21 July Saturday

പോരാട്ടം സംയോജിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Wednesday Feb 4, 2015

സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തില്‍നിന്ന്


ഹിന്ദു തീവ്രശക്തികള്‍ക്കും മറ്റു രൂപത്തിലുള്ള വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടം നവലിബറല്‍ നയങ്ങള്‍ക്കും തൊഴിലെടുക്കുന്നവരില്‍ അത് സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ക്കുമെതിരായ പോരാട്ടവുമായി സംയോജിപ്പിക്കണമെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു. ജീവിതോപാധികള്‍ സംരക്ഷിക്കുന്നതിനും മോഡിസര്‍ക്കാരും ബിജെപിയുടെ വിവിധ സംസ്ഥാന സര്‍ക്കാരുകളും അടിച്ചേല്‍പ്പിക്കുന്ന ബാധ്യതകള്‍ക്കെതിരായും ജനങ്ങളെ സംഘടിപ്പിച്ചുമാത്രമേ ആര്‍എസ്എസ് നേതൃത്വത്തിലുള്ള വര്‍ഗീയശക്തികള്‍ക്കെതിരായ പ്രചാരണത്തിന് ജനകീയസ്വഭാവം കൈവരിക്കാനാകൂ.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വശക്തികളുടെ കടന്നാക്രമണം ന്യൂനപക്ഷവിഭാഗങ്ങളിലും തീവ്രശക്തികളുടെ വളര്‍ച്ചയ്ക്ക് സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയശക്തികളെ കരുത്താര്‍ജിക്കാന്‍ സഹായിക്കുംവിധം ന്യൂനപക്ഷവര്‍ഗീയതയെ ചെറുക്കുന്നതിന് ജാഗ്രത പുലര്‍ത്തണം.വര്‍ഗീയശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാന്‍ മതേതര- ജനാധിപത്യ ശക്തികളുടെ വിപുലമായ കൂട്ടായ്മ ഉണ്ടാകണം.

വര്‍ഗീയതയ്ക്കെതിരെ കൂടുതല്‍ വിശാലവും യോജിപ്പോടെയുമുള്ള മുന്നേറ്റത്തിന് സംയുക്തവേദികള്‍ ആവശ്യമാണ്. ആര്‍എസ്എസ്- ബിജെപി കൂട്ടായ്മയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായ തന്ത്രങ്ങള്‍ക്ക് രാഷ്ട്രീയമണ്ഡലത്തില്‍മാത്രമല്ല, സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ മണ്ഡലങ്ങളിലും മൂര്‍ത്തരൂപം പകരണം. ഈ മേഖലകളിലാണ് വര്‍ഗീയ ആശയങ്ങളും മൂല്യങ്ങളും നുഴഞ്ഞുകയറി സ്വാധീനമുറപ്പിക്കുക. രാഷ്ട്രീയപോരാട്ടത്തോടൊപ്പം പാര്‍ടിയും ബഹുജന സംഘടനകളും താഴെ പറയുന്ന കടമകളും നിര്‍വഹിക്കണം.

ഒന്ന്, ഹൈന്ദവ വര്‍ഗീയതയുടെയും മറ്റ് രൂപത്തിലുള്ള വര്‍ഗീയതകളുടെയും വിഘടിത- പിന്തിരിപ്പന്‍ സ്വഭാവം തുറന്നുകാട്ടുന്നതിനുള്ള പ്രചാരണങ്ങള്‍ക്ക് ജനകീയ ശൈലിയില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയും വര്‍ഗീയശക്തികള്‍ക്കെതിെ ആശയപരമായ പോരാട്ടത്തിന് ചരിത്രകാരന്മാരെയും സാംസ്കാരിക വ്യക്തിത്വങ്ങളെയും അണിനിരത്താന്‍ പാര്‍ടിയുടെ ബൗദ്ധിക വിഭവങ്ങളും ഗവേഷണകേന്ദ്രങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യണം.

രണ്ട്, വിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെയും സാംസ്കാരിക സംഘടനകളുടെയും സഹായത്തോടെ പ്രീ-സ്കൂള്‍, സ്കൂള്‍തലത്തില്‍ വര്‍ഗീയതയ്ക്കെതിരായ പ്രചാരണം സാധ്യമാക്കണം.

മൂന്ന്, തൊഴിലാളികള്‍ക്കിടയിലും തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലും പാര്‍ടിയും ട്രേഡ് യൂണിയനുകളും മതേതര- ശാസ്ത്രീയ സമീപനം പ്രചരിപ്പിക്കുന്നതിന് ഉതകുന്ന സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.

നാല്, വര്‍ഗീയശക്തികള്‍ പുലര്‍ത്തുന്ന പിന്തിരിപ്പനും ജാതീയവും വിനാശകരവുമായ മൂല്യങ്ങളെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ സാംസ്കാരിക- സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കണം.

അഞ്ച്, ആര്‍എസ്എസ് സംഘടനകളുടെ വിവിധ രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളെ ചെറുക്കുംവിധം ദളിതര്‍ക്കിടയിലും ആദിവാസിമേഖലകളിലും സംഘടിതപ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം.

ഇടതുവേദി രൂപീകരിക്കണം
ഇടത് ഐക്യം വിപുലീകരിക്കാനും കൂടുതല്‍ പാര്‍ടികളും ഗ്രൂപ്പുകളും വ്യക്തികളും അടങ്ങുന്ന വിശാല ഇടതുവേദി രൂപീകരിക്കാനുമുള്ള ശ്രമം മുന്നോട്ടുകൊണ്ടുപോകും. ദേശീയതലത്തില്‍ ഇടത് ഐക്യം ഇതുവരെ സിപിഐ എം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ നാല് കക്ഷികളില്‍ മാത്രമാണ് ഒതുങ്ങിനിന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ഇടത് ഐക്യം വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ശ്രമമുണ്ടായി. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബറില്‍, സിപിഐ എംഎല്‍-ലിബറേഷന്‍, എസ്യുസിഐ-കമ്യൂണിസ്റ്റ് എന്നിവ ഉള്‍പ്പെടെ ആറ് ഇടതുപക്ഷ കക്ഷികള്‍ ഒമ്പതിന ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുവേദി രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലും പൊതുവേദികള്‍ രൂപീകരിച്ചുവരുന്നു. പഞ്ചാബില്‍ സിപിഐ എം, സിപിഐ, സിപിഐ എംഎല്‍-ലിബറേഷന്‍, സിപിഎം(പഞ്ചാബ്) എന്നീ പാര്‍ടികള്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നു. പശ്ചിമബംഗാളില്‍, സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കും എതിരായ പൊതുമുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ 17 ഇടതുപാര്‍ടികളും ഗ്രൂപ്പുകളും യോജിച്ച പ്രവര്‍ത്തനത്തിലാണ്. തെലങ്കാനയിലും ആന്ധ്രപ്രദേശിലും 11 ഇടതുപാര്‍ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ടി സിപിഐ എം, സിപിഐ മുന്നണിയില്‍ തിരിച്ചെത്തി-പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ഏകാധിപത്യത്തിലേക്ക്ഇന്ത്യ
ഏകാധിപത്യവാഴ്ചയ്ക്കു മുന്നോടിയായ സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് സിപിഐ എം കരട് രാഷ്ട്രീയപ്രമേയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുഫലം രാജ്യത്തെ രാഷ്ട്രീയസാഹചര്യത്തില്‍ വലിയ മാറ്റമുണ്ടാക്കി. 31 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചതെങ്കിലും ബിജെപിക്ക് ചരിത്രത്തില്‍ ആദ്യമായി ലോക്സഭയില്‍ കേവലഭൂരിപക്ഷം ലഭിച്ചു. തീവ്രമായതോതില്‍ നവഉദാരനയങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം വര്‍ഗീയ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകാനുള്ള ആര്‍എസ്എസ്- ബിജെപി കൂട്ടുകെട്ടിന്റെ സമ്പൂര്‍ണമായ ശ്രമങ്ങളും ചേര്‍ന്നുള്ള വലതുപക്ഷ കടന്നാക്രമണത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്.

ഒമ്പതുമാസം പിന്നിട്ട മോഡിസര്‍ക്കാര്‍ നവഉദാരനയങ്ങള്‍ തീവ്രമായി നടപ്പാക്കുന്നു. സമ്പദ്ഘടനയുടെ എല്ലാ മേഖലയിലും കൂടുതല്‍ എഫ്ഡിഐ അനുവദിക്കുകയാണ്; പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നു; കോര്‍പറേറ്റുകള്‍ക്ക് കുറഞ്ഞ വിലയില്‍ ഭൂമി ലഭിക്കുന്ന സ്ഥിതി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. തൊഴിലാളികള്‍ക്ക് എതിരെ തൊഴില്‍നിയമങ്ങള്‍ പൊളിച്ചെഴുതുന്നു. ജനക്ഷേമപദ്ധതികള്‍ ദുര്‍ബലപ്പെടുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നു.

നവഉദാരനയങ്ങളെ കരുത്തോടെ ചെറുക്കണം
നവഉദാരപദ്ധതിയുടെ ഭാഗമായി മോഡിസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തികനയങ്ങളെ കരുത്തോടെ ചെറുക്കണം. ബിജെപി- ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ഹിന്ദുത്വ അജന്‍ഡയെ രാഷ്ട്രീയമായി പാര്‍ടിയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, പ്രത്യയശാസ്ത്ര മണ്ഡലങ്ങളില്‍ ബഹുജനസംഘടനകളും നേരിടണം. സാമൂഹിക അടിച്ചമര്‍ത്തല്‍ നേരിടുന്ന വിഭാഗങ്ങളുടെയും ദളിത്- ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ ചെറുക്കാനുള്ള പോരാട്ടങ്ങളിലും പാര്‍ടി നേരിട്ട് ഇടപെടണം.

വലതുപക്ഷ വ്യതിയാനത്തിന്റെ ഫലമായി രാജ്യം ഏകാധിപത്യഭീഷണി നേരിടുന്ന ഘട്ടത്തില്‍ ജനാധിപത്യ അവകാശങ്ങളും കലാസ്വാതന്ത്ര്യവും സംരക്ഷിക്കാനും പാര്‍ലമെന്ററി ജനാധിപത്യത്തിനുനേരെ ഉയരുന്ന ഭീഷണികള്‍ ചെറുക്കാനും വിശാലമുന്നേറ്റം കെട്ടിപ്പടുക്കണം. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ആരുമായും കൈകോര്‍ക്കും. എന്നാല്‍, ഇതിനെ രാഷ്ട്രീയസഖ്യമായി വ്യാഖ്യാനിക്കരുതെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു.

തെരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ക്കായി പോരാടുക
വന്‍കിടക്കാരുടെ ഇടപെടലിലൂടെ പാര്‍ലമെന്ററി ജനാധിപത്യത്തിന് സംഭവിച്ച ജീര്‍ണത തെരഞ്ഞെടുപ്പുരംഗത്ത് വരുത്തേണ്ട അടിസ്ഥാന പരിഷ്കാരങ്ങളുടെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഭാഗിക പട്ടിക സംവിധാനത്തിലൂടെ ആനുപാതിക പ്രാതിനിധ്യത്തിന് തുടക്കമിടാന്‍ പാര്‍ടി സജീവമായ പ്രചാരണം നടത്തണം. ഇതോടൊപ്പം തെരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ ദുരുപയോഗം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാര്‍തന്നെ ഫണ്ട് കൊണ്ടുവരുന്ന സംവിധാനം നിലവില്‍ വരികയും വേണം. തെരഞ്ഞെടുപ്പില്‍ പാര്‍ടിക്കുണ്ടാകുന്ന ചെലവുകള്‍ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്.

ന്യൂനപക്ഷ സംരക്ഷണം അനിവാര്യം
ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷണത്തിനും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ- സാമ്പത്തിക മേഖലകളിലെ മുന്നേറ്റത്തിനും പ്രത്യേക നടപടികള്‍ സ്വീകരിക്കേണ്ടത് സുപ്രധാനം. തീവ്ര ഹിന്ദുത്വശക്തികള്‍ മുഖ്യമായും ലക്ഷ്യമിടുന്നത് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെയാണ്. പുനര്‍പരിവര്‍ത്തന പ്രചാരണവും ലവ്ജിഹാദ് പ്രചാരണവുമെല്ലാം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ആശങ്കയും വളര്‍ത്തുന്നു. മുസ്ലിം സമുദായത്തിന്റെ സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥയും സച്ചാര്‍ റിപ്പോര്‍ട്ട് നിര്‍ദേശങ്ങളും ബിജെപി അധികാരത്തില്‍ എത്തിയതോടെ അജന്‍ഡയ്ക്ക് പുറത്തായി. ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷണം പ്രധാന വിഷയമാണ്- കരട് പ്രമേയം പറഞ്ഞു.

അമേരിക്കന്‍ തന്ത്രങ്ങള്‍ ചെറുക്കും
ദക്ഷിണേഷ്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള അമേരിക്കയുടെ എല്ലാ ഉപായങ്ങളെയും ശക്തമായി ചെറുക്കും. മേഖലയിലെ എല്ലാ ഇടതുപക്ഷ, പുരോഗമന, സാമ്രാജ്യത്വവിരുദ്ധ ശക്തികളുമായും പാര്‍ടി സഹകരിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയുംചെയ്യും.പലസ്തീന്‍ജനതയ്ക്ക് പൂര്‍ണ പിന്തുണ തുടരും. കേന്ദ്രസര്‍ക്കാരിന്റെ ഇസ്രയേലുമായുള്ള സുരക്ഷ, സൈനിക സഹകരണത്തെ ശക്തിയായി എതിര്‍ക്കുന്നു. ചൈന, വിയത്നാം, ക്യൂബ, ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ, ലാവോസ് തുടങ്ങി സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള ഉപരോധം അവസാനിപ്പിക്കാന്‍ ക്യൂബന്‍ സര്‍ക്കാരും ജനതയും നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. ലാറ്റിനമേരിക്കയിലെ, പ്രത്യേകിച്ച് വെനസ്വേലയിലെ ഇടതുപക്ഷ, വിപ്ലവപ്രസ്ഥാനങ്ങളുമായി ഐക്യദാര്‍ഢ്യം കെട്ടിപ്പടുക്കാന്‍ പാര്‍ടി സജീവമായി നിലകൊള്ളും. സാമ്രാജ്യത്വ കടന്നാക്രമണത്തിനെതിരായ പോരാട്ടങ്ങള്‍, സാമ്രാജ്യത്വ ആഗോളവല്‍ക്കരണം അടിച്ചേല്‍പ്പിക്കുന്ന നവഉദാരനയങ്ങള്‍ക്കെതിരായ ബഹുമുഖ പോരാട്ടങ്ങള്‍, പരിസ്ഥിതിസംരക്ഷണത്തിനും കാലാവസ്ഥാ നീതിക്കുംവേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ എന്നിവയെ ശക്തമായ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനവുമായി കൂട്ടിയോജിപ്പിക്കണം.

രാജ്യാന്തരരംഗത്ത് അനിശ്ചിതത്വം തുടരുകയാണ്. 2008ലെ സാമ്പത്തികമാന്ദ്യത്തില്‍നിന്ന് നേരിയ തിരിച്ചുവരവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഭരണവര്‍ഗങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ചെലവുചുരുക്കല്‍ നടപടികളെ ജനങ്ങള്‍ എതിര്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഗ്രീസില്‍ ഇടതുപാര്‍ടിയായ സിരിസ നേടിയ വിജയം സുപ്രധാന സംഭവവികാസമാണ്.

പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സൈനിക ഇടപെടല്‍ അരാജകത്വവും വിനാശവും സൃഷ്ടിച്ചു. ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ ഇസ്ലാമിക തീവ്രവാദം ഉയര്‍ന്നുവരാന്‍ കാരണമായത് അമേരിക്കയുടെ ഈ നടപടിയാണ്. തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ചൈനയെ വളഞ്ഞുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഏഷ്യന്‍ മേഖലയിലെ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്.

 

ഭേദഗതികള്‍ മാര്‍ച്ച് 25നകം നല്‍കണം
സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനായി കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി ഫെബ്രുവരി പത്തോടെ പാര്‍ടി ഘടകങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. ഭേദഗതികള്‍ മാര്‍ച്ച് 25നകം ലഭിക്കുംവിധം സിപിഐ എം കേന്ദ്രകമ്മിറ്റി, എ കെ ഗോപാലന്‍ ഭവന്‍, 27-29 ഭായ് വീര്‍സിങ് മാര്‍ഗ്, ന്യൂഡല്‍ഹി-110 001 എന്ന വിലാസത്തില്‍ അയക്കണം.pol@cpim.org  എന്ന വിലാസത്തില്‍ ഇമെയിലിലും ഭേദഗതി അയക്കാം. ഇംഗ്ലീഷ് ഒഴികെ ഭാഷകളില്‍ അയക്കുമ്പോള്‍ ഫയല്‍ പിഡിഎഫില്‍ ആയിരിക്കണം.

പ്രധാന വാർത്തകൾ
Top