ad
Deshabhimani

കേന്ദ്രനയവും കേരള ബജറ്റും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 14, 2017, 03:56 PM | 0 min read

ഒരു ബജറ്റിനെ എങ്ങനെയാണ് നാം വിലയിരുത്തുക? അതിനായി ആശ്രയിക്കാന്‍ പറ്റുക ഏതൊക്കെ ഘടകങ്ങളെയാണ്? കേരള ബജറ്റ് എന്നത് കേരളത്തിന്റെമാത്രം രാഷ്ട്രീയ- സാമ്പത്തിക സാഹചര്യത്തിന്റെ സൃഷ്ടിയല്ല. അതുകൊണ്ടുതന്നെ പലവിധ ഘടകങ്ങളെ ആഴത്തിലുള്ള വിശകലനത്തിന് വിധേയമാക്കിയാല്‍ മാത്രമാണ് ബജറ്റിന്റെ ഉള്ളടക്കത്തിലെ ശരി- തെറ്റുകളെ വിലയിരുത്താന്‍ സാധിക്കുക. ദേശീയ- അന്തര്‍ദേശീയ സാഹചര്യങ്ങള്‍ക്ക് സംസ്ഥാന ബജറ്റിലുള്ള സ്വാധീനത്തെ അവഗണിക്കാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളിലെ തുടര്‍ച്ചയും മാറ്റവും ആഴത്തില്‍ സ്വാധീനിക്കുന്ന ഘടകമാണ്. അതിനര്‍ഥം കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ബജറ്റ് വിലയിരുത്തപ്പെടേണ്ടത് അതെങ്ങനെ വ്യത്യസ്ത ഘടകങ്ങളെ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തി കൈകാര്യംചെയ്തു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതിനപ്പുറത്ത് ഒറ്റതിരിച്ചെടുത്ത് പരിശോധിക്കുന്നത് ബജറ്റിന്റെ അന്തഃസത്ത മനസ്സിലാക്കാന്‍ സഹായിക്കില്ല.  

കേന്ദ്രസര്‍ക്കാര്‍ കേന്ദ്രബജറ്റിലൂടെ വിഷയങ്ങളെ സമീപിച്ച രീതി സംസ്ഥാന ബജറ്റുകളെയെല്ലാം സ്വാധീനിക്കും. ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ പൊതുനയത്തില്‍നിന്ന് പൂര്‍ണമായും വേറിട്ടൊരു നയവുമായി സംസ്ഥാനസര്‍ക്കാരിന് മുന്നോട്ട് പോകുകയെന്നത് അസാധ്യമാണ്. ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ഭരണഘടനാമൂല്യങ്ങളില്‍നിന്ന് വ്യതിചലിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സഞ്ചരിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജനാധിപത്യ മതനിരപേക്ഷ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള കേരളസര്‍ക്കാരിന്റെ പ്രതിബദ്ധതയെ ബജറ്റ് അടയാളപ്പെടുത്തുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങളും പൌരസ്വാതന്ത്യ്രവും വെല്ലുവിളിക്കപ്പെടുന്ന വര്‍ത്തമാനകാലത്തെ; ബജറ്റ് കാണാതെ പോകുന്നില്ല. സ്ഥിതിസമത്വത്തിന്റെ രാഷ്ട്രീയധാരയാല്‍ പ്രചോദിതമായ സ്വാതന്ത്യ്രസങ്കല്‍പ്പങ്ങള്‍ക്ക് പരിക്കുപറ്റാതെ സംരക്ഷണം തീര്‍ക്കാന്‍ കേരളമുണ്ടെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

സാമ്പത്തിക ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുക എന്നത് മുതലാളിത്തരാജ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രധാന ഭരണനയമാണ്. പൊതുഉടമസ്ഥതയ്ക്കെതിരായുള്ള ആക്രമണമാണ് പ്രസ്തുത നയത്തിന്റെ പ്രധാന സവിശേഷത. മറ്റൊന്ന് പൊതുസേവനങ്ങളുടെ വാണിജ്യവല്‍ക്കരണമാണ്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ നയം നടപ്പാക്കിയതിന്റെ ഭാഗമായി തൊഴിലില്ലായ്മ വര്‍ധിച്ചു. യൂറോപ്യന്‍ യൂണിയനിലെയും ജപ്പാനിലെയും ജനങ്ങളും ഇതിന്റെ ഭാഗമായി ദുരിതമനുഭവിക്കേണ്ടി വന്നരാണ്. മേല്‍പറഞ്ഞ രാജ്യങ്ങളിലെല്ലാം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ചനിരക്ക് പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി പുറകോട്ടുപോയി. മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ അഭേദ്യഭാഗമായ സാമ്പത്തിക പ്രതിസന്ധികള്‍ തരണംചെയ്യുന്നതിന് അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഈ രാജ്യങ്ങളെയെല്ലാം കൂടുതല്‍ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്. അതിനപ്പുറത്ത് ഈ വലതുപക്ഷനയം അവിടങ്ങളിലെല്ലാം വംശീയവിദ്വേഷത്തിന്റെയും വര്‍ണവെറിയുടെയും മതവിദ്വേഷത്തിന്റേതുമായ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നുമുണ്ട്. ഇന്ത്യന്‍ ഭരണാധികാരികള്‍ പ്രസ്തുത നയങ്ങള്‍ സാമ്രാജ്യത്വവിധേയത്വവുമായി അമേരിക്കയുടെ കീഴാളപങ്കാളി എന്ന അപമാനകരമായ വേഷമണിഞ്ഞ് നടപ്പാക്കുകയാണ്.

കോണ്‍ഗ്രസ് തുടക്കം കുറിച്ചതും ബിജെപി ശക്തമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമാണ് ഇന്നത്തെ നവഉദാരവല്‍ക്കരണ സാമ്പത്തികനയം. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരുകള്‍ പ്രസ്തുത നയത്തെ വിമര്‍ശങ്ങളേതുമില്ലാതെ നടപ്പാക്കുകയാണ്. മറ്റ് പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരുകളാകട്ടെ അവയും പ്രസ്തുത നയം നടപ്പാക്കാന്‍തന്നെയാണ് വ്യഗ്രത കാണിക്കുന്നത്. ഒരു ന്യൂനപക്ഷത്തിന്റെ സമ്പത്ത് അത്ഭുതകരമായ നിലയില്‍ വര്‍ധിപ്പിക്കുന്നു. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാരാ ലോകേഷിന്റെ ആസ്തി അഞ്ചുമാസംകൊണ്ട് 21 മടങ്ങ് വര്‍ധിച്ചതും അംബാനിയുടെയും അദാനിയുടെയും ആസ്തികളിലെ കുതിച്ചുച്ചാട്ടവും ഈ നയത്തിന്റെ പ്രതിഫലനമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ സമ്പത്ത് മറുഭാഗത്തെ 99 ശതമാനത്തിന്റെ ആകെ സമ്പത്തിനേക്കാള്‍ അധികമാണെന്ന കണക്ക് വിസ്മരിച്ചുകൂടാ.

കേരളത്തെ അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞുകൊണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ യുഡിഎഫ് ഭരണം അവസാനിച്ചത്. പ്രസ്തുത യുഡിഎഫ് കാലഘട്ടത്തില്‍ വലിയനിലയില്‍ വായ്പകള്‍ വാങ്ങിക്കൂട്ടി. എന്നാല്‍, അവയാകട്ടെ ബജറ്റ് നിര്‍ദേശങ്ങള്‍പോലും പരിഗണിക്കാതെ ക്രമവിരുദ്ധമായാണ് ചെലവഴിച്ചത്. ധനകമ്മി മൂന്ന് ശതമാനത്തിലെത്തിച്ചു, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തെയാകെ താളംതെറ്റിക്കുകയാണ് അതുവഴി ചെയ്തത്. ബജറ്റിലെ നികുതിനിര്‍ദേശങ്ങള്‍പോലും കച്ചവടക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത് പണസമ്പാദനം നടത്തിയെന്ന ഗൌരവതരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. അഴിമതിയും കെടുകാര്യസ്ഥതയും സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സമായി മാറി. ക്ഷേമപെന്‍ഷനുകള്‍ വിതരണം നടത്താതെയും കരാര്‍പണികളുടെ തുകകൊടുത്ത് തീര്‍ക്കാതെയും ബാക്കിവച്ച വലിയൊരു കുടിശ്ശിക ഈ സര്‍ക്കാരിന് കൊടുത്തുതീര്‍ക്കേണ്ടിവന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പിന്നിട്ട ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നല്‍കിയ സാമ്പത്തിക അച്ചടക്കത്തിന്റെ കരുത്തിലാണ് ബജറ്റ് രൂപംകൊണ്ടത്.

ധനഉത്തരവാദിത്തം അവലോകനംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി അസാധാരണ സാഹചര്യത്തില്‍ ധനകമ്മി 3.5 ശതമാനംവരെ ആകാമെന്നാണ് നിര്‍ദേശിച്ചത്. നോട്ട് നിരോധനത്തിന്റെ ഭാഗമായി രൂപപ്പെട്ട രൂക്ഷമായ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താല്‍ ഇതൊരു അസാധാരണ സാഹചര്യമാണ്. എന്നാല്‍, ആ നിലയിലുള്ള പരിഗണന കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചില്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പരമാവധി കവര്‍ന്നെടുക്കാനുള്ള ത്വരയും കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേശീയ ജലനയത്തിന്റെ പേരില്‍ നദീജല വനിയോഗംമുതല്‍ കുടിവെള്ളവിതരണംവരെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2003ലെ കേന്ദ്ര വൈദ്യുതിനിയമത്തിലൂടെ വൈദ്യുതി ഉല്‍പ്പാദന- പ്രസരണ- വിതരണമേഖലകളില്‍ ടാറ്റ, അംബാനി തുടങ്ങിയ വന്‍കിട സ്വകാര്യവിതരണക്കാര്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കി. വൈദ്യുതിയുടെ വില നിശ്ചയിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം നേരത്തെതന്നെ ഇല്ലാതാക്കിയിരുന്നു. വിദ്യാഭ്യാസ- ആരോഗ്യ കാര്യങ്ങളിലും സംസ്ഥാനങ്ങളുടെ ഇടപെടല്‍ശേഷിയെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നികുതിപിരിവിനുള്ള അധികാരവും പൂര്‍ണമായും കേന്ദ്രത്തിനു കീഴില്‍ കൊണ്ടുവരാനാണ് അവരാഗ്രഹിക്കുന്നത്. ജിഎസ്ടിയെ അതിനുള്ള ഉപായമായി അവര്‍ കാണുന്നു.

ഇത്തരത്തിലുള്ള സങ്കീര്‍ണസാഹചര്യങ്ങളാണ് ഇത്തവണത്തെ കേരള ബജറ്റിനെ പ്രസക്തമാക്കിയത്. കേരളീയ സാമൂഹ്യ സാഹചര്യത്തെ യാഥാര്‍ഥ്യബോധത്തോടെയാണ് സമീപിച്ചതെന്ന് ബജറ്റിന്റെ ഉള്ളടക്കം സാക്ഷ്യപ്പെടുത്തുന്നു. ഉല്‍പ്പാദന, വ്യവസായ, നിര്‍മാണമേഖലകള്‍ക്ക് ആവശ്യമായ പരിഗണന ബജറ്റില്‍ കാണാന്‍ കഴിയും. വിദ്യാഭ്യാസ- ആരോഗ്യമേഖലകളില്‍ കേരളമാര്‍ജിച്ച നേട്ടങ്ങളെ പതിന്മടങ്ങ് ശക്തിയോടെ മുന്നോട്ട് നയിക്കുന്നതിന് സഹായകരമായ സമീപനവും ബജറ്റിന്റെ സവിശേഷതയാണ്. പണലഭ്യതയുടെ പരിമിതി പറഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതിരിക്കുകയെന്നതല്ല ഇതില്‍ കാണാന്‍ കഴിയുന്നത്. മറിച്ച് ധനസമാഹരണത്തിന് ഇന്ത്യയില്‍ ഇന്നേവരെ ഒരു സംസ്ഥാനത്തും കണ്ടിട്ടില്ലാത്ത പുതിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ്. 2017-18ലെ കേരള ബജറ്റ് പൊതുമുതല്‍ സംരക്ഷിക്കുന്നതിനും പൊതുസേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിനും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും നല്‍കുന്ന മുന്‍ഗണന കേന്ദ്രബജറ്റിലും ത്രിപുര ഒഴികെയുള്ള ഇതര സംസ്ഥാന ബജറ്റുകളിലൊന്നും നമുക്ക് കാണാന്‍ കഴിയാത്തതാണ്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണം സൃഷ്ടിച്ച സങ്കീര്‍ണതയെ എതിരിട്ട് കേരളീയത്തനിമയോടെ മുന്നോട്ടുവച്ച ഇടതുപക്ഷ ബദലാണ് കേരള ബജറ്റ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home