദല്‍ എന്ന ആശയം ഉപേക്ഷിക്കാന്‍ 2012ല്‍ കോഴിക്കോട്ട് ചേര്‍ന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചത്. പ്രാദേശികകക്ഷികളുമായി ചേര്‍ന്നുള്ള ദേശീയസഖ്യത്തിന് ഒരടിസ്ഥാനവുമില്ലെന്നും അതിനെ മൂന്നാംബദലായി ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നുമുള്ള നിഗമനത്തിലാണ് അന്തിമമായി പാര്‍ടി എത്തിച്ചേര്‍ന്നത്. പകരം പൊതുവായ പ്രശ്നങ്ങളില്‍ സംയുക്തസമരം എന്ന ആശയമാണ് മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്.

ഓരോ സംസ്ഥാനത്തും പ്രാദേശികകക്ഷിയോ ദേശീയകക്ഷിയോ നടപ്പാക്കുന്ന ബൂര്‍ഷ്വ- ഭൂപ്രഭു നയങ്ങള്‍ക്കെതിരെ ഇടതുപക്ഷജനാധിപത്യപ്രസ്ഥാനങ്ങളെ അണിനിരത്തുന്നതിലുണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് ഈ നയപരമായ ദിശാബോധം ഉണ്ടായത്. കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍മാത്രമാണ് ഇടത്- ജനാധിപത്യ ശക്തികളെ അണിനിരത്തുന്നതില്‍ മുന്നേറ്റമുണ്ടായിട്ടുള്ളത്. 1978ല്‍ പത്താം പാര്‍ടി കോണ്‍ഗ്രസ് ചേര്‍ന്ന ഘട്ടത്തില്‍തന്നെ ഈ നേട്ടം കൈവരിക്കാനായിരുന്നു. അതിനാലാണ് രാഷ്ട്രീയ അടവുനയത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ റിവ്യൂവിലൂടെ തീരുമാനിച്ചത്. ഇടതുപക്ഷജനാധിപത്യസഖ്യം എന്ന മുദ്രാവാക്യത്തിന് പ്രാമുഖ്യം നല്‍കാനും അതിനായി പ്രവര്‍ത്തിക്കാനും ഈ റിപ്പോര്‍ട്ട് ആഹ്വാനംചെയ്യുന്നു.

പാര്‍ടിയുടെ സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കാനും അവലോകനറിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ സമരങ്ങള്‍ അഴിച്ചുവിട്ടുമാത്രമേ ഇതിന് കഴിയൂ. ഇതോടൊപ്പംതന്നെ, ജനങ്ങളുടെ നീറുന്ന ജീവിതപ്രശ്നങ്ങളും അവകാശങ്ങളും ഉയര്‍ത്തി മറ്റു രാഷ്ട്രീയ ജനാധിപത്യപ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് യോജിച്ച പ്രക്ഷോഭങ്ങളും വളര്‍ത്തിക്കൊണ്ടുവരണം. സ്വതന്ത്രമായ പ്രവര്‍ത്തനം, ഇടതുപക്ഷ ഐക്യം വളര്‍ത്തല്‍, എല്ലാ ജനാധിപത്യ- മതനിരപേക്ഷ പ്രസ്ഥാനങ്ങളുമായുള്ള യോജിച്ച പ്രക്ഷോഭങ്ങളുടെ വളര്‍ച്ച എന്നിവയിലൂടെമാത്രമേ ഇടതുപക്ഷജനാധിപത്യബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനാകൂ. പാര്‍ടിയുടെ താല്‍പ്പര്യം കര്‍ശനമായി പരിഗണിച്ചുമാത്രമേ തെരഞ്ഞെടുപ്പുസഖ്യങ്ങളിലും ഏര്‍പ്പെടാവൂ. വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ അനുഭവവും അവലോകനറിപ്പോര്‍ട്ടില്‍ പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുവേളയിലെ അടവുനയത്തിലൂടെമാത്രം ഹിന്ദുത്വ വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടം നടത്താനാകില്ല.

വര്‍ഗീയതയ്ക്കെതിരെ സാമൂഹ്യ- സാംസ്കാരിക- ആശയ- വിദ്യാഭ്യാസ മണ്ഡലങ്ങളിലുള്ള പോരാട്ടവും ഉള്‍ക്കൊള്ളിച്ചായിരിക്കണം പുതിയ അടവുനയം. നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തെ വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടവുമായി കണ്ണിചേര്‍ക്കണമെന്ന പ്രധാന കാര്യവും ഈ രേഖയിലുണ്ട്. അപ്പോള്‍മാത്രമേ വര്‍ഗീയവിപത്തിനെതിരെയുള്ള സമരത്തിലേക്ക് ജനങ്ങളെ അണിനിരത്താനാകൂ. ഈ രണ്ട് രേഖകളുടെയുംമേല്‍ പാര്‍ടിയുടെ എല്ലാ ഘടകങ്ങളിലും നടക്കുന്ന ചര്‍ച്ച പാര്‍ടിയുടെ ധാരണകളെ സമ്പന്നമാക്കാനും സമകാലിക വെല്ലുവിളികളെ നേരിടുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ 21-ാം പാര്‍ടി കോണ്‍ഗ്രസിനെ സഹായിക്കാനും കഴിയും.